തിരുവനന്തപുരം: പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്ന് 350 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച മൂന്നുപേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 13ന് പുലർച്ചെ മലപ്പുറം പൊന്നാനിയിലാണ് മോഷണം നടന്നത്. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി സുഹൈൽ, പൊന്നാനി കടവനാട് സ്വദേശി നാസർ, പാലക്കാട് കാവശ്ശേരി സ്വദേശി മനോജ് എന്നിവരാണ് പോലീസ് പിടിയിലായത്. പൊന്നാനി മണപ്പറമ്പിൽ രാജീവിൻറെ വീട്ടിലാണ് വൻമോഷണം നടന്നത്. രാജീവ് ദുബായിലാണ് താമസം. ഭാര്യ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ആരുമില്ലാത്ത വീട്ടിൽ മോഷണം നടന്നത്.
വീട്ടിലെ ലോക്കറിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീട് വൃത്തിയാക്കാൻ ജോലിക്കാരിയെത്തിയപ്പോഴാണ് വീടിൻറെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടത്. സിസിടിവിയും തകർത്തിരുന്നു. വീട്ടിൽ ആരുമില്ലാത്ത സാഹചര്യം മനസ്സിലാക്കി വീടും പരിസരവും കൃത്യമായി അറിയുന്നയാളാകാം മോഷണത്തിനു പിന്നിലെന്നു പൊലീസ് സംശയിച്ചിരുന്നു.
സ്ഥിരം കുറ്റവാളിയായ സുഹൈലിൻറെ മോഷണരീതിയുമായി ഈ മോഷണത്തിന് സാമ്യമുണ്ടെന്ന് തോന്നിയ പോലീസ് അയാളെ ചോദ്യം ചെയ്തു. കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ഇയാളെ വെറുതെ വിട്ടു. തുടർന്ന് പോലീസ് സുഹൈലിനെയും സുഹൃത്തുക്കളെയും നിരീക്ഷിക്കുകയാണ് ചെയ്തത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിൽ മറ്റു തൊഴിലുകൾക്കൊന്നും പോകാത്ത സുഹൈലും സുഹൃത്തുക്കളും ആഡംബര ജീവിതം നയിക്കുകയാണെന്ന് മനസ്സിലായി. ഇവർ രണ്ട് ഇരുചക്രവാഹനങ്ങൾ വാങ്ങിയതും വസ്തു വാങ്ങാൻ പദ്ധതിയിടുന്നതും പോലീസ് മനസിലാക്കി. സുഹൈലിൻറെ പഴയ കേസുകൾക്ക് ജാമ്യക്കാരനായ മനോജിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തെപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞത്.
മോഷ്ടിച്ച സ്വർണം ഉരുക്കി രൂപമാറ്റം വരുത്താനും വിൽപ്പന നടത്താനും താൻ സഹായിച്ചെന്ന് മനോജ് സമ്മതിച്ചു. വിൽപ്പന നടത്തിയ കടയിൽനിന്ന് 1,100 ഗ്രാം സ്വർണ്ണം പോലീസ് വീണ്ടെടുത്തു. കൂടാതെ സുഹൈലിൻറെ സുഹൃത്തായ നാസറിൻറെ വീട്ടിൽ നിന്ന് ഏഴരലക്ഷം രൂപയും ബന്ധുവീട്ടിൽനിന്ന് പതിനൊന്നര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. കൂട്ടുപ്രതികളായ രണ്ട് തമിഴ്‌നാട് സ്വദേശികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.
മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിൻറെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി ബാലകൃഷ്ണൻ. ഇ, ഇൻസ്‌പെക്ടർമാരായ ദീപ കുമാർ (പോത്തുകൽ), ജലീൽ കറുത്തേടത്ത് (പൊന്നാനി), ജിനേഷ് കെ. ജെ. (തിരൂർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തിരൂർ, താനൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, മലപ്പുറം സബ് ഡിവിഷനുകളിലെ ഡാൻസാഫ് അംഗങ്ങളും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

