General (Page 183)

വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലാണ് സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സെന്ന് റിപ്പോർട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളിൽ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയിടുന്നതെന്നാണ് വിവരം. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്.

നെറ്റ്ഫ്ളിക്സ് നേരത്തെ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് പിൻവലിച്ചു. കൂടുതൽ വലിയ വിപണികളിൽ സൗജന്യ സേവനങ്ങൾ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയെന്നാണ് വിവരം. അതേസമയം, യുഎസിൽ നെറ്റ്ഫ്ളിക്സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നെറ്റ്ഫ്ളിക്സിന്റെ സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് പണം ചെലവാക്കാൻ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതൽ പേരെ പ്ലാറ്റ് ഫോമിലേക്ക് ആകർഷിക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ന്യൂഡൽഹി: ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

ഇംഗ്ലീഷിലാണ് രാഹുൽ ഗാന്ധി സത്യവാചകം ചൊല്ലിയത്. രാഹുലിന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രകടനം. ഇതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും എത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു. മീററ്റ് എംപിയായി അരുൺ ഗോവിലും 39-ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്‌ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്.

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഉൾപ്പെടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പർ ദേശീയ ദേശീയ അന്വേഷണ ഏജൻസിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷൻ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷൻ എപ്പോഴും എൻ ഐ എയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ ഉപാധികൾ.

പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് എൻഐഎ വാദിച്ചത്. എന്നാൽ, ഈ വാദം കോടതി തള്ളി. അതേസമയം, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ കരമന അഷ്‌റഫ് മൗലവി, യഹിയ തങ്ങൾ അടക്കം ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളുകയും ചെയ്തു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയിൽ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ. ‘അതിജീവിതയായ നടിക്കൊപ്പം’ എന്ന കൂട്ടായ്മയാണ് കോടതി ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 100-ലേറെ സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകർ ചേർന്നാണ് നിവേദനം നൽകിയത്. കെ കെ രമയും കെ ആർ മീരയും സാറാ ജോസഫും ഉൾപ്പെടെയുള്ള പ്രമുഖർ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

കുറ്റവാളികളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം. കോടതികളിലെ രേഖകളും തെളിവുകളും സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മാനദണ്ഡം വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ടി പി കേസ് പ്രതികളായ സിപിഎം ക്രിമിനലുകൾക്ക് ശിക്ഷാ ഇളവ് നൽകാൻ രഹസ്യ നീക്കമാണ് സർക്കാർ നടത്തിയതെന്ന് വി ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎം ക്രിമിനലുകൾക്ക് ആരെ വേണമെങ്കിലും കൊല്ലാം. സംരക്ഷിക്കാൻ ഒരു സർക്കാരുണ്ട്. അധികാരം ഉപയോഗിച്ച് എന്തും ചെയ്യുമെന്ന സമീപനം നടക്കില്ല. ടി പി വധക്കേസ് പ്രതികൾക്കു ശിക്ഷായിളവു നൽകാനുള്ള നീക്കത്തിനെതിരെ കെ കെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയത് ദൗർഭാഗ്യകരമായ നടപടിയാണ്. മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ട കാര്യത്തിൽ സ്പീക്കർ മറുപടി പറഞ്ഞതിൽ അനൗചിത്യമുണ്ട്. വ്യക്തമായ രേഖകൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. കണ്ണൂരിലെ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച കത്തിൽ ശിക്ഷായിളവു നൽകേണ്ട പ്രതികളുടെ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

20 വർഷം ഇവർക്ക് യാതൊരു ശിക്ഷാ ഇളവും കൊടുക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. ഇത്രയും ക്രൂരമായ കുറ്റകൃത്യം എന്തിനു വേണ്ടി, ആർക്ക് ചെയ്യാൻ പറ്റും എന്നും കോടതി ചോദിച്ചു. 2018ൽ ഹൈക്കോടതി ശിക്ഷായിളവ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിർദേശിച്ച് ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2018ൽ പുറത്തിറക്കിയ ഉത്തരവിൽ രാഷ്ട്രീയ കൊലക്കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് 14 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ 2022ൽ ഈ ഉത്തരവ് തിരുത്തി. രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികൾക്കും ഇളവ് നൽകാമെന്ന് ഉത്തരവിട്ടു. എത്ര കാലയളവ് വേണമെങ്കിലും ഇവർക്കു പരോൾ കൊടുക്കാമെന്ന അവസ്ഥയുണ്ടാക്കി. ആ ഉത്തരവിന്റെ ഉദ്ദേശ്യം തന്നെ ടിപി കേസ് പ്രതികൾക്കു ശിക്ഷാ ഇളവു നൽകുക എന്നതാണെന്ന് വി ഡി സതീശൻ അറിയിച്ചു.

ഇപ്പോൾ സ്പീക്കർ പറയുന്നത് സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ്. എന്നാൽ കത്തുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ശിക്ഷാ ഇളവു നൽകുമ്പോൾ ഇരകളുടെ കുടുംബത്തോടും അഭിപ്രായം തേടണമെന്നുണ്ട്. ഇവിടെ പൊലീസ് ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ മൊഴിയെടുത്തിട്ടുണ്ട്. അപ്പോൾ നടപടിക്രമങ്ങളുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നുവെന്നു വ്യക്തം. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് എങ്ങനെയാണു സർക്കാരിനു വേണ്ടി സ്പീക്കർ പറയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് നിർദ്ദേശിച്ച് ബിജെപി. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓംബിർല. പതിനേഴാം ലോക്‌സഭയിലും ഓം ബിർല സ്പീക്കറായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുന്നുണ്ട്. ഓം ബിർളയെ പിന്തുണക്കുന്നതിലുളള എതിർപ്പ് കോൺഗ്രസ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികളോട് മുന്നോട്ടു വെച്ചിട്ടുണ്ട്.

ഇതിനിടെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും പതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് മത്സരം ഒഴിവാക്കാനുളള സമവായം തേടിയാണ് പ്രതിപക്ഷ നേതാക്കളെ രാജ്‌നാഥ് സിംഗ് സന്ദർശിച്ചത്.

ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്‌നാഥ് സിംഗ് ബന്ധപ്പെട്ടു.

തിരുവനന്തപുരം: ജനങ്ങളോട് ഇടപെടുമ്പോൾ കൂറും വിനയവും വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അസഹിഷ്ണുത പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.

അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന അനിവാര്യമാണെന്നും ബിനോയ് വിശ്വം വിശദമാക്കി. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയിൽ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 13കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 12നാണ് കുട്ടി മരിച്ചത്. മരണകാരണം അത്യപൂർവ അമീബയെന്നാണ് പരിശോധനാ ഫലം. ഛർദ്ദിയും തലവേദനയും ബാധിച്ച കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങൾ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവ്. എന്നാൽ, ഈ കുട്ടിയ്ക്ക് പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മേയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. നട്ടെല്ലിൽ നിന്നുള്ള നീരിന്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്സ് കാണപ്പെടുകയും അമീബിക് മെനിൻഞ്ചോ എൻസെഫലൈറ്റസിനുള്ള ആറ് മരുന്നുകൾ നൽകുകയും ചെയ്തിരുന്നു.

കണ്ണൂർ: പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താഴേത്തട്ടിൽ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പാർട്ടി കമ്മിറ്റികളിൽ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ വീണ വിജയൻ മറുപടി പറയാത്തതെന്തെന്നും എ കെ ബാലനെപ്പോലുളളവർ മറുപടി പറയേണ്ടി വരുന്നത് എന്തുകൊണ്ടെന്നും ചോദ്യം ഉയർന്നു. മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളല്ല മറുപടി പറയേണ്ടതെന്നും വീണ വിജയനാണ് മറുപടി പറയേണ്ടതെന്നും നേതാക്കൾ അറിയിച്ചു.

കൊല്ലം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും തിരുവനന്തപുരം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്ന അവസ്ഥയാണുള്ളത്. ഇടുക്കി നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കണ്ണൂരിലും പാലക്കാട്ടും മരം വീണ് അപകടമുണ്ടായി. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം സംഭവിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.