General (Page 173)

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിന്റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്.

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ.

അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ അതത് വകുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം.

മഴക്കാല മുന്നൊരുക്ക യോഗത്തിന്റെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരണം. ദുരന്ത സാധ്യതകൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിഭവസമാഹരണ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉറപ്പാക്കുകയും വേണം. മഴമുലം അപകടമുണ്ടായാൽ നടത്തേണ്ട തയ്യാറെടുപ്പ് മുൻകൂട്ടി തീരുമാനിക്കണം.

ദുരിതബാധിതരെ താമസിപ്പിക്കാനായി സംഘടിപ്പിക്കുന്ന ക്യാംപുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. മലവെള്ളപ്പാച്ചിൽ സംഭവിക്കാൻ ഇടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. സ്‌കൂളുകളുടെ ചുറ്റുമതിൽ, മേൽക്കൂര, സമീപത്തുള്ള മരങ്ങൾ എന്നിവ അപകടാവസ്ഥയിൽ അല്ലെന്ന് ഉറപ്പാക്കണം. ദുരന്തഘട്ടങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കണം. സ്വകാര്യ ആശുപത്രികളെക്കൂടി ദുരന്തനിവാരണ പ്ലാനിൻറെ ഭാഗമാക്കണം. സാംക്രമിക രോഗങ്ങൾ തടയാൻ നടപടി ത്വരിതപ്പെടുത്തണം. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണം, വെള്ളം ക്ലോറിനേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. പാമ്പ് കടി കൂടുതലാകൻ സാധ്യതയുള്ളതിനാൽ ആവശ്യമായ പ്രതിരോധ മരുന്നുകൾ ആശുപത്രികളിൽ സജീകരിക്കണം. പാമ്പ് കടിക്ക് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണം.

രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതിന് ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും നഗരസഭയ്ക്ക് 3 ലക്ഷം രൂപയും കോർപ്പറേഷന് 5 ലക്ഷം രൂപയും അനുവദനീയമാണ്. ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും നഗരസഭയ്ക്ക് 2 ലക്ഷം രൂപയും കോർപ്പറേഷന് 5 ലക്ഷം രൂപയും ഉപയോഗിക്കാവുന്നതാണ്. ബണ്ട് സംരക്ഷണം, തീരത്തെ വീട് സംരക്ഷണം എന്നിവയ്ക്കായി മണൽ നിറച്ച കയർ ചാക്കുകൾ, ജിയോ ട്യൂബുകൾ, മണൽ ബണ്ടുകൾ, പ്രാദേശികമായി ലഭ്യമാകുന്ന മറ്റ് വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ബണ്ടുകൾ എന്നിവയ്ക്കായി ഓരോ ഗ്രാമപഞ്ചായത്തിനും 4 ലക്ഷം രൂപയും നഗരസഭയ്ക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് 7 ലക്ഷം രൂപയും അനുവദനീയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ഫണ്ട് പ്രയോജനപ്പെടുത്തി അനിവാര്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വി ശിവൻകുട്ടി, ആർ ബിന്ദു, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, കേന്ദ്ര സേനാ പ്രതിനിധികൾ, ദുരന്തനിവാരണ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പർ സെക്രട്ടറി ശേഖർ കുര്യക്കോസ്, ജില്ലാ കളക്ടർമാർ തുങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: ഈ മാസം 11ന് വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. 12ന് ട്രയൽ റൺ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തും. ഏകദേശം 1500 കണ്ടെയ്‌നർ ഉള്ള കപ്പലാണ് വരുന്നത്. അഭിമാനകരമായ മുഹൂർത്തമാണിത്. തുറമുഖത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ പൂർണമായി. റെയിൽ കണക്റ്റിവിറ്റിയും റിങ് റോഡും സജ്ജമാക്കും. 12ന് രാവിലെയോടെയാണ് ട്രയൽ റൺ നടത്തുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ചടങ്ങിന് എത്തും. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. 12ന് എത്തുന്ന കപ്പലിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കമ്മീഷനിംഗ് ഓണത്തിന് നടത്താനായേക്കുമെന്നാണ് കരുതുന്നത്. അന്തിമ തീരുമാനം പിന്നീട് അറിയിക്കും. കമ്മീഷനിങ്ങിന് ശേഷം മാത്രം പിന്നീട് കപ്പലുകൾ എത്തൂ. ഒറ്റ കപ്പൽ മാത്രമാണ് ട്രയൽ റണ്ണിന് എത്തുക. റെയിൽ കണക്ടിവിറ്റി രണ്ട് വർഷത്തിനകം സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ ശ്രീകുമാർ തുങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാൻ കഴിയും വിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇടുക്കി ജില്ലയിൽ വനാതിർത്തിയോട് ചേർന്ന് പട്ടയം ഇല്ലാത്ത ഭൂമിയിൽ കുടിയേറ്റ കർഷകർ തലമുറകളായി ഏലം, കുരുമുളക്, കാപ്പി, കൊക്കോ, ജാതി മുതലായ ദീർഘകാലവിളകൾ കൃഷി ചെയ്തു വരുന്നതായും ഇക്കഴിഞ്ഞ കടുത്ത വരൾച്ചയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായതായും വരൾച്ചയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പട്ടയം ഇല്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാൽ അത്തരം കർഷകരെ കൂടി പരിഗണിക്കണമെന്ന ആവശ്യം കൃഷിക്കാരുടെ ഇടയിൽ നിന്ന് തന്നെ ഉണ്ടായിരുന്നതായും ഇത് പരിഗണിച്ചാണ് ഇപ്പോൾ അനുകൂല ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. വനാതിർത്തിയോട് ചേർന്ന് പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകൾക്ക് നിബന്ധനകൾ പ്രകാരം ഇൻഷുറൻസ് പദ്ധതിയുടെയും കൃഷിവകുപ്പിന്റെ മറ്റ് പദ്ധതികളുടെയും ആനുകൂല്യങ്ങൾ നൽകുവാൻ 2022 ലെ കൃഷിദർശൻ പരിപാടിയിൽ വെച്ച് കൃഷിയിടത്തിൽ നിന്നു തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം: രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെൻ എഐ കോൺക്ലേവ് (International GenAI Conclave) കേരളത്തിൽ. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ലോകോത്തര കമ്പനിയായ ഐബിഎം ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ വച്ച് നടത്തുന്ന കോൺക്ലേവിൽ 1000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രാജ്യത്തെ പ്രധാന ഹബ്ബായി മാറാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ പരിപാടി ആക്കം നൽകും.

കോൺക്ലേവിനു മുന്നോടിയായി ഐബിഎം ഇന്ത്യ സീനിയർ ടെക്‌നിക്കൽ സ്റ്റാഫ് അംഗവും നിർമ്മിത ബുദ്ധി സോഫ്റ്റ് വെയർ രംഗത്തെ പ്രഗത്ഭരുമായ ശ്രീനിവാസൻ മുത്തുസാമി പങ്കെടുത്ത ടെക് ടോക്കുകൾ കേരളത്തിലെ പ്രധാനച്ചെട്ട 3 ഐടി പാർക്കുകളിലും സംഘടിച്ചിരുന്നു. കോൺക്ലേവിനോട് അനുബന്ധിച്ച് ഐബിഎം വാട്ട്സൺ എക്‌സ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന 50-ൽ അധികം സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന ചലഞ്ചിൽ മികച്ച ടീമിന് പുരസ്‌കാരത്തിനു പുറമേ കോൺക്ലേവിൽ പങ്കെടുക്കാനും ആഗോള തലത്തിൽ നിന്ന് വരുന്ന നിക്ഷേപകർക്ക് മുന്നിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഹാക്കത്തോണിലെ വിജയികൾക്ക് ഒരു കോടി രൂപ വരെ സ്‌കെയിൽ അപ് ഫണ്ട് ലഭിക്കാനുള്ള അർഹതയും നേടാൻ സാധിക്കും.

ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന ഈ കോൺക്ലേവിനു വലിയ പ്രാധാന്യമുണ്ട്. ഐബിഎം പോലൊരു അന്താരാഷ്ട്ര കമ്പനി ഈ രംഗത്ത് നൽകുന്ന സഹകരണവും പ്രശംസനീയമാണ്. ഐബിഎമ്മിനൊപ്പം വിവിധ കമ്പനികൾ കേരളത്തിൽ നിക്ഷേപ സന്നദ്ധത അറിയിക്കുന്നുണ്ട്. ഈ വർഷം നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കടന്നുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങൾക്ക് മുതൽക്കൂട്ടായി മാറാൻ ജെൻ എഐ കോൺക്ലേവിനു സാധിക്കും.

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ധനവകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.

ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. പൊതുജനങ്ങൾക്ക് ഈ സൗകര്യം കൂടുതൽ ഫലപ്രഗമാകുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം: റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ‌ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രവൃത്തി നടക്കുന്ന റോഡുകളിലും, പ്രവൃത്തി വിവിധ കാരണങ്ങളാൽ തടസപ്പെട്ട റോഡുകളിലും യൂട്ടിലിറ്റി പ്രവൃത്തി നടക്കുന്ന ചില റോഡുകളിലും, കോടതി വ്യവഹാരവും മറ്റുമുള്ള റോഡുകളിലും ചില ബുദ്ധിമുട്ടുകളുണ്ട്. റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎൽഎമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 90 ശതമാനം റോഡുകളും പൂര്‍ണ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുപറയാനാകും. റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ദേശീയശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിലേത്. സംസ്ഥാനത്ത് ആകെ 2.35 ലക്ഷം കിലോമീറ്റര്‍ റോഡാണുള്ളത്. അതില്‍ 29522 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡും 1.96 ലക്ഷം തദ്ദേശവകുപ്പിനു കീഴിലുമാണ്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 24376 കിലോമീറ്റര്‍ റോഡാണുള്ളത്. 4783 കിലോമീറ്റര്‍ പരിപാലന കാലാവധി (ഡിഎല്‍പി)യിലും 19908 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ട് പരിധിയിലുമാണ്. 824 കോടി രൂപയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലനത്തിനു മാത്രമായി ഭരണാനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞു. 16850 കിലോമീറ്ററോളം ബിഎംബിസി നിലവാരത്തിൽ പണിതുകഴിഞ്ഞു. അഞ്ചുവർഷംകൊണ്ട് പകുതി റോഡുകൾ ഈ നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുവർഷംകൊണ്ട് ലക്ഷ്യം നേടാനായി. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

നിരത്ത് വിഭാഗത്തിനു കീഴില്‍ 1835 കിലോമീറ്ററും കെആര്‍എഫ്ബിക്കു കീഴില്‍ 1120 കിലോമീറ്ററും കെഎസ്‌ടിപിക്കു കീഴില്‍ 737.74 കിലോമീറ്ററും പ്രവൃത്തി നടന്നുവരികയാണ്. ഇത്തരത്തില്‍ പ്രവൃത്തി പുരോഗമിക്കുന്ന 4095 കിലോമീറ്റര്‍ വരും വര്‍ഷങ്ങളില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഇതില്‍ ഭൂരിഭാഗവും ഡിസൈന്‍ഡ് റോഡുകളായാണ് നിലവാരം ഉയര്‍ത്തുന്നത്. പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ പെരുമ്പിലാവ് – നിലമ്പൂര്‍ റോഡിന്റെ നിര്‍മാണത്തിലെ അപാകതകള്‍ മൂലം കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി എടുത്തതിനെ തുടര്‍ന്ന് കരാറുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് വിഷയമെന്ന് മന്ത്രി പറഞ്ഞു.

പണിനടക്കുന്ന ദേശീയപാതയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിട്ടി അധികൃതരുടെ യോഗം വിളിച്ച് നടപടികള്‍ കാര്യക്ഷമവും വേഗത്തിലും ആക്കിയിട്ടുണ്ട്. ഏറെ പരാതികളുയര്‍ന്ന് തൃശൂര്‍- കുറ്റിപ്പുറം റോഡിന്റെ കാര്യത്തിലുള്‍പ്പെടെ കഴിഞ്ഞയാഴ്ച ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് പരിഹാര നടപടികള്‍ വേഗത്തിലാക്കിക്കഴിഞ്ഞു. ഓരോ റോഡിന്റെ കാര്യത്തിലും ഇത്തരത്തില്‍ കാര്യക്ഷമമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.

കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡുകൾ മുറിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തിൽ റോഡുകൾ മുറിച്ചശേഷം മറ്റുവകുപ്പുകൾ നടത്തുന്ന പുനഃസ്ഥാപന നടപടികൾ പലപ്പോഴും ഫലവത്താകാറില്ല. ബിഎംബിസി നിലവാരത്തിലുള്ള റോഡുകളിൽ പ്രത്യേകിച്ചും. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ മുറിക്കുന്ന റോഡുകളില്‍ സാധിക്കുന്നവയുടെ പുനഃസ്ഥാപനം പൊതുമരാമത്ത് വകുപ്പ്തന്നെ ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്.

മെഡിക്കൽ,ഡെന്റൽ വിഭാഗം ഹൗസ് സർജൻമാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വർഷ മെഡിക്കൽ,ഡെന്റൽ വിഭാഗം പി.ജി. ജൂനിയർ റസിഡന്റുമാർക്ക് 57,876 രൂപയും രണ്ടാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 58,968 രൂപയും മൂന്നാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 60,060 രൂപയുമാക്കിയാണ് സ്റ്റൈപന്റ് വർധിപ്പിച്ചത്.

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പി.ജി. ഒന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 68,796 രൂപയും രണ്ടാം വർഷ സീനിയർ റെസിഡന്റുമാർക്ക് 70,980 രൂപയും മൂന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 73,164 രൂപയുമാക്കി. മെഡിക്കൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 76,440 രൂപയും ഡെന്റൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 73,500 രൂപയും കോൺട്രാക്ട് പോസ്റ്റിംഗ് സീനിയർ റെസിഡന്റുമാർക്ക് 73,500 രൂപയുമാക്കിയാണ് സ്റ്റൈപ്പന്റ് വർധിപ്പിച്ചത്.

തിരുവനന്തപുരം: ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെയുള്ള തിരുവനന്തപുരം സിറ്റി പോലീസിന്റെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പോലീസ് അഭ്യർഥിച്ചു.

പരീക്ഷാസംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.