General (Page 95)

തിരുവനന്തപുരം: ശുചിത്വ കേരളം സുസ്ഥിരകേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ കൊട്ടാരക്കര എൽ.ഐ.സി അങ്കണത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രിമാരായ എം.ബി. രാജേഷ്,കെ.ബി. ഗണേഷ് കുമാർ, ജെ. ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഹരിതസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസ് നിർവഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ റിപ്പോർട്ട് അവതരിപ്പിക്കും.

ഒക്ടോബർ 2 ന് ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ സമ്പൂർണ മാലിന്യമുക്ത കേരളം സാധ്യമാക്കാൻ കഴിയും വിധമാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബർ 2 ന് സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനതലങ്ങളിലായി 1601 പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ നടക്കും. സംസ്ഥാനത്തെ 203 പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെയും, 6 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപനത്തോടൊപ്പം 26 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. 160 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളും ഒക്ടോബർ 2-ന് ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും. 22 കലാലയങ്ങളെ ഹരിത കലാലയമായി പ്രഖ്യാപിക്കും. കേരളത്തിലെ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഭൂരിഭാഗം ഓഫീസുകൾ, ബാങ്കുകൾ, ഓഫീസ് കോംപ്ലക്സുകൾ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും നടക്കും. മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധങ്ങളായ 257 അനുബന്ധ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കും. എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ഈ ജനകീയ യജ്ഞം പ്രായോഗിക തലങ്ങളിൽ നടപ്പാക്കുന്നതെന്ന് നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ അറിയിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടർ ദിവ്യ എസ്.അയ്യർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ്, കൊല്ലം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു കെ.എം, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ്, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ അധ്യക്ഷൻ എം.കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി.മുരളി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് സ്വാഗതവും, നവകേരളം കർമപദ്ധതി കൊല്ലം ജില്ലാ കോർഡിനേറ്റർ എസ്.ഐസക് നന്ദിയും പറയും.

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവ ക്രമീകരണം സംബന്ധിച്ച അവലോകന യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. വാഴൂർ സോമൻ എം എൽ എ യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജില്ലാകളക്ടർ വി വിഘ്‌നേശ്വരി, സബ് കളക്ടർ അനൂപ്ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ് ,മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശബരിമല തീർത്ഥാടന കാലത്തേക്ക് നോഡൽ ഓഫീസർ, ഡ്യൂട്ടി മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരെ നിയമിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന തീർത്ഥാടനപാതയിൽ ജില്ലാ പൊലീസ് മേധാവി മുഖേന സുരക്ഷക്കാവശ്യമായ പൊലീസിനെ വിന്യസിക്കും..

മകരവിളക്ക് ദിവസം കെ എസ് ആർ ടി സി ബസ്സുകൾ, കുമളി കോഴിക്കാനം റൂട്ടിൽ സർവ്വീസ് നടത്തുന്നതിനും കെ എസ് ആർ ടി ബസ്സുകൾക്ക് കോഴിക്കാനത്ത് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും..പൊതുമരാമത്ത് വകുപ്പ് മുഖേന തീർത്ഥാടനപാതകളുടെ അറ്റകുറ്റപ്പണികൾ തീർക്കും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

കുമളി ടൗണിൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തമിഴ്‌നാട്ടിൽ നിന്നും വാഹനങ്ങൾ വരുന്നത് കമ്പംമെട്ട് വഴിയും തിരിച്ചുപോകുന്നത് കാളി വഴിയും ആയതിലേക്ക് തേനി ജില്ലാ കളക്ടറുമായി യോജിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അസി. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങളുടെ അളവു തൂക്കം, ഗുണനിലവാരം, വിലനിയന്ത്രണം എന്നിവ പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.വനം-വന്യ ജീവി വകുപ്പ് തീർത്ഥാടകർക്ക് വിവിധ ഭാഷയിലുള്ള അറിയിപ്പ്/സൂചന/ദിശാ ബോർഡുകൾ തീർത്ഥാടകരുടെ സൗകര്യാർത്ഥം കാനന പാതയിൽ ക്രമീകരിക്കും. ‘ബി എസ് എൻ എൽമൊബൈൽ ടവറുകൾ, സുസജ്ജമായ ഇൻഫർമേഷൻ ഹെൽപ് ഡെസ്‌ക്കുകൾ,വയർലെസ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തും.

ജില്ലാ തലത്തിൽ പോലീസ്, എക്‌സൈസ്, ജില്ലാ സപ്ലൈ ഓഫീസ്, ഫുഡ് സേഫ്റ്റി, മോട്ടോർ വാഹനം, റവന്യൂ, പഞ്ചായത്ത്, ആരോഗ്യം, തുടങ്ങി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സ്‌ക്വാഡുകൾ രൂപീകരിക്കും. ജില്ലയിൽ തീർത്ഥാടകർ കടന്നുപോകുന്ന പ്രദേശങ്ങളിൽ താത്ക്കാലിക കൺട്രോൾ റൂമുകൾ, പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ പ്രദേശങ്ങളിൽ ബാരിക്കേഡ് നിർമ്മാണം. ശുചിത്വ മിഷനുമായി ചേർന്ന് പ്ലാസ്റ്റിക്/ മാലിന്യം നിർമാർജ്ജനം എന്നിവ നടപ്പാക്കും.. പഞ്ചായത്തുകൾ മുഖേന തീർത്ഥാടകർക്ക് താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ, പൊതു ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്തു. മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട് പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തും പാറ, പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തും.

ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി) നേതൃത്വത്തിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ മെഡിക്കൽ ടീം, അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകൾ എന്നിവ സജീവമാക്കും.വണ്ടിപ്പെരിയാർ വഴി തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളും ചികിത്സ, കുടിവെള്ളം എന്നിവ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തും .ഫയർ ആന്റ് റെസ്‌ക്യു സർവ്വീസിന്റെ സേവനം.പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിൽ പുല്ലുമേടും, തീർത്ഥാടനപാതയിലും ആവശ്യമായ അസ്‌കാലൈറ്റ് ഉൾപ്പെടെയുള്ള ശബ്ദ – വെളിച്ച ക്രമീകരണങ്ങൾ. വാട്ടർ അതോറിറ്റി മുഖേന ആവശ്യമായ കുടിവെള്ള വിതരണം ഭക്തരുടെ സേവനത്തിനായി വിവിധ സ്ഥലങ്ങളിൽ ചാർജ്ജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ജീവനക്കാരെ വിന്യസിക്കൽ, ജീവനക്കാർക്ക് ആവശ്യമായ വാഹനങ്ങൾ ഭക്ഷണം, കുടിവെള്ളം, താല്കാലിക ഷെഡുകൾ എന്നിവയുടെ ക്രമീകരണം തുടങ്ങിയവ നടപ്പിലാക്കും. ആവശ്യമെങ്കിൽ തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ സേവനം തേടും. തീർത്ഥാടന പാതയിലൂടെ സർക്കാർ വാഹനങ്ങൾ പ്രത്യേക ബോർഡുകൾ അനുവദിച്ച് മാത്രം കടത്തി വിടുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.

കാനന പാതയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽആർ ആർ ടി , എലിഫൻറ് സ്‌ക്വാഡ് എന്നിവയുടെ സേവനം ഉറപ്പുവരുത്തും. പുല്ല് മേട് പ്രദേശവും കാനന പാതയും സഞ്ചാരയോഗ്യമാക്കും. തീർത്ഥാടക താവളത്തിൽ സോളാർ വേലി നിർമ്മിക്കും. വിവിധ ഭാഷകളിലുള്ള അറിയിപ്പ്, ദിശാ സൂചന ബോർഡുകൾ, ബാരിക്കേഡുകൾ എന്നിവയും സ്ഥാപിക്കും.

കണ്ണൂർ: ഇന്ത്യയിലെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ. ഒക്ടോബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്യും. കെൽട്രോൺ കോംപണന്റ് കോമ്പ്‌ലക്‌സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ കേരളത്തിന് സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഉൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിൽ സാധിക്കും.

ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോൺ ഒരു വിശ്വസ്ത പങ്കാളിയാണെന്ന ഉറച്ച വിശ്വാസമുള്ളതിനാൽ ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ എന്നീ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

തിരുവനന്തപുരം: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്‌സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്.

2024ലെ നഗരഭരണ ഇൻഡക്‌സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്‌മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്, 55.1 പോയിന്റ്. നാഗാലാൻഡാണ് ഏറ്റവും അവസാന സ്ഥാനത്ത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ഒന്നാമത്തെ തീമിൽ കേരളം ഒന്നാമതാണ്. ധനകാര്യ മാനേജ്‌മെന്റിലെ മികവിലും കേരളം ഒന്നാമത്. ഏറ്റവും സുശക്തമായ നഗരസഭാ കൌൺസിലുകളും കൌൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തി.

കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്‌സ് അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് അനുയോജ്യമായ നയസമീപനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുന്നത്. അർബൻ കമ്മീഷൻ ഉൾപ്പെടെയുള്ള നടപടികൾ കൂടി പൂർത്തിയാകുന്നതോടെ, കേരളം കൂടുതൽ മികവിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. എന്നോടൊപ്പം ഹിമാചൽ പ്രദേശ് നഗരവികസന വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗും മറ്റ് നഗരകാര്യ വിദഗ്ധരും പ്രകാശനചടങ്ങിൽ പങ്കെടുത്തിരുന്നു. ഭരണ രംഗത്തെ കാര്യക്ഷമതാ വർധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസിയായ പ്രജയാണ് ഇൻഡക്‌സ് തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് നഗര ഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതാ വികസനത്തിന് വേണ്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസിയാണ് പ്രജയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോട്ടയം നെടുകുന്നം സ്വദേശിയാണ്അൻവറിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

പി വി അൻവറിന്റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ കാളുകൾ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കയറി ചോർത്തുകയോ ചോർത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങൾക്ക് പങ്കുവെക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇതോടെ ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. രണ്ട് മാസത്തിനിടെ 14 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 10 പേർ രണ്ടാഴ്ച മുമ്പ് പൂർണമായും രോഗമുക്തി നേടിയിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

പ്രാഥമിക ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

പ്രതിരോധ മാർഗങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം.

വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.

മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നത്. മേവാത്തി ഗ്യാങാണ് ഈ കവർച്ചയ്ക്ക് പിന്നിലുണ്ടായിരുന്നത്. 20 കിലോമീറ്റർ പരിധിയിലെ മൂന്ന് എടിഎം കൗണ്ടറുകളിൽ നിന്നായി 68 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എടിഎം കൗണ്ടറിൽ അലാം ഉണ്ടായിരുന്നതിനാൽ മിനിറ്റുകൾക്കകം പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കവർച്ച നടത്തിയത് അന്യ സംസ്ഥാനക്കാരായ പ്രഫഷണൽ മോഷ്ടാക്കളാണെന്ന് തുടക്കത്തിൽ തന്നെ മനസിലാക്കിയിരുന്നു.

തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ മുൻ അനുഭവത്തിൽനിന്നാണ് എടിഎം കവർച്ചയ്ക്കു പിന്നിൽ മേവാത്തി ഗ്യാങ് ആകാമെന്ന സൂചന ലഭിച്ചത്. മൂന്നു വർഷം മുൻപു കണ്ണൂരിൽ മേവാത്തി ഗ്യാങ്ങിലെ ഒരു സംഘം എടിഎം കവർച്ച നടത്തിയപ്പോൾ ഇളങ്കോ അവിടെ ജില്ലാ പോലീസ് മേധാവി ആയിരുന്നു. അന്ന് കേരള പോലീസ് ഹരിയാനയിലെത്തിയാണു മോഷ്ടാക്കളെ പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ കണ്ടെയ്‌നർ ലോറിയിൽ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്.

സമാനമായി ഈ കേസിലും സിസിടിവി ദൃശ്യങ്ങളും ടോൾ പ്ലാസകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാർ | പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു എന്ന് കണ്ടെത്തി. അങ്ങനെ തൃശൂരിലെ കൊള്ളയുടെ പിന്നിൽ മേവാത്തി ഗാങ് ആകാമെന്ന വിവരം കമ്മിഷണർ അയൽ സംസ്ഥാനങ്ങളിലെ പോലീസിന് കൈമാറുകയായിരുന്നു. അങ്ങനെ കേരളത്തിന്റെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമാക്കി. കണ്ടെയ്‌നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്‌നാട് പൊലീസിന് കൈമാറി. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്‌നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടുപോയ ലോറി സഹസികമായാണ് തമിഴ്‌നാട് പോലീസ് തടഞ്ഞുനിർത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കവർച്ചയ്ക്കായി പ്രതികൾ കേരളത്തിൽ എത്തിയത്. ഹരിയാനയിൽ നിന്ന് ബുധനാഴ്ച ചെന്നൈയിൽ എത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികൾ ചെന്നൈയിൽ എത്തിയത്. ഇതിൽ രണ്ടു പേർ വിമാനത്തിലും മൂന്ന് പേർ കാറിലും രണ്ടുപേർ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരിൽ എത്തിയശേഷം പ്രതികൾ ഒരുമിച്ചാണ് കേരളത്തിലേക്ക് യാത്ര ചെയ്തത്. കവർച്ചയുടെ മുഖ്യ ആസൂത്രകൻ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാം ആണ്. എടിഎമ്മുകൾ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവർച്ച കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് സംഘാംഗങ്ങൾ. ഇതിൽ സുമാനുദ്ദീൻ ആണ് തമിഴ്‌നാട് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അസീർ അലി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.

ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കൻമാരായി കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം തവണയാണ് ക്ലബ് കിരീടം നേടുന്നത്. വാശിയേറിയ മത്സരത്തിനൊടുവിൽ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ ആയിരുന്നു കാരിച്ചാൽ ഫിനിഷ് ചെയ്തത്. വിയപുരം ചുണ്ടൻ രണ്ടാം സ്ഥാനം നേടി.

കാരിച്ചാൽ (പിബിസി പള്ളാത്തുരുത്തി-4.14.35), വീയപുരം (വിബിസി കൈനകരി-4.22.58), നിരണം (നിരണം ബോട്ട് ക്ലബ് -4.23.00), നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്-4.23.31) എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ പ്രവേശിച്ചത്. അഞ്ചു ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം സ്ഥാനത്ത് ആയാപറമ്പ് പാണ്ടി എത്തി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി. മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനാണ് വിജയിച്ചത്.

നാലാം ഹീറ്റ്സിൽ കൈനകരി വില്ലേജ് ബോട്ട്ക്ലബ് തുഴഞ്ഞ വീയപുരം വാശിയേറിയ മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. അഞ്ചാം ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തി. 4 മിനിറ്റ് 14.45 സെക്കൻഡ് എന്ന ഹീറ്റ്സിലെ റെക്കോഡ് സമയത്തിലാണ് കാരിച്ചാൽ ഫിനിഷ് ചെയ്തത്. എന്നാൽ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ മൂന്നു ഹീറ്റ്സിലെ ഒരു ചുണ്ടനു പോലും ഫൈനലിൽ പ്രവേശിക്കാനായില്ല. അതേസമയം, ഹീറ്റ്സ് നാലിൽ തുഴഞ്ഞ് മൂന്നൂ വള്ളങ്ങളും ഫൈനലിലെത്തി. ഹീറ്റ്സ് അഞ്ചിലായിരുന്നു കാരിച്ചാലിന്റെ ഫൈനൽ പ്രവേശനം.

തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് പുഷ്പനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന ഡിവൈഎഫ്ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്‌നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് അദ്ദേഹം കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. സിപിഐഎം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

പുഷ്പന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്. സഖാവിനോടൊപ്പം പാർട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി നമ്മുടെയുള്ളിൽ ജ്വലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂത്തുപറമ്പ് വെടിവെപ്പിൽ ജീവൻപൊലിഞ്ഞ അഞ്ച് ധീരസഖാക്കൾക്കൊപ്പമാണ് പുഷ്പനും വെടിയേറ്റത്. വെടിയേറ്റ് കഴുത്തിന് താഴെ തളർന്നിട്ടും മരണത്തെ തോൽപ്പിച്ച പുഷ്പൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു. തന്റെയുള്ളിലെ അടങ്ങാത്ത പോരാട്ടവീര്യമാണ് ദീർഘമായ ഈ കാലത്തെ അതിജീവിക്കാൻ പുഷ്പന് കരുത്ത് നൽകിയത്. തന്റെ ഇരുപത്തിനാലാം വയസ്സിൽ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ പോരാളികൾക്ക് ആവേശമായി. മരുന്നുകൾക്കും വേദനകൾക്കുമിടയിലൂടെ കടന്നുപോകുമ്പോഴും പുഷ്പൻ തന്റെയുള്ളിലെ വിപ്ലവാവേശത്തെ കനലൂതിത്തെളിച്ചു കൊണ്ടേയിരുന്നു. അസുഖ ബാധിതനായ ഓരോ തവണയും മരണത്തെ തോൽപ്പിച്ച് അത്ഭുതകരമായി തിരിച്ചുവന്നു. വിദ്യാർഥി, യുവജന സമ്മേളനവേദികളിൽ നേരിട്ടെത്തിയും കത്തുകളിലൂടെയും പുഷ്പൻ തന്റെ സഖാക്കൾക്ക് സമരാഭിവാദ്യമർപ്പിച്ചു. പുഷ്പനെ കാണാൻ എത്രയോവട്ടം മേനപ്രത്തെ വീട്ടിലെത്തിയിട്ടുണ്ട്. അപ്പോഴെല്ലാം പുഷ്പൻ ചോദിച്ചറിഞ്ഞതും പങ്കുവെച്ചതും കേരളത്തിന്റെ രാഷ്ട്രീയവും തന്റെ പാർട്ടിയെക്കുറിച്ചും സഖാക്കളെക്കുറിച്ചുമുള്ള വിശേഷങ്ങളായിരുന്നു. വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു.
ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പൻ ജീവിക്കും. സഹനസൂര്യനായി ജ്വലിച്ച പുഷ്പന്റെ വിയോഗത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ മലയാളിയ്ക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവൽ കമ്പിളിക്കണ്ടം പൂവത്തിങ്കൽ വീട്ടിൽ അമൽ മോഹൻ ആണ് മരണപ്പെട്ടത്. 34 വയസായിരുന്നു. എത്രയും വേഗം നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു.

നോർക്കയുടെ ന്യൂഡൽഹിയിലെ എൻആർകെ ഡെവലപ്‌മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിൽ നിന്നു മൃതദേഹം ഹെലികോപ്ടറിൽ ജോഷിമഠിൽ എത്തിച്ചു. ജോഷിമഠ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയിൽ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയർലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. ശ്വാസംമുട്ടൽ അനുഭവപ്പെട്ട അമലിന്റെ പിന്നീട് ആരോഗ്യസ്ഥിതി മോശമായി മരണപ്പെടുകയായിരുന്നു.