കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കേസിലെ ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു.

എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 2016 ജൂൺ 15നായിരുന്നു മുൻസിഫ് കോടതിക്കു സമീപം കിടന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പിൽ ചോറ്റുപാത്രത്തിൽ ബോംബുവച്ച് സ്ഫോടനം നടത്തിയത്. നിരോധിത സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവർത്തകരാണ് തമിഴ്നാട് മധുര സ്വദേശികളായ പ്രതികൾ.