General (Page 99)

തിരുവനന്തപുരം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരായ നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിലും ഒക്ടോബർ ഒന്ന് മുതൽ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂർണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അഭ്യർഥിച്ചു.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിൽ പാർസൽ വിതരണത്തിനും ഒക്ടോബർ ഒന്ന് മുതൽ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി ഒഴിവാക്കാൻ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത വ്യാപാരി സംഘടനാ പ്രതിനിധികളുടെയും ഹോട്ടൽ- റസ്റ്റോറന്റ് – ബേക്കറി ഉടമ സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കടകളിൽ വിൽക്കാനോ സൗജന്യമായി നൽകാനോ പാടില്ല. ആവശ്യക്കാർക്ക് തുണി സഞ്ചി പോലെ ബദൽ സംവിധാനങ്ങൾ വിലയ്ക്കു നൽകാം. ഹോട്ടലുകളിൽ പാർസൽ വിതരണത്തിന് കവറുകൾക്ക് പകരം പാത്രങ്ങൾ ഉപയോഗിക്കണം. പാത്രങ്ങൾ കൊണ്ട് വരാത്തവർക്ക് ഡെപ്പോസിറ്റ് വ്യവസ്ഥയിൽ പാത്രങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കാവുന്നതാണ്. ഒക്ടോബർ 15 മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് കളക്ടർ അറിയിച്ചു.

ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാനെത്തുന്നവർ ആവശ്യമായ പാത്രങ്ങളും സഞ്ചികളും കൈവശം കരുതാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. മനുഷ്യ സമൂഹത്തിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുമായി എല്ലാവരും സഹകരിക്കണം. ക്യാമ്പയിനുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗവും ഇന്ന് (ചൊവ്വ) കളക്ടറേറ്റിൽ വിളിച്ച് ചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സഹകരണം തേടുകയും ചെയ്തു.

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവം മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചു. റവന്യൂ മന്ത്രി കെ രാജനാണ് വിഷയം മന്ത്രിസഭയിൽ ഉന്നയിച്ചത്. പൂരം കലക്കൽ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാൾ കൂടിയെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്കും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി.

മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതിയിലേക്ക് പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും അനുമതി നൽകി. ഒരു ഹെഡ് ക്ലർക്ക് തസ്തിക വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി സൃഷ്ടിക്കും. രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകൾ രണ്ട് എൽഡി ടൈപ്പിസ്റ്റ് തസ്തികകളാക്കും. ഒരു ക്ലർക്ക്, ഒരു എൽഡി ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റൻറൻറ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.

പേര് മാറ്റം :

സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്‌മെൻറിൻറെ പേര് പബ്ലിക്ക് പ്രൊക്വയർമെൻറ് അഡൈ്വസറി ഡിപ്പാർട്ട്‌മെൻറ് എന്ന് മാറ്റുന്നതിനാവശ്യമായ ഭേദഗതിക്ക് ഗവർണറുടെ അനുമതി തേടും.

ടെണ്ടർ അംഗീകരിച്ചു :

ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്നാർ – പോതമേട് റോഡിൽ ഹെഡ് വർക്ക്‌സ് ഡാമിന് താഴ്ഭാഗത്ത് പുതിയ പാലം നിർമ്മാണത്തിനുള്ള ടെണ്ടർ അംഗീകരിച്ചു.

തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് – സ്റ്റേഷൻകടവ് റോഡ് പ്രവൃത്തിക്കുള്ള ടെണ്ടർ അംഗീകരിച്ചു.

ഓർഡിനൻസ് :

2017 ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024 ലെ കേരള ധനകാര്യ നിയമം, 2008 ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിന് ഉള്ളടക്കം ചെയ്ത 2024 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന്റെ കരട് അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.

ധനസഹായവും സൗജന്യ റേഷനും :

ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികൾക്ക്/ ആശ്രിതർക്ക് ഓരോരുത്തർക്കും 5,250 രൂപ വീതവും രണ്ടാഴ്ചത്തെ സൗജന്യ റേഷൻ നൽകുന്നതിനാവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനുവദിയ്ക്കും. ഓണത്തോടനുബന്ധിച്ച് മുൻവർഷങ്ങളിൽ നൽകിയ രീതിയിലാണിത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം :
2024 സെപ്തംബർ 19 മുതൽ 24വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,53,20,950 രൂപയാണ് വിതരണം ചെയ്തത്. 2153 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ :
തിരുവനന്തപുരം 115 പേർക്ക് 24,82,000 രൂപ
കൊല്ലം 429 പേർക്ക് 68,43,000 രൂപ
പത്തനംതിട്ട 8 പേർക്ക് 2,88,000 രൂപ
ആലപ്പുഴ 190 പേർക്ക് 33,33,000 രൂപ
കോട്ടയം 34 പേർക്ക് 9,22,000 രൂപ
ഇടുക്കി 85 പേർക്ക് 11,18,000 രൂപ
എറണാകുളം 255 പേർക്ക് 41,92,500 രൂപ
തൃശ്ശൂർ 249 പേർക്ക് 61,45,450 രൂപ
പാലക്കാട് 161 പേർക്ക് 35,48,000 രൂപ
മലപ്പുറം 204 പേർക്ക് 66,62,000 രൂപ
കോഴിക്കോട് 184 പേർക്ക് 30,33,000 രൂപ
വയനാട് 9 പേർക്ക് 1,78,000 രൂപ
കണ്ണൂർ 16 പേർക്ക് 8,08,000 രൂപ
കാസർകോട് 214 പേർക്ക് 57,68,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

തിരുവനന്തപുരം: നടൻ ഇടവേള ബാബു അറസ്റ്റിൽ. ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പരാതിയിൽ ഇടവേള ബാബുവിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റിന് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും.

രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരെയുള്ളത്. അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ പരാതികളാണ് ഇടവേള ബാബുവിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇടവേള ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും നടക്കുന്നത് കള്ളക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനരോഷം കാരണമാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തിൽ ഒന്നും സംഭവിക്കില്ല. എഡിജിപി -ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട് തന്നെയാണ്. തൃശ്ശൂരും തിരുവനന്തപുരവും ആയിരുന്നു ധാരണ. കരുവന്നൂർ കേസും അട്ടിമറിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: എഡിജിപി- ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക.

എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയത്. പിവി അൻവർ എംഎൽഎയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം ഉന്നയിച്ചത്.

ഇതിന് പുറമെ, മറ്റ് പല ആരോപണങ്ങളും എഡിജിപിക്കെതിരെ പി വി അൻവർ ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും.

ആദ്യഘട്ടത്തിൽ നടക്കുന്ന വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ നവംബർ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ 2024 ഡിസംബർ ഒന്ന് വരെ കരട് റിപ്പോർട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നൽകാവുന്നതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടും രജിസ്റ്റേർഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നൽകാം.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കും. വാർഡ് പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കി ഡീലിമിറ്റേഷൻ കമ്മീഷന് നൽകാനുള്ള ചുമതലജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്കാണ്.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാർഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ ഇത് യഥാക്രമം 17 ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാർഡുകളുണ്ടാകും. കോർപ്പറേഷനുകളിൽ ഇത് യഥാക്രമം 56 ഉം, 101 ഉം ആണ്.

സർക്കാർ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്. 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ചിട്ടുള്ളത്.

87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകൾ 3241 ആയും,ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകൾ421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ 17337 ആയും, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർദ്ധിക്കും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻ അംഗങ്ങളായ പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇന്ഫൊര്മേനഷൻ പബ്‌ളിക് റിലേഷന്സ്യ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, തൊഴിൽ നൈപുണ്യ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി , കമ്മീഷൻ സെക്രട്ടറി എസ്.ജോസ്‌നമോൾ എന്നിവർ പങ്കെടുത്തു.

വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ https://www.lsgkerala.gov.in, https://www.sec.kerala.gov.in, https://www.prd.kerala.gov.in, https://www.kerala.gov.in വൈബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും കമ്മീഷൻ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അഴിമുഖത്തും ചാനലിലും കിടക്കുന്ന കല്ലുകൾ നീക്കം ചെയ്ത് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ അദാനി പോർട്ടിന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തുറമുഖത്തിന്റെ തെക്കുഭാഗത്ത് അടിയുന്ന മണ്ണ് നീക്കം ചെയ്ത് തീരശോഷണം സംഭവിക്കുന്ന വടക്ക് ഭാഗത്ത് നിക്ഷേപിക്കാനുള്ള പ്രവൃത്തിയുടെ ദർഘാസ് നടപടി പൂർത്തിയായതായി റിപ്പോർട്ടിലുണ്ട്. സുരക്ഷക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. മുതലപ്പൊഴി അപകടങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കവടിയാർ ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിലെ പഞ്ചാമൃതത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻജിയെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്. അടുത്തിടെ പഴനിയിലെ പഞ്ചാമൃതം സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. തിരുമല തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡൂകളിൽ മൃഗ കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു മോഹൻജിയുടെ വിവാദ പരാമർശം.

തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകൻ ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തിൽ’ ഗർഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്നായിരുന്നു മോഹൻജിയുടെ ആരോപണം.

വിവാദ പരാമർശത്തിന് പിന്നാലെ മോഹൻജിക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. വിവിധ സംഘടനകളും ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐസിയു, വെന്റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് 350 രൂപയുമായിരിക്കും. ടെക്‌നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസിൽ ലഭിക്കും. ട്രാവലർ ആംബുലൻസുകൾ എസി, ഓക്‌സിജൻ സൗകര്യമുള്ള സി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം ചാർജ് 1,500 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 40 രൂപയുമായിരിക്കും. ബി വിഭാഗത്തിലുള്ള നോൺ എ.സി ട്രാവലർ ആംബുലൻസുകൾക്ക് മിനിമം നിരക്ക് 1,000 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 30 രൂപയുമായിരിക്കും.

ഓമ്‌നി, ഈക്കോ, ബോലേറോ തുടങ്ങിയ ആർ.ടി.ഒ അംഗീകരിച്ച എസിയുള്ള എ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപയും വെയ്റ്റിങ് ചാർജ് 200 രൂപയും കിലോമീറ്റർ നിരക്ക് 25 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും. വെന്റിലേറ്റർ സി, ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകളിൽ ബി.പി.എൽ കാർഡുടമകൾക്ക് 20 ശതമാനം നിരക്ക് കുറവ് നൽകാമെന്ന് ആംബുലൻസ് ഉടമകൾ അറിയിച്ചിട്ടുണ്ട്. കാൻസർ രോഗികൾ, 12 വയസിൽ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികൾ എന്നിവർക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും നൽകാൻ തയാറായിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ല എന്ന് യോഗത്തിൽ ആംബുലൻസുടമകൾ ഗവൺമെന്റിനെ അറിയിച്ചു.

ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി കാർഡും മോട്ടോർ വാഹന വകുപ്പ് നൽകും. ആംബുലൻസ് ഡ്രൈവർമാർക്ക് നേവി ബ്ലൂ ഷർട്ടും കറുത്ത പാന്റുമായിരിക്കും യൂണിഫോം. ഡ്രൈവിംഗിൽ കൂടുതൽ പ്രായോഗിക പരിശീലനമായിരിക്കും നൽകുക. ആംബുലൻസ് താരിഫുകൾ രോഗിയോടൊപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കും. ആംബുലൻസ് പരിഹാരത്തിന് നിലവിലുള്ള 9188961100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്‌സ്ആപ്പ് നമ്പരുകളും നിലവിൽ വരും. ആംബുലൻസുകളിൽ ലോഗ് ബുക്കുകൾ സൂക്ഷിക്കുന്നത് കർശനമാക്കുന്നതിലൂടെ പരമാവധി ദുരുപയോഗം തടയാനാണ് ശ്രമിക്കുന്നത്. ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആംബുലൻസ് ഉടമകളുമായും നടത്തിയ ചർച്ചയിൽ പങ്കെടുത്തതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന പൊലീസ് മേധാവി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് ഡിജിപി ശുപാർശ നൽകി. പൂരം അലങ്കോലപ്പെട്ടതു സംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിന്മേൽ തുടർനടപടികൾ ഉണ്ടാവണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തിയാണ്. തിരുവമ്പാടി ദേവസ്വത്തിലെ ചിലർ പൂരം മുടക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പോലീസ് നിർദേശങ്ങൾ മനഃപൂർവം അവഗണിച്ചെന്നും പൂരം നിർത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ താൽപര്യമുള്ള ചിലർക്കും പൂരം കലക്കിയതിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.