General (Page 182)

തിരുവനന്തപുരം: തീവ്രമായ മത്സരങ്ങൾ നിറഞ്ഞതും കൊടിയ ചൂഷണങ്ങൾ നിറഞ്ഞതുമായ നിയോലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചൂഷണ വ്യവസ്ഥയെയും അതടിച്ചേൽപ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവർക്കും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ സാധിക്കുന്ന നാളുകൾ യാഥാർത്ഥ്യമാവട്ടെ. ചൂഷണരഹിതമായ ലോകം യാഥാർഥ്യമാക്കാനുള്ള വിമോചന മുന്നേറ്റങ്ങൾക്ക് ദിശാബോധം പകരുന്നതാകട്ടെ ഈ ലഹരി വിരുദ്ധ ദിനമെന്നും അദ്ദേഹം അറിയിച്ചു.

ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നത്. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ലഹരി ഉപഭോഗം കുറച്ചുകൊണ്ടുവരാൻ വിമുക്തി, നോ ടു ഡ്രഗ്‌സ് അടക്കമുള്ള വിപുലമായ പ്രചരണ പരിപാടികൾ എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തുകയും ചെയതു. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു.

സിഐടിയു പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിൽ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്‌കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം നിർത്തിയേക്കും.

ന്യൂഡൽഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു. ശബ്ദ വോട്ടോടെയാണ് അദ്ദേഹത്തെ സ്പീക്കറായി തിരഞ്ഞെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് അദ്ദേഹം.

സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി. ഓം ബിർളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്.

കൊടിക്കുന്നിൽ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാൽ, ശബ്ദവോട്ടിൽ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു. ഓം ബിർളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങൾ എഴുന്നേറ്റു നിന്ന് അനുമോദിച്ചു. സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ആനയിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പരസ്പരം ഹസ്തദാനം ചെയ്ത്.

തിരുവനന്തപുരം: കേരളത്തിലെ ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കാൻ തയാറെടുക്കുകയാണ് കുടുംബശ്രീ. ‘ഹാപ്പി കേരളം’ എന്ന ആശയത്തിലൂന്നിയുള്ള ‘ഹാപ്പിനസ് സെന്ററുകളി’ലൂടെ. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്.എൻ.എച്ച്.ഡബ്ല്യു (ഫുഡ്. ന്യുട്രീഷ്യൻ. ഹെൽത്ത് ആൻഡ് വാഷ്) പ്രവർത്തനങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ 168 മാതൃകാ സി.ഡി.എസുകളിൽ ഓഗസ്റ്റ് 17ഓട് കൂടി ഹാപ്പിനസ് സെന്ററുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.

എന്താണ് ഹാപ്പിനസ് സെന്ററുകൾ

സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഹാപ്പിനസ് സെന്ററുകളിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഏറെ നവീനമായ ഈ ആശയം പ്രാവർത്തികമാക്കുന്നതോടെ ഹാപ്പിനസ് ഇൻഡക്സിൽ മുന്നേറാനും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറാനും കേരളത്തിനാകും. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്പോർട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങീ വിവിധ മേഖലകളിൽ ഒരു വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകൾ പരിഹരിച്ച് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് പദ്ധതിക്കായി ആസൂത്രണം ചെയ്യുന്നത്. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകരമാകുന്ന രീതിയിലായിരിക്കും പദ്ധതി നടത്തിപ്പ്.

പ്രവർത്തനം

ഹാപ്പിനസ് സെന്ററുകൾ സ്ഥാപിക്കുന്ന മാതൃകാ സി.ഡി.എസുകളിലെ കുടുംബങ്ങൾ കേന്ദ്രീകരിച്ച് സർവ്വേ നടത്തുകയും ആ കുടുംബങ്ങളുടെ ഹാപ്പിനസ് ഇൻഡക്സ് ഉയർത്തനാവശ്യമായ സൂക്ഷ്മതല പദ്ധതി തയാറാക്കുകയും ചെയ്യും. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിനണങ്ങുന്ന സന്തോഷ സൂചിക തയാറാക്കുകയും വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയ ശേഷം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും.

പദ്ധതി നടത്തിപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യ പങ്കാളിയാകുന്നതിനോടൊപ്പം ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, വനം തുടങ്ങി വിവിധ വകുപ്പുകളുമായും കുടുംബശ്രീ സംയോജിക്കും. കൂടാതെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായും ഏകോപിപ്പിക്കും.

പദ്ധതിയുടെ രീതിശാസ്ത്രം, മാർഗരേഖ എന്നിവ തയ്യാറാക്കുന്നതിന്റെ ആശയരൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ജൂൺ 20,21 തീയതികളിൽ ദ്വിദിന ശിൽപ്പശാലയും സംഘടിപ്പിച്ചു. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കലയും സാഹിത്യവും, സ്പോർട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ച് ആശയരൂപീകരണം നടത്തി. ശിൽപ്പശാലയിൽ ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് പ്രവർത്തനരീതിയും മാർഗരേഖയും തയ്യാറാക്കും.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി. ശ്രീജിത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി. ഡോ. അബ്ബാസ് അലി ടി.കെ, ഡോ. റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ. പീജാ രാജൻ, ഡോ. ഉണ്ണിമോൾ, ഡോ. ശ്രീലേഖ ടി.ജെ, ഡോ. രമേഷ്. കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശൻ, സതീഷ് കുമാർ. കെ., രാജീവ്. ആർ, റാഫി. പി, സുനിത എന്നിവർ വിവിധ ആശയങ്ങൾ അവതരിപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ കൃഷ്ണകുമാരി ആർ സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത നന്ദിയും പറഞ്ഞു.

മലപ്പുറം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചതിനെതിരെ വിമർശനവുമായി മുസ്ലിംലീഗ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ മലപ്പുറത്ത് മാത്രമായി സംസ്ഥാന സർക്കാർ രണ്ടംഗ കമ്മിഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയാണെന്നാണ് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി വ്യക്തമാക്കുന്നത്. ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നാണ് ലീഗിന്റെ കുറ്റപ്പെടുത്തൽ.

വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്‌നമുണ്ട്. അത് മറച്ചു വെക്കാൻ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണ്. യഥാർത്ഥത്തിൽ സീറ്റ് കിട്ടാത്തവരുടെ കണക്കുകൾ ഇതിനേക്കാൾ വലുതാണ്. വയനാടും കണ്ണൂരും കോഴിക്കോട്ടുമെല്ലാം പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർത്തികേയൻ കമ്മിഷൻ, ലബ്ബ കമ്മിഷൻ റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞ സർക്കാർ വീണ്ടും സമിതിയെ വെച്ചത് കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ട്. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള എല്ലാ ജില്ലകളിലെയും പ്രശ്നം പരിഹരിച്ചേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡൽഹി മുഖ്യമന്ത്രി അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത് സിബിഐയാണ്. പിന്നീടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കേജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത് ഇഡി കേസിലാണ്. ബുധനാഴ്ച കേജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീൽ നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അതേസമയം, നടപടിക്കെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി. കേജ്രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി കുറ്റപ്പെടുത്തി.

കൊച്ചി: 28 വർഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എം വി നികേഷ് കുമാർ. റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ നിന്നും നികേഷ് കുമാർ ഒഴിഞ്ഞു.

ഇനി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് നികേഷ് കുമാറിന്റെ തീരുമാനം. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു.

2016ൽ എൽഡിഎഫ് സ്ഥാനാർഥിയായി നികേഷ് കുമാർ കണ്ണൂർ അഴീക്കോട് മത്സരിച്ചിരുന്നു. എന്നാൽ, മുസ്ലിം ലീഗ് സ്ഥാനാർഥി കെ എം ഷാജിയോട് പരാജയപ്പെടുകയായിരുന്നു. 2003 ൽ ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റ നികേഷ് കുമാർ പിന്നീട് 2011ൽ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചിരുന്നു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനാണ് നികേഷ് കുമാർ. 1973 മെയ് 28 നാണ് എം വി നികേഷ് കുമാർ ജനിച്ചത്.

തിരുവനന്തപുരം: പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്‌സിൽ നടന്ന ചർച്ചയിൽ 15 വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് അംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അക്കാദമിക്‌സ് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത പ്രവേശന നടപടികൾ സ്വീകരിക്കും.

മലപ്പുറത്ത് സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയ്ഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണുള്ളത്. ഇപ്പോൾ ജില്ലയിൽ ഹയർ സെക്കൻഡറി രണ്ടാം വർഷത്തിൽ 66,024 കുട്ടികൾ പഠിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

സപ്ലിമെന്ററി അലോട്ട്‌മെന്റോടുകൂടി പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. വിഷയ കോമ്പിനേഷന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിച്ചപ്പോൾ സയൻസ് സീറ്റുകൾ അധികമാണെന്നാണ് കണ്ടെത്തിയത്. എന്നാൽ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സീറ്റുകൾ കുറവാണെന്നും കണ്ടെത്തി. നിലമ്പൂർ, ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിലവിൽ 4431 സയൻസ് സീറ്റുകൾ കൂടുതലാണ്. എന്നാൽ ഹ്യൂമാനിറ്റീസിൽ 3816 സീറ്റും കൊമേഴ്‌സിൽ 3405 സീറ്റും കുറവാണ്. കഴിഞ്ഞ വർഷം പ്രവേശനം പൂർത്തീകരിച്ച അവസരത്തിൽ മലപ്പുറം ജില്ലയിൽ 4952 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

ഇത്തവണ മലപ്പുറം ജില്ലയിൽ 53762 പേർ പ്രവേശനം നേടിക്കഴിഞ്ഞു. ഒന്നും രണ്ടും മൂന്നും അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ജൂലൈ രണ്ടിന് ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. അലോട്ട്‌മെന്റ് എട്ടാം തീയതി ആരംഭിക്കും. ഒറ്റദിവസം കൊണ്ട് അലോട്ട്‌മെന്റ് പൂർത്തിയാകും. 8,9 തീയതികളിൽ പ്രവേശനം നടക്കും. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക് തല സ്ഥിതി വിവരക്കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചു കഴിഞ്ഞു.

നിലവിൽ ജൂലൈ 31 നകം പ്ലസ് വൺ പ്രവേശനം അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസ് നഷ്ടമാകുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നൽകി പഠനവിടവ് നികത്താനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ചർച്ച വളരെ സൗഹാർദപരവും ആരോഗ്യപരവുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം സ്‌കോൾ കേരള (പ്രൈവറ്റ് രജിസ്‌ട്രേഷൻ) അപേക്ഷ ക്ഷണിച്ചാൽ മതിയെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ചു. കഴിഞ്ഞ വർഷം മലപ്പുറത്ത് മാത്രം 12000 ത്തോളം വിദ്യാർഥികൾ സ്‌കോൾ കേരളയിൽ ഉണ്ടായിരുന്നു. അലോട്ട്‌മെന്റ് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ സംഘടനകൾ ആവശ്യപ്പെട്ടതായും വിദഗ്ധർ ഇതുസംബന്ധിച്ച പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

ലഖ്നൗ: പരീക്ഷാ ക്രമക്കേട് നടത്തുന്നവർക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. നിയമസഭാ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെയും ആർ.ഒ.-എ.ആർ.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ചോർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി.

പബ്ലിക് സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾ, പ്രൊമോഷൻ പരീക്ഷകൾ, ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയുടെ പ്രവേശന പരീക്ഷകൾ എന്നിവയാണ് നിർദിഷ്ട ഓർഡിനൻസിന്റെ പരിധിയിൽ വരുന്നത്. ഉത്തർ പ്രദേശ് പബ്ലിക് എക്സാമിനേഷൻസ് ഓർഡിനൻസ് 2024 എന്ന പേരിലാണ് സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടു വരുന്നത്. കൂടാതെ വ്യാജ ചോദ്യപേപ്പർ വിതരണം ചെയ്യുന്നതും വ്യാജ തൊഴിൽ വെബ്സൈറ്റുകൾ സൃഷ്ടിക്കുന്നതും കുറ്റകരമാണ്. രണ്ടുവർഷം മുതൽ ജീവപര്യന്തം തടവും ഒരു കോടിരൂപ വരെ പിഴയുമാണ് കുറ്റക്കാർക്ക് ലഭിക്കുക.

ഓർഡിനൻസ് കൊണ്ടുവരാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് ഇപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നില്ലാത്തതിനാലാണ്. നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകൾ രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് വഴിതെളിച്ച സാഹചര്യത്തിലാണ് യു പി സർക്കാരിന്റെ നീക്കം.

പരീക്ഷകൾ മുടങ്ങുന്ന സാഹചര്യം രൂപപ്പെടുന്ന പക്ഷം കാരണക്കാരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിന് പുറമെ ക്രമക്കേട് നടത്തുന്ന കമ്പനികളെയും സേവനദാതാക്കളെയും കരിമ്പട്ടികയിൽപ്പെടുത്തും.

കൊൽക്കത്ത: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അവരുടെ കൊൽക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ൽ പ്രവർത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് അടച്ചു പൂട്ടുന്നത്. മാരി ഗോൾഡ്, ഗുഡ് ഡേ ബിസ്‌ക്കറ്റുകൾ ജനപ്രീയമാക്കിയ കമ്പനിയാണ് ബ്രിട്ടാണിയ. ഫാക്ടറി അടച്ചു പൂട്ടുന്നത് ജീവനക്കാർക്കും ഏറെ വിഷമകരമായിരുന്നു. ജൂൺ 20ന് കമ്പനി മുന്നേട്ട് വച്ച വിഅർഎസ് പദ്ധതി സ്ഥിര ജീവനക്കാരെല്ലാം അംഗീകരിച്ചു. നടപടി കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഉടമകൾ വ്യക്തമാക്കി.

കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ടറാടതലയിലെ ഫാക്ടറി പൂട്ടുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ടറാടതല ഫാക്ടറി വ്യാപിച്ചുകിടക്കുന്നത് കൊൽക്കത്ത പോർട്ട് ട്രസ്റ്റിൽ നിന്ന് 2048 വരെ പാട്ടത്തിനെടുത്ത 11 ഏക്കർ പാട്ടഭൂമിയിലാണ്. 150 ഓളം ജീവനക്കാരെ ഫാക്ടറി അടച്ചുപൂട്ടുന്നത് ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫാക്ടറി അടച്ചു പൂട്ടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി പങ്കാളികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രവർത്തനം അവസാനിപ്പിക്കുന്നെങ്കിലും 24 വർഷത്തേക്കുകൂടി പാട്ട കരാർ നിലനിൽക്കുന്നുണ്ട്.