General (Page 70)

തിരുവനന്തപുരം: സംസ്ഥാനത്ത് സീപ്ലെയിൻ സർവീസ് നവംബർ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണിത്. കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.

കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്‌ലാൻഡ് കാനഡ’ എന്ന സീപ്ലെയിൻ ആണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ഫ്‌ളാഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സർവീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നൽകും. നവംബർ 10ന് ഉച്ചയ്ക്ക് 2നാണ് ‘ഡിഹാവ്‌ലാൻഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടർന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30ന് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തും. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.

സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇത് ഊർജ്ജമേകും. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിൻ സർവീസുകളിലൂടെ സാധിക്കും. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാനും അനുഭവവേദ്യ ടൂറിസത്തിൻറെ ഭാഗമാകാനും സഞ്ചാരികൾക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വിറ്റ്‌സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേർന്നാണ് ഡിഹാവ്‌ലാൻഡ് കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തുന്നത്. സർവീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡിഹാവ്‌ലാൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥലങ്ങൾ സന്ദർശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി.

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി നൽകി. പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ അറിയിച്ചു.

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമർശിച്ചു. കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തിൽ വന്നത് നുണ പരത്തിയെന്നും അധികാരത്തിൽ വന്നതോടെ വാഗ്ദാനങ്ങൾ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാർട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി SC-ST-OBC വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു.

കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവർ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നൽകുന്നത്.

ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്ആർടിസിക്കായി അനുവദിച്ചു.

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. നവകേരള യാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിയുടെ ഗൺമാന്മർ വളഞ്ഞിട്ട് ആക്രമിച്ചത്.

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചു. ദേവസ്വം ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്. നിലയ്ക്കലിൽ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു. പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് സുഗമമായി വിരിവയ്ക്കൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കുമെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു.

ആലപ്പുഴ: സംസ്ഥാനത്തും ജില്ലയിലും സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ വർഷം 94 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2024 നവംബർ വരെ 251 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി ജില്ലയിൽ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പോലീസ് മേധാവി അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധം വർദ്ധിപ്പിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ആലപ്പുഴയിൽ യോഗം വിളിച്ചത്.

2023 ൽ ജില്ലയിൽ മാത്രം ലഭിച്ച ഓൺലൈൻ തട്ടിപ്പ് പരാതികളുടെ എണ്ണം 1028 ആണ്. 2022 ൽ ഇത് 546 ആയിരുന്നു. 2024ൽ മാത്രം സൈബർ തട്ടിപ്പിലൂടെ 34.53 കോടി രൂപ ജില്ലയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളിൽ പലതും കോടതിക്ക് പുറത്തുവച്ച് തന്നെ തീർക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.ജില്ലയിൽ പോലീസ് നടപടികളിലൂടെ പരാതിക്കാർക്ക് 82 ലക്ഷം രൂപ തിരികെ ലഭിച്ചിട്ടുണ്ട്. പോലീസ് ശക്തമായ നടപടികളാണ് ഇക്കാര്യത്തിൽ എടുക്കുന്നതെങ്കിലും ചെറിയ ശ്രദ്ധക്കുറവ് കൊണ്ട് ധാരാളം പേർക്ക് പണം നഷ്ടപ്പെടുന്നു. 2024 ൽ മാത്രം സംസ്ഥാനത്ത് ആകെ സൈബർ തട്ടിപ്പിലൂടെ 657 കോടി രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

ചേർത്തല സ്വദേശികൾക്ക് നിക്ഷേപ തട്ടിപ്പിലൂടെ 7.55 കോടി രൂപ നഷ്ടമായി. സംസ്ഥാനത്തു തന്നെ നടന്ന ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്.മാന്നാർ സ്വദേശിക്കും കോടികൾ നഷ്ടപ്പെട്ടു.വെൺമണി സ്വദേശിക്ക് നിക്ഷേപ തട്ടിപ്പിലൂടെ 1.30 കോടി രൂപയാണ് നഷ്ടപ്പെട്ടത്.ചെങ്ങന്നൂർ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിലൂടെ 99 ലക്ഷം രൂപ നഷ്ടപ്പെട്ടു.ട്രായി ഉദ്യോഗസ്ഥൻ ചമഞ്ഞും ചേർത്തല സ്വദേശിയെ തട്ടിപ്പിനിരയാക്കി.നിക്ഷേപ തട്ടിപ്പ്, കെ. വൈ സി അപ്ഡേഷൻ തട്ടിപ്പ്, കുറിയർ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്,ലോൺ അനുവദിച്ചതായി പറഞ്ഞ് കോൾ വരിക,വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, ബാങ്കിൽ നിന്ന് എന്ന വ്യാജേന ഒ ടി പി ആവശ്യപ്പെടുക തുടങ്ങി പല രീതിയിലാണ് സൈബർ തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പിനിരയായാൽ അത് രഹസ്യമായി വയ്ക്കാതെ എത്രയും വേഗം പോലീസിന്റെ സൈബർ വിഭാഗത്തിൽ പരാതി നൽകുകയാണ് വേണ്ടത്.

ജില്ലയിൽ നിന്നും ഉദ്യോഗാർത്ഥികളെ ഓൺലൈൻ റിക്രൂട്ട്മെന്റ് നടത്തി തട്ടിപ്പ് നടത്തുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പരാതികളിൽ എട്ട് ഏജൻറ്മാർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു വരുന്നെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.ആധികാരികത ഉറപ്പുവരുത്തി മാത്രം ഓൺലൈൻ പണമിടപാടുകൾ നടത്തുക. കഴിവതും ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് ,ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ, എടിഎം കാർഡുകൾ എന്നിവ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണ് ഉചിതം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം എന്നും എം.പി.മോഹനചന്ദ്രൻ പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷനും പങ്കെടുത്തു.

തലശ്ശേരി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂർ ജില്ല വിട്ട് പോകാൻ പാടില്ലെന്നുമാണ് വ്യവസ്ഥകൾ. സാക്ഷികളെ സ്വാധീനിക്കരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ദിവ്യ.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ദിവ്യയുടെ ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയത്.

കൽപ്പറ്റ: മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കൾ നൽകിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ. പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്‌തോ എന്ന് കണ്ടെത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് കലക്ടർ നിർദേശം നൽകി.

മേപ്പാടിയിൽ ദുരന്തബാധിതർക്ക് ഉപയോഗയോഗ്യമല്ലാത്ത ചില ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനിടയായതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കലക്ടർ അറിയിച്ചു. അഡ്വ. ടി. സിദ്ദീഖ് എംഎൽഎ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.

സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനു മുൻപ് തദ്ദേശസ്ഥാപനങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്തണം. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.