തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് റോഡിലൂടെയുള്ള ചരക്ക് നീക്കത്തേക്കാൾ ട്രാൻഷിപ്പ്‌മെന്റിനാണ് പരിഗണനയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. വിഴിഞ്ഞം തുറമുഖം മന്ത്രി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
നിരവധി മന്ത്രിമാർ വിഴിഞ്ഞം പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരെയെല്ലാം തുറമുഖം കമ്മിഷൻ ചെയ്യുന്ന അവസരത്തിൽ ക്ഷണിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം നൽകാനുള്ളവർക്കെല്ലാം അത് നൽകും. വിഴിഞ്ഞം തുറമുഖത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ട് കേന്ദ്രം നൽകാനുണ്ട്. ഈ മാസം തുക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുറമുഖത്തെത്തുന്ന സാൻ ഫെർണാണ്ടോ കപ്പലിൽ നിന്ന് 1960 കണ്ടെയ്‌നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നർ യാർഡിലേക്ക് ഇറക്കാനും അനായാസം കപ്പലിലേക്ക് കയറ്റാനുമായി 31 ക്രെയിനുകളാണുള്ളത്. ഇതിൽ 23 എണ്ണം യാർഡ് ക്രെയിനുകളും, 8 എണ്ണം ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ്. യാർഡ് ക്രെയിനുകൾ ഫുള്ളി ഓട്ടോമാറ്റിക്കായും, ഷിപ്പ് ടു ഷോർ ക്രെയിനുകൾ സെമി ഓട്ടോമാറ്റിക്കായുമാണ് പ്രവർത്തിക്കുന്നത്. പോർട്ട് ഓപ്പറേഷൻ ബിൽഡിങ്ങിൽ റിമോട്ട് കൺട്രോൾ ഓപ്പറേഷൻ സെന്ററിലെ റിമോട്ട് കൺട്രോൾ ഓപ്പറേറ്റിങ് ഡെസ്‌ക് വളരെ സൂക്ഷ്മതയോടെയാണ് ഈ പ്രവർത്തി നിർവഹിക്കുന്നത്.
സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ ഓപ്പറേഷൻ കൺട്രോൾ യൂണിറ്റ് നിലവിൽ ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക സംവിധാനമാണ്. വളരെ വൈദഗ്ദ്യമുള്ള ജീവനക്കാരാണ് ഇവ നിയന്ത്രിക്കുന്നത്. 16 ക്യാമറകളാണ് ഓരോ ക്രെയിനിലും ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നതിൽ വെച്ച് ഏറ്റവും അത്യാധുനിക സംവിധാനമാണ് വിഴിഞ്ഞത്ത് ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിനുകൾ.

