General (Page 62)

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ്. സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്‌ഐ നേതാവാണ്. വഖഫ് ബോർഡ് അധിനിവേശം വ്യാപിക്കുന്നു. വി ഡി സതീശൻ ചെയ്യുന്നത് രാജ്യദ്രോഹമാണ്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണ്. വി ഡി സതീശന് കണ്ടകശനിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം. സന്ദീപ് പാണക്കാട് പോയത് നല്ല കാര്യമാണ്. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് സ്വപ്നമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരക്കിൽ വൈകിയെത്തുമെന്നതിൽ സ്വാമിമാർക്ക് ആശങ്ക വേണ്ട. പമ്പയിൽ നിന്നുള്ള ഓൺലൈൻ ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുതയുണ്ടെന്ന് കെഎസ്ആർടിസി. പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ ബുക്ക് ചെയ്ത അതേ റൂട്ടിൽ സാധുത ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

ശബരിമലയിലെ തിരക്ക് കാരണം തീർഥാടകർ ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുമ്പോൾ, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത യാത്രക്കാർക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സിൽ സീറ്റ് ക്രമീകരിച്ച് നൽകുന്നതാണ്. ഇത്തരത്തിൽ ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരിൽ ഒരുമിച്ച് ബോർഡ് ചെയ്യാത്തവരുടെ ID കാർഡ് പരിശോധനയ്ക്ക് നൽകേണ്ടതും നേരത്തെ യാത്ര ചെയ്തവർ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.

തിരുവനന്തപുരം: ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടതില്ല എന്നറിയിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സർക്കുലർ ഇറക്കി. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിന് പകരം ടിയാരി എന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നു.

ടിയാരി എന്ന പദത്തിന്റെ ഉപയോഗസാധുതയെ കുറിച്ച് ഭാഷാമാർഗനിർദേശകവിദഗ്ദസമിതി പരിശോധിക്കുകയും പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജിലൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാർക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ക്യാമ്പ് സിറ്റിംഗുകൾ നടത്തിക്കൊണ്ട് കാര്യക്ഷമമായി തന്നെ ലോകായുക്ത ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

25 വർഷംമുമ്പ് കേരളത്തിൽ ലോകായുക്ത യാഥാർത്ഥ്യമാക്കിയത് അന്നത്തെ എൽ ഡി എഫ് സർക്കാരായിരുന്നു. കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ചർച്ചകളാൽ സമ്പന്നമാകണം ദിനാചരണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിർദ്ദേശങ്ങൾ 90 ദിവസത്തിനുള്ളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകായുക്തയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവർ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സമർപ്പിക്കുന്നതാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

‘ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്’ എന്നാണല്ലോ പറയുക. ഇന്ത്യയിലാകമാനമുള്ള കോടതികളിൽ 51 മില്യൺ കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അവയിൽ രണ്ടു ലക്ഷത്തോളം കേസുകൾക്ക് 30 വർഷത്തിലേറെ പഴക്കമുണ്ട്. മതിയായ പ്രവർത്തന സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നാണ് നീതിനിർവ്വഹണവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

കേസുകൾ ഫയൽ ചെയ്യുന്നവരിൽ ഭൂരിഭാഗം പേർക്കും കൃത്യസമയത്ത് നീതി കിട്ടുന്നില്ല എന്നത് പെൻഡൻസിയുമായി ബന്ധപ്പെട്ട കണക്കുകളിൽ നിന്നു വ്യക്തമാണ്. ഇതിനു പരിഹാരം കാണാൻ കഴിയുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ആത്മാർത്ഥമായി നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ലോകായുക്തയുമായി ബന്ധപ്പെട്ട കേസുകളിൽ കാലതാമസം ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താൻ ഈ ദിനാചരണവും അതുമായി ബന്ധപ്പെട്ട പരിപാടികളും ഉപകരിക്കണം.

1966 ലെ ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്ത് ലോകായുക്തകൾ രൂപീകരിക്കപ്പെടുന്നത്. അഴിമതി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആറു പതിറ്റാണ്ടോളം മുമ്പുതന്നെ നമ്മുടെ രാജ്യം ഗൗരവതരമായി ചിന്തിച്ചിട്ടുണ്ട്. പണം കൊടുത്ത് കാര്യം നടത്തിക്കുക എന്നതിനേക്കാൾ ഉപരിയായ പല മാനങ്ങളും ഇന്ന് അഴിമതിക്കു കൈവരികയുമാണ്. അഴിമതിയുമായി ബന്ധപ്പെട്ട അത്തരം പുതിയ പ്രവണതകളെ കൂടി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാൻ നമുക്കു കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങൾക്കു മുമ്പ് അഴിമതിയെക്കുറിച്ച് ഉണ്ടായ നിർവചനം ഇക്കാലത്തും പ്രസക്ത മാണോ എന്നത് ചിന്തിക്കണം. മുൻകാലത്ത് ചിട്ടപ്പെടുത്തിയത് മാത്രമല്ല ഇന്ന് അഴിമതിയുടെ ഗണത്തിൽപ്പെടുന്നത് എന്നതിനാൽ പരിഷ്‌ക്കരണങ്ങൾ വേണ്ട മേഖലകളടക്കം കാലികപ്രസക്തവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ കൂടി ലോകായുക്തയെ പോലെയുള്ള ഒരു സംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ലോകായുക്ത സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു വരുമ്പോഴും അതിനെതിരെ ചില കാമ്പില്ലാത്ത വിമർശനങ്ങൾ ഉയർത്തപ്പെടുന്നത് കാണാം. രണ്ടു വർഷംമുമ്പ് ലോകായുക്ത നിയമ ഭേദഗതി ബിൽ സംസ്ഥാനം പാസ്സാക്കിയപ്പോഴും അത്തരത്തിലുള്ള ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിനു വിപരീതമായ ചില വ്യവസ്ഥകൾ ലോകായുക്ത നിയമത്തിൽ ഉണ്ടായിരുന്നതു കൊണ്ടാണ് അന്ന് നാം ആ ഭേദഗതിക്ക് മുതിർന്നത്. കേരളം അത്തരത്തിൽ ഭേദഗതി വരുത്തിയ ആദ്യത്തെ സംസ്ഥാനമായിരുന്നില്ല. എന്നാൽ ഇതിനെ ഉയർത്തിക്കാട്ടി ലോകായുക്തയെ തന്നെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുണ്ടായി.

എന്നാൽ അതൊന്നും പൊതുജനങ്ങളുടെ ഇടയിൽ വിലപ്പോയില്ല എന്നാണ് ലോകായുക്തയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർദ്ധനവ് കാണിക്കുന്നത്. ആ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാൻ ലോകായുക്തയ്ക്ക് കഴിയുമെന്ന പ്രതീക്ഷയോടെ ലോകായുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓൺലൈനായി പങ്കെടുത്തു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, കേരള ലോകായുക്ത അഡ്വക്കറ്റ്‌സ് ഫോറം അഡ്വ.എൻ എസ് ലാൽ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ് എസ് ബാലു തുടങ്ങിയവർ സംസാരിച്ചു.

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ പാർട്ടി വിട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപ് പോയതിൽ ബിജെപിക്ക് ഒരു ക്ഷീണവുമില്ല. തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉൾക്കൊള്ളില്ലെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

പാർട്ടിയുടെ വക്താക്കളിൽ ഒരാൾ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. കൂടുതൽകാലം സന്ദീപിന് കോൺഗ്രസിൽ നിൽക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതൽ വിലകൊടുത്ത പാർട്ടിയിൽ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വിൽക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവിൽ പോയതെന്നും അദ്ദേഹം വിമർശിച്ചു.

നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാൽ സന്ദീപ് വാര്യറെ കോൺഗ്രസ് കറിവേപ്പിലയാക്കി തള്ളും. പാർട്ടി വിടുമ്പോൾ സ്വന്തം നിഴൽ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യർ പോയതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴിയെന്നും ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും ആർബിഐ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്.

അതേസമയം, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു. കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളിൽ സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയും.

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെയെന്ന് അദ്ദേഹം പരിഹസിച്ചു. സന്ദീപ് ബലിദാനികളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തത്. പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് താൻ വിചാരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല. നിങ്ങൾ ഉറപ്പിച്ചോളൂ. ഈ കോൺഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ല. സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടി എടുത്തതാണ്. ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല. നിങ്ങൾക്കെല്ലാവർക്കും അറിയാം. താനാ നടപടിയുടെ കാര്യങ്ങൾ അന്ന് പുറത്തു പറയാതിരുന്നത് ഒരു രാഷ്ട്രീയ പാർട്ടി പുലർത്തേണ്ട സാമാന്യമായ പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണെന്നും അ്‌ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: സ്‌നേഹത്തിന്റെ കടയിൽ ഒരു മെമ്പർഷിപ്പെടുക്കുകയാണ് താനെന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം സന്ദീപ് വാര്യരുടെ പ്രതികരണം. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീർപ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ ചർച്ചയ്ക്ക് പോകരുതെന്ന് പോലും തന്നോട് പറഞ്ഞു, വിലക്ക് നേരിട്ടു. മതം പറയാനോ, കാലുഷ്യമുണ്ടാക്കാനോ തനിക്ക് താൽപര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വർഷക്കാലം നടപടി നേരിട്ടു. ഞാനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവർണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം -ബിജെപി ഡീലിനെ എതിർത്തതാണ് താൻ ചെയ്ത തെറ്റ്. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിർത്തുവെന്നതാണ് താൻ ചെയ്ത തെറ്റ്. കൊടകര കുഴൽപ്പണ കേസ് പ്രതി ധർമ്മരാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാതെ പോയതാണ് താൻ ചെയ്ത കുറ്റം. സ്‌നേഹത്തിന്റെ ഇടത്തേക്കാണ് താൻ വരുന്നതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നൈജീരിയൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ്. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും.

നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച പ്രധാനമന്ത്രി നടത്തും. ബ്രസീൽ, ഗയാന തുടങ്ങിയ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും.

ബ്രസീലിൽ സന്ദർശനം നടത്തിയ ശേഷം ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ലക്‌നൗ: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്.

നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.