General (Page 41)

തിരുവനന്തപുരം: പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുശോചനക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ഥിരം അപകടം നടക്കുന്ന കല്ലടിക്കോട് പനയമ്പടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്ന് വൈകിട്ട് 3.45നാണ് സംഭവം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

തിരുവനന്തപുരം: ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സൂരജ് ഷാജിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അതിദരിദ്ര വിഭാഗത്തിൽ ഭൂമിയും വീടും വേണ്ടവർക്കാണ് പ്രധമ പരിഗണന. ഭൂമി വാങ്ങാൻ ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എല്ലാ ജില്ലകളിലേയും അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് ഈ പദ്ധതിയുടെ ഭാഗമായി ഭൂമി ലഭ്യമാക്കും. ഭൂമി ലഭ്യമായാലുടൻ ലൈഫ് മിഷൻ മുഖേന അടച്ചുറപ്പുള്ള വീടുകൾ ഒരുക്കും.

ഭൂരഹിത / ഭവനരഹിതരായ ലൈഫ് ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കാളിയായ പ്രമുഖ സ്ഥാപനമാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ലൈഫ് മിഷനും കൈകോർത്ത് കൊണ്ട് നടപ്പിലാക്കിയ ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ ആദ്യ ഭാഗമായി എറണാകുളം, ആലപ്പുഴ, കാസറഗോഡ് എന്നീ ജില്ലകളിലെ 1000 ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് ഫൗണ്ടേഷൻ ഇതിനായി ചെലവഴിച്ചത്. ഇപ്രകാരം ഭൂമി ലഭിച്ചവരിൽ 911 ഗുണഭോക്താക്കളുടെ വീട് നിർമ്മാണം ലൈഫ് മിഷൻ വഴി ആരംഭിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചതിന് പിന്നാലെയാണ്, 1000 ഭൂരഹിതർക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് ഫൗണ്ടേഷൻ താത്പര്യം അറിയിച്ചത്. ഇതിനുള്ള ധാരണാപത്രത്തിലാണ് ഇന്ന് ഒപ്പിട്ടത്.

എല്ലാവർക്കും അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള സർക്കാരിന്റെ പരിശ്രമങ്ങളിൽ സജീവമായി പങ്കാളികളാകുന്ന കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകൾക്കുള്ള മാതൃകയാണ് ഫൗണ്ടേഷൻ കാട്ടിത്തന്നിരിക്കുന്നത്. സർക്കാരിനൊപ്പവും ലൈഫ് മിഷനോടൊപ്പവും ചേർന്ന് നാടിനായി പ്രവർത്തിക്കാൻ ഫൗണ്ടേഷന് കഴിഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടമായ ഭൂരഹിതരുടെ പുനരധിവാസം ഏറെ ശ്രമകരമാണ്. ഇത് പ്രായോഗികമാക്കുന്നതിന് സുമനസ്സുകളുടേയും സന്നദ്ധസംഘടനകളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനെ മാതൃകയാക്കി ഭൂരഹിത ഭവനരഹിതർക്ക് ഭൂമി സംഭാവന ചെയ്യാൻ സുമനസുകൾ രംഗത്തുവരണമെന്നും മന്ത്രി അഭ്യർഥിച്ചു.

ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി 2017 മുതൽ 2024 നവംബർ 30 വരെ 5,30,904 ഗുണഭോക്താക്കൾക്കാണ് വീട് അനുവദിച്ചത്. ഇതിൽ 4,23,554 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 1,07,350 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഭൂരഹിത ഭവന രഹിതർക്കായി ഭൂമി കണ്ടെത്താൻ സർക്കാർ ആവിഷ്‌കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 20.38 ഏക്കർ ഭൂമി ഇതിനോടകം ലഭിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ എസ് എം വിനോദ്, അസിസ്റ്റൻറ് മാനേജർ ടാനിയ ചെറിയാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്‌സലൻസ് ആയി തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആർ തിരഞ്ഞടുക്കുന്ന രാജ്യത്തെ അഞ്ച് മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും രണ്ടു കോടി രൂപ മെഡിക്കൽ കോളേജിന് ലഭിക്കും. കേരളത്തിൽ നിന്നൊരു മെഡിക്കൽ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഈ സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇതോടെ മെഡിക്കൽ കോളേജും എസ്.എ.ടി. ആശുപത്രിയും സെന്റർ ഓഫ് എക്‌സലൻസായി മാറുകയാണ്.

രാജ്യത്തെ 5 പ്രധാന ആശുപത്രികൾക്കൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തുമ്പോൾ വളരെ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ തുടക്കകാലത്ത് 2021ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ സന്ദർശനമാണ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളിലേക്ക് തുടക്കം കുറിച്ചത്.

പഴയ അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞെങ്ങി ഞെരുങ്ങിയാണ് പ്രവർത്തിച്ചു വന്നിരുന്നത്. വെളിച്ചമില്ലാത്ത വരാന്തയിൽ അഞ്ചും ആറും മണിക്കൂറുകൾ മതിയായ ചികിത്സ ലഭ്യമാകാതെ സ്ട്രച്ചറിൽ കാത്തു കിടക്കുന്ന രോഗികളെ കാണാൻ സാധിച്ചു. പലയിടത്ത് നിന്നും ഇസിജി വേരിയേഷൻ രേഖപ്പെടുത്തി വന്നവരും അക്കൂട്ടത്തിൽ ഉണ്ട്. ഓരോ ഡോക്ടർമാരുടെ ടേബിളിന് ചുറ്റും മുപ്പതും നാൽപതും രോഗികൾ ഉണ്ടായിരുന്നു. സേവനം ലഭിച്ചിരുന്നത് മണിക്കൂറുകൾ കഴിഞ്ഞു മാത്രമാണെന്ന് പലരും പരാതി പറഞ്ഞു. അപ്പോഴാണ് ഈ അവസ്ഥ മാറ്റി എമർജൻസി മെഡിക്കസിൻ വിഭാഗം എവിടെ തുടങ്ങും എന്നുള്ള ചിന്ത വന്നത്.

നിർമ്മാണം തുടങ്ങിയെങ്കിലും വളരെക്കാലം നിലച്ചു പോയിരുന്ന കെട്ടിടത്തിൽ നൂതന എമർജൻസി മെഡിസിൻ സംവിധാനങ്ങളൊരുക്കിയാണ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം ആദ്യമായി നടപ്പിലാക്കി. ചെസ്റ്റ് പെയിൻ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈൻ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കി. സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. മെഡിക്കൽ കോളേജിലെ എല്ലാ തലത്തിലും സൂക്ഷ്മമായ ഇടപെടൽ വേണമെന്ന് കണ്ടതുകൊണ്ട് പുതിയ ഡിപ്പാർട്ട്‌മെന്റുകൾ, പുതിയ സംവിധാനങ്ങൾ, ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിച്ചു. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അത്യാഹിത വിഭാഗം സന്ദർശിച്ച് അഭിനന്ദിച്ചു. എമർജൻസി മെഡിസിനിൽ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാൻ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാൻ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ഈ കാലയളവിൽ ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ മെഡിക്കൽ കോളേജ് ഉൾപ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. 85ൽ അധികം തവണയാണ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സന്ദർശിച്ച് ചർച്ച നടത്തിയത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ ആരംഭിച്ചു. 23 കോടിയുടെ ലേഡീസ് ഹോസ്റ്റൽ യാഥാർത്ഥ്യമാക്കി. അടുത്തിടെ മെഡിക്കൽ കോളേജിനായി 25 അധ്യാപക തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ച് നടപടികൾ പുരോഗമിക്കുന്നു.

പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി. അപകടത്തെ തുടർന്ന് നാലു വിദ്യാർത്ഥികൾ മരണപ്പെട്ടു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

സിമന്റ് ലോറി ഭാഗികമായി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

പോലീസും സംഭവസ്ഥലത്തെയിട്ടുണ്ട്. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽപ്പെട്ടത് കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4:25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7:05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7:35നു പുറപ്പെട്ട് 9:55ന് ആയിരിക്കും അഹമ്മദാബാദിൽ എത്തുന്നത്. ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദ സഞ്ചാര മേഖലയ്ക്കും പ്രയോജനപ്പെടും.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി നോട്ടീസയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ ശ്രീലേഖയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

അതേസമയം, തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിതയാണ് വിചാരണക്കോടതിയിൽ ഹർജി നൽകിയത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.

കോട്ടയം: കേരളത്തിന്റെ പ്രശ്‌നങ്ങളിൽ തമിഴ്‌നാടും തമിഴ്‌നാടിന്റെ പ്രശ്‌നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം ബീച്ചിൽ നടന്ന തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. വാക്കുകളിൽ ഒതുങ്ങുന്നതല്ല പ്രവൃത്തിയിൽ വെളിവാകുന്ന സഹകരണമാണിത്. സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ, നിരന്തര കൈ കടത്തലുകൾ ഉണ്ടാവുന്ന ഈ ഘട്ടത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ നമ്മൾ കണ്ടത്. ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്‌നാടും ചെയ്യുന്നത്. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കിൽ സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സഹകരണം കേരളവും തമിഴ്‌നാടും മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല. പെരിയാർ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ വരും കാലങ്ങളിൽ ഇരു സംസ്ഥാനങ്ങൾക്കും കഴിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്‌കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ തന്നെ ഇ വി ആറെ തമിഴരാകെ ആദരവോടെ പെരിയാർ എന്നു വിളിക്കുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാർ. നടക്കാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് മലയാളികളുടെ മാത്രം പ്രശ്‌നമായി ചുരുക്കി കാണുകയല്ല രാജ്യത്തിന്റെ ജനങ്ങളുടെയാകെ പ്രശ്‌നമായാണ് പെരിയാറും മറ്റും നേതാക്കളും കണ്ടത്. 1924 ഏപ്രിൽ 13 ന് പെരിയാർ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ ജനസാഗരം തന്നെ വൈക്കത്തേക്ക് ഒഴുകിയെത്തി. തിരുവിതാംകൂർ ഭരണസംവിധാനത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അരുക്കുറ്റിയിലെ ജയിലിലാക്കി. അതറിഞ്ഞയുടൻ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവർ സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി.

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനും അവർ സ്വന്തം നിലയ്ക്ക് ഭർത്താക്കന്മാരെ തെരഞ്ഞെടുക്കാനും വിവാഹമോചനം നേടാനും പെരിയാർ നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രപരമായിരുന്നു. പെരിയാറിന്റെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു നാഗമ്മ. ആ പങ്കാളിത്തം വൈക്കത്തും കാണാൻ കഴിയും. അരുക്കുറ്റിയിൽ നിന്ന് ജയിൽ മോചിതനായ പെരിയാർ വീണ്ടും സത്യഗ്രഹത്തിൽ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കൽപിച്ചു. ഉത്തരവ് പെരിയാർ ലംഘിച്ചതോടെ തിരുവിതാംകൂർ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ് പിന്നീട് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്. ഈ വിധത്തിൽ ത്യാഗ്വോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാർ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളിലെയും മന്ത്രിമാരടക്കമുള്ള നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിർത്തി വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാടിനു സമർപ്പിച്ചു. വൈക്കം ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. വൈക്കം പുരസ്‌കാരം ജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരിച്ചു.

ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാൻ, തമിഴ്നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ.വി. വേലു, തമിഴ്നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സി.കെ. ആശ എം.എൽ.എ, സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.

വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാർഥം വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിച്ചിരുന്നു.

കോട്ടയം: വൈക്കം പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കുന്നതിനുവേണ്ടി മാത്രമല്ല അവർ സ്വപ്നം കണ്ട സമൂഹത്തിലെ സമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കാൻ കൂടിയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിന്റെ പൊതുസമ്മേളനം വൈക്കം ബീച്ചിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല സാമൂഹ്യ പോരാട്ടങ്ങളുടെയും നാന്ദി കുറിച്ച സമരമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം ഒറ്റപ്പെട്ട വിജയം അല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു അത്. എല്ലാ മേഖലകളിലും തുടർച്ചയായ വിജയങ്ങൾ നേടാൻ നമുക്ക് ഉറച്ചു നിൽക്കാം. എന്തു തടസ്സങ്ങൾ വന്നാലും നമ്മൾ അവയെ തകർക്കും. എന്തു വില കൊടുത്തും ഒരു സമത്വ സമൂഹം സ്ഥാപിക്കും. കേരളം വിദ്യാഭ്യാസത്തിലും, രാഷ്ട്രീയ,സാമൂഹിക അവബോധത്തിലും മുന്നിലുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള മണ്ണിൽ സാമൂഹിക,രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ അടയാളമായി വൈക്കം സ്മാരകം നിലകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവർക്കും സമത്വം എന്നതാണ് തമിഴ്‌നാട് സർക്കാറിന്റെ ദ്രവീഡിയൻ മോഡൽ ഉൾക്കൊള്ളുന്നത്. തന്തൈ പെരിയാറിന്റെ ആത്മാഭിമാന പ്രസ്ഥാനവും ഇടപെടലുകളുമാണ് അതിന്റെ അടിത്തറ. വൈക്കം സത്യാഗ്രഹ സമരകാലത്ത് അറസ്റ്റിലായ കേരളത്തിലെ നേതാക്കളുടെ ക്ഷണമനുസരിച്ചാണ് തന്തൈ പെരിയാർ എന്ന ഇ വി രാമസ്വാമി നായ്ക്കർ കേരളത്തിലെത്തുന്നത്. ചടങ്ങു മാത്രമായ വരമായിരുന്നില്ല അത്. അദ്ദേഹം വൈക്കത്തെ ജനങ്ങളെ സംഘടിപ്പിച്ചു. സമരം നയിച്ചു. രണ്ട് തവണ അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ് ഗാന്ധിജി തിരുവിതാംകൂർ റാണിയെ കാണുന്നതും. അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മയും സഹോദരി കണ്ണമ്മയും സമരത്തിന്റെ ഭാഗമായി. അയിത്തജാതിക്കാർക്കായി പൊതുനിരത്ത് സഞ്ചാര സാധ്യമെന്നതായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ആശയം. ഈ സമര വിജയമാണ് രാജ്യത്ത് സാമൂഹ്യനീതിക്കായുള്ള മറ്റ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത്. അവകാശം ലംഘിച്ചവർ ഇന്നു നമ്മളെ സ്വീകരിച്ച് ആനയിക്കുന്നു. ഇതാണ് സത്യാഗ്രഹത്തിൽ മഹിമ.അക്രമ സമരം നടത്തിയിരുന്നെങ്കിൽ പോലും ഈ വിജയം ഇ ലഭിക്കുമായിരുന്നില്ല എന്ന് പെരിയാർ പറയുമായിരുന്നു. സമത്വവും സാമൂഹ്യ നീതിയും എല്ലാവർക്കും വേണമെന്നാതാണ് തമിഴ്‌നാടിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഭരണ പാടവമുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനും ഇതേ ആശയത്തെ പിൻതുടരുന്നു. അതിനാലാണ് വൈക്കത്ത് ഇത്തരമൊരു സ്മാരകമൊരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് അതിന് പിന്തുണച്ച കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നു. സാമൂഹ്യ നീതിയും സമത്വവും സ്വാഭിമാനവും നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മാത്രം നടപ്പാക്കാൻ കഴിയുന്നതല്ല. നമ്മുടെ മനോഭാവവും മാറണം. തന്തൈ പെരിയാറും, ശ്രീ നാരായണ ഗുരുവും അംബേദ്ക്കറും അയ്യങ്കാളിയും എല്ലാവർക്കും എല്ലാം എന്ന തത്വം ഉൾക്കൊണ്ടു. സമത്വ സമൂഹം സ്ഥാപിക്കുകയെന്ന എന്ന ആശയത്തിൽ തമിഴ്‌നാടും കേരളവും ഒന്നാണ്. ആ സഹകരണം തുടരുക തന്നെ ചെയ്യമെന്നും സ്റ്റാലിൻ പറഞ്ഞു.

കൊച്ചി: നടൻ ദിലീപിന്റെയും സംഘത്തിന്റെയും ശബരിമലയിലെ വിഐപി ദർശനത്തിൽ കർശവന നിലപാട് സ്വീകരിച്ച് ഹൈക്കോടതി. ശബരിമലയിൽ ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ചോദിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ നിരയിലെ എല്ലാ ഭക്തരെയും ദിലീപിന് വേണ്ടി തടഞ്ഞുവെന്നും ഇത് എങ്ങനെ അനുവദിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. മറ്റ് ഭക്തരെ തടഞ്ഞ് ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും മറ്റ് ഭക്തർക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് മനസിലായിയെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ എന്ത് നടപടിയെടുത്തുവെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം, നടന് പൊലീസ് യാതൊരു പ്രത്യേക പരിഗണനയും ചെയ്തുനൽകിയിട്ടില്ലെന്നും ദേവസ്വം ഗാർഡുകളാണ് വേണ്ടതെല്ലാം ചെയ്തുകൊടുത്തതെന്നുമുള്ള റിപ്പോർട്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി ബിജോയ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം. ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ന് ഡൽഹിയിൽ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില. തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂർ ശരാശരി താപനിലയിൽ -0.4 ഡിഗ്രി സെൽഷ്യസിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ രാവിലെ 8:30 ന് 4.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ നാല് പോയിന്റ് കുറവാണ്. അതേസമയം, പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില രാവിലെ 8:30 ന് 6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്. പാലം സ്റ്റേഷനിൽ 24 മണിക്കൂർ ശരാശരി താപനിലയിൽ -0.2 ഡിഗ്രിയുടെ മാറ്റവും രേഖപ്പെടുത്തിയിട്ടുണ്ട്.