General (Page 169)

കോഴിക്കോട്: ജയവും തോൽവിയും ഇടകലർന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇപ്രാവശ്യം ഘടകങ്ങൾ അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലയിടത്തും എൽഡിഎഫ് വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ചോർന്നു. ബിജെപി തൃശൂർ ജയിച്ചതാണ് ഗൗരവമുള്ള കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികളോട് ഒപ്പം നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികൾക്കൊപ്പവും നിൽക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങൾ ഉണ്ട്. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദി വിശ്വാസിയുമല്ല. വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളാണ് നല്ലത്. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കൈയ്യിൽ ആരാധനാലയങ്ങൾ വരണമെന്ന് തന്നെയാണ് സിപിഎം നിലപാട്. മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായിയെ രാഷ്ട്രീയ ലക്ഷ്യം വെച്ച് വേട്ടയാടുകയാണ്. അതിനെ പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സർക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്‌കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്‌കരണം നടത്തി. പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബിയെയും പെൻഷൻ കമ്പനിയേയും വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. 3 വർഷം കൊണ്ട് കേന്ദ്ര ഗ്രാന്റിൽ 19000 കോടിയുടെ കുറവ് ഉണ്ടായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്ന് പോലും പിൻമാറുന്ന അവസ്ഥയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തനതു വരുമാനം കൂട്ടിയാണ് പിടിച്ച് നിൽക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ട്. സമയബന്ധിതമായി സർക്കാർ കുടിശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകൾ ചുരുക്കലിന് അതിശക്ത നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

modi

ന്യൂഡൽഹി: ഉന്നാവോ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ച സംഭവത്തിലാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

അപകടം ഏറെ വേദനാജനകമാണെന്നും അപകടത്തിൽ പ്രിയപ്പെവരെ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷമഘട്ടത്തിൽ ദൈവം അവർക്ക് ശക്തിനൽകട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരന്ത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് ധനസഹായമായി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസും ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ നിന്ന് പാലുമായി വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി നിയമസഭ സാമാജികർക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷൻ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും ജനങ്ങളുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് കഴിയണം. ഇതിന് ഫലപ്രദമായി നേതൃത്വം നൽകേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയവും പ്രളയസമാനമായ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും തുടർച്ചയായി സാധാരണ ജനജീവിതത്തെ ബാധിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവയൊന്നും ഒറ്റപ്പെട്ടതല്ല. കാലാവസ്ഥാവ്യാതിയാനത്തിന്റെ ആഘാതങ്ങളാണ്. വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നാളിതുവരെ നാം കൈവരിച്ച നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് ഇനിയും നമുക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ നമുക്ക് വിലങ്ങ് തടിയാവുന്ന സാഹചര്യം ഉണ്ടാകരുത്. എത്രനേരത്തേ പൂർണതോതിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നോ അത്രയും നല്ലതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി അവതരിപ്പിക്കുക, കേരളം നേരിടുന്ന കാലാവസ്ഥാ സംബന്ധിയായ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക, പ്രാദേശികമായ പദ്ധതികൾ രൂപീകരിച്ച് പ്രകൃതിസംരക്ഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാമാജികർക്കായി യൂണിസെഫുമായി ചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഫലപ്രദമായ ചർച്ചകൾ നടക്കുകയും ക്രിയാത്മ നിർദേശങ്ങൾ ഉയർന്നുവരുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രശ്‌നങ്ങൾ സംബന്ധിച്ച 24 ചോദ്യങ്ങൾ ഈ മൂന്ന് വർഷത്തെ നിയമസഭ സമ്മേളനത്തിൽ ഉയർന്നതായും കേരള നിയമസഭ കാലാവസ്ഥാവ്യതിയാനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംബന്ധിച്ച സമിതി അധ്യക്ഷൻ ഇ. കെ. വിജയൻ എം. എൽ. എ., തമിഴ്നാടിനും കേരളത്തിനും വേണ്ടിയുള്ള യൂനിസെഫ് ഓഫീസ് സോഷ്യൽ പോളിസി ചീഫ് കെ. എൽ. റാവു എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു. മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തിരുവനന്തപുരം: പി എസ് സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തിൽ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകൾ നാട്ടിൽ പല തരത്തിലും നടത്താറുണ്ട്. പലരും തട്ടിപ്പുകൾ നടത്താൻ തയ്യാറാകാറുമുണ്ട്. ആ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ആ നടപടിക്ക് സർക്കാർ തയ്യാറാണ്. കടുത്ത നടപടിക്കു തന്നെ തയ്യാറാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ ഇതിന്റെ ഭാഗമായി കരി വാരി തേയ്ക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

1956 നു ശേഷം പ്രവർത്തിക്കുന്ന പി എസ് സിയിൽ 1982 ൽ 9 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് 1983 ൽ 13 ഉം 1984 ൽ 15 ഉം ആയി. പിന്നീട് മാറ്റം വരുന്നത് 2005 ലാണ്, അത് 18 ആയി. 2013 ആയപ്പോൾ വീണ്ടും മാറ്റംവന്ന് 21 ആയി. ഈ പറഞ്ഞ വർഷങ്ങങളെല്ലാം യു ഡി എഫ് ഭരണകാലത്താണ്. ഇതേവരെ എൽ ഡി എഫ് സർക്കാർ അംഗത്വത്തിൽ വർദ്ധനവ് വരുത്തിയിട്ടില്ല. 2016 ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ 21 അംഗങ്ങൾ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു. ധാരാളം റിക്രൂട്ട്‌മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോൾ ഞങ്ങൾ അത് അംഗീകരിച്ചു കൊടുക്കുന്ന നിലയാണുണ്ടായത്. ഞങ്ങൾ ഒരു എണ്ണവും വർദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി എസ് സി അംഗങ്ങളായി നിയമിക്കപ്പെടുന്നവരെക്കുറിച്ച് പൊതുവിൽ വലിയ ആക്ഷേപങ്ങളൊന്നും ഉയർന്നുവന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ നാം ഓർക്കേണ്ട കാര്യം, 2004 ൽ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നുവന്നിരുന്നു. അതിൽ അന്തരിച്ചു പോയ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, വക്കം പുരുഷോത്തമൻ എന്നിവരുടെയെല്ലാം പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആ ഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. ഇവിടെ നിയതമായ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്. സർവ്വഥാ യോഗ്യരായ ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തിലിരിക്കാൻ അർഹതയുള്ള ആളുകളെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള തെറ്റായ രീതികളോ ദു:സ്വാധീനങ്ങളോ ഉണ്ടാകുന്നില്ല എന്നത് ഉറപ്പിച്ചു തന്നെ പറയാനാകും. അതുകൊണ്ടുതന്നെ ഇതേവരെയുള്ള പി.എസ്.സിയുടെ പ്രവർത്തനമെടുത്ത് പരിശോധിച്ചാൽ നിയമിക്കപ്പെട്ട പി എസ് സി അംഗങ്ങളെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പി എസ് സി അംഗങ്ങളുടെ നിയമനത്തെക്കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ആക്ഷേപമോ ഉയർന്നുവന്നിട്ടില്ല. ഭരണഘടന ഉറപ്പു നൽകുന്ന തരത്തിലുള്ള കൃത്യമായ ചുമതല ഇവർ നിറവേറ്റുന്നുവെന്നാണ് നമുക്കു കാണാൻ കഴിയുന്ന വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഈ പ്രശ്‌നം ഇവിടെ ഉന്നയിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപോൽബലകമായി വസ്തുത എന്തെങ്കിലും വേണമെന്നതിനാൽ, ഇന്നു കാലത്ത് 8.21 ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നുപറഞ്ഞു ഒരു ഇ-മെയിൽ അയച്ചിട്ടുണ്ട്. അതാണ് ആദ്യമായി കിട്ടിയ ഒരു പരാതി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പരാതിവേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന് ആർക്കും മനസ്സിലാകും. രാജ്യത്ത് തന്നെ ഏറ്റവും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന റിക്രൂട്ടിംഗ് ഏജൻസിയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇതുവരെ യാതൊരു തരത്തിലുള്ള ബാഹ്യഇടപെടലും ഉണ്ടായിട്ടില്ല എന്നത് അംഗീകരിക്കപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സർവ്വീസ് കമ്മീഷനിലെ അംഗങ്ങളുടെയും ചെയർമാന്റെയും നിയമനം 1957 ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (കോമ്പോസിഷൻ & കണ്ടീഷൻസ് ഓഫ് സർവ്വീസ് ഓഫ് മെമ്പേഴ്സ് & സ്റ്റാഫ്) റഗുലേഷൻസ് പ്രകാരമാണ്. അംഗങ്ങളുടെയും ചെയർമാന്റെയും കാര്യത്തിൽ മന്ത്രിസഭ പരിഗണിച്ച് നൽകുന്ന ശുപാർശകളിൽ ഗവർണ്ണറുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തുക. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പബ്ലിക് സർവ്വീസുകളിലേക്കുള്ള നിയമനങ്ങൾ കമ്മീഷൻ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷൻ അതിന്റെ കർത്തവ്യങ്ങൾ കാര്യക്ഷമതയോടെ നിർവ്വഹിച്ചുവരികയാണ്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ നിർഭാഗ്യകരമാണ്. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാധ്യമ വാർത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മോസ്‌കോ: റഷ്യയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിനാണ് പ്രധാനമന്ത്രി റഷ്യയ്ക്ക് നന്ദി അറിയിച്ചത്. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചർച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യയും യുക്രൈനും തമ്മിലെ തർക്കത്തിന് ചർച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിന്റെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡന്റ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തന്റെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.

അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനർ കപ്പലായ സാൻ ഫെർണാണ്ടോ ജൂലൈ 11-ന് വിഴിഞ്ഞത്ത് എത്തിച്ചേരും.

ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്‌നറുകൾ ട്രയൽ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്‌നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്മെന്റ് പൂർണതോതിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്‌നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയായതായും മന്ത്രി അറിയിച്ചു. സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്‌നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമായി.

ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ജി ആർ അനിൽ, ശശി തരൂർ എംപി, മേയർ ആര്യാ രാജേന്ദ്രൻ, എം വിൻസെന്റ് എംഎൽഎ, അദാനി പോർട്ട് സി ഇ ഒ കരൺ അദാനി, വിശിഷ്ടവ്യക്തികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി കെ എൻ ശ്രീനിവാസ്, അദാനി പോർട്ട് സി ഒ ഒ പ്രദീപ് ജയരാമൻ എന്നിവർ പങ്കെടുത്തു.

ട്രയൽ റൺ എന്തിന്

വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെൽ ടൈംസ്, വെസൽ ടേൺറൗണ്ട്, ബെർത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിൾ സർവീസ് ടൈം, ഷിപ്പ് ഹാൻഡ്ലിംഗ് പ്രൊഡക്ടിവിറ്റി, ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളിൽ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രധാന പ്രവർത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകൾ ഘടിപ്പിച്ച ബാർജുകൾ മതിയാകില്ല. യഥാർത്ഥ കണ്ടെയ്‌നറുകൾ (ചരക്കുകൾ നിറച്ച കണ്ടെയ്‌നർ) വിന്യസിക്കുന്ന ട്രയൽ റൺ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയൽ റൺ നടത്തുന്നത്.

മോസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുക എന്നതാണ് മൂന്നാം മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഇന്ന് ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറുകയാണെന്നതിന് ഉദാഹരണമാണ് ചന്ദ്രയാൻ ദൗത്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും നിർമിച്ചു. ഭാരതം വികസിക്കുകയാണെന്ന് ലോകം പറയുകയാണ്. 140 കോടി പൗരന്മാരുടെ പിന്തുണയോടെയാണ് ഭാരതം മുന്നേറുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു.

രാജ്യം വികസിതമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഭാരതീയർ ഇന്ന് അഭിമാനിക്കുകയാണ്. ഭാരതത്തിന്റെ പുനർ നവീകരണം നമ്മുടെ യുവാക്കൾ നേരിൽ കാണുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർദ്ധിച്ചിരിക്കുന്നു. 40,000 കിലോമീറ്റർ വരെ റെയിൽവേ ലൈൻ വൈദ്യൂതീകരിച്ചു. ഡിജിറ്റൽ പേയ്‌മെന്റിന്റെ കാര്യത്തിൽ ഭാരതം റെക്കോർഡ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

ഭാരതമണ്ണിന്റെ സുഗന്ധവും 140 കോടി ഭാരതീയരുടെ സ്‌നേഹവും കൊണ്ടാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രവാസികളുമായി താൻ സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു മാസം തികയുന്നു. മൂന്ന് മടങ്ങ് ശക്തിയോടെ മൂന്ന് മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് തങ്ങൾ അധികാരമേറ്റിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കസ്വ ഭീകരാക്രമണം നടന്നത്. 5 ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം വ്യക്തമാക്കി.

കത്വ ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ദുഃഖം രേഖപ്പെടുത്തി. സംഭവം വേദനയുളവാക്കുന്നതായും ഈ ദുഷ്‌കരമായ സമയത്ത് രാജ്യം അവരുടെ കുടുംബാംഗങ്ങളോടൊപ്പം നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.