General (Page 98)

തിരുവനന്തപുരം: വനമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടില്ലെന്നും ശാശ്വത പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻതിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോട്ടോമാവ് ആദിവാസി നഗറിൽ ആനപ്രതിരോധ കിടങ്ങുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവി ആക്രമണം തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തിലുള്ള പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഘട്ടം ഘട്ടമായി മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുവെന്നും വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനായി കാടിനുള്ളിൽ ജലലഭ്യതയും ഭക്ഷണവും ഉറപ്പു വരുത്തുന്നതിന് ചെറുകുളങ്ങൾ നിർമ്മിക്കുമെന്നും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ മലയോരമേഖലയിലെ ജനങ്ങളുമായി സഹകരണമനോഭാവത്തോടെ പ്രവർത്തിക്കണമെന്നും വനമേഖലയിലെ പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് പ്രതിരോധപദ്ധതികൾക്ക് അന്തിമം രൂപം നൽകാനാണ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ 241 മലയോര പഞ്ചായത്തുകളിൽ കൂടിയാലോചനകൾക്കുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവർത്തനങ്ങളോടെ വന്യജീവി ആക്രമണ ഭീതിയില്ലാതെ ജീവിക്കാൻ മലയോര കർഷകർക്ക് സൗകര്യമൊരുക്കുമെന്നും സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ വന്യജീവി ആക്രമണ മരണങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും വനം മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഒൻപത് പ്രദേശങ്ങളിൽ നബാർഡിന്റെ ധനസഹായത്തോടെ 2.77 കോടി രൂപ ചെലവഴിച്ച് 15.5 കിലോമീറ്റർ ദൂരത്തിലാണ് ആനപ്രതിരോധ കിടങ്ങുകൾ നിർമിക്കുന്നത്. മലയോരമേഖലകളായ കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ആദിവാസി ഉന്നതികളിലുമാണ് കിടങ്ങുകൾ നിർമിക്കുന്നത്.

അരിപ്പ സംസ്ഥാന വനം പരിശീലന കേന്ദ്രത്തിൽ നടന്ന നിർമാണോദ്ഘാടന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക സി.പി, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ കമലാഹർ, വനം പരിശീലനകേന്ദ്രം ഡയറക്ടർ ഡോണി. ജി. വർഗീസ് എന്നിവരും പങ്കെടുത്തു.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ. പിണറായി വിജയൻ എന്ന സൂര്യൻ കെട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അർഹത ഇല്ലെന്നും അൻവർ വ്യക്തമാക്കി. പാർട്ടിയിൽ അടിമത്തമാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. എന്നാൽ, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്‌പോട്ടിൽ സസ്‌പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അൻവർ കുറ്റപ്പെടുത്തി.

പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് താൻ നിശ്ചയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോൺ, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്കുമായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹെർമൻ ക്ലങ്‌സോയറും സഹകരണപത്രം കൈമാറിയത്.

കഴിഞ്ഞ 40 വർഷമായി ഒ.എൻ.ജി.സി, ഭെൽ, എൽ&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിക്കുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എൻജിനിയറിങ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്, കമ്മിഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നു. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ കെൽട്രോൺ നിർമ്മിക്കും.

വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ച സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നുള്ളത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് സയൻസ് ഗവേഷണ വികസന മേഖലയ്ക്ക് കുതിപ്പു പകരുന്നതിനായി സംഘടിപ്പിക്കുന്ന വ്യവസായ കോൺക്ലേവ് ബയോ കണക്ട് തിരുവനന്തപുരത്ത് നടക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 27, 28 ദിവസങ്ങളിൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടിയിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും. തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെയും കേരളത്തിൽ ആരംഭിക്കാൻ പോകുന്ന മറ്റ് ലൈഫ് സയൻസ് പാർക്കുകളുടേയും ഏകോപനത്തിനായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സബ്‌സിഡിയറി കമ്പനിയായി രൂപീകരിച്ച കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കിന്റെ (ക്ലിപ്) നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് ഭാരത് ബയോടെക് സിഎംഡി ഡോ. കൃഷ്ണ എല്ല എന്നിവർ മുഖ്യാതിഥികളായിരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ക്ലിപ് ഡയറക്ടർമാരായ സി. പദ്മകുമാർ, ഡോ. സി.എൻ രാംചന്ദ്, കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ക്ലിപ് സിഇഒ ഡോ. കെ.എസ് പ്രവീൺ എന്നിവർ സംസാരിക്കും.

തുടർന്ന് കേരളത്തിലെ ലൈഫ് സയൻസ് വ്യവസായങ്ങൾ, ആഗോള ലൈഫ് സയൻസ് പരിതസ്ഥിതി, ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് അഗ്രിഫുഡ്‌സ്, ആരോഗ്യപരിരക്ഷാ ഉപകരണ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷ വളർത്തിയെടുക്കൽ, വാക്‌സിനുകളും ഫാർമ വ്യവസായവും, എഐയും ജനതികശാസ്ത്രവും തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റി വിദഗ്ധരടങ്ങിയ പാനലുകൾ കോൺക്ലേവിൽ ചർച്ച ചെയ്യും. ജർമനിയിലെ ഇൻവെന്റ് ഡയഗ്‌നോസ്റ്റിക്ക സിഇഒ പ്രൊഫ. ഹോളിത്, ബ്രിട്ടനിലെ ലാന്റ് മെഡിക്കൽ എംഡി ജൊവാൻ ലാന്റ, സീഷെം എഫ്ആർഎസ്സിയുടെ ഡോ. സാം വൈറ്റ്ഹൗസ്, ബിറാക് എംഡി ഡോ. ജിതേന്ദ്രകുമാർ, റിലയൻസ് ലൈഫ് സയൻസസ് പ്രസിഡന്റ് ഡോ. കെ.വി സുബ്രഹ്മണ്യൻ, ഭാരത് സിറംസ് ആൻഡ് വാക്‌സിൻസിന്റെ സിഒഒ അലോക് ഖെത്രി എന്നിവരുൾപ്പെടെ ലൈഫ് സയൻസ് രംഗത്തെ വിവിധ കമ്പനികളുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.

രണ്ടാം ദിവസമായ 28 ന് രാവിലെ 9.40 ന് ദേശീയ ബയോഫാർമ മിഷൻ ഡയറക്ടർ ഡോ. രാജ് കെ. ശിരുമല്ലയും 9.55 ന് ഇൻഡ്യൻ സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രാലയം മുൻ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമിയും സംസാരിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി പി. രാജീവ് പങ്കെടുക്കും.

വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘം കോൺക്ലേവിന് മുന്നോടിയായി 26 ന് തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കും അനുബന്ധ സൗകര്യങ്ങളും സന്ദർശിക്കുകയും തുടർന്ന് ഇവർ വ്യവസായ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്യും. സ്റ്റാർട്ടപ് മിഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാർട്ടപ്പുകൾ 28 ന് ലൈഫ് സയൻസ് രംഗത്തെ നിക്ഷേപകർക്കു മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: നിങ്ങളുടെ സുഹൃത്തുക്കളായി ചമഞ്ഞ് പണം ചോദിക്കുന്ന വ്യാജ പ്രൊഫൈലുകൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. കേരളാ പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇതിനായുള്ള നിർദ്ദേശങ്ങളും പോലീസ് മുന്നോട്ടുവെച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. പ്രൊഫൈൽ ആധികാരികത പരിശോധിക്കുക: പ്രൊഫൈൽ ചിത്രം, കവർ ഫോട്ടോ, ബയോ എന്നിവ പരിശോധിക്കുക. സ്‌കാമർമാർ പലപ്പോഴും മോഷ്ടിച്ച ഫോട്ടോകളോ സാധാരണ ചിത്രങ്ങളോ ഉപയോഗിക്കുന്നു.
  2. പുതിയ സൗഹൃദ അഭ്യർത്ഥനകളെക്കുറിച്ച് ജാഗ്രത പാലിക്കുക: അപരിചിതരിൽ നിന്നോ നിങ്ങൾക്കറിയാത്ത ആളുകളിൽ നിന്നോ ഉള്ള സൗഹൃദ അഭ്യർത്ഥനകളെ ശ്രദ്ദിക്കുക.
  3. പ്രൊഫൈൽ നിർമ്മിച്ച തീയതി പരിശോധിക്കുക: വ്യാജ പ്രൊഫൈലുകൾ പലപ്പോഴും പുതുതായി സൃഷ്ടിക്കപ്പെട്ടവ ആയിരിക്കും.
  4. സമാന പേരുകൾ സൂക്ഷിക്കുക: സ്‌കാമർമാർ നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ സമാനമായ പേരുകളുള്ള പ്രൊഫൈലുകൾ സൃഷ്ടിച്ചേക്കാം.

തട്ടിപ്പുകൾ തിരിച്ചറിയാൻ:

  1. അടിയന്തിരമോ വൈകാരികമോ ആയ ഇടപെടലുകൾ : ഇരകളെ കൈകാര്യം ചെയ്യുന്നതിന് സ്‌കാമർമാർ പലപ്പോഴും അടിയന്തിരതയോ വൈകാരിക ക്ലേശമോ സൃഷ്ടിക്കുന്നു. ഉടനടി അവർ പറയുന്ന പോലെ ചെയ്യണം എന്ന് തിടുക്കം കൂട്ടിയേക്കാം.
  2. പണത്തിനായുള്ള അഭ്യർത്ഥനകൾ: പണത്തിനായുള്ള അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കുക, പ്രത്യേകിച്ചും വ്യക്തി പ്രതിസന്ധിയിലാണെന്ന് അവകാശപ്പെടുകയാണെങ്കിൽ. ആ വ്യക്തിയെ ഫോൺ വിളിച്ചു അയാൾ തന്നെ ആണോ മെസ്സേജ് അയക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

സുരക്ഷിതമായി തുടരുക:

  1. പണം അയയ്ക്കരുത്: നിങ്ങൾക്ക് അറിയാത്തതോ വിശ്വസിക്കാത്തതോ ആയ ഒരാൾക്ക് ഒരിക്കലും പണം അയയ്ക്കരുത്.
  2. സംശയാസ്പദമായ പ്രൊഫൈലുകൾ റിപ്പോർട്ട് ചെയ്യുക: വ്യാജ പ്രൊഫൈലുകൾ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുക.
  3. തടയുകയും അവഗണിക്കുകയും ചെയ്യുക: സംശയാസ്പദമായ സന്ദേശങ്ങളോ സുഹൃത്ത് അഭ്യർത്ഥനകളോ തടയുകയും അവഗണിക്കുകയും ചെയ്യുക.
  4. വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക: വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുത്.
  5. ലിങ്കുകൾ ക്ലിക്കുചെയ്യുന്നതിൽ ജാഗ്രത പാലിക്കുക: സംശയാസ്പദമായ പ്രൊഫൈലുകളിൽ നിന്ന് ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക.
  6. ടു-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കുക: നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് അധിക സുരക്ഷ ചേർക്കുക.
  7. പതിവായി ഫ്രണ്ട് ലിസ്റ്റ് പരിശോധിക്കുക: സംശയാസ്പദമോ അപരിചിതമോ ആയ സുഹൃത്തുക്കളെ നീക്കം ചെയ്യുക.
  8. അപ്-ടു-ഡേറ്റ്: ഫേസ്ബുക്കിന്റെ സുരക്ഷാ സവിശേഷതകളും അപ് ഡേറ്റുകളും പരിചയപ്പെടുക.
    ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക.

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: അവയവ മാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിക്കുന്നതിന് സംസ്ഥാനതല സാങ്കേതിക സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവായി. ജില്ലാതല കമ്മിറ്റികളുടെയും ഇതുമായി ബന്ധപ്പെട്ട അംഗീകൃത കമ്മിറ്റികളുടെയും തീരുമാനങ്ങൾക്കെതിരായ അപ്പീലുകളാവും സംസ്ഥാനതല സമിതി പരിശോധിക്കുക.

മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി / ജോ. സെക്രട്ടറിയാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സമിതി കൺവീനർ. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ക്ലിനിക്കൽ സൈക്യാട്രി മേധാവി, മെഡിക്കൽ ആൻഡ് ബയോ എത്തിക്‌സ് വിദഗ്ധൻ, പബ്ലിക് ഹെൽത്ത് ആൻഡ് ബയോ എത്തിക്‌സ് വിദഗ്ധൻ എന്നിവർ അംഗങ്ങളാകും.

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ സ്ഥാപനങ്ങളെ പോലെ മെഡിക്കൽ കോളേജുകൾക്കും സേവന മികവിനുള്ള പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ മെഡിക്കൽ കോളേജുകളിലും വലിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൂടാതെ അനേകായിരം പേർക്കാണ് ദിവസവും വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകുന്നത്. ആ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന അനുമോദന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് ഗവേഷണത്തിന് അനന്ത സാധ്യതകളാണുള്ളത്. അത് മുന്നിൽ കണ്ട് ഗവേഷണത്തിന് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. ഗവേഷണത്തിന് പൊതു അന്തരീക്ഷം ഒരുക്കും. സംസ്ഥാനത്തിന് സ്വന്തമായി ഗവേഷണ നയം രൂപീകരിക്കാൻ തീരുമാനിച്ചു. ഗവേഷണത്തിനുള്ള അനുമതി ഏകജാലകം വഴി ലഭ്യമാക്കാനുള്ള ശ്രമം നടത്തും. ഏറ്റവും നല്ല ഗവേഷണത്തിന് റിവാർഡ് നൽകും.

തുടർച്ചയായി രണ്ടാം വർഷവും ദേശീയ റാങ്കിംഗ് പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും ദന്തൽ കോളേജും ഉൾപ്പെട്ടത് അഭിമാനകരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തുകയാണ്. രാജ്യത്തെ മികച്ച മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെടുന്നത്. കഠിനാധ്വാനത്തിന്റേയും സമർപ്പണത്തിന്റേയും പരിണിതഫലമാണ് മെഡിക്കൽ കോളേജിന് ലഭിച്ച അംഗീകാരം.

കേരളത്തിലെ ദന്തൽ ചികിത്സ ഗുണമേന്മയുള്ളതും ലാഭകരമാണെന്നുമാണ് വിദേശത്തുള്ളവരുടെ വിലയിരുത്തിൽ. ആ സാധ്യത മുന്നിൽ കണ്ട് കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനേയും ദന്തൽ കോളേജിനേയും ആദ്യ ഘട്ട ഹെൽത്ത് ഹബ്ബ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ മേഖല വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ അതിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. മലപ്പുറത്ത് തിരിച്ചറിയാതെ പോകുമായിരുന്ന നിപ തിരിച്ചറിഞ്ഞത് ഒരു ഉദാഹരണമാണ്. ലോകത്തിന് മുമ്പിൽ കേരളം വലിയ മാതൃകയാണ്. സമർപ്പിതമായി സേവനമനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് ഡ്രഗ് ഫോർമുലറി മന്ത്രി പ്രസിദ്ധീകരിച്ചു. കേരളത്തിൽ ഏറ്റവും സാധാരണമായി ഉപയോഗത്തിലുളള മരുന്നുകളുടെ വിശദവിവരങ്ങൾ സംഗ്രഹിച്ചിട്ടുളള ഒരു റഫറൻസ് പ്രമാണമാണ് ഡ്രഗ് ഫോർമുലറി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. ബീന വി.ടി., സ്പെഷ്യൽ ഓഫീസർ ഡോ. ടി.കെ. പ്രേമലത, ഡ്രഗ് ഫോർമുലറി കമ്മിറ്റി ചെയർമാൻ ഡോ. എം. നരേന്ദ്രനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ്, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഹർഷകുമാർ കെ., മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആർടിസി സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിൽ പരിശീലനം പൂർത്തിയാക്കി ലൈസൻസ് കരസ്ഥമാക്കിയ ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണവും കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ ആരംഭിക്കുന്ന മെഡിക്കൽ കെയർ സംവിധാനത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം ആനയറയിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ശാസ്ത്രീയമായി ഡ്രൈവിംഗ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം നല്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ വർഷം ജൂൺ 26 ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചിരുന്നു.

വനിതകൾക്ക് ട്രെയിനിംഗ് നല്കുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇൻസ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഫീസ് നിരക്കിൽ ഇളവ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മിതമായ നിരക്കിൽ ഏറ്റവും മികച്ച പ്രായോഗിക പരിശീലനമാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകളിൽ നൽകുന്നത്. തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി (HMV, LMV, Two Wheeler) ഇതുവരെ 182 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂൾ സംരംഭത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലന ഗ്രൗണ്ട് സജ്ജമാക്കുന്നതിനായി എംഎൽഎ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോർ വാഹനവകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്‌കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി കെ.എസ്.ആർ.ടി.സി 11 യൂണിറ്റുകളിൽ ഡ്രൈവിങ് സ്‌കൂൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നല്കിയിട്ടുണ്ട്.

അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് എസി സൂപ്പർഫാസ്റ്റ് സർവീസുകൾ നിരത്തിലിറങ്ങും. നിലവിൽ കെ.എസ്.ആർ.ടി.സി ബസപകടങ്ങൾ ശക്തമായ നിയന്ത്രണത്തിലൂടെയും കർശനമായ നടപടികളിലൂടെയും ഗണ്യമായി കുറച്ചു. ഓണക്കാലത്തുൾപ്പെടെ പരമാവധി സർവീസുകൾ നിരത്തിലിറക്കിയതിലൂടെ ഭൂരിഭാഗം ഡിപ്പോകളും പ്രവർത്തന ലാഭത്തിലെത്തി. ഇതിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റും തൊഴിലാളികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നു എന്നത് അഭിമാനകരമാണ്. ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റലാക്കി മാറ്റുമെന്നും ക്യുആർ കോഡിലൂടെ വെരിഫൈ ചെയ്യുന്ന സൗകര്യം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ, കേരള കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് 14 ഡിപ്പോകളെ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും സഹായകരമായ രീതിയിൽ ജെറിയാട്രിക്സ് ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ രീതിയിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്.

കെ.എസ്..ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനുള്ള പരിശീലനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ എന്നീ 14 കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലാണ് എമർജൻസ് മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പി എസ് പ്രമോജ് ശങ്കർ സ്വാഗതമാശംസിച്ചു. കെ എസ് ആർടി സി ബോർഡംഗങ്ങളായ ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി വിജയശ്രീ കെ എസ് ധനവകുപ്പ് അഡീഷണൽ സെക്രട്ടറി അജയകുമാർ കെ എസ് നാറ്റ്പാക് ഡയറക്ടർ ഡോ:സാംസൺ മാത്യു, വാർഡ് കൗൺസിലർ ഡി ജി കുമാരൻ, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ കേരള പ്രസിഡന്റ് ഡോ: ഷിജു സ്റ്റാൻലി, എസ് ടി സി പ്രിൻസിപ്പൽ സലിംകുമാർ ആർ എസ് എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ കണ്ണൂർ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി രൂപ. മുംബൈ സിബിഐ ഓഫീസിൽ നിന്നെന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. പരാതിക്കാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് കേസ്സുകൾ ഉണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി. കേസ് ഒതുക്കിത്തീർക്കുന്നതിനായി പലപ്പോഴായി പണം ആവശ്യപ്പെട്ടു. തുടർന്നാണ് ഏഴു ദിവസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 1,65,83,200 രൂപ കൈമാറിയത്.

പണം കൈമാറിയശേഷം തുടർന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരി മനസിലാക്കിയത്. പരാതിയിൽ കണ്ണൂർ സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. കാണാതായി 71-ാം ദിനമാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിൻ ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്തു. ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. 

പുറത്തെടുത്തത് അർജുന്റെ ലോറി തന്നെയാണെന്ന് സഹോദരി ഭർത്താവ് ജിതിനും വാഹനത്തിന്റെ ഉടമ മനാഫും സ്ഥിരീകരിച്ചു. ജൂലൈ 16 നാണ് അർജുനെ കാണാതായത്. ജൂലൈ 16 ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചിൽ പലപ്പോഴും നിർത്തിവെക്കേണ്ടി വന്നിരുന്നു. നിരവധി പേരുടെ വലിയ പ്രയത്‌നത്തിനൊടുവിലാണ് അർജുന് വേണ്ടിയുള്ള തെരച്ചിൽ പരിസമാപ്തിയിലെത്തിയത്.