General (Page 71)

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ പാലക്കാട് ജില്ലയിൽ നിന്നും ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കൾ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ഒക്ടോബർ 15 മുതൽ നവംബർ ആറ് വരെയുള്ള കണക്കാണിത്.

ഇതിൽ 1.56 കോടി രൂപ പണമായാണ് പിടിച്ചെടുത്തിട്ടുള്ളത്. 23.9 ലക്ഷം രൂപ വില വരുന്ന 12064.15 ലിറ്റർ മദ്യവും, 93.21 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. പണമായി പിടിച്ചെടുത്തതിൽ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായ നികുതി വകുപ്പുമാണ് പിടിച്ചെടുത്തിട്ടുള്ളത്.

പിടികൂടിയ മദ്യത്തിൽ 6239.15 ലിറ്റർ പൊലീസിന്റെയും 5825 ലിറ്റർ എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നിൽ 67.9കിലോഗ്രാം പൊലീസും 122 കിലോഗ്രാം എക്‌സൈസുമാണ് പിടികൂടിയിട്ടുള്ളത്. ഇതോടൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ 2.26 കോടി രൂപ വിലവരുന്ന വജ്രവും, വേലന്താവളത്ത് വെച്ച് 11.5 ലക്ഷം രൂപയും, സ്റ്റാറ്റിക് സർവെയലൻസ് ടീമിന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷം രൂപയും പിടികൂടി.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ തേടാനൊരുങ്ങുകയാണ് പോലീസ്. എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് ഉത്തരവ്.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) അവബോധ പരിപാടികൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് കർശന നിർദേശം നൽകി. ഇതുകൂടാതെ എഎംആർ അവബോധം താഴെത്തട്ടിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലയിലെ 2 ലക്ഷത്തിലധികം വീടുകളിൽ എഎംആർ ബോധവൽക്കരണം പൂർത്തിയാക്കി. ബാക്കിയുള്ള മുഴുവൻ വീടുകളിലും എഎംആർ അവബോധം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആന്റിബയോട്ടിക് ഉപയോഗം വളരെയേറെ കുറയ്ക്കാനായി. വിജയകരമായ മാതൃകയ്ക്ക് നേതൃത്വം നൽകിയ എറണാകുളം ജില്ലയിലെ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആന്റിബയോട്ടിക് സാക്ഷരതയിൽ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവൽക്കരണം നൽകുന്നത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവർത്തകരാണ് വീടുകളിലെത്തി ബോധവൽക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലാണ് അവബോധം നൽകിയത്. ഒരു മാസം ഒരാൾ 50 വീടുകൾ എന്ന കണക്കിലാണ് അവബോധം നൽകിയത്. ഇതുകൂടാതെ വാർഡ് തല കമ്മിറ്റികളിലെ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവബോധം നൽകി. മെഡിക്കൽ ഓഫീസർമാർ, എംഎൽഎസ്പി, ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർമാർ, മൈഗ്രന്റ് കോ ഓഡിനേറ്റർമാർ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അതിഥി തൊഴിലാളികൾക്ക് അവരവരുടെ ഭാഷകളിലാണ് അവബോധം നൽകിയത്.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടർച്ചയായാണ് ഈ ബോധവത്ക്കരണവും.

ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം

  1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്‌ക്കെതിരെ ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ല.
  2. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവു.
  3. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
  4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.
  5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
  6. രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.
  7. ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.
  8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
  9. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  10. പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എംബി രാജേഷ്. വി ഡി സതീശന് വൈര്യബുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ട്. രാഷ്ട്രീയ എതിർപ്പും, വിമർശനവും സാധാരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവിന് തന്നോട് പകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുനാളായി സതീശൻ പകയോടെ പെരുമാറുകയാണ്. സിസിടിവി കാര്യങ്ങൾ വ്യക്തമാക്കുന്നു. എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയിൽ വ്യക്തമാണ്. പരിശോധന പാതകമല്ലല്ലോ. എന്തിനാണ് തടയാൻ ശ്രമിക്കുന്നത്. ഗൂഢാലോചന സിപിഎമ്മിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല.

ഷാനിമോൾ പൊലീസിനെ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് തിരക്കഥയിലെ റോൾ ഷാനിമോൾ ഭംഗിയായി നിർവഹിച്ചു. സതീശന്റെ ഭീഷണിയൊന്നും തന്റെയടുത്ത് വേണ്ട. ഇതൊരു രാഷ്ട്രീയനേതാവിന്റെ ഭാഷയാണോ. അരോചകമായ ഭാഷയാണിത്. അഹന്തയോടെയാണ് സതീശൻ സംസാരിച്ചത്. ഗൂഢാലോചനയാണ് എന്റെ മേൽചാർത്തിയത്. സതീശൻ പറഞ്ഞപോലെ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടി. ഇന്നലെ പുലർച്ചെയാണ് കെപിഎം ഹോട്ടലിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്.

പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തി. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം നൽകിയത്.

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കേസിലെ ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു.

എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 2016 ജൂൺ 15നായിരുന്നു മുൻസിഫ് കോടതിക്കു സമീപം കിടന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പിൽ ചോറ്റുപാത്രത്തിൽ ബോംബുവച്ച് സ്ഫോടനം നടത്തിയത്. നിരോധിത സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവർത്തകരാണ് തമിഴ്നാട് മധുര സ്വദേശികളായ പ്രതികൾ.

തൃശൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് പാതിരാ റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കള്ളമാണെന്നും വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. കോൺഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

വ്യാജ ഐഡി കാർഡ് നിർമ്മിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്ന് എം വി ഗോവിന്ദൻ ചോദിക്കുന്നു. കുമ്പളങ്ങ കട്ടവന്റെ തലയിൽ ഒരു നര എന്ന് പറഞ്ഞപ്പോൾ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനിപ്പോൾ. കോൺഗ്രസും ബിജെപിയും ആയിട്ടാണ് ഡീൽ. ഞങ്ങളുടെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. ഷാഫി പറമ്പിലിന് നാല് കോടി കൊടുത്തുവെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ട് എന്തുകൊണ്ടാണ് വി ഡി സതീശൻ മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ജില്ല/ജനറൽ ആശുപത്രികൾ, 26 താലൂക്ക് ആശുപത്രികൾ, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 487 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 സ്പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബുകൾ, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം വഴി ഓൺലൈൻ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ആശുപത്രികളും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇ ഹെൽത്ത് സംവിധാനം വൻ വിജയമാണ്. ഇതുവരെ 1.93 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷൻ, 1.50 കോടിയിലധികം ലാബ് പരിശോധനകൾ എന്നിവയും ഇ ഹെൽത്തിലൂടെ നടത്തി.

ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകത. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്ത വസ്തുക്കളുടെ കണക്കുകൾ വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 558 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടിച്ചെടുത്തത്.

മഹാരാഷ്ട്രയിൽ നിന്നു മാത്രം 280 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് കമ്മീഷൻ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 14 സംസ്ഥാനങ്ങളിൽ നിന്നായി 118.01 കോടി രൂപയുടെ വസ്തു വകകളും പിടിച്ചെടുത്തു. 8.9 കോടി രൂപ പണമായും 7.63 കോടിയുടെ മദ്യവും 21.47 കോടിയുടെ ലഹരിവസ്തുക്കളും 9.43 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 70.59 കോടിയുടെ സൗജന്യമായി എത്തിച്ച വസ്തുക്കളുമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.

കൊച്ചി: ഒപ്പം നിന്നവർക്കും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി അറിയിച്ച് നടൻ നിവിൻ പോളി. ബലാത്സംഗ കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. തന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും പ്രാർഥനകൾക്കും നന്ദി പറയുന്നുവെന്ന് നിവിൻ പോളി പറഞ്ഞു.

നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയിരുന്നു. കേസ് സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് നൽകി. നിവിൻ പോളിയ്‌ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു കോതമംഗലം സ്വദേശിനി നൽകിയ പരാതി. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.