നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് കോടതിയിൽ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിവേദനം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയിൽ സൂക്ഷിച്ചിരിക്കെ തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ. ‘അതിജീവിതയായ നടിക്കൊപ്പം’ എന്ന കൂട്ടായ്മയാണ് കോടതി ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 100-ലേറെ സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകർ ചേർന്നാണ് നിവേദനം നൽകിയത്. കെ കെ രമയും കെ ആർ മീരയും സാറാ ജോസഫും ഉൾപ്പെടെയുള്ള പ്രമുഖർ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

കുറ്റവാളികളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷിക്കണമെന്നുമാണ് ആവശ്യം. കോടതികളിലെ രേഖകളും തെളിവുകളും സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മാനദണ്ഡം വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.