General (Page 184)

തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള പ്രശ്നങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ തകരുന്നതിനു കാരണമാകുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹർബാല ഭവനിൽ നടത്തിയ രണ്ടു ദിവസത്തെ ജില്ലാതല അദാലത്തിനു ശേഷം വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

കൂൾ എന്ന പേരിലുള്ള ലഹരി വസ്തു കുട്ടികളുടെ ഇടയിൽ പോലും വ്യാപകമായി ലഭ്യമാകുന്നത് ആശങ്കപ്പെടുത്തുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളിൽ ആവശ്യമായവർക്ക് വനിതാ കമ്മിഷൻ കൗൺസലിംഗ് നൽകി വരുന്നുണ്ട്. മദ്യപാനത്തേക്കാൾ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബജീവിതം തകർക്കുന്നതായാണ് കൗൺസലിംഗിലൂടെ മനസിലാക്കുന്നത്. ലഹരിവസ്തുക്കൾക്ക് അടിമകളായവരെ ഡി അഡിക്ഷൻ സെന്ററുകളിലേക്ക് അയയ്ക്കുന്നുണ്ട്. ജില്ലാ ഹോമിയോ ആശുപത്രിയുടെ ഭാഗമായ സീതാലയം ക്ലിനിക്കുകളിൽ ലഭ്യമായിട്ടുള്ള കൗൺസലിംഗും ലഹരിമോചന ചികിത്സയും ആവശ്യമുള്ളവർക്ക് വനിതാ കമ്മിഷൻ ഇടപെട്ട് ലഭ്യമാക്കുന്നു.

തിരുവനന്തപുരം ജില്ലാതല അദാലത്തിൽ ലഭിച്ച പരാതികളിൽ നല്ലൊരു ശതമാനം വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ്. വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നു. ഭർത്താവിന്റെയും ഭാര്യയുടെയും വിവാഹേതര ബന്ധങ്ങൾ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുമ്പോൾ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. വിവാഹം കഴിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളിലാണ് വിവാഹ ബന്ധങ്ങൾ തകരുന്നത്. വധുവിന് സ്വന്തം വീട്ടിൽ നിന്നു വിവാഹ സമയത്ത് ലഭിച്ച സ്വത്തുവകകൾ ഭർത്താവും ഭർത്തൃബന്ധുക്കളും കൈവശപ്പെടുത്തിയെന്നും ഇതു തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതികൾ കമ്മിഷനു ലഭിക്കുന്നുണ്ട്. വിവാഹ സമയത്ത് ലഭിക്കുന്ന ഭൂസ്വത്ത് ഉൾപ്പെടെ എല്ലാ പാരിതോഷികങ്ങളും വധുവിന് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാകണം. ഭർത്തൃവീട്ടുകാർക്ക് നൽകേണ്ടതാണെന്ന ധാരണയിലാണ് ഇതൊക്കെ നൽകുന്നത്. നൽകി കഴിഞ്ഞാൽ തന്നെ, പാരിതോഷികമായതു കൊണ്ട് സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിലും വരുന്നില്ല. ഇതു തിരികെ കിട്ടാനുള്ള സാഹചര്യവും ഉണ്ടാകുന്നില്ല. അതിനാൽ, വിവാഹ സമയത്ത് നൽകുന്ന എല്ലാ സ്വത്തുവകകളും പെൺകുട്ടിയുടെ കുടുംബജീവിതം സുഗമമാക്കുന്നതിന് നൽകുന്നതാണെന്ന ധാരണ നൽകുന്ന ആളുകൾക്കും ഭർത്തൃവീട്ടുകാർക്കും ഉണ്ടാകണം. ഇതുസംബന്ധിച്ച് നല്ല ബോധവൽക്കരണം പൊതുസമൂഹത്തിന് അനിവാര്യമാണെന്ന് കമ്മിഷനു മുൻപാകെ വരുന്ന പരാതികളിലൂടെ മനസിലാക്കുന്നു. വിവാഹ സമയത്ത് പാരിതോഷികമായി നൽകുന്ന സ്വത്തുവകകൾ, ആഭരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് രേഖ ഉണ്ടാക്കി സൂക്ഷിക്കുന്നത് ഉചിതമായിരിക്കും.

വിവാഹ പൂർവ കൗൺസലിംഗ് നിർബന്ധമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. കൗൺസലിംഗിന് വിധേയമായിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് വിവാഹ രജിസ്ട്രേഷൻ സമയത്ത് ദമ്പതിമാരിൽ നിന്നു സ്വീകരിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധിവരെ പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് സഹായകമാകും. തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ വരുന്നുണ്ട്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് നിയമം അനുശാസിച്ചിട്ടുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണൽ കമ്മറ്റി ഇല്ല എന്ന് നേരത്തെ തന്നെ വനിതാ കമ്മിഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന രൂപത്തിലുള്ള പരാതി പരിഹാര സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് തൊഴിൽ ഉടമ ഉറപ്പാക്കണം. പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന വിവരം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും എല്ലാ ജീവനക്കാരേയും വിവരം അറിയിക്കുകയും ചെയ്യണം.

രണ്ടു ദിവസത്തെ തിരുവനന്തപുരം ജില്ലാതല അദാലത്തിൽ ആകെ 39 പരാതികൾ തീർപ്പാക്കി. 10 പരാതികൾ റിപ്പോർട്ടിനായും ഏഴു പരാതികൾ കൗൺസലിംഗിനായും അയച്ചു. 344 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. ആകെ 400 പരാതികളാണ് പരിഗണനയ്ക്കു വന്നത്. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, സിഐ ജോസ് കുര്യൻ, അഭിഭാഷകരായ രജിത റാണി, സോണിയ സ്റ്റീഫൻ, സുമയ്യ, അശ്വതി, സിന്ധു, സൂര്യ, കാവ്യ പ്രകാശ്, സരിത, കൗൺസലർ ശോഭ, കവിത എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികൾ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നുവെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

സ്വാതന്ത്രം ലഭിച്ച ശേഷവും ഭരണഘടനയിൽ ഗവൺമെന്റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ വർഷം പേര് മാറ്റത്തിൽ നിയമസഭ പ്രമേയം പാസാക്കിയിരിന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശം. ഇതേത്തുടർന്നാണ് പുതിയ പ്രമേയം അവതരിപ്പിച്ചത്.

മോസ്‌കോ: റഷ്യയിലെ ആരാധനാലയങ്ങളിൽ ആക്രമണം. പോലീസുകാർ ഉൾപ്പെടെ നിരവധി പേരാണ് റഷ്യയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരിക്കുന്നത്. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവയ്പ് ഉണ്ടായത്.

സംഭവത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭീകരാക്രമാണിതെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നത്. പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനും പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. അക്രമികൾ മുഴുവൻ പിടിയിലായോയെന്ന കാര്യം വ്യക്തമല്ല.

അതേസമയം, ആക്രമണത്തിന് പിന്നിൽ യുക്രെയിനാണെന്ന ചർച്ച ഉയർത്താനാണ് റഷ്യയുടെ നീക്കം. അനൗദ്യോഗികമായി ഇത്തരം ആരോപണങ്ങളും റഷ്യ നടത്തുന്നുണ്ട്.

ന്യൂഡൽഹി: നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്സാമിനേഷൻ ആക്ട് 2024 ) ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. പരീക്ഷാ നടത്തിപ്പിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ആദ്യം പരാതി നൽകേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്ന സാഹചര്യം രാജ്യത്ത് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

റീജിയണൽ ഓഫീസറുടെ റിപ്പോർട്ടും പരാതിക്കൊപ്പം നൽകണം. പരാതി ലഭിച്ചാൽ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. അന്വേഷണ സമിതിയുടെ അധ്യക്ഷൻ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം നിഷ്‌കർഷിക്കുന്നത്.

ന്യൂഡൽഹി: ലോക്‌സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി. മലയാളത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. മൂന്നാം മോദി മന്ത്രിസഭയിലെ പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയാണ് സുരേഷ് ഗോപി.

സത്യവാചകം ചൊല്ലുന്നതിനുമുമ്പായി അദ്ദേഹം നേർത്ത ശബ്ദത്തിൽ ‘കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ’ എന്ന് പ്രാർഥിക്കുകയും ചെയ്തു. പതിനെട്ടാം ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രധാനമന്ത്രിയുടെയും എംപിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നു. മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മക്ക: ഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1,300 കടന്നു. മരണപ്പെട്ടവരിൽ 98 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. മരിച്ച 1,301 പേരിൽ 83 ശതമാനവും അനധികൃത തീർത്ഥാടകരാണെന്നും സൗദി ആരോഗ്യ മന്ത്രി ഫഹ്ദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ വ്യക്തമാക്കിയിട്ടുണ്ട്. 95 തീർത്ഥാടകർ ആശുപത്രികളിൽ ചികിത്സയിൽ കവിയുന്നുണ്ട്. ഇവരിൽ ചിലരെ വിമാന മാർഗം റിയാദിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

മരണപ്പെട്ട പല തീർത്ഥാടകരുടെയും പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണം. മരിച്ചവരെ മക്കയിൽ അടക്കം ചെയ്തതായി ആരോഗ്യ മന്ത്രി പറഞ്ഞു. മരണപ്പെട്ടവരിൽ 600 ഓളം പേർ ഈജിപ്റ്റിൽ നിന്നുള്ളവരാണ്. ഇവരിൽ 31 പേർ ഒഴികെ ബാക്കി എല്ലാവരും അനധികൃത തീർത്ഥാടകരാണെന്നാണ് വിവരം. അനധികൃതമായി തീർത്ഥാടകരെ സൗദിയിലേക്ക് കയറ്റിവിട്ട 16 ട്രാവൽ ഏജൻസികളുടെ ലൈസൻസ് ഈജിപ്റ്റ് റദ്ദാക്കിയതായാണ് റിപ്പോർട്ട്. അനധികൃത തീർത്ഥാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

മരണപ്പെട്ടവരിൽ 165 പേർ ഇന്തോനേഷ്യയിൽ നിന്നുള്ളവരാണ്. രണ്ട് യുഎസ് പൗരന്മാർ മരിച്ചതായും റിപ്പോർട്ടുണ്ട്. കടുത്ത ചൂടിൽ നിരവധി പേർ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ചിലർ ഛർദ്ദിച്ച ശേഷം കുഴഞ്ഞുവീണതായും പറയുന്നു. മക്കയിൽ കനത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ സമരത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും വി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എസ്എഫ്‌ഐ മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്‌സൽ പറഞ്ഞു. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തങ്ങൾ പ്രതിജ്ഞ എടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ഒരുമിച്ച് ചേർത്തുകൊണ്ട് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാവരേയും ഒരുമിച്ചുചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകൾ ഉണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യം നല്ല പ്രതിപക്ഷമാണ്, ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷമാണ്. പാർലമെന്റിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് സംവാദങ്ങളാണ്, അല്ലാതെ നാടകങ്ങളും ബഹളങ്ങളുമല്ല. ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കുംവിധത്തിൽ, ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രതിപക്ഷം പ്രവർത്തിക്കുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനുമേൽ വീണ കളങ്കമായിരുന്നു അടിയന്തരാവസ്ഥ. ജൂൺ 25-ന് ജനാധിപത്യത്തിന് മുകളിൽ വീണ കളങ്കത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടന പൂർണ്ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വം ഉള്ളടത്തോളം കാലം സി പി എം കേരളത്തിൽ രക്ഷപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് സിപിഎമ്മാണ്. സിപിഎമ്മിന്റെ ഉദ്യോഗസ്ഥർ 5600 വോട്ട് ബിജെപിക്ക് ചേർത്ത് കൊടുത്തു. കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേർത്ത് കൊടുത്തത്. ഇഡി അന്വേഷണം നേരിടുന്ന എം കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടി പി കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യുഡിഎഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഏത് ട്രെന്റിലാണ് കേരളത്തിൽ യുഡിഎഫ് വിജയിച്ചതെന്നും ഈ ട്രെന്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്നും യുഡിഎഫ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയും വേണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

സുക്മ: ചത്തിസ്ഗഡിൽ നക്‌സൽ ആക്രമണം. കലാപ ബാധിത പ്രദേശമായ സുക്മയിൽ നടന്ന സ്‌ഫോടനത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാൻമാർ വീരമൃത്യു. വരിച്ചു. സിആർപിഎഫ് കോബ്ര യൂണിറ്റിലെ ജവാൻമാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

റോഡ് ഓപ്പണിങ് പട്രോളിങ്ങിന്റെ ഭാഗമായി ഇരുചക്രവാഹനത്തിലും ട്രക്കിലുമായി സഞ്ചരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. പട്രോളിങ് നടത്തുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ഐഇഡി സ്‌ഫോടനമാണ് നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്. മേഖലയിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഛത്തീസ്ഗഢിൽ നക്‌സൽ ആക്രമണത്തിൽ രണ്ട് സി.ആർ. പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

സിആർപിഎഫ് കോബ്ര യൂണിറ്റിലെ ജവാൻ തിരുവനന്തപുരം പാലോട് സ്വദേശി ആർ വിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.