General (Page 63)

ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.

പ്രളയം വന്നപ്പോൾ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതിൽ നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്തു. എന്നാൽ, കേന്ദ്രം മറ്റു സംസ്ഥങ്ങൾക്ക് സഹായം നൽകി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മൾ എന്താ ഇന്ത്യക്ക് പുറത്തുള്ളവർ ആണോയെന്നും പിണറായി വിജയൻ ചോദിക്കുന്നു.

വലതുപക്ഷ മാധ്യമങ്ങളും ചർച്ചക്കാരും പറഞ്ഞത്, കേരളം കൊടുത്തത് കള്ള കണക്ക് ആണെന്നാണ്. ഇതാണോ നാടിന് വേണ്ടിയുള്ള മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് മന്ത്രി പി രാജീവ്. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും. മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.

വയനാട് ദുരന്ത ബാധിതർക്ക് സഹായം നൽകില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള അനീതിയാണ്. തങ്ങൾക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലർന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. നാനൂറോളം മനുഷ്യരുടെ ജീവൻ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത മഹാദുരന്തത്തോട് കേന്ദ്രസർക്കാർ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുകകൾ അനുവദിച്ചു നൽകിയപ്പോൾ കേരളത്തിന് കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി വയനാട് സന്ദർശിക്കുമ്പോൾ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. സന്ദർശനം കഴിഞ്ഞ നാളുകൾ ഏറെയായിട്ടും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചത്. ഒടുവിൽ മാസങ്ങൾക്കു ശേഷമാണ് കേന്ദ്രസർക്കാർ അവരുടെ നിലപാട് വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചു.

രാഷ്ട്രീയമായി തങ്ങളുടെ എതിർ ചേരിയിലുള്ള സംസ്ഥാന ഗവൺമെന്റുകളോട് വിവേചനം കാണിക്കുന്ന രീതിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്. രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ കാറ്റിൽപ്പറത്തുകയാണ്. ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അർഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. നമുക്ക് ന്യായമായും ലഭിക്കേണ്ട പങ്ക് നിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സമരം സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തെ നേതാക്കന്മാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുപ്രീംകോടതിയിൽ കേരളം നേരിടുന്ന നേരിടുന്ന വിവേചനങ്ങൾ അക്കമിട്ട് നിരത്തി ഹർജി നൽകി. ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് നടത്തിയ രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. കേരളമുയർത്തിയ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് മറ്റു ചില സംസ്ഥാനങ്ങളും നികുതി വിതരണത്തിലെയും സാമ്പത്തിക ഫെഡറലിസത്തിലെയും അനീതിക്കെതിരെ ശബ്ദമുയർത്തി. ഈ പശ്ചാത്തലത്തിലും വയനാട് ദുരന്തത്തെയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിച്ച് നിസ്സാരവൽക്കരിക്കുകയാണ് കേന്ദ്ര സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പമ്പ: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിയ്ക്ക് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്.

തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും. നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.

തിരുവനന്തപുരം: തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211 -ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. അപേക്ഷകൾ കൃത്യമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി കാർഡ് നൽകും. എൽപിജി, വൈദ്യുതി കണക്ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ പൂർണമായും പൊതു വിതരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 5 ലക്ഷം കാർഡുകൾ പുതുതായി നൽകിയിട്ടുണ്ട്. പുതിയ റേഷൻ കാർഡിന് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കമലേശ്വരം കൗൺസിലർ വിജയകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ 18 ന് പ്രസിദ്ധീകരിക്കാനും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്ന് വരെ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. വാർഡ് പുനർവിഭജനത്തിനായി ജില്ലാ കളക്ടർമാർ സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷൻ വിശദമായി പരിശോധിച്ചു.

കരട് വിജ്ഞാപനത്തെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ജില്ലാ കളക്ട്രേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലും സമർപ്പിക്കാം.

2011 സെൻസസ് ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാർഡ് പുനർവിഭജനം നടത്തുന്നത്. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്.

ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ഐടി, പരിസ്ഥിതിവകുപ്പ് സെക്രട്ടറി ഡോ.രത്തൻ.യു.ഖേൽക്കർ, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്നമോൾ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. യോഗത്തിന് ശേഷം ആദ്യം പുറത്തിറങ്ങിയത് ഇ പി ജയരാജനായിരുന്നു. എന്നാൽ പുറത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

മുംബൈ: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ ന്യായീകരിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്. കേരളത്തിന് 290 കോടി കിട്ടിയ കാര്യം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചതാണ്. അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങൾക്കും കൊടുത്തത്. വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഹാർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ് അവർക്ക് കൊടുത്തത് ആന്ധ്രയിലും സഹായം കൊടുത്തത് കൃത്യമായ പ്രോജക്ടുകൾ സമർപ്പിച്ചത് കൊണ്ടാണ്..അതുപോലെ കൊടുക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത്. ഊഹ കണക്കിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് പണം അനുവദിക്കാനാവില്ല. പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

k rajan

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിനുള്ള കേന്ദ്ര സഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിലും തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി കെ രാജൻ രംഗത്തെത്തി. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് കെ രാജൻ വിമർശിച്ചു.

ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണ്. കേരളം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നൽകിയില്ല. എസ് ഡി ആർ എഫിൽ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ വി തോമസും പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ദുരിതാശ്വാസ സഹായം നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. കേന്ദ്രസഹായം കേരളത്തിന്റെ അവകാശമാണ് ഔദാര്യം അല്ലെന്നും വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നിൽക്കണമെന്നും കെ വി തോമസ് വ്യക്തമാക്കി.

കണ്ണൂർ: പി വി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.

നേരത്തെ തന്നെ പിവി അൻവറിന്റെ ആരോപണങ്ങൾക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി മുന്നോട്ടു പോകാൻ പി ശശി തീരുമാനിച്ചത്.

ഗുരുതരമായ ആരോപണങ്ങളാണ് പി ശശിക്കെതിരെ അൻവർ ഉന്നയിച്ചത്.

തൃശ്ശൂർ: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ചുള്ള ഇപ്പോഴത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് വ്യക്തമാക്കി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും അദ്ദേഹം അറിയിച്ചു.

പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.