കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കും; അറിയിപ്പുമായി അധികൃതർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കും. ഡിസംബർ ഒന്ന് മുതൽ പത്ത് രൂപ ഫീസ് ഈടാക്കാനാണ് തീരുമാനം. ജില്ലാ കളക്ടർ സ്‌നേഹികുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും ചെലവ് വലിയ തോതിൽ കൂടിയ സാഹചര്യത്തിൽ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വിശദമാക്കി. ഈ തുക ഉപയോഗിച്ച് രോഗികൾക്കും കൂടെയുള്ളവർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവർക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടർ അറിയിച്ചു.