General (Page 97)

നിലമ്പൂർ: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചന തുടങ്ങിയതായി പി വി അൻവർ എംഎൽഎ. ഇനി കാണാൻ പോകുന്നത് പുതിയ അൻവറിനെയാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി നൽകി കൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

താൻ തീപ്പന്തം പോലെ കത്തുമെന്ന മുന്നറിയിപ്പും അൻവർ നൽകുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. യഥാർഥ സഖാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. സിപിഎം പറഞ്ഞത് അനുസരിച്ചു. പക്ഷേ തന്റെ അഭ്യർഥന കേട്ടില്ല. സ്വർണക്കടത്തിൽ അടക്കം അന്വേഷണം നടത്തുന്നില്ല. പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. താൻ സാധാരണ ജനങ്ങൾക്കൊപ്പമാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൻ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണെന്നും അൻവർ വിമർശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതൽ കേസുകളുടെ സാധ്യത മുന്നിൽ കണ്ട് എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങളൊരുക്കാൻ മന്ത്രി നിർദേശം നൽകി. എയർപോർട്ടുകളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തണം. കോവിഡ് 19, എച്ച്1 എൻ1 ഇൻഫ്‌ളുവൻസ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകർച്ചക്കുള്ള സാധ്യത വളരെയേറെയാണ്.

ത്വക് രോഗ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, ഡെർമറ്റോളജിസ്റ്റ് എന്നിവരെ കൂടി ഉൾപ്പെടുത്തി യോഗം ചേരും. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ ജാഗ്രതയോടെയിരിക്കണം. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ഫീൽഡ് ആരോഗ്യ പ്രവർത്തകരുടെ യോഗം ഉടനെ വിളിച്ച് ചേർക്കുനതാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എം പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും, കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

അസുഖബാധിതരായ ആൾക്കാരുമായി സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് ഉണ്ടാകുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പർശിച്ച ശേഷം കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബെംഗളൂരു: ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് ഈ വിവരം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു. കർണാടക പോലീസിലെ സി ഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.

കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: 2026-ഓടെ കേരളത്തിലെ വയോജനങ്ങളുടെ എണ്ണം സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം ആകുന്ന സാഹചര്യത്തെ സംസ്ഥാന സർക്കാർ ഗൗരവകരമായി കാണുന്നതായി ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇന്ത്യയിലെ വയോജന പരിചരണത്തിലെ ശാക്തീകരണം എന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മറ്റ് പങ്കാളികളുടേയും കൂടിയാലോചനയും കാഴ്ചപ്പാടുകളും തേടുന്നതിനായി, നീതി ആയോഗ് സ്റ്റേറ്റ് സപ്പോർട്ട് മിഷന് കീഴിൽ തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ വയോജനങ്ങൾ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ട്. ഇന്ത്യയിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന സംസ്ഥാനമെന്ന നിലയിൽ സമഗ്രമായ ഒരു പരിചരണ ചട്ടക്കൂട് ആവശ്യമാണ്. വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തുടനീളമുള്ള നയരൂപീകരണ വിദഗ്ധർ, വിശിഷ്ട വ്യക്തികൾ എന്നിവർ ശിൽപശാലയിൽ ഒരുമിക്കുന്നു എന്നത് സന്തോഷകരമാണ്. നിലവിൽ, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 11.1 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണ് എന്നാണ് കണക്കാക്കുന്നത്. അണുകുടുംബ ഘടനയിലേക്ക് സമൂഹം മാറിക്കഴിഞ്ഞതിനാൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുക എന്ന രീതി കുടുംബബന്ധങ്ങളിലും കാണുന്നുണ്ട്. പ്രായമായവരുടെ വർദ്ധിച്ചുവരുന്ന സാമൂഹിക, ആരോഗ്യ സംരക്ഷണ ആവശ്യങ്ങളിൽ ശിൽപശാല ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം വയോജനങ്ങളുടെ മാനസികവും സാമൂഹികവുമായ ക്ഷേമത്തെ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. വയോജനങ്ങൾ പലരും ഏകാന്തതയും അവഗണനയും നേരിടുന്നു. നിരവധി പ്രധാന സംരംഭങ്ങളിലൂടെ മുതിർന്നവരോടുള്ള പരിചരണത്തിലെ സജീവമായ സമീപനത്തിന് കേരളം പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഏകാന്തത കുറയ്ക്കുന്നതിനുമായി മുതിർന്നവർക്കുള്ള ഡേ-കെയർ സെന്ററുകൾ വിപുലീകരിക്കുന്ന സായംപ്രഭ പദ്ധതി, പ്രതിസന്ധിയിലായ മുതിർന്നവർക്ക് അടിയന്തര വൈദ്യസഹായവും പിന്തുണയും നൽകുന്ന വയോരക്ഷ പദ്ധതി, സർക്കാർ വൃദ്ധസദനങ്ങളിൽ താമസിക്കുന്നവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും വാഗ്ദാനം ചെയ്യുന്ന വായോമൃതം സംരംഭം, ഡിമെൻഷ്യയും അൽഷിമേഴ്‌സും ബാധിച്ച മുതിർന്നവരെ സഹായിക്കാൻ മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കുന്ന ഓർമ്മത്തോണി പദ്ധതി എന്നിവ സംസ്ഥാനത്തിന്റെ വയോജന സംരക്ഷണത്തിന്റെ മികച്ച മാതൃകകളാണ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം (Maintenance and Welfare of Parents and Senior Citizens Act) ഊർജിതമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. മെച്ചപ്പെട്ട വയോജന പരിചരണം നൽകുന്നതിന് പരിചരിക്കുന്നവർക്കും ഹോം നഴ്‌സുമാർക്കും സമഗ്രമായ പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. വയോജന ക്ഷേമത്തിൽ കേരളം മുന്നിലുണ്ടാകുമെന്ന് ഉറപ്പാക്കിക്കൊണ്ട് നയവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്താനുള്ള പരിപാടികൾ ശിൽപശാല ആസൂത്രണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വയോജനങ്ങൾക്കായി നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാനും വയോജന പരിചരണത്തിനായി പുതിയ തന്ത്രങ്ങൾ വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

നിതി ആയോഗ് മെഡിക്കൽ സീനിയർ അഡൈ്വസർ രജിബ് കുമാർ സെൻ സ്വാഗതമാശംസിച്ചു. നീതി ആയോഗ് മെഡിക്കൽ വിഭാഗം അംഗം ഡോ. വികെ പോൾ, സാമൂഹിക നീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനിത്കുമാർ, അഡീഷണൽ സെക്രട്ടറി കരാലിൻ ഘോങ്വാർ എന്നിവർ സംബന്ധിച്ചു.

ന്യൂഡൽഹി: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങളും തള്ളുന്നുവെന്നും എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും. എന്നാലത് ഇപ്പോഴല്ല. നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നു പറഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് ഇന്നലെ പറഞ്ഞിട്ടുണ്ട്. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. എൽ ഡി എഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

മലപ്പുറം സ്വദേശിയായ 38കാരന് നേരത്തെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ക്ലേഡ് വൺ ബി വകഭേദമാണ് ബാധിച്ചത്. യുഎഇയിൽ നിന്ന് ഈയിടെയാണ് യുവാവ് കേരളത്തിലെത്തിയത്. പനിയും മറ്റു രോഗലക്ഷണങ്ങളെയും അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എംപോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ൻറെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളാക്കി ഉയർത്തുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ തുടക്കമിടുന്നു. പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർവേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15ന് സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയൽക്കൂട്ടങ്ങളുടെ സർവേ ഒക്ടോബർ രണ്ടിന് ആരംഭിക്കും.

വാർഡുതലത്തിൽ തിരഞ്ഞെടുത്ത നാൽപ്പതിനായിരത്തോളം കുടുംബശ്രീ വൊളണ്ടിയർമാരാണ് സർവേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു വരുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ ചുവട്വയ്പ്പാണ് ഹരിത അയൽക്കൂട്ടങ്ങളുടെ രൂപീകരണം.

അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്‌ക്കരണ രീതികൾ, അയൽക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, അയൽക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതു സ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ, അയൽക്കൂട്ട പ്രദേശത്ത് ശുചിത്വമുള്ള പാതയോരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ്തല ഗ്രേഡിങ്ങും പൂർത്തിയാക്കും. ഡിസംബർ 30ന് മുമ്പ് മുഴുവൻ അയൽക്കൂട്ടങ്ങളുടെയും സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യഘട്ട സർവേയിൽ അറുപത് ശതമാനത്തിൽ താഴെ സ്‌കോർ നേടിയ അയൽക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അവയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ആവിഷ്‌ക്കരിച്ചു നടപ്പാക്കും.

അയൽക്കൂട്ട ഗ്രേഡിങ്ങ് സംബന്ധിച്ച് വിശദീകരിക്കുന്നതിനും ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുളള നടപടികളും ഊർജിതമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ജില്ലാ മിഷൻ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ജില്ലാതല കോർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ(സംഘടന) കൺവീനറായുള്ള കമ്മിറ്റിയിൽ നോൺ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റൻറ് കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സിറ്റി മിഷൻ മാനേജർമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

എല്ലാ ആഴ്ചയും കോർ കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. അതത് സി.ഡി.എസ് അധ്യക്ഷമാർ, മെമ്പർ സെക്രട്ടറിമാർ എന്നിവർ ഉൾപ്പെട്ട മുന്നൊരുക്ക യോഗങ്ങൾ നടന്നു വരികയാണ്. സി.ഡി.എസ്, എ.ഡി.എസ് തല യോഗങ്ങൾ ഒക്ടോബർ അഞ്ചിനകം പൂർത്തിയാക്കും.

മലപ്പുറം: മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാർട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു എന്നതാണ്. മുഖ്യമന്ത്രി പൊതുപ്രവർത്തകർക്ക് കൂച്ചു വിലങ്ങിട്ടു. അടിസ്ഥാന തൊഴിലാളികളെ പാവങ്ങളെ സഹായിക്കാനാണ് പാർട്ടി. പാർട്ടി പാർട്ടി എന്നു പറഞ്ഞു ഒന്നും മിണ്ടാൻ പ്രവർത്തകരെ സമ്മതിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി സഖാക്കൾ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. ഗോവിന്ദൻ മാഷ്‌ക്ക് പോലും നിവൃത്തി കേട്. പാർട്ടിയിൽ അടിമത്തമാണ്. ഉദ്യോഗസ്ഥമേധാവിത്വം ആണ് സർക്കാർ സംഭാവന. പി ശശിയെ കുറിച്ച് നല്ല വാക്ക് പറയാൻ പിണറായിക്കേ കഴിയു. ഈ നിലയിലാണ് പോക്ക് എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. പിണറായിയെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണ്. ഒരു റിയാസിനു വേണ്ടി മാത്രമല്ല ഈ പാർട്ടി. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിർത്താനുള്ളതല്ല പാർട്ടി. മരുമകനു വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണം. ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുകയാണെന്നും അൻവർ കുറ്റപ്പെടുത്തി.

ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്‌മെൻറ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചത്. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയ പ്രശ്‌നവും പിവി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. കണ്ണൂരിലെ സഖാക്കൾക്ക് ഇതിൽ വലിയ വേദനയുണ്ടെന്നും ആ സമയത്ത് മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്ക് പോയെന്നും പിവി അൻവർ അറിയിച്ചു.

തിരുവനന്തപുരം: സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും.

ഇനി മുതൽ എല്ലാ വർഷവും അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാൽ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്ട്രേഷൻ നൽകും. ഏതു ഡിഡി ഓഫീസ് പരിധിയിൽ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകൾ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാൽ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. തുടർന്ന് വേഗത്തിൽ അംഗീകാരം നൽകി ശമ്പളം നൽകുമെന്ന് മന്ത്രി അറിയിച്ചു.

അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലികൾ എന്നിവയിൽ പങ്കെടുക്കുന്ന അതിഥി അധ്യാപകർക്കും വേതനം നൽകും. അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ അതിഥി അധ്യാപകർക്ക് ശമ്പളത്തോടുകൂടിയുള്ള ‘ഓൺ ഡ്യൂട്ടി’യും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറിൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർ, ഉപഡയറക്ടർമാർ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ഇത്തരം 155 വ്യാജ വെബ്‌സൈറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു.

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാർ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ. വ്യാജ വെബ്‌സൈറ്റുകൾ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്ട്‌സാപ്പ്, എസ് എം എസ്, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിൽ പ്രവേശിക്കരുതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.