General (Page 40)

കൊച്ചി: സ്ത്രീകളെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്റെ പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സ്ത്രീയുടെ സ്വാതന്ത്ര്യമാണ് ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്നത്. അതിന്റെ പേരിൽ കോടതി തന്നെ സദാചാര ഗുണ്ടയാവരുതെന്ന് കോടതി പറഞ്ഞു.

ഈ വർഷം ആദ്യം പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടിയ മാവേലിക്കരക്കാരിയായ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഹർജിക്കാരി. തന്റെ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുവെന്നും ഡേറ്റിംഗ് ആപ്പിൽ ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്തു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചു തുടങ്ങി കാര്യങ്ങൾ പരാമർശിച്ചാണ് തനിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതെന്നാണ് യുവതി നൽകിയ പരാതി.

പ്രയാഗ് രാജ്: 5500 കോടി രൂപയുടെ 167 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രയാഗ് രാജിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രയാഗ് രാജ് സന്ദർശനം. ഋഷിമാരെയും സന്യാസിമാരെയും കണ്ട് പ്രധാനമന്ത്രി ആശിർവാദം നേടി. ത്രിവേണീ സംഗമത്തിൽ ഏതാണ്ട് അരമണിക്കൂറോളം അദ്ദേഹം ഗംഗാ ആരാധന നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആനന്ദി ബെൻ പട്ടേലും മുഖ്യമന്ത്രി യോഗിയുമുണ്ടായിരുന്നു. മഹാകുംഭം-2025-ലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി നരേന്ദ്ര മോദി പരിശോധിക്കും. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിക്കും. ഡിജിറ്റൽ മഹാ കുംഭ മേള പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കുംഭ് സഹായക് ചാറ്റ്‌ബോട്ടും പുറത്തിറക്കും.

അതേസമയം, ശ്രിങ്വേർപൂർ ധാമിൽ നിർമ്മിച്ച ശ്രീരാമന്റെയും നിഷാദ്രാജിന്റെയും 51 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. നിർമ്മലാ സീതാരാമൻ ഉൾപ്പടെ മൂന്ന് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. ഇത് മൂന്നാം തവണയാണ് നിർമ്മലാ സീതാരാമൻ പട്ടികയിൽ ഇടംനേടുന്നത്.

എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകൾ. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത. 2022ൽ 32-ാം സ്ഥാനത്തും 2021-ൽ 37-ാം സ്ഥാനവും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു പട്ടികയിൽ നിർമ്മലാ സീതാരാമൻ.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡിസംബർ 16 മുതൽ ട്രയൽ റണ്ണിന് ശേഷം പ്രവർത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാൻസർ രോഗ നിർണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും രോഗ നിർണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും. ഡോക്ടർക്ക് തത്സമയം അവയവങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് രോഗനിർണയം നടത്തി റിപ്പോർട്ട് നൽകാൻ ഇതിലൂടെ സാധിക്കുന്നു. സ്വകാര്യ വൻകിട ആശുപത്രികളിലുള്ള ഈ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ആർസിസിയിലും എംസിസിയിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ന്യൂക്ലിയർ മെഡിസിനിൽ പിജി കോഴ്‌സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സ്പെക്റ്റ് (സിംഗിൽ ഫോട്ടോൺ എമിഷൻ കമ്പ്യൂട്ടഡ് ട്രോമോഗ്രഫി), സിടി (കമ്പ്യൂട്ടഡ് ട്രോമോഗ്രഫി) എന്നീ രണ്ട് ഇമേജിംഗ് രീതികൾ സംയോജിപ്പിച്ചുള്ളതാണ് സ്പെക്റ്റ് സിടി സ്‌കാനർ. അൾട്രാസൗണ്ട് സ്‌കാൻ, എക്സ് റേ, സിടി സ്‌കാൻ, എംആർഐ സ്‌കാൻ എന്നിവ പ്രധാനമായും ശരീര ഘടന സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ ന്യൂക്ലിയർ മെഡിസിൻ സ്‌കാനുകൾ അവയവങ്ങളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നീ ഉപകരണങ്ങൾ ശരീര ഘടനയും പ്രവർത്തനവും ഒരേ സമയം പഠിക്കുന്നതിന് സഹായിക്കുന്നു.

റേഡിയോ ആക്ടീവ് ട്രേസർ ഉപയോഗിച്ചാണ് സ്പെക്റ്റ് സിടി പ്രവർത്തിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷൻ ഉപയോഗിക്കുന്നതിനാൽ വികിരണം മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന തരാറുകൾക്കുള്ള സാധ്യത വളരെ കുറവാണ്. രോഗാധിക്യമുള്ള കോശങ്ങളിലേക്ക് ട്രേസർ ആഗിരണം ചെയ്യപ്പെടുകയും ഗാമ രശ്മികളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു. സ്പെക്റ്റ് സ്‌കാനർ ഈ രശ്മികളെ ഡിറ്റക്റ്റ് ചെയ്യുകയും ത്രീഡി ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം സിടിയിലൂടെ എക്സ്റേ ഉപയോഗിച്ച് ശരീര കലകളുടെ ഘടന സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. രോഗാധിക്യമുള്ള അവയവങ്ങളെ കൃത്യമായി കണ്ടെത്താനും പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും കഴിയുന്നു.

കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ, തലശ്ശേരി മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നീ സ്ഥാപനങ്ങളിലാണ് സർക്കാർ മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത്. രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, ഇമേജിംഗ്, വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്ര ശാഖകളുടെ ഒരു സംയോജനമാണ് ന്യൂക്ലിയർ മെഡിസിൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ ഒപി, തൈറോയ്ഡ് ക്ലിനിക് എന്നീ ഒപി വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. കാൻസറിനും, കാൻസർ ഇതര രോഗങ്ങൾക്കും ന്യൂക്ലിയർ മെഡിസിൻ ചികിത്സ ഫലപ്രദമാണ്. ചുറ്റുമുള്ള ശരീര കലകൾക്ക് ദോഷം ഉണ്ടാകാതെ കാൻസർ ബാധിച്ച കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാൻ ന്യൂക്ലിയർ മെഡിസിൻ ചികിത്സയ്ക്ക് കഴിയും.

7.3 കോടി രൂപ ചെലവഴിച്ചുള്ള സ്പെക്റ്റ് സിടി സ്‌കാനറിന് പുറമേ 15 കോടി ചെലവഴിച്ച് പെറ്റ് സിടി (PET-CT) സ്‌കാനർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും 4 കോടി ചെലഴിച്ചുള്ള ന്യൂക്ലിയർ മെഡിസിൻ ഹൈഡോസ് തെറാപ്പി വാർഡ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിൽ സ്പെക്റ്റ് സിടി സ്‌കാനർ സൗകര്യം ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ്.

ന്യൂഡൽഹി: റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോൺട്രാക്ടർമാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പലയിടത്തും ഹൈവേ നിർമാണത്തിൽ എൻജിനിയർമാർക്ക് വലിയ പങ്കില്ലാത്ത അവസ്ഥയാണ്. നിർമാണച്ചുമതല ഏൽപ്പിച്ചിരിക്കുന്ന കമ്പനികളുടെ കോൺട്രാക്ടർമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികമായ കാര്യങ്ങൾ പരിഗണിക്കില്ല. ലോകബാങ്കിന്റെ റോഡുകൾ പോലെ, പ്രാദേശിക എൻജിനീയർമാരെയോ പ്രാദേശിക ജനപ്രതിനിധികൾക്കോ യാതൊരു പങ്കുമില്ല. ഗൂഗിൾ മാപ്പ് വഴി റോഡ് ഡിസൈൻ ചെയ്തശേഷം പണം നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡരികിൽ വീടുണ്ടോ വഴിയുണ്ടോ എന്നൊന്നും ഡിസൈൻ ചെയ്യുമ്പോൾ പരിഗണിക്കില്ല. വളവ്, കയറ്റം, ഇറക്കം എന്നിവയൊന്നും ശ്രദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

മുംബൈ: റിസർവ് ബാങ്കിന് നേരെ ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണിയാണ് ആർബിഐയ്ക്ക് ലഭിച്ചത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും’ എന്ന് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്കും സമാനമായ ഭീഷണി എത്തിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നാണ് ഫോൺ കോൾ എത്തിയത്.

‘ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാറിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയിക്കുകയും പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

പനാജി: ഗോവൻ തീരത്ത് കാസീനോ കപ്പലുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പരിശോധനക്കെത്തിയ ഇഡി സംഘത്തെ തട്ടിപ്പ് സംഘമെന്ന് കരുതി ജീവനക്കാർ തടഞ്ഞു. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് പിന്നീട് റെയ്ഡ് നടത്തിയത്. കർണാടകയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് സംഘമാണ് ഗോവയിൽ കാസിനോയിൽ റെയ്ഡിനെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.

കാസിനോ കപ്പലുകളിൽ കയറാൻ ജീവനക്കാർ ഇഡി ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. പറ്റിച്ച് പണം തട്ടാനെത്തിയ സംഘമെന്ന് ആരോപിച്ചായിരുന്നു ജീവനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതിന് പിന്നാലെ ഗോവ പൊലീസ് സഹായത്തോടെയാണ് ഇഡി സംഘം റെയ്ഡ് പൂർത്തിയാക്കിയത്. ഗോവൻ തീരത്തുള്ള കാസിനോ കപ്പലുകളിലെ സാമ്പത്തിക ഇടപാട് പരിശോധിക്കാനും ജീവനക്കാർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു ഇഡി സംഘം എത്തിയത്. ടാക്‌സ് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഒരാഴ്ച്ചയ്ക്ക് മുൻപ് ഗോവയിൽ നിന്നുള്ള ഇഡി സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിൽ നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തു.

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ആറോളം സ്‌കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി തുടങ്ങിയ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തി. ഭട്നഗർ ഇന്റർനാഷണൽ സ്‌കൂളിലേക്ക് രാവിലെ 4.21 നും, കേംബ്രിഡ്ജ് സ്‌കൂളിലേക്ക് 6.23 നും ഡിപിഎസ് അമർ കോളനിയിലെ സ്‌കൂളിലേക്ക് 6.35 നുമാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇത് ആറാം തവണയാണ് ഈ ആഴ്ചയിൽ ഡൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.

അഗ്നിശമന സേന, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീം, ഡോഗ് സ്‌ക്വാഡുകൾ എന്നിവർ സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഐപി അഡ്രസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസം വേഗത്തിൽ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. വയനാട് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുബശ്രി മിഷൻ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവർത്തനം മേപ്പാടി എം.എസ്.എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ ഉപജീവനത്തിനായുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്‌ളാൻ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാൻ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്. അതിദാരിദ്ര നിർമ്മാർജ്ജനത്തിനായി കർമ്മ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായി. ആറ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികൾ സൂക്ഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കും. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകൾ ഏകോപിപ്പിച്ചത്. ഇവയുടെ പൂർത്തീകരണവും മാതൃകാപരമായിരിക്കും. ഒരുഘട്ടം മാത്രമാണ് മൈക്രോപ്ലാനിലൂടെ സാധ്യമാകുന്നത്. ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം കുറ്റമറ്റ രീതയിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ എല്ലാ ആശങ്കകളും ദുരീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് എം.എം.ജി, പി.എം.ഇ.ജി.പി ധനസഹായവിതരണവും മന്ത്രി നിർവഹിച്ചു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ദുരന്തം വയനാടിന്റെ ഏക്കാലത്തെയും വേദനയാണ്. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുകയെന്നതും അവർക്കെല്ലാം സുരക്ഷിത ജീവിതമൊരുക്കുകയെന്നതും നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. സാമ്പത്തികമായും മാനസികമായും സാമൂഹികപരമായും പിന്തുണ നൽകി ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ നടപടികളെല്ലാം മുന്നേറുകയാണ്. മൈക്രോ പ്ലാൻ പ്രവർത്തനങ്ങൾ ഇതിനെല്ലാം വേഗത കൂട്ടുമെന്നും മന്ത്രി ഒ.ആർ.കേളു പറഞ്ഞു. കുടുബശ്രി പ്രത്യാശ ആർ.എഫ് ധനസഹായ വിതരണം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സാമൂഹ്യ നീതി വകുപ്പ് സ്വാശ്രയധനസഹായം വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ കർമ്മ പദ്ധതി പ്രിൻസിപ്പൽ ഡയറക്ടർ എസ്. സാംബശിവറാവുവും കുടുംബശ്രീ ആക്ഷൻ പ്ലാൻ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശനും അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു നിർവഹിച്ചു. ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബി.നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ രാജുഹെജമാഡി, ബ്ലോക്ക് പഞ്ചായത്തംഗം സി. രാഘവൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. കെ. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.

അതിവേഗം അതിജീവന മാർഗ്ഗരേഖ

സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോ പ്ലാൻ അതിജീവനത്തിന്റെ ഉദാത്തമായ ചുവടായി മാറി. ദുരന്ത ബാധിതരെ നേരിൽ കണ്ടും വിവിധ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുമാണ് കുടുംബശ്രീ മിഷൻ മൈക്രോപ്ലാൻ തയ്യാറാക്കിയത്. ദേശീയാടിസ്ഥാനത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ദുരന്ത പുനരധിവാസത്തിനായി ഒരു മൈക്രോ പ്ലാൻ വളരെ വേഗം തയ്യാറാക്കിയത്. ഓരോ കുടുംബത്തിന്റെയും നിലവിലുള്ള പ്രതിസന്ധികളും ആവശ്യങ്ങളും മൈക്രോ പ്ലാൻ രൂപീകരണത്തിനായി പഠന വിധേയമാക്കിയിരുന്നു. ഇതെല്ലാം പ്രത്യേകമായി ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തിന്റെയും ജില്ലാ ആസൂത്രണസമിതിയുടെയും അംഗീകാരം ലഭിച്ചശേഷമാണ് പ്രാബല്യം നേടിയത്. ദുരന്തബാധിതർ നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടി വരുന്ന ചെലവും സമയക്രമവും ഉൾപ്പെടെ മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം രേഖയാക്കുന്ന കുടുംബാധിഷ്ടിത ആസൂത്രണമാണി മൈക്രോ പ്ലാൻ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണി വികസനം, മാനസിക സാമൂഹിക പരിരക്ഷ തുടങ്ങിയ ആറ് മേഖലകളിൽ ദുരന്തബാധിത കുടുംബങ്ങളുടെ ആവശ്യങ്ങളെ മൈക്രോ പ്ലാനിന്റെ ഭാഗമായി സൂക്ഷ്മതലത്തിൽ വിലയിരുത്തിയിരുന്നു. ദുരന്തത്തിനിരയായ 1,084 കുടുംബങ്ങളിലെ 4,636 പേരെയും ഉൾപ്പെടുത്തി ഇവരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിട്ടുളളത്. ഹ്രസ്വകാലം, ഇടക്കാലം, ദീർഘ കാലം എന്നീ രീതിയിൽ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനാവശ്യമായ അതിജീവന ഉപജീവന ആവശ്യങ്ങൾ മൈക്രോ പ്ലാനിലൂടെ നിറവേറ്റും. പരിശീലനം നേടിയ 40 കുടുംബശ്രീ അംഗങ്ങളും മറ്റു വിവിധ മേഖലകളിലെ 40 അംഗങ്ങളുമാണ് ദുരന്തബാധിതർക്കിടയിൽ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി സർവെ നടത്തിയത്. 51 ക്ലസ്റ്ററുകളായി തിരിച്ചാണ് സർവെ നടപടികൾ പൂർത്തിയാക്കിയത്. ഇതിൽ രണ്ട് ക്ലസ്റ്ററുകൾ വയനാടിന് പുറുത്തുമാണ്. സെപ്തംബർ 6 നാണ് കുടുംബതല മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി സർക്കാർ കുടുംബശ്രീയെ ചുമതലയേൽപ്പിക്കുന്നത്.

ആവശ്യങ്ങൾ പരിഗണിക്കും

ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം, മാനസിക സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിലായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1,084 കുടുംബ മൈക്രോ പ്ലാനുകളാണ് കൈമാറിയത്. 5,987 സേവനങ്ങൾ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4,900 എണ്ണം ഹ്രസ്വകാലത്തേക്കും 1,027 എണ്ണം ഇടക്കാലത്തേക്കും 60 എണ്ണം ദീർഘകാലത്തേക്കുമുള്ളതാണ്. സമഗ്രവും ആധികാരികവുമായ ഈ രേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ആരോഗ്യം, ആഹാരവും പോഷകാഹാരവും, വിദ്യാഭ്യാസം, ഉപജീവനം, നൈപുണ്യം, ഉപജീവന വായ്പാ ഇടപെടലുകൾ എന്നിങ്ങനെ 6 വിഭാഗങ്ങളിലാണ് പദ്ധതികൾ. മൈക്രോ പ്‌ളാൻ നിർവഹണത്തിലൂടെ ഇവരുടെ ജീവിതാവസ്ഥ സമഗ്രമായി മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മൈക്രോ പ്‌ളാൻ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങൾ നിലവിൽ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന് മൈക്രോ പ്‌ളാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും. അതിജീവിതർക്ക് എത്രയും വേഗം ഉപജീവന മാർഗങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അടിയന്തിര പ്രാധാന്യം നൽകുന്നത്. ഇതിനായി വിവിധ വകുപ്പുകൾക്ക് കീഴിൽ നിലവിലുള്ള ഹ്രസ്വകാല പദ്ധതികൾ പ്രയോജനപ്പെടുത്തും. ആവശ്യമെങ്കിൽ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് വകുപ്പുകൾക്ക് നിർദേശവും നൽകും. സമയബന്ധിതമായി പദ്ധതി നടത്തിപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിർവ്വഹണ യൂണിറ്റും തുടങ്ങും.

തിരുവനന്തപുരം: പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്ന് 350 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച മൂന്നുപേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 13ന് പുലർച്ചെ മലപ്പുറം പൊന്നാനിയിലാണ് മോഷണം നടന്നത്. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി സുഹൈൽ, പൊന്നാനി കടവനാട് സ്വദേശി നാസർ, പാലക്കാട് കാവശ്ശേരി സ്വദേശി മനോജ് എന്നിവരാണ് പോലീസ് പിടിയിലായത്. പൊന്നാനി മണപ്പറമ്പിൽ രാജീവിൻറെ വീട്ടിലാണ് വൻമോഷണം നടന്നത്. രാജീവ് ദുബായിലാണ് താമസം. ഭാര്യ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ആരുമില്ലാത്ത വീട്ടിൽ മോഷണം നടന്നത്.

വീട്ടിലെ ലോക്കറിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീട് വൃത്തിയാക്കാൻ ജോലിക്കാരിയെത്തിയപ്പോഴാണ് വീടിൻറെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടത്. സിസിടിവിയും തകർത്തിരുന്നു. വീട്ടിൽ ആരുമില്ലാത്ത സാഹചര്യം മനസ്സിലാക്കി വീടും പരിസരവും കൃത്യമായി അറിയുന്നയാളാകാം മോഷണത്തിനു പിന്നിലെന്നു പൊലീസ് സംശയിച്ചിരുന്നു.

സ്ഥിരം കുറ്റവാളിയായ സുഹൈലിൻറെ മോഷണരീതിയുമായി ഈ മോഷണത്തിന് സാമ്യമുണ്ടെന്ന് തോന്നിയ പോലീസ് അയാളെ ചോദ്യം ചെയ്തു. കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ഇയാളെ വെറുതെ വിട്ടു. തുടർന്ന് പോലീസ് സുഹൈലിനെയും സുഹൃത്തുക്കളെയും നിരീക്ഷിക്കുകയാണ് ചെയ്തത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിൽ മറ്റു തൊഴിലുകൾക്കൊന്നും പോകാത്ത സുഹൈലും സുഹൃത്തുക്കളും ആഡംബര ജീവിതം നയിക്കുകയാണെന്ന് മനസ്സിലായി. ഇവർ രണ്ട് ഇരുചക്രവാഹനങ്ങൾ വാങ്ങിയതും വസ്തു വാങ്ങാൻ പദ്ധതിയിടുന്നതും പോലീസ് മനസിലാക്കി. സുഹൈലിൻറെ പഴയ കേസുകൾക്ക് ജാമ്യക്കാരനായ മനോജിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തെപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞത്.

മോഷ്ടിച്ച സ്വർണം ഉരുക്കി രൂപമാറ്റം വരുത്താനും വിൽപ്പന നടത്താനും താൻ സഹായിച്ചെന്ന് മനോജ് സമ്മതിച്ചു. വിൽപ്പന നടത്തിയ കടയിൽനിന്ന് 1,100 ഗ്രാം സ്വർണ്ണം പോലീസ് വീണ്ടെടുത്തു. കൂടാതെ സുഹൈലിൻറെ സുഹൃത്തായ നാസറിൻറെ വീട്ടിൽ നിന്ന് ഏഴരലക്ഷം രൂപയും ബന്ധുവീട്ടിൽനിന്ന് പതിനൊന്നര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. കൂട്ടുപ്രതികളായ രണ്ട് തമിഴ്‌നാട് സ്വദേശികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.

മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിൻറെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി ബാലകൃഷ്ണൻ. ഇ, ഇൻസ്‌പെക്ടർമാരായ ദീപ കുമാർ (പോത്തുകൽ), ജലീൽ കറുത്തേടത്ത് (പൊന്നാനി), ജിനേഷ് കെ. ജെ. (തിരൂർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തിരൂർ, താനൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, മലപ്പുറം സബ് ഡിവിഷനുകളിലെ ഡാൻസാഫ് അംഗങ്ങളും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.