General (Page 175)

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. രോഗം ബാധിച്ച ഗർഭിണികളെയും, അവരുടെ ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നുമാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം.

ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം, ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണം, ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം ആകർഷണങ്ങൾ ക്യൂബൻ അംബാസഡർ ഇൻ ചാർജ് എബൽ ഡെഷ്പാനിയെയ്ക്ക് പരിചയപ്പെടുത്തി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നൂതന ടൂറിസം ഉത്പന്നങ്ങളിലൂടെയും പദ്ധതികളിലൂടെയും കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. മാറുന്ന കാലത്തിന്റെ അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലേക്ക് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്പന്നമായ കടൽതീരം, ആകർഷകമായ കായലോരങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയെ കേരളത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. എല്ലാ സീസണിനും അനുയോജ്യമായ പ്രദേശമെന്നതാണ് കേരളത്തെ വേറിട്ടു നിർത്തുന്നത്. സംസ്ഥാനം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതിയും അനുഭവവേദ്യ, സുസ്ഥിര കാഴ്ചപ്പാടും സഞ്ചാരികളെ ആകർഷിക്കുന്നു. ആയുർവേദ-വെൽനസ് ടൂറിസം, കാരവൻ കേരള, അഡ്വഞ്ചർ ടൂറിസം എന്നിവയും കേരളത്തിന്റെ ആകർഷണങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ വരവിൽ ക്രമാനുഗതമായ വർധനവാണ് കേരളം രേഖപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കേരളവുമായുള്ള ടൂറിസം സഹകരണത്തിന് വലിയ പ്രാധാന്യമാണ് ക്യൂബ നൽകുന്നതെന്ന് എബൽ ഡെഷ്പാനിയെ അറിയിച്ചു. കേരളവും ക്യൂബയുമായുള്ള രാഷ്ട്രീയ- സാംസ്‌കാരിക വിനിമയത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. ഈ പങ്കാളിത്തം ടൂറിസം അടക്കമുള്ള മേഖലകളിലൂടെ കൂടുതൽ വ്യാപിപ്പിക്കണം. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങൾ വീക്ഷിക്കാറുണ്ട്. പ്രകൃതിഭംഗി, സാംസ്‌കാരികമായ പ്രത്യേകതകൾ, കടൽവിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളിലെ വൈവിധ്യം എന്നിവയാൽ കേരളം ശ്രദ്ധേയമാണ്. കേരളത്തെ പോലെ കടലുമായി ചേർന്നു കിടക്കുന്ന ഭൂപ്രകൃതി കേന്ദ്രീകരിച്ചാണ് ക്യൂബയിലെ ടൂറിസം പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.

അതേസമയം, കേരള തീരത്തും, തമിഴ്നാട് തീരത്തും 04-07-2024 (നാളെ) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദ്ദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ആയി വീണ്ടും അധികാരമേൽക്കും. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ആണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ചംപൈ സോറൻ സ്ഥാനം ഒഴിയും. ഹേമന്ത് സോറൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഡി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് എൻഫോഴ്സ്മെന്റ് ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 20ന് സോറനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് എട്ട് മണിക്കൂർ 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറൻ റാഞ്ചിയിലെ വസതിയിലെത്തി. തുടർന്ന് ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ ഹേമന്ത് സോറൻ രാജി സമർപ്പിക്കുകയായിരുന്നു.

ന്യൂഡൽഹി: അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാർ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണിപ്പൂർ കലാപത്തെ കുറിച്ചും മോദി പാർലമെന്റിൽ സംസാരിച്ചു. സമാധാന അന്തരീക്ഷത്തിന് നിരന്തര ശ്രമം നടക്കുകയാണ്. നിലവിൽ അക്രമ സംഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

11,000 എഫ്‌ഐആറുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. വിവിധ സമുദായങ്ങളുമായി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കും. രാഷ്ട്രീയത്തിന് അതീതമായി മണിപ്പൂരിലെ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. മണിപ്പൂരിൽ സംഘർഷം ആളികത്തിക്കുന്നവരെ ജനം തള്ളും. 1993 ൽ മണിപ്പൂരിൽ തുടങ്ങിയ സംഘർഷം 5 കൊല്ലം തുടർന്നതും മോദി ഓർപ്പിപ്പിച്ചു. കശ്മീരിൽ ഭീകരവാദത്തിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും മോദി വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗർഭാഗ്യകരമാണ്. വിദ്യാർത്ഥികളുടെ ഭാവിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. എറണാകുളത്തായിരിക്കും കായിക മേള. ഒക്ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്സ് മാതൃകയിൽ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്‌സ് മാതൃകയിൽ. ഒളിമ്പിക്‌സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കുമെന്ന് അദ്ദേഹം വിശദമാക്കി.

ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നത്. അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരിയർ ഗൈഡൻസ് ദിശ എക്സ്പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചാണ് നടത്തുന്നത്. സ്പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ചെന്നൈ: നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് വ്യക്തമാക്കി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് വിജയ് പിന്തുണ അറിയിച്ചു. 10,12 വിജയികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് സർവെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് മന്ത്രി സന്തോഷം പങ്കിട്ടു.

1966 മുതൽ സംസ്ഥാനത്ത് കോൽക്കണക്കായും ചെയ്യിൻ സർവെയിലൂടെയും 961 വില്ലേജുകളിൽ മാത്രമാണ് ഭൂവളവ് പൂർത്തിയാക്കിയിരുന്നത്. ഡിജിറ്റൽ റീ സർവെ എന്ന ആശയം മുൻ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സർവെ വിഭാഗം ജീവനക്കാരുമായും പല തലത്തിൽ ആലോചനകൾ നടത്തി. എല്ലാവരും ആശങ്കയാണ് പങ്കുവച്ചത്. ആവശ്യമായ ഫണ്ടിന്റെ ലഭ്യതയെക്കുറിച്ച് എംഎൽഎമാരും സംശയം പ്രകടിപ്പിച്ചു.

പഴയ സർവെ നടന്ന സ്ഥലങ്ങളിലടക്കം ഡിജിറ്റലായി റീസർവെ പൂർത്തിയാക്കുക എന്നത് ജനങ്ങളിലും സംശയങ്ങളുണ്ടാക്കി. എല്ലാം റവന്യു വകുപ്പ് ഗൗരവത്തോടെയാണ് പരിശോധിച്ചത്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് ഗ്രാമസഭ മാതൃകയിൽ സർവെ സഭകൾ വിളിച്ചുചേർത്തു. ജീവനക്കാരുടെ ആശങ്കകളും പരിഹരിച്ചാണ് മുന്നോട്ട് പോയത്.

2022 നവംബർ ഒന്നിന് ഡിജിറ്റൽ റീസർവെ ആരംഭിക്കുമ്പോൾ ഇന്നുള്ള പോലെ കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ലഭ്യമായിരുന്നില്ല. ഇന്ന് എല്ലാ സംവിധാനങ്ങളോടെ നാല് ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി, ആർക്കും പിഴുതുമാറ്റാനാവാത്ത, അതിർത്തി തർക്കങ്ങൾക്കിടവരുത്താത്ത ഡിജിറ്റൽ വേലികൾ തീർക്കുകയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

2024 കഴിയുന്നതോടെ ഡിജിറ്റൽ റീസർവെയുടെ രണ്ടാം ഘട്ടം പൂർണമായും പൂർത്തീകരിക്കാനാവും. ഒരു പരിധിവരെ മൂന്നാംഘട്ടത്തിന്റെ പൂർത്തീകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 200 വില്ലേജുകളിൽ കൂടി 9(2) വിജ്ഞാപനം പുറപ്പെടുവിക്കാനായതിന്റെ ആഘോഷത്തിൽ റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ഡപ്യൂട്ടി കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, എൻ. ഐ സി സീനിയർ ടെക്നിക്കൽ ഡയറക്ടർ ഒ കെ മനോജ് എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്‌ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് നിർദ്ദേശം നൽകിയത്.

സേനയിലെ അംഗബലം കുറവായതിനാൽ പോലീസുദ്യോഗസ്ഥർക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദ്ദം കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. കൂടാതെ പോലീസിൽ നിന്നും സ്വയം വിരമിക്കാൻ അപേക്ഷ നൽകുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാൽ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനസാന്ദ്രതക്ക് അനുസരിച്ച് അംഗബലം പരിഷ്‌ക്കരിച്ചാൽ മാത്രമേ ക്രമസമാധാന ചുമതലകൾ സമയബന്ധിതമായി നിർവഹിക്കാൻ കഴിയുകയുള്ളൂ. വി.ഐ.പി. ഡ്യൂട്ടിക്ക് പോലീസുദ്യോഗസ്ഥർ പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങൾ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1,031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയമായി ഉൾപ്പെടുത്തും. ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

2017 ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് 1,031 പേർ. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും. മെഡിക്കൽ ബോർഡ് ക്യാമ്പുകൾ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമ പട്ടിക എൻഡോസൾഫാൻ സെൽ യോഗം ചേർന്ന് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിക്കും.

20,808 പേരുടെ ഫീൽഡുതല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീൽഡ് പരിശോധന പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കൽ പരിശോധനയും മൂന്നാം ഘട്ട മെഡിക്കൽ ബോർഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂർത്തീകരിക്കും.

2011 ഒക്ടോബർ 25നു ശേഷം ജനിച്ച ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിചരണവും പരിപാലനവും നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദുരിതബാധിതർക്ക് സൗജന്യ ചികിത്സ തുടരാൻ ആവശ്യമായ തുക നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിയിരുന്നു. അത് കാസർകോട് വികസന പാക്കേജിൽപ്പെടുത്തി നൽകും. ഈ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശ്ശിക തീർക്കും. ഈ തുക നൽകാൻ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുൻഗണനാടിസ്ഥാനത്തിൽ തുക നൽകാനും തീരുമാനമായി.

മൂളിയാർ പുനരധിവാസ ഗ്രാമം പ്രവർത്തനമാരംഭിച്ചെങ്കിലും പൂർണ്ണ സജ്ജമായിട്ടില്ല. ദിവസം 30 പേർക്ക് പരിചരണം നൽകാനാവുന്ന ഇവിടെ തെറാപ്പിസ്റ്റുകളെ നിയമിക്കും. ജീവനക്കാരെ നിയമിക്കാനും പരിശീലനം നൽകാനും നിപ്മെറിനെ ചുമതലപ്പെടുത്തും.

10 ബഡ്സ് സ്‌കൂൾ ഏറ്റെടുത്ത് മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററായി (എം.സി.ആർ.സി) ഉയർത്തിയിട്ടുണ്ട്. അതതു പഞ്ചായത്തിൽ പകൽ പരിപാലന കേന്ദ്രം ആരംഭിക്കുകയും ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനം നടത്തുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ്ജ്, കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി, കാസർകോട് ജില്ലാ കളക്ടർ ഇൻപശേഖർ തുടങ്ങിയവർ പങ്കെടുത്തു.