General (Page 48)

തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും.

മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തും. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ്ങ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവ്വീസിൽ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ല. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചെന്നൈ: ചെന്നൈയിൽ മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെയാണ് ചെന്നൈയിൽ മഴ ശക്തമായത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയ്ക്ക് ശേഷം ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം.

തമിഴ്‌നാടിന്റെയും തെക്കൻ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സ്‌പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുത് എന്നാണ് നിർദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത് എന്നും വിനോദ പരിപാടികൾ വാരാന്ത്യത്തിൽ സംഘടിപ്പിക്കരുതെന്നും സർക്കാർ നിർദേശം നൽകി.

തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക് പാർക്ക് തൃശൂരിൽ ആരംഭിക്കും. വിനോദവും വിജ്ഞാനവും പുതിയ തൊഴിലവസരങ്ങളുമെല്ലാം ഒരുങ്ങുന്ന പാർക്കിന്റെ ധാരണാപത്രം ഒപ്പിട്ടു. കോവളത്ത് സ്റ്റാർട്ട് ആപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സമ്മേളനത്തിൽ വച്ചാണ് ഇൻകർ റോബോട്ടിക്‌സുമായി ധാരണാപത്രം കൈമാറിയത്.

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കൈവശം രാമവർമ്മ പുരത്തുളള ഭൂമിയിലാണ് റോബോ പാർക്ക് വരുന്നത്. 10 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്. ആധുനിക സാങ്കേതിക വിദ്യാ വികാസങ്ങളെ അടുത്തറിയുന്ന രീതിയിലാണ് പാർക്ക് സജ്ജമാകുന്നത്. റോബോട്ടിക് – എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നൂതന പരീക്ഷണങ്ങൾ പാർക്കിലൊരുക്കും. ശാസ്ത്രം എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടെന്ന് യുവതലമുറയെ ബോധ്യപ്പെടുത്താൻ കഴിയും വിധമാണ് പാർക്കൊരുക്കുന്നത്. ഇതുവഴി പുതിയ സ്റ്റാർട്ട് അപ്പുകളുടെ തുടക്കവും ലക്ഷ്യമിടുന്നു. ഇൻകർ എന്ന കമ്പനിയാണ് റോബോ പാർക്കൊരുക്കുന്നത്. സംരംഭത്തിനുള്ള പണം കമ്പനിയാണ് മുടക്കുന്നത്.

350 കോടിയാണ് റോബോ പാർക്കിലെ നിക്ഷേപം. ആദ്യ ഘട്ടത്തിൽ 50 കോടിയാണ് കമ്പനി മുടക്കുന്നത്. പ്രവേശന ഫീസിൽ നിന്നാണ് തിരികെയുള്ള വരുമാനം കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ പാർക്കോടെ പൂര നഗരം ടെക്‌നോളജി നഗരവുമായി മാറുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ച് നഗരസഭ. അനർഹരെന്ന് ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കാനാണ് തീരുമാനം. പരിശോധിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇന്ന് മുതൽ നടപടി ആരംഭിക്കും. 63 ൽ 18 പേരെ നേരത്തെ ക്ഷേമ പെൻഷനിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ആളുകളോട് വിശദീകരണം തേടണം. നടപടിക്രമങ്ങൾ പാലിക്കണം. തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി.

തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകൾ സ്വീകരിക്കേണ്ടത്. പേരുകൾ പുറത്തുവിടാത്തതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും. ഒരു ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകൾ മൊത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തിരുവനന്തപുരം: പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവർ, രോഗത്തിന്റെ ഭാഗമായി കിടപ്പിലായവർ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുക. ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ സഹായം ഉറപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള ആരും ഒഴിവാകാൻ പാടില്ലെന്നും എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാവരുതെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിലും സംവിധാനങ്ങളുണ്ട്. ഇതിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകരുമുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ പാലിയേറ്റീവ് കെയർ സംവിധാനങ്ങളെയും ഒരുമിപ്പിക്കാനുള്ള രൂപരേഖ തയ്യറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ കലക്ടറും പ്രദേശിക തലങ്ങളിൽ തദ്ദേശസ്ഥാപന മേധാവികളും നേതൃത്വം വഹിക്കണം. ഇത്തരം സ്ഥാപനങ്ങളുടെയും വളണ്ടിയർമാരുടെയും രജിസ്ട്രേഷൻ തദ്ദേശ സ്വയംഭരണ തലത്തിൽ നടത്തും. രജിസ്ട്രേഷനിൽ പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ അപ്പലറ്റ് സംവിധാനം ഏർപ്പെടുത്തും. വളണ്ടിയർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകും. തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം നടത്തി കാര്യങ്ങൾ അവതരിപ്പിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പ്രധാന ചാരിറ്റി സംരംഭകരുടെയും യോഗം നടത്തും.

യോഗത്തിൽ മന്ത്രിമാരായ കെ. എൻ ബാലഗോപാൽ, എം ബി രാജേഷ്, വീണാ ജോർജ്ജ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പുനീത്കുമാർ, രാജൻ ഖൊബ്രഗഡെ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം എബ്രഹാം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകർ കേരളത്തിൽ തന്നെ സംരംഭങ്ങൾ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024ൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 50 – ാം സ്ഥാനത്തായിരുന്ന നമ്മൾ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സഹായകരമായ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. ആഗോള സ്ഥാപനമായ ഐബിഎം തന്നെ കൊച്ചിയിൽ രണ്ട് ക്യാംപസുകൾ തുടങ്ങിയിട്ടുണ്ട്. ദിവസേന കേരളത്തിൽ ഓരോ പുതിയ സംരംഭങ്ങൾ തുടങ്ങുകയാണ്. ചെറിയ നിലയിൽ ആരംഭിക്കുന്ന സംരംഭങ്ങൾ ഒന്നു രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അവരുടെ പദ്ധതികൾ വിപുലീകരിക്കുന്ന സ്ഥിതിയുമുണ്ട്.

സാമൂഹ്യ സേവന മേഖലകളിൽ പ്രത്യേകിച്ച് മാലിന്യ സംസ്‌കരണം പരിസ്ഥിതി സംരക്ഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന് നമുക്കറിയാം, പക്ഷേ വിസ്തീർണത്തിലും ജനസംഖ്യയിലും മാത്രമാണ് നമ്മുടെ സംസ്ഥാനം ചെറുതായിരിക്കുന്നത്. വിദ്യാഭ്യാസത്തിലും സുസ്ഥിര വികസനത്തിലും ആരോഗ്യസംരക്ഷണത്തിലും മറ്റും കേരളം മികച്ച നിലയിലാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.

ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതിൽ പിഴവ് പറ്റിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 9 പ്രതികൾ ഒഴികെ 17 പേർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് പ്രതികൾ. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതിൽ പിഴവ് പറ്റിയെന്നാണ് കോടതി നിരീക്ഷണം.

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ രീതി. ഇതിനായി തയ്യാറാക്കിയ പട്ടികയിൽ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എൻഐഎ കോടതിയെ അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കും. ഡിസംബർ ഒന്ന് മുതൽ പത്ത് രൂപ ഫീസ് ഈടാക്കാനാണ് തീരുമാനം. ജില്ലാ കളക്ടർ സ്‌നേഹികുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും ചെലവ് വലിയ തോതിൽ കൂടിയ സാഹചര്യത്തിൽ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വിശദമാക്കി. ഈ തുക ഉപയോഗിച്ച് രോഗികൾക്കും കൂടെയുള്ളവർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവർക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതി വിധികളും ഭരണഘടന വ്യവസ്ഥകളും മറികടന്നാണ് ഗവർണർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സീമകളെല്ലാം ഗവർണർ ലംഘിക്കുന്നു. നിയമവിരുദ്ധ കാര്യങ്ങൾ ചെയ്ത് സർവകലാശാലകളെ താറുമാറാക്കുന്നു.ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നൽകും. സർവ്വകലാശാലകളിൽ തുടങ്ങി പൊതു സമൂഹത്തിൽ വരെ ഗവർണറുടെ ചെയ്തികൾ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നൽകും. ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്തുകയാണ്. ഗോൾവാൾക്കറുടെ ചിത്രത്തിൽ നമസ്‌കരിച്ച് ചുമതല ഏറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. കാവി വത്കരണത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തുമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് വിട്ടെത്തിയ പി സരിനെ പൂർണ്ണമായും ഉൾക്കൊള്ളും. പാർട്ടി അംഗത്വത്തിന് സാങ്കേതിക കാലതാമസം ഉണ്ട്. സരിനെ പ്രയോജനപ്പെടുത്താവുന്ന മേഖലകളിലെല്ലാം ഉപയോഗിക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. ഏറെ പ്രതിസന്ധികൾ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടമെന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്. വൻ നേതൃ നിര തന്നെ അണി നിന്നു. പാലക്കാട്ടെ യുഡിഎഫ് വിജയം മത ധുവീകരണത്തിന്റെ ഫലമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പത്തനംതിട്ട: ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആർടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ.

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിൻ സർവീസുകൾ ത്രിവേണി ജങ്ഷനിൽ നിന്നാണ് ആരംഭിക്കുക. ദീർഘദൂര ബസുകൾ പമ്പ ബസ് സ്റ്റേഷനിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു. ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം,എരുമേലി ,പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകളുണ്ട് . കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാർട്ടേഡ് ബസ് സർവീസും ലഭ്യമാണ്. ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന് ബസുകളാണ് സൗജന്യ സർവീസ് നടത്തുന്നത്.

തീർത്ഥാടകർക്കായുള്ള കൺട്രോൾ റൂം നമ്പർ 9446592999 , നിലയ്ക്കൽ 9188526703, ത്രിവേണി 9497024092, പമ്പ 9447577119