പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ പാലക്കാട് ജില്ലയിൽ നിന്നും ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കൾ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ഒക്ടോബർ 15 മുതൽ നവംബർ ആറ് വരെയുള്ള കണക്കാണിത്.
ഇതിൽ 1.56 കോടി രൂപ പണമായാണ് പിടിച്ചെടുത്തിട്ടുള്ളത്. 23.9 ലക്ഷം രൂപ വില വരുന്ന 12064.15 ലിറ്റർ മദ്യവും, 93.21 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. പണമായി പിടിച്ചെടുത്തതിൽ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായ നികുതി വകുപ്പുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
പിടികൂടിയ മദ്യത്തിൽ 6239.15 ലിറ്റർ പൊലീസിന്റെയും 5825 ലിറ്റർ എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നിൽ 67.9കിലോഗ്രാം പൊലീസും 122 കിലോഗ്രാം എക്‌സൈസുമാണ് പിടികൂടിയിട്ടുള്ളത്. ഇതോടൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ 2.26 കോടി രൂപ വിലവരുന്ന വജ്രവും, വേലന്താവളത്ത് വെച്ച് 11.5 ലക്ഷം രൂപയും, സ്റ്റാറ്റിക് സർവെയലൻസ് ടീമിന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷം രൂപയും പിടികൂടി.

