General (Page 174)

പാലക്കാട്: കേരളം കൂടോത്രത്തിന്റേയും നരബലിയുടേയും നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫും എൽഡിഎഫുമാണ് ഇതിന് ഉത്തരവാദികളെന്നും ഇന്ത്യയിൽ എവിടെയെങ്കിലും നരബലി നടക്കുന്നെങ്കിൽ അത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ കൂടോത്രം ചെയ്യുന്ന പതിവ് എങ്ങനെ വന്നുവെന്ന് അവർ തന്നെ പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കെപിസിസി. അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കൾ കണ്ടെടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പരാമർശം.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കെ സുധാകരനും രംഗത്തെത്തിയിരുന്നു. കൂടോത്രം ഇപ്പോൾ കണ്ടെടുത്തത് അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചുകാലം മുൻപുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.

തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജനതകളുടെ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമാണ് നാടൻകലകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഫോക്ലോർ അക്കാദമി പുരസ്‌കാര സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടൻകലകളെ സംരക്ഷിക്കുക എന്നതിനർത്ഥം നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ അത്തരം കലകളുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ അതിജീവനത്തിനും വേണ്ടതു ചെയ്യണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു നാട്ടിൽ നിന്ന് ഒരു കല അന്യമായാൽ ആ നാടിന്റെ ചരിത്രമാണ് ഇല്ലാതാകുന്നത്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. ആ സമയത്ത് ചിലർ വലിയ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. കേരളീയത്തിൽ പങ്കെടുക്കാൻ ആളുണ്ടാവില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യദിവസം മുതൽ തന്നെ 30 വേദികളിലേക്കുമുണ്ടായ ആളൊഴുക്ക്. ഓരോ ദിവസവും ഏതാണ്ട് മൂന്നുലക്ഷം പേരാണ് കേരളീയത്തിൽ പങ്കെടുക്കാനായി നഗരത്തിലേക്കെത്തിയത്.

ഒരു ആരോപണവും വിലപ്പോകാതെ വന്നപ്പോൾ കേരളീയത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഫോക്ലോർ അക്കാദമി അവതരിപ്പിച്ച ‘ആദിമം’ എന്ന പരിപാടിയെ അവർ ആക്രമിച്ചു. ആദിവാസികളെ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. അതിനെതിരെ ആദിവാസി കലാകാരന്മാർ തന്നെ രംഗത്തെത്തി. കേരള സർക്കാർ, ഫോക്ലോർ അക്കാദമിയിലൂടെ നൽകുന്ന അവസരങ്ങളും ആനുകൂല്യങ്ങളും അവർ അക്കമിട്ടുനിരത്തി. കേരളീയത്തിൽ നിന്ന് ആദിവാസികൾക്കും ആദിവാസി കലകൾക്കും ലഭിച്ച സ്വീകാര്യത അവർ വ്യക്തമാക്കി. അങ്ങനെ സർക്കാരിനെ കരിവാരിത്തേക്കുവാനുള്ള ചിലരുടെ അവസാന ശ്രമവും വൃഥാവിലായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ് നാടൻകലകളുടെ ചരിത്രം. അധ്വാനത്തിന്റെ ആയാസം കുറയ്ക്കുവാൻ തൊഴിലിടങ്ങളിൽ ഒത്തുചേർന്ന് പണിയെടുക്കുന്നവർ അവതരിപ്പിച്ച കലകളാണ് അവയിൽ അധികവും. നാടൻകലകളിലൂടെ അവർ ഒരുമയുടെ താളം ചേർത്തു. ആ കലകളിലൂടെ അവർ പങ്കുവെച്ചത് അവരുടെ ജീവിതാനുഭവങ്ങളാണ്. സന്തോഷവും സങ്കടവും, ആശയും നിരാശയും, ആശങ്കയും പ്രതീക്ഷയും ഒക്കെ പ്രകടിപ്പിക്കുവാനുള്ള മാധ്യമമായി അവർ കലയെ രൂപപ്പെടുത്തി. ജനങ്ങളിൽ സാമൂഹികബോധം വളർത്തുന്നതിനും അസമത്വങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്നതിനുമുള്ള ഉപകരണമായും നാടൻകലകളെ അവർ ഉപയോഗിച്ചു. അനുഷ്ഠാന കലകളായി നാം അവതരിപ്പിക്കുന്ന നാടൻകലകളുടെ ആവിഷ്‌ക്കാരം ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. വഴി നടക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനത, തങ്ങൾ തന്നെയാണ് ദൈവം എന്നു പ്രഖ്യാപിച്ചുകൊണ്ട്, കാവുകളിലും കുളങ്ങളിലും നിറഞ്ഞാടുന്ന വലിയ വിപ്ലവാത്മകത അനുഷ്ഠാന കലകളിൽ കാണാനാകും.

അടിസ്ഥാന ജനതയ്ക്ക് ആരാധിക്കുവാനുള്ള അവകാശം പ്രഖ്യാപിച്ച മുത്തപ്പൻ തെയ്യവും ‘നീങ്കളെ കൊത്ത്യാലും ഒന്നല്ലെ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര’ എന്നു സർവ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ തെയ്യവും അസമത്വത്തിനെതിരായ പ്രതികരണത്തിന്റെ പ്രതീകങ്ങളാണ്. അന്ധകാരം നിറഞ്ഞ സാമൂഹിക വ്യവസ്ഥിതിക്കെതിരെ ആർജവത്തോടെ പ്രതികരിക്കാൻ അതതു കാലങ്ങളിൽ രൂപപ്പെട്ട വിജ്ഞാന ശാഖകൾ കൂടിയാണ് നാടൻകലകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ കേരള ഫോക്ലോർ അക്കാദമി കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയാണ്. കേരളത്തിന്റെ നാടൻകലകളുടെ ഖ്യാതി ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും പൈതൃക ടൂറിസത്തിന്റെ ഭാഗമായി ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുമായി സർക്കാർ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ കൂടി നടപ്പാകുന്നതോടെ നാടൻ കലാ അക്കാദമിക്കും നാടൻ കലാകാരന്മാർക്കും സാംസ്‌കാരിക ലോകത്ത് വലിയ സ്ഥാനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സമരാധിഷ്ഠിത സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പേരുകൂടിയാണ് ഫോക്ലോർ എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം രൂപയും വെങ്കല ശിൽപവും കീർത്തിപത്രവും ഉൾപ്പെടുന്ന പി.കെ കാളൻ പുരസ്‌കാരം ചിമ്മാനക്കളി ആചാര്യൻ കെ. കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു. അസുഖബാധിതനായ അദ്ദേഹത്തിന് പകരം മകളുടെ ഭർത്താവാണ് പുരസ്‌കാരം സ്വീകരിച്ചത്.

തുടർന്ന് 157 കലാകാരന്മാർക്കുള്ള അക്കാദമി അവാർഡ് സമർപ്പണം വേദിയിൽ നടന്നു. 11 ഫെലോഷിപ്പുകൾ, 14 ഗുരുപൂജ, 107 അവാർഡുകൾ, 17 യുവ പ്രതിഭ, 2 ഗ്രന്ഥരചന, 1 ഡോക്യുമെന്ററി, 5 എം എ ഫോക് ലോർ എന്നിവ ഉൾപ്പെടെ 157 പുരസ്‌കാരങ്ങളാണ് വേദിയിൽ വിതരണം ചെയ്തത്. വി.കെ പ്രശാന്ത് എം.എൽ.എ, കെ.വി സുമേഷ് എംഎൽഎ എന്നിവർ വിശിഷ്ട സാന്നിധ്യമായി.

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, തെയ്യം കലാകാരൻ ഇ പി നാരായണൻ പെരുവണ്ണാൻ, ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, കെ വി കുഞ്ഞിരാമൻ, പ്രസീത ചാലക്കുടി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഫോക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി എ വി അജയകുമാർ നന്ദിയും പറഞ്ഞു. പുരസ്‌കാരസമർപ്പണ സന്ധ്യയോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണി മുതൽ നാടൻപാട്ടും നാടൻ കലകളുടെ അവതരണവും നടന്നു.

കണ്ണൂർ: തന്റെ വീട്ടിൽ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൂടോത്രം ഇപ്പോൾ കണ്ടെടുത്തത് അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചുകാലം മുൻപുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.

തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധാകരന്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കേൾക്കാം. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ വീഡിയോയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം: താൻ സിനിമ ചെയ്യുമെന്നും ആ സിനിമകളിൽ നിന്ന് തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ചു മുതൽ എട്ട് ശതമാനം ജനങ്ങൾക്ക് നൽകുമെന്നും കേന്ദ്രമന്ത്രിയും എംപിയും നടനുമായ സുരേഷ് ഗോപി. അത് നൽകാനേ തനിക്ക് അവകാശമുള്ളൂ. കണക്കുകൾ ഒക്കെ കൊടുക്കേണ്ടതാണ്. അങ്ങനെ ലഭിക്കുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുന്നത്. ജനങ്ങൾക്ക് മൊത്തത്തിൽ ഉപകാരപ്രദമാകുന്ന രീതിയിൽ ആയിരിക്കും അത് നൽകുക. അതിന് പിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടനങ്ങൾക്ക് എംപിയെ കൊണ്ടുപോയി ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട. ഉദ്ഘാടനത്തിന് സിനിമാ നടനായി മാത്രമേ പോകുകയുള്ളൂ. അതും യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്നതുപോലെ വാങ്ങിയേ പോകൂ. ആ കാശിൽ നിന്ന് നയാ പൈസ താൻ എടുക്കില്ല. അതെന്റെ ട്രസ്റ്റിലേക്ക് പോകും. അത് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിയിൽ ആയിരിക്കും. അതിപ്പോഴേ ഞാൻ അടച്ചു കഴിഞ്ഞു. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ലെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്‌സ് കുട്ടികളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇതിനായി മുൻവർഷം നൽകിയ 9,000 റോബോട്ടിക് കിറ്റുകൾക്ക് പുറമെ ഈ വർഷം 20,000 റോബോട്ടിക് കിറ്റുകൾ കൂടി സി.എസ്.ആർ ഫണ്ടുൾപ്പെടെ പ്രയോജനപ്പെടുത്തി സ്‌കൂളുകളിൽ പുതുതായി അടുത്ത മാസം മുതൽ ലഭ്യമാക്കും. ഇതോടെ 29,000 റോബോട്ടിക് കിറ്റുകളാണ് സ്‌കൂളുകളിൽ ലഭ്യമാവുക. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകളിൽ ഈ വർഷം മാത്രം ഇതുവരെ പുതുതായി എട്ടാം ക്ലാസിലെ 66,609 കുട്ടികൾ അംഗങ്ങളായി. യൂറോപ്യൻ രാജ്യമായ ഫിൻലാന്റുൾപ്പെടെ ഈ മാതൃക നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് ഡിജിറ്റൽ പോർട്ടൽ ഈ മാസം മുതൽ നമ്മുടെ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകർക്ക് വിവിധ പാഠഭാഗങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എളുപ്പത്തിലും കാര്യക്ഷമമായും പഠിപ്പിക്കാൻ കഴിയുന്ന വിഭവങ്ങൾക്കു പുറമെ കുട്ടികൾക്കായി പ്രത്യേക പഠനമുറിയും സമഗ്ര പ്ലസ് പോർട്ടലിലുണ്ടാകും. അഞ്ചു വർഷം വാറണ്ടി പൂർത്തിയാക്കിയ ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഹൈടെക് സ്‌കൂൾ പദ്ധതിയിലെ ഉപകരണങ്ങൾക്ക് എ.എം.സി ഏർപ്പെടുത്തി.

അതേ മാതൃകയിൽ ഈവർഷം പ്രൈമറി – അപ്പർപ്രൈമറി വിഭാഗത്തിൽ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 54,916 ലാപ്‌ടോപ്പുകൾക്കും 23,050 പ്രൊജക്ടറുകൾക്കും എ.എം.സി ഏർപ്പെടുത്തും. ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പു വരുത്തുന്നതോടൊപ്പം എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അവശേഷിക്കുന്ന ക്ലാസ്മുറികൾ ഹൈടെക് ആക്കാനും, കേടുപാടുവരുന്നവ പുതുക്കാനും ഈ വർഷം പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. സി.എസ്.ആർ. ഫണ്ടുൾപ്പെടെ ഇതിലേക്കായി ലഭ്യമാക്കും. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും ജൂലൈ 6 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വെള്ളിയാഴ്ച്ച മന്ത്രിതല യോഗം ചേരും. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ജൂലൈ 5 രാവിലെ 10 മണിക്ക് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. വിമാനങ്ങൾ റൺവേയിൽ ഇറങ്ങുന്ന സമയത്തും പറന്നുയരുന്ന സമയത്തും മയിലുകൾ റൺവേയിലേക്ക് കൂട്ടത്തോടെയെത്തുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്. പക്ഷികളെ ഓടിക്കുവാൻ പ്രത്യേക സംഘം ഉണ്ടെങ്കിലും മയിലുകളുടെ എണ്ണം വർധിച്ചതോടെ ഇവർ നിസഹായരായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിതല യോഗം ചേരുന്നത്.

ഷെഡ്യൂൾ ഒന്നിൽപെട്ട പക്ഷിയാണ് മയിൽ. അതിനാൽ തന്നെ ഇവയെ പിടികൂടി മാറ്റണമെങ്കിൽ ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

തിരുവനന്തപുരം: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർക്ക് പിന്തുണയുമായി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാമെന്ന് അദ്ദേഹം അറിയിച്ചു.

പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്‌കർഷിച്ചിട്ടുള്ളതാണ്. തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : കുവൈത്തിലെ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നൽകുക. എം.എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയ്ക്ക് തുക കൈമാറി.

കുവൈത്ത് ദുരന്തത്തിൽ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്കും എം.എ യൂസഫലി ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ വിവരങ്ങൾ നോർക്ക ലഭ്യമാക്കുന്നതനുസരിച്ച് ബാക്കിയുള്ള തുകയും നോർക്കയ്ക്ക് ഉടൻ കൈമാറും.

തിരുവനന്തപുരം: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാനും,പ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന്8കോടി രൂപ കൂടി അനുവദിക്കാനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനു വേണ്ടി ഹൈലെവൽ കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.

കൺസോഷ്യത്തിൽ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് പുറമെ ബാങ്കിന്റെ സ്‌പെഷ്യൽ പാക്കേജിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡിൽ നിന്ന് കൂടുതൽ തുക അനുവദിക്കും.

ബാങ്കിലെ റിക്കറി നടപടികൾ വേഗത്തിലാക്കാൻ രണ്ട് സെയിൽസ് ഓഫീസർമാരെ കൂടി അനുവദിക്കാനും,കേരള ബാങ്കിന്റെ റിക്കവറി ടാസ്‌ക് ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു. നിലവിൽ 124.34 കോടി രൂപ ബാങ്ക് നിക്ഷേപകർക്ക് തിരികെ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് 10.28 കോടി രൂപയുടെ പുതിയ വായ്പയും ബാങ്ക് അനുവദിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു.

കൃത്യമായ ഇടവേളകളിൽ വകുപ്പുതല വിലയിരുത്തലും അഡ്മിസട്രേറ്റീവ് കമ്മിറ്റിയുടെ യോഗങ്ങളും നടത്തി ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. സഹകരണവകുപ്പ് സെക്രട്ടറി രത്തൻ. യു. ഖേൽക്കർ,സഹകരണസംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, കേരള ബാങ്ക് സി.ഇ.ഒ ജോർട്ടി എം ചാക്കോ,തൃശൂർ ജോയിന്റ് രജിസ്ട്രാർ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ ഉന്നത അധികൃതർ ഉറപ്പുനൽകി. സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം പരശുറാം എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. തിരക്കുള്ള മറ്റു ട്രെയിനുകളിലും ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ പറഞ്ഞു. ഷൊർണൂർ- കണ്ണൂർ പാസഞ്ചർ കാസർഗോഡ് വരെ നീട്ടുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അവധിക്കാലങ്ങളിൽ അധിക സർവീസ് ഏർപ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തിൽ സംസ്ഥാന സർക്കാർ ഒരു കലണ്ടർ തയ്യാറാക്കി റെയിൽവേയ്ക്ക് സമർപ്പിക്കും. ഇതുപ്രകാരം സ്‌പെഷ്യൽ സർവീസുകൾ നടത്താനും ഈ സർവീസുകൾ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പുകൾ നൽകാനും ധാരണയായി. ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കാമെന്ന് റെയിൽവേ അറിയിച്ചു. വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിടുന്നത് ഒഴിവാക്കുന്ന കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കും. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയിൻ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്‌സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനും തീരുമാനിച്ചു.

ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ,കെ ആർ ഡി സി എൽ ഡയറക്ടർ അജിത് കുമാർ വി,പാലക്കാട് എഡിആർഎം കെ അനിൽ കുമാർ,പാലക്കാട് ഡിഒഎം ഗോപു ആർ ഉണ്ണിത്താൻ,തിരുവനന്തപുരം സീനിയർ ഡിഒഎം എ വിജയൻ,തിരുവനന്തപുരം സീനിയർ ഡിസിഎം വൈ സെൽവിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.