General (Page 190)

തിരുവനന്തപുരം: കണ്ണൂരിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് പരിക്കേറ്റ് മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവമുണ്ടായി. പോലീസ് ഇക്കാര്യത്തിൽ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത്, എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ഉൾക്കൊള്ളിച്ച് ക്രൈം നം. 607/2024 ആയി തലശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിൽ സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സ്ഫോടക വസ്തുക്കളുടെ നിർമ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരന്തരം റെയ്ഡുകൾ നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിംഗും നടത്തിവരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നവർക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങൾ അമർച്ച ചെയ്യുവാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ചില മേഖലകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് കൂടുതൽ ഊർജ്ജിതമായ പരിശോധനകൾ നടത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ജില്ലാഭരണകൂടം നൽകിയിരിക്കുന്ന നിർദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൂടുതൽ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ കേന്ദ്ര സംഘവുമായി ജില്ലാ കളക്ടർ ചർച്ച നടത്തി.

പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നുവെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും. ഇവിടങ്ങളിൽ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്. കൊച്ചിയിൽ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

പട്‌ന: കോടികൾ ചെലവിട്ട് നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു. പന്ത്രണ്ടു കോടി ചെലവിട്ട് നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപ് തകർന്നു വീണത്. ബക്‌റ നദിക്കു കുറുകേ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപേ തകർന്നത്. കുർസകാന്തസിക്തി ഗതാഗതം ആയാസരഹിതമാക്കുന്നതിന് വേണ്ടിയാണ് പാലം പണികഴിപ്പിച്ചത്.

തകർന്നുവീണ ഭാഗം നിമിഷനേരം കൊണ്ട് ഒലിച്ചുപോയി. തകർന്ന പാലത്തിന് കീഴിൽ മൊബൈലുമായി ദൃശ്യം പകർത്താൻ ആളുകൾ ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. അതേസമയം, ഈ വർഷം മാർച്ചിൽ ബിഹാറിൽ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നിരുന്നു. 984 കോടി ചെലവഴിച്ച് കോസി നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്.

തിരുവനന്തപുരം: കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വന്ന മൂന്ന് സീറ്റുകളിലേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഹാരിസ് ബീരാൻ (ഇൻഡ്യൻ യൂണിയൻ മുസ്ലീ ലീഗ്) , ജോസ് കെ.മാണി (കേരള കോൺഗ്രസ് (എം)), പി.പി. സുനീർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ) എന്നീ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി അറിയിച്ചു.

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന മൂന്ന് അംഗങ്ങളുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നതിനെത്തുടർന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്കാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിർദേശപകത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നത് വരെ മറ്റാരും പത്രിക സമർപ്പിച്ചിരുന്നില്ല. ഇതോടെ ഇവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കേരള കോൺഗ്രസ് (എം) ചെയർമാനാണ് ജോസ് കെ മാണി. സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സിസി പ്രസിഡന്റുമാണ് ഹാരിസ് ബീരാൻ. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് സുനീർ.

ന്യൂഡൽഹി: പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി സിബിഎസ്ഇ. 2024-25 അധ്യയന വർഷത്തേക്കുള്ള വിവിധ നൈപുണ്യ (സ്‌കിൽ) വിഷയങ്ങളുടെ ഉള്ളടക്കവും പാഠ്യപദ്ധതിയുമാണ് സിബിഎസ്ഇ പരിഷ്‌കരിച്ചത്. പ്ലസ് വണ്ണിലെ വെബ് അപ്ലിക്കേഷൻ, പത്താം ക്ലാസിലെ ഇൻഫർമേഷൻ ടെക്നോളജി, ഒൻപത്, പ്ലസ് വൺ എന്നീ ക്ലാസുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിലായിരിക്കും മാറ്റങ്ങളുണ്ടാവുക.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) ഔദ്യോഗിക വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങളറിയാം. 2025-26 അധ്യയന വർഷത്തിൽ പന്ത്രണ്ടാം ക്ലാസിലേക്കുള്ള വെബ് അപ്ലിക്കേഷന്റെ പാഠ്യപദ്ധതി പരിഷ്‌കരിക്കും.

തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണ്. പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെയുണ്ടായിരുന്ന സംസ്ഥാനതലത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാർക്ക് സംബന്ധിച്ച വിവാദവും ഉൾപ്പെടെ ​ഗുരുതരവീഴ്ചകളാണ് ഈ വർഷം നീറ്റ് പരീക്ഷയിൽ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാനും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര സർക്കാരിനോ പരീക്ഷാ നടത്തുന്ന ഏജൻസിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം അറിയിച്ചു.

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. ഇതുസംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. മാത്യു കുഴൽനാടൻ എംഎൽഎയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മുഖ്യമന്ത്രി, മകൾ വീണ വിജയൻ, സിഎംആർഎൽ അടക്കമുള്ള എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാത്യു കുഴൽനാടന്റെ ഹർജിയിൽ ആരോപണങ്ങൾ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹർജി തള്ളിക്കൊണ്ട് വിജിലൻസ് കോടതി അറിയിച്ചിരുന്നത്.

ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹർജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും വിധിന്യായത്തിൽ പറഞ്ഞിരുന്നു. മാത്യു കുഴൽനാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമർശിച്ചിരുന്നു. വിജിലൻസ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്.

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി. രാഹുൽ ഗാന്ധിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചാണ് വിഷയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമർശനം. രാഹുൽ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ‘ബൈ ബൈ, ടാറ്റ, ഗുഡ്‌ബൈ’ പ്രസംഗം പങ്കുവെച്ച് സുരേന്ദ്രൻ പരാമർശിച്ചത്.

നാണമില്ലായ്മ എന്നൊന്നുണ്ട്. എന്നാൽ കോൺഗ്രസിന്റെ നാണമില്ലായ്മ അതൊന്നു വേറെ തന്നെയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വന്തം കുടുംബത്തിലെ ഓരോരുത്തരെയായി ഉളുപ്പില്ലാതെ വയനാട്ടിലെ വോട്ടർമാരിൽ അടിച്ചേൽപ്പിക്കുന്നത്, വല്ലാത്ത ഒരേർപ്പാടാണ്. മറ്റൊരു മണ്ഡലത്തിൽ നിന്ന് കൂടി താൻ മത്സരിക്കുമെന്ന വസ്തുത നാണമില്ലാതെ മറച്ചുവച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതെന്നും രാഹുൽ ഗാന്ധിക്കു കീഴിൽ കോൺഗ്രസ് മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണവും ഇത്തരം വഞ്ചനകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വയനാട്ടിൽ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ബലിയാടാക്കിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ അറിയിച്ചു. രാഹുൽ നേരത്തെ അമേഠിയെ ഉപേക്ഷിച്ചയാളാണെന്നും രണ്ട് തവണ വയനാട്ടിൽ വിജയിച്ചിട്ടും റായ്ബറേലിയിൽ തുടരാനാണ് രാഹുലിന്റെ തീരുമാനമെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഇതോടെ വയനാട് മത്സരിക്കാനായി പ്രിയങ്കാ ഗാന്ധി എത്തും. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേണ്ടിയാണ് പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. ഇരു മണ്ഡലങ്ങളിലും മത്സരിച്ച അദ്ദേഹം രണ്ടിടത്തും വിജയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിർത്താനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസിന്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിച്ചു.

അതേസമയം, ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.