General (Page 47)

കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവർ എത്തുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോൾ അതാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് അയക്കുകയാണ്. പോസ്റ്റു മോഡേൺ എന്ന പേരിലാണ് പരിശീലനം. ലോകത്തെ പല കമ്മ്യൂണിസ്റ്റു പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്നും ഇപി ജയരാജൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വാർത്താമാധ്യമങ്ങളെ പണം കൊടുത്തു വാങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമാണെന്ന് വ്യക്തമാക്കി മന്ത്രി ആർ ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്നാണെന്ന് കെടിയു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സർവകലാശാലകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ സംസ്ഥാന സർക്കാരിന് റോൾ ഇല്ലെന്നാണ് ഗവർണർ പറയുന്നത്. ഗവർണറുടേത് സ്വേച്ഛാധിപത്യ നിലപാടാണ്. സർവ്വകലാശാലകളുടെ പ്രവർത്തനം പിന്നോട്ട് അടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ടകൾക്ക് ചൂട്ടുപിടിക്കുകയാണ് ഗവർണർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ഗവർണർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

ആലപ്പുഴ: സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഎം വേദികളിൽ നിന്ന് ജി സുധാകരൻ പൂർണമായും മാറ്റിനിർത്തപ്പെട്ട സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ സന്ദർശനം. എന്നാൽ, ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയുമായി ജി സുധാകരൻ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിൽ വേണുഗോപാൽ നടത്തുന്ന സന്ദർശനം പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തുറക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെ സി വേണുഗോപാലിന്റെ സന്ദർശനത്തിന്റെ പിന്നാലെയുള്ള ജി സുധാകരന്റെ ചോദ്യം. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ. ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി. രണ്ടിടത്തും നിരവധി വീടുകളിലും ഫ്‌ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റർ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്.

പുതുച്ചേരിയിൽ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. ശക്തമായ മഴയെ തുടർന്ന് പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങിയിട്ടുണ്ട്.

രാത്രിവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്‌നാട്ടിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ഇനി ഹാജർ ബുക്ക് പഴങ്കഥ. ഡിസംബർ മാസം മുതൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂർണമായ നിലയിൽ നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കിയെന്നും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയെന്നുമാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയതിനാൽ ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തുന്നത് ഒഴിവാക്കി ഉത്തരവായി. ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥർ തുടർന്നും പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം. ഇന്ന് ഡൽഹിയിലെ ഗ്രേറ്റർ കൈലാശ് ഭാഗത്ത് പ്രവർത്തകർക്കും മറ്റു നേതാക്കൾക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കെജ്രിവാളിനുനേരെ ഒരാൾ ദ്രാവകം എറിയുകയായിരുന്നു.

ഉടൻ തന്നെ മറ്റു പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ തടഞ്ഞു. ഉടൻ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം കെജ്രിവാളിന്റെ സമീപത്ത് വെച്ച് ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ദ്രാവകത്തിന്റെ തുള്ളികൾ കെജ്രിവാളിന്റെ ശരീരത്തിൽ വീണെങ്കിലും അപകടമൊന്നും സംഭവിച്ചിട്ടില്ല.

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തിൽ വരുന്നതെല്ലാം ചെയ്യുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധി. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

ദുരന്ത ബാധിതരെ സഹായിക്കാൻ നാട് മുഴുവൻ ഒരുമിച്ച് നിന്നത് രാജ്യം മുഴുവൻ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് തനിക്ക് കഴിയുമെന്നാണ് തന്റെ പ്രതീക്ഷ.

വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ താൻ ശബ്ദം ഉയർത്തും. 35 വർഷമായി താൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. ഇക്കാലയളവിൽ ലക്ഷക്കണക്കിന് ആളുകളെ ഞാൻ കണ്ടുമുട്ടി. പക്ഷെ ആദ്യമായിട്ടാണ് താൻ മത്സരിച്ചത്. ഈ പ്രചാരണത്തിൽ ഇവിടെ കണ്ടുമുട്ടിയ ഓരോ മുഖവും ഞാൻ ജീവിതത്തിൽ എന്നും ഓർക്കും. അവർക്കു വേണ്ടി ശബ്ദം ഉയർത്തുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടു. തമിഴ്‌നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതായുള്ള ലക്ഷണങ്ങളാണ് നിലവിലുള്ളത്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഡിസംബർ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

തിരുവനന്തപുരം: ജയിലുകൾ അന്തേവാസികൾക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക മർദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് ജയിലിനുള്ളിൽ ഇടമുണ്ടാകാൻ പാടില്ല. ജയിൽ മോചിതരാകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനത്തിനും അവർ പാത്രമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2015 ലെ നെൽസൺ മണ്ടേല റൂൾസ്, 2016 ലെ മോഡൽ പ്രിസൺ മാനുവൽ, 2023 ലെ മോഡൽ പ്രിസൺ ആക്ട്, സുപ്രീം കോടതി – ഹൈക്കോടതി വിധിന്യായങ്ങൾ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്ര ആഭ്യന്തര വകുപ്പ് എന്നിവയുടെ ഉത്തരവുകൾ തുടങ്ങിയവയിൽ ഉൾപ്പെട്ടിട്ടുള്ള ജയിൽ പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ പ്രതിബദ്ധതയാർന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. പുതുതായി നിർമ്മിക്കുന്ന ജയിൽ കെട്ടിടങ്ങൾ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ളതായിരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ജയിൽ അന്തേവാസികളുടെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും ഇടപെടലും ആവശ്യമുണ്ട്. അന്തേവാസികൾക്ക് പൊതുചികിത്സാലയങ്ങളുടെ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്. മാനസിക ചികിത്സാ സൗകര്യങ്ങളും കൗൺസലിംഗ് സേവനങ്ങളും കാലോചിതവും സമഗ്രവുമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ റിക്രിയേഷനുവേണ്ട അവസരങ്ങൾ നിലവിൽ ജയിലിലുണ്ട്. അവയുടെ പരിഷ്‌ക്കരണത്തിനുള്ള നിർദേശങ്ങൾ പരിശോധിക്കും.

2020 ൽ ആരംഭിച്ച വീഡിയോ കോൺഫറൻസിംഗ് സൗകര്യം കോടതികളിലെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. അന്തേവാസികളുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള സാഹചര്യങ്ങൾ വിപുലമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ, നിരവധി നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. അന്തേവാസികൾക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, ആരോഗ്യസുരക്ഷ, നിയമസഹായം, കൗൺസലിംഗ് എന്നിവ ലഭ്യമാക്കുന്നതിന് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള പദ്ധതികൾ വിഭാവനം ചെയ്യണം. ജയിലുകളിലെ ഫ്രീഡം ഫുഡ് ഫാക്ടറി, ഫ്രീഡം ഫ്യുവൽസ് തുടങ്ങിയ സംരംഭങ്ങൾ സ്വതന്ത്രരായ തടവുകാരുടെ പുനരധിവാസത്തിന് ഉതകുന്ന തൊഴിൽ മേഖലകളാക്കി പരിവർത്തിപ്പിക്കാൻ ശ്രമമുണ്ടാകണം. അന്തേവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

ജയിൽ മോചിതരാകുന്ന വേളയിൽ അനാഥരാവുകയോ രോഗാവസ്ഥ മൂലം ആരും ഏറ്റെടുക്കാതെ വരികയോ ചെയ്യുന്നവർക്കായി ട്രാൻസിറ്റ് ക്യാമ്പുകൾ ആരംഭിക്കാനാകണം. ജയിൽ ടൂറിസം പദ്ധതിയും മ്യൂസിയം ക്യൂറേഷനും കാലാനുവർത്തിയായ ആലോചനകളിൽ ഉൾപ്പെടുത്തണം. ഇത്തരം നിർദ്ദേശങ്ങൾ സമിതി വിശദമായി ചർച്ച ചെയ്യണം. അവ നടപ്പാക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ചയും തീരുമാനവും ഉണ്ടാകണം.

ജയിൽ ഉദ്യോഗസ്ഥരും അന്തേവാസികളും ജയിൽ സ്ഥാപനങ്ങളും മാത്രമുൾക്കൊള്ളുന്ന ഒരു അജൈവ പദ്ധതിയാണ് തിരുത്തൽ പ്രക്രിയ എന്ന പൊതുധാരണ മാറണം. തിരുത്തൽ പ്രക്രിയയിൽ പൊതുസമൂഹത്തിന് പ്രായോഗികവും മൂർത്തവുമായ ധാരാളം സംഭാവനകൾ നൽകാൻ സാധിക്കും. ഈ കാഴ്ചപ്പാടോടെയാണ് സർക്കാർ ജയിൽ അഡൈ്വവസറി ബോർഡ് പദ്ധതി ആവിഷ്‌ക്കരിച്ചത്. സന്ദർശകരായി ജയിലിനുള്ളിൽ പ്രവേശിക്കുന്ന ബോർഡ് അംഗങ്ങൾക്ക് ജയിൽ പരിഷ്‌കരണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി അന്തേവാസികൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾക്ക് ചെവി കൊടുക്കാനാവണം. ജയിൽ ഭരണകർത്താക്കളിലും സർക്കാരിലും അവ യഥാസമയം എത്തിക്കുകയും വേണം. അവയിൽ ന്യായമായവ നടപ്പാക്കുന്ന കാര്യത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയിലുകൾ സർക്കാരിന്റെ മർദ്ദനോപാധിയല്ല. സാമൂഹിക രോഗാവസ്ഥയ്ക്കുള്ള ചികിത്സാ കേന്ദ്രങ്ങളാണെന്ന ആധുനിക വീക്ഷണം നടപ്പിലാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി ശിവദാസൻ എം പി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ഐ ബി സതീഷ് എം.എൽ.എ, കെ ശാന്തകുമാരി എം.എൽ.എ, ജയിൽ വകുപ്പ് മേധാവിബൽറാം കുമാർ ഉപാദ്ധ്യായ, ജയിൽ ആസ്ഥാന കാര്യാലയം ഡി ഐ ജി എം കെ വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനൽ കുമാർ , മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന സെഷനെ തുടർന്ന് ഉപദേശക സമിതി അംഗവും റിട്ട. ജയിൽ ഡിഐജിയുമായ എസ് സന്തോഷ് തടവുകാരുടെ ക്ഷേമം, തെറ്റുതിരുത്തൽ, പുനരധിവാസം എന്ന വിഷയത്തിൽ പേപ്പർ അവതരിപ്പിച്ചു. പാനൽ ചർച്ചയും നടന്നു.

തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. സ്‌കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തത്.

നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോർഡുകൾ രണ്ട് വർഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാൽ അന്വേഷണത്തിൽ റെക്കോർഡുകൾ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകൾക്കിടയിലാണ് റെക്കോർഡുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്.