സംസ്ഥാനത്തെ സർവ്വകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുള്ള ഗവർണറുടെ ശ്രമം വെച്ചുപൊറുപ്പിക്കില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതി വിധികളും ഭരണഘടന വ്യവസ്ഥകളും മറികടന്നാണ് ഗവർണർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സീമകളെല്ലാം ഗവർണർ ലംഘിക്കുന്നു. നിയമവിരുദ്ധ കാര്യങ്ങൾ ചെയ്ത് സർവകലാശാലകളെ താറുമാറാക്കുന്നു.ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നൽകും. സർവ്വകലാശാലകളിൽ തുടങ്ങി പൊതു സമൂഹത്തിൽ വരെ ഗവർണറുടെ ചെയ്തികൾ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നൽകും. ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്തുകയാണ്. ഗോൾവാൾക്കറുടെ ചിത്രത്തിൽ നമസ്‌കരിച്ച് ചുമതല ഏറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. കാവി വത്കരണത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തുമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് വിട്ടെത്തിയ പി സരിനെ പൂർണ്ണമായും ഉൾക്കൊള്ളും. പാർട്ടി അംഗത്വത്തിന് സാങ്കേതിക കാലതാമസം ഉണ്ട്. സരിനെ പ്രയോജനപ്പെടുത്താവുന്ന മേഖലകളിലെല്ലാം ഉപയോഗിക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. ഏറെ പ്രതിസന്ധികൾ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടമെന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്. വൻ നേതൃ നിര തന്നെ അണി നിന്നു. പാലക്കാട്ടെ യുഡിഎഫ് വിജയം മത ധുവീകരണത്തിന്റെ ഫലമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.