General (Page 96)

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. 70 ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വള്ളംകളിയുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഉടൻ ബോർഡ് യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വള്ളംകളി സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാരപരിപാടി കൂടിയാണ്. കേരളം ലോകത്തിന് സമ്മാനിച്ച ജലോത്സവമാണ് വള്ളംകളിയെന്നും നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിന്റെയാകെ ജലോത്സവമായി മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആലപ്പുഴയുടെ ആവേശവും വികാരവുമാണ് നെഹ്‌റുട്രോഫി ജലോത്സവമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യം മാറ്റി വെച്ചുവെങ്കിലും ആനന്ദത്തിന്റെയും സന്തോഷത്തിന്റയും ഇടങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാർ തീരുമാനപ്രകാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. നെഹ്‌റു ട്രോഫി ജലമേളയെ ആലപ്പുഴയുടെ ഒളിമ്പിക്‌സ് എന്ന് വിശേഷിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തെ അനുസ്മരിച്ചു കൊണ്ട് നടത്തിയ മൗനപ്രാർത്ഥന യോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നെഹ്റു പ്രതിമയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പുഷ്പ്പാർച്ചന നടത്തി. സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് മാസ്ഡ്രിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി 2023 ലെ നെഹ്‌റു ട്രോഫി മാധ്യമ അവാർഡ് ജേതാക്കൾക്ക് മെമെന്റോ വിതരണം ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് കാഷ് അവാർഡും മന്ത്രി പി പ്രസാദ് സർട്ടിഫിക്കറ്റും ജേതാക്കൾക്ക് നൽകി. എൻ.ടി.ബി.ആർ. സുവനീറിന്റെ പ്രകാശനം പി പി ചിത്തരഞ്ജൻ എംഎൽഎ ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിളിന് നൽകി നിർവഹിച്ചു. എച്ച് സലാം എംഎൽഎ മുഖ്യാഥിതിക്കുള്ള മെമന്റോ കൈമാറി. എംഎൽഎമാരായ, തോമസ് കെ തോമസ്, യു പ്രതിഭ, ദലീമ ജോജോ, ആലപ്പുഴ മുൻസിപ്പൽ ചെയർപെഴ്‌സൺ കെ കെ ജയമ്മ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ വർഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ അലൻ മൂന്ന്‌തൈക്കൽ തുഴച്ചിൽക്കാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തി. എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് സ്വാഗതവും സെക്രട്ടറിയും സബ് കളക്ടറുമായ സമീർ കിഷൻ നന്ദിയും പറഞ്ഞു.

കോട്ടയം: വൈക്കം സി.ഐയെ സ്ഥലം മാറ്റി. വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.

സി കെ ആശ സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്കും നിയമസഭാ സ്പീക്കർക്കും പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

മേഖലയിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടരുകയാണെന്ന് കരസേന അറിയിച്ചു. കരസേനയ്ക്ക് പുറമെ സിആർപിഎഫും ജമ്മു കശ്മീർ പൊലീസും ഭീകരരെ നേരിടുന്നുണ്ട്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കോഴിക്കോട്; ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേർന്നാണ് അർജുനെ സംസ്‌കരിച്ചത്.

രാവിലെ 11.20ഓടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. 11.45ഓടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അർജുന്റെ ചിതയ്ക്ക് തീകൊളുത്തി. ആയിരക്കണക്കിനാളുകളാണ് അർജുനെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി എത്തിയത്. ഇന്ന രാവിലെയാണ് അർജന്റെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിച്ചത്.

കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്‌നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വെച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. കേന്ദ്രസർക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്‌മെന്റാണ് അംഗീകാരം നൽകിയത്. തുറമുഖ മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. തുടർ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്ഥിര അംഗീകാരം ലഭിച്ചത്. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിലേക്ക് ഒരുപടി കൂടി നമ്മൾ അടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര കപ്പലുകൾ സർവ്വീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം ആവശ്യമാണ്.

തുറമുഖത്ത് നങ്കൂരമിടാനുള്ള സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നുള്ള കർശന പരിശോധനകൾക്ക് ശേഷമാണ് ഐഎസ്പിഎസ് അംഗീകാരം ലഭിക്കുന്നത്. കാർഗോ അതിവേഗ ക്രാഫ്റ്റ്, ബൾക്ക് കാരിയർ, ചരക്ക് കപ്പൽ എന്നിവയ്ക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്.

അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസിനെ കുറിച്ച് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ഭാരതത്തിൽ ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്നത് മറ്റു വാഹനങ്ങളുടെ പുറകിൽ ഇടിച്ചാണ്. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022-ൽ 98668 അപകടങ്ങളിൽ 32907 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം മറ്റു വാഹനങ്ങളുടെ വശങ്ങളിലെ ഇടിയാണ്. 71146 അപകടങ്ങളും 20357 മരണവും 2022-ൽ സംഭവിച്ചത് ഇത്തരത്തിലാണ്. നിസ്സാരം എന്നു തോന്നാവുന്ന റിയർ/സൈഡ് അണ്ടർ റൺ പ്രൊട്ടക്ടർ നിർബന്ധമാക്കേണ്ടതിന്റെയും അത് കൃത്യമായി പരിപാലിക്കപ്പെടേണ്ടതിന്റെയും ആവശ്യകത ഇവിടെയാണ്.

ഉയരം കൂടിയ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങളിലേക്ക് പാഞ്ഞുകയറുന്ന കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതൽ മരണത്തിന് ഹേതു ആയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളിൽ മനുഷ്യ ശരീരമാണ് ഒരു തടസവും ഇല്ലാതെ ഇത്തരം വാഹനങ്ങളുടെ ബോഡിയിലേക്ക് ഇടിക്കുക. പാസഞ്ചർ കാറുകൾ ആണെങ്കിൽ അതിൽ ഏറ്റവും സുരക്ഷ കുറവുള്ള A പില്ലറും മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസും മാത്രമാണ് അതിലെ യാത്രക്കാരുടെ ശരീരത്തിന് പരിക്ക് പറ്റുന്നതിന് തടസ്സമായി മുൻപിൽ ഉണ്ടാവുക. ഗുരുതരമായ പരിക്കിനും മരണത്തിനും ഇത് കാരണമാകുമെന്ന് മാത്രമല്ല എയർബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവർത്തിക്കാതെ വരും. എയർ ബാഗുകളുടെ സെൻസറുകൾ കാറിന്റെ മുൻബമ്പറിന് തൊട്ടു പുറകിൽ ആയിട്ടാണ് സ്ഥാപിക്കപ്പെടുക. ഇടിച്ചുകയറുമ്പോൾ ഈ ഭാഗം ഇടിച്ചാൽ മാത്രമേ എയർബാഗുകൾ തുറക്കുകയുള്ളൂ. കാർ യാത്രികർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ച് നൽകിയിട്ടുള്ള ക്രമ്പിൾ സോണും ഫലവത്താകില്ല. അതുകൊണ്ടാണ് റിയർ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസ് 55 cm മുതൽ 70 സെമീ വരെ ഉയരത്തിൽ ഘടിപ്പിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതും.

മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം കൃത്യമായി ഉറപ്പ് വരുത്താൻ സാധിക്കാത്ത വിധം വാഹനസാന്ദ്രതയേറിയ നമ്മുടെ നിരത്തുകളിൽ അതുകൊണ്ടുതന്നെ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസുകൾ നിർണ്ണായകമാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 124 പ്രകാരം 3.5 ടണ്ണിലധികം തൂക്കം വരുന്ന ഭാരവാഹനങ്ങൾക്ക് ലാറ്ററൽ അണ്ടർ റൺ പ്രൊട്ടക്ടിവ് ഡിവൈസ് നിർബന്ധമാണ്. വാഹനങ്ങളുടെ നിർമ്മാതാക്കളും ഡീലറും ഇത് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ട്രാക്ടറും ടിപ്പർ വാഹനങ്ങളും ഒഴിച്ചുള്ളവക്ക് പുറകിലെ അണ്ടർ റൺ പ്രൊട്ടക്ടറും നിർബന്ധമാണ്. IS 14812/ IS 14682 എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത് നിർമ്മിക്കേണ്ടത്.

ഈ അണ്ടർ റൺ സംരക്ഷണം ഉള്ളത് കൊണ്ട് മാത്രം ഗുരുതരമായ പരിക്കിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ട്. ഇത്തരം ഡിവൈസുകളിൽ കാണുന്ന ഓരോ ആക്‌സിഡൻറ് അടയാളങ്ങളും ജീവൻ രക്ഷിച്ചതിന്റെ ഓർമ്മപ്പെടുത്തലുകളാവാം.

വിരുദുനഗർ: പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്‌ഫോടനം. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സ്‌ഫോടനം ഉണ്ടായത്. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഫാക്ടറിയിൽ ഇപ്പോഴും തീ ആളിപ്പടരുകയാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവ സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാക്ടറിയ്ക്കുള്ളിൽ സ്‌ഫോടനങ്ങൾ തുടരുന്നതിനാൽ ആർക്കും അതിന് അടുത്തേയ്ക്ക് എത്താൻ കഴിയുന്നില്ലെന്നാണ് വിവരം. സ്‌ഫോടനമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അവയെ വെടിവെയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാനും അവയുടെ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കാനും നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ . ഇതിന് മുന്നോടിയായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ മൂന്നിന് മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയും താൽപര്യമുള്ള ആളുകളെയും ലഭ്യമാകുന്നില്ല എന്ന പ്രശ്‌നം ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്ന കാര്യം വനം വകുപ്പ് പരിശോധിക്കുന്നത്.

ഫണ്ടിന്റെ ലഭ്യത കുറവ് കാരണം തുച്ഛമായ പ്രതിഫലം നൽകുന്നതും മറ്റൊരു പ്രശ്‌നമാണ്. വെടിവെക്കാൻ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ സർവ്വീസിൽ നിന്നും വിരമിച്ചവർ, വിരമിച്ച ജവാന്മാർ, റൈഫിൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളവർ തുടങ്ങി ഇതിൽ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാനാണ് ആലോചിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹകരണവും പരിശോധിക്കുന്നതാണ്. ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും നൽകി വനം വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. ഈ അധികാരം ഉപയോഗിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ വെടിവെയ്ക്കാൻ വൈദഗ്ധ്യമുള്ളവരുടെ അഭാവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാൻ വനം വകുപ്പ് ആലോചിക്കുന്നത്.

ഷിരൂർ: ഷിരൂരിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ട ട്രക്ക് ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ മൃതദേഹവുമായി ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു. കർണാടക പൊലീസ് ആംബുലൻസിനെ അനുഗമിക്കും.

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും കാർവാർ എംഎൽഎ സതീഷ് സെയ്ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമെന്ന് സതീഷ് സെയ്ൽ അറിയിച്ചു. നാളെ രാവിലെ ആറ് മണിയോടെ അർജുന്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.

അകപ്പെട്ട് മരിച്ച മലയാളി ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിന്റെ അവസാന മടക്ക യാത്രയാണിത്. ആംബുലൻസിലെ അനുഗമിക്കും.

ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ രാവിലെ പൂളാടിക്കുന്നിൽ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും.

അർജുന്റെ വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിക്കും.

തൃശൂർ: തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ചെമ്മാപ്പിള്ളി സെറാഫിക് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിന്റെ ഒന്നാംനിലയിൽ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം ഗൗരവതരവും അപലപനീയവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും, തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മന്ത്രി നിർദ്ദേശം നൽകി.

വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയുടെ മാതാപിതാക്കളുമായി മന്ത്രി ഫോണിൽ സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് ഈ വിഷയത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തും. സ്‌കൂളിന്റെ അധികാരികൾ ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകേണ്ടതായി വരും. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടുന്ന ഭിന്നശേഷി സൗഹാർദ്ദപരമായ അന്തരീക്ഷം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്‌കൂൾ അധികൃതർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ആർ.പി.ഡബ്ല്യു.ഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്. അതിനെതിരെ നടപടികൾ സ്വീകരിക്കാവുന്ന വകുപ്പുകൾ ഉണ്ട്. ഭിന്നശേഷി മക്കൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഇനിയും ഉണ്ടാകാതെയിരിക്കാനുള്ള സാമൂഹിക ജാഗ്രത സമൂഹത്തിൽ ഉണ്ടാകണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് 3.45ന് ഭിന്നശേഷക്കാരിയായ മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയ പിതാവ് ഉണ്ണി കൃഷ്ണൻ കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ കാണപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.