General (Page 164)

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ജോയിയെന്ന തൊഴിലാളിയുടെ മരണത്തിൽ ദക്ഷിണറെയിവേ തിരുവനന്തപുരം ഡിവിഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ജലസചന വകുപ്പിന് കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈർഘ്യത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന റെയിൽവേയാർഡിന് അടിയിലൂടെ കടന്നുപോകുന്ന ഭാഗം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വൃത്തിയാക്കുന്നതിന് റെയിൽവേ തയാറായത്. ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏൽപ്പിച്ചത്. എന്നാൽ അപ്രതീക്ഷിതമായ കുത്തൊഴുക്കാൻ ദുരന്തത്തിന് വഴിവച്ചതെന്നും റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കോർപ്പറേഷൻ പരിധിയിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് ആമഴിഞ്ചാൻ തോട്ടിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിനുള്ള കാരണമെന്നും അവർ കുറ്റപ്പെടുത്തി. മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയുന്നതിനുള്ള കർശനമായ നടപടികൾ ഉണ്ടാകണം. കുറ്റക്കാരെ കണ്ടെത്തുന്നതിനും അവർക്ക് പിഴചുമത്തുന്നതിനും വേണ്ട കാര്യങ്ങളും സ്വീകരിക്കണം. അതോടൊപ്പം തന്നെ ആമഴിഞ്ചാൻ തോടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ട മുൻകരുതലും കോർപ്പറേഷൻ കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയിൽവേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസവുമില്ലെന്നും അവർ വിശദമാക്കി.

പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആമഴിഞ്ചാൻ തോട് കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലുള്ളതാണ്. കിഴക്ക് തമ്പാനൂരിനെയും പടിഞ്ഞാറ് പവർ ഹൗസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ തോടിന്റെ 117 മീറ്റർ മാത്രമാണ് റെയിൽവേ യാർഡിന് താഴെ കടന്നുപോകുന്നത്. ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയുടെ അഭ്യർത്ഥനപ്രകാരമാണ് ആ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇക്കഴിഞ്ഞ 19ന് തോട് ശുചിയാക്കുന്നതിന് റെയിൽവേ മുൻകൈയെടുത്തത്.

ജലസേചന വകുപ്പിലെ പരിചയസമ്പന്നനായ കരാറുകാരനെ തന്നെയാണ് റെയിൽവേ ഇതിൻെ്ച ചുമതല ഏൽപ്പിച്ചതും. എന്നാൽ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ജോയി വെള്ളത്തിൽപ്പെട്ട് കാണതാകുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ഇത്തരം ജോലിയിൽ നല്ല പ്രാവീണ്യമുള്ള വ്യക്തിയാണ് ജോയി. തോടിനാണെങ്കിൽ ഏകദേശം 4 അടിയോളം താഴ്ചമാത്രമാണുണ്ടായിരുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സാധ്യതകൾ അദ്ദേഹം വിലയിരുത്തുന്നതിനിടെയാണ് അപകടമുണ്ടായതും. സംഭവസമയത്ത് ജോയിയുടെ കരാർ സൂപ്പർവൈസറും ഒപ്പമുണ്ടായിരുന്നു. ജോയിയുടെ മൃതദേഹം മാലിന്യങ്ങൾക്കൊപ്പം റെയിൽവേ വളപ്പിൽ നിന്ന് 750 മീറ്റർ മാറി തകരപറമ്പ് ഭാഗത്താണ് കണ്ടെത്തിയത്. ഇത് ഈ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

റെയിൽവേയാർഡിന് കീഴിലൂടെ ഒഴുകുന്ന ആമഴിഞ്ചാൻ തോടിന്റെ ഭാഗത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതാണ് ഈ ദുരന്തത്തിന്റെ അടിസ്ഥാനകാരണം. യാർഡിന് അടിയിലൂടെ തോടിന്റെ വെറും 117 മീറ്റർ മാത്രമാണ് ഒഴുകുന്നത്. അവിടെ ചെളിയും മാലിന്യങ്ങളും കെട്ടികിടക്കുന്നതിന് കാരണം നഗരസഭാപരിധിയിലുള്ള തോടിന്റെ ഭാഗത്ത് വലിയതോതിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണ്. മാലിന്യം തടയുന്നതിനായി റെയിൽവേയുടെ പ്രദേശത്തേയ്ക്ക് കടക്കുന്ന തോടിന്റെ ഭാഗത്ത് ഇരുമ്പ് വല റെയിൽവേ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയതോതിൽ മാലിന്യം വന്നുകുമിയുന്നത് തടയുന്നുമുണ്ട്. മാത്രമല്ല, റെയിൽവേയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റർ ഉയരമുള്ള ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കാനും കഴിയില്ല.

റെയിൽവേയുടെ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം റെയിൽവേയ്ക്ക് തന്നെയുണ്ട്. യാത്രക്കാർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ സമയാസമയം റെയിൽവേ മാറ്റുന്നുണ്ട്. അതുകൊണ്ട് അത്തരത്തിൽ റെയിൽവേയുടെ മാലിന്യങ്ങൾ തോടിൽ വന്നുചേരുന്നുമില്ല. മാത്രമല്ല, ഇന്ത്യൻ റെയിൽവേയുടെ ഓടുന്ന എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അത് മാലിന്യങ്ങൾ തുറന്ന് പുറന്തള്ളുന്നത് തടയുന്നുമുണ്ട്.

റെയിൽവേ പരിസരത്ത് വെള്ളം കയറുന്നത് തടയാൻ മുൻ വർഷങ്ങളിലും റെയിൽവേ ഈ ശുചീകരണ അഭ്യാസം നടത്തിയിരുന്നു, എന്നിരുന്നാലും ഈ കനാലിന്റെ മണ്ണ് നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം ജലസേചന വകുപ്പിനാണ്.

തോടിന്റെ ശുചീകരണത്തിന്റെയും ചെളിനീക്കലിന്റെയും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ജലസേചനവകുപ്പിനാണെങ്കിലും റെയിൽവേയാർഡിലെ വെള്ളക്കെട്ട് തടയുന്നതിനായി മുൻകാലങ്ങളിലും റെയിൽവേ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. റെയിൽവേ പാലത്തിന്റെ ഭാഗത്തുള്ള ചരിവ് കുത്തനെയുള്ളതായതിനാൽ വെള്ളം ഉയർന്ന വേഗതയിൽ ഒഴുകിപോകാറുണ്ട്.അതേസമയം കിഴക്കേകോട്ട റോഡിലെ റോഡ് പാലത്തിന് അപ്പുറത്തുള്ള ഭാഗം പരന്നതായത് ഒഴുക്കിനെ നിയന്ത്രിക്കുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്, ഇതാണ് മൂടിയ/ഭൂഗർഭ തുരങ്കത്തിനുള്ളിൽ മാലിന്യങ്ങളും ചെളിയും കെട്ടികിടക്കുന്നതിന് കാരണമാകുന്നത്. മാലിന്യം കുമിഞ്ഞുകൂടുന്നത് തടയുന്നതിനും റെയിൽവേസ്റ്റേഷനും ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനും ജലസേചനവകുപ്പ് ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.

എല്ലാ കനാലുകളും അഴുക്കുചാലുകളും പതിവായി വൃത്തിയാക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ ജലസേചന വകുപ്പ് പതിവായി സ്വീകരിക്കേണ്ടതാണ്. 2015ൽ ഓപ്പറേഷൻ അനന്ത പദ്ധതിയിലും 2018ൽ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലും ആമയിഴഞ്ചാൻ തോട് ശുചീകരണം ഊർജിതമായി നടത്തിയിരുന്നു.

എന്നാൽ തോട് പുറത്തോട്ടുപോകുന്ന ഭാഗത്തെ ഉയരക്കൂടുതൽ കാരണം ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അതായിരിക്കാം വീണ്ടും മാലിന്യങ്ങൾ കുമിഞ്ഞുകൂടിയത്. ജലസേചനവകുപ്പും പ്രത്യേകഭാഗങ്ങളുടെ ശുചീകരണം നടത്തിയെന്നത് അവരുടെ 2021 ജൂണിലെ വെള്ളപ്പൊക്ക ലഘൂകരണപ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടിൽ വ്യക്തമാണ്.

ഭൂഗർഭ പ്രദേശത്തിലെ വൃത്തിയാക്കൽ ഏറെ കഠിനവും സമയമെടുക്കുന്നതും വെല്ലുവിളി നിറഞ്ഞതും ആണെന്ന് ഇതിലൂടെ വ്യക്തമാണ്. റെയിൽവേ ഏരിയയിലെ ഭൂഗർഭ ചാനലിലേക്ക് മാലിന്യവും ചെളിയും കടക്കുന്നത് തടയാൻ എല്ലാ തീരുമാനങ്ങളും പരിശ്രമങ്ങളും ഉണ്ടാകണം. പ്രാപ്യമാകുന്ന കോർപ്പറേഷൻമേഖലകളിലൊക്കെ വേലികളും മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കണം. ഇതിനെ പിന്തുടർന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും അവർക്ക് പിഴ ചുമത്താനുമുള്ള സംവിധാനവും സജ്ജമാക്കണം. തോടിനോട് ചേർന്ന് കൃത്യമായി വേലികെട്ടുന്നതും ഏറ്റവും മോശമോയ മേഖലകളിൽ സി.സി.ടി.വി സംവിധാനം ഒരുക്കുന്നതും കുറ്റക്കാരെ കണ്ടെത്തുന്നതിന് സഹായകരമാകും. ഖരമാലിന്യങ്ങൾ ശേഖരിക്കാൻ നഗരത്തിൽ പ്രത്യേക സ്ഥലവും ഉണ്ടാകണമെന്നും അവർ നിർദ്ദേശിച്ചു.

തിരുവനന്തപുരം: തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം, ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ച ദാരുണസംഭവത്തിൽ കേന്ദ്ര റെയിൽവേമന്ത്രി ഇടപെടണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ട് റെയിൽവേയുടെ ഭാഗത്തു നിന്ന് ഒരുസഹകരണവും ഉണ്ടായില്ല. അവർ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഹൈക്കോടതി ചോദിച്ച കാര്യങ്ങൾക്ക് റെയിൽവേ സമാധാനം പറയേണ്ടിവരും. ഇത്രയും വലിയ ദുരന്തം നടന്നിട്ടും കണ്ണുതുറക്കാത്ത റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിലെ മാലിന്യനിർമാർജനത്തിൽ ഒന്നും നടക്കുന്നില്ലെന്ന വാദം തെറ്റാണ്. സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടുന്നുണ്ട്. ബ്രഹ്മപുരത്തടക്കം ഈ മാറ്റം പ്രകടമാണ്. വന്ദേഭാരതിൽ അടക്കം യാത്രക്കാർക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ നൽകുന്നത് റെയിൽവേമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിലെ ജീവനക്കാർ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിക്കണം. ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാൻ ഓരോ വിഭാഗങ്ങളിലേയും ജീവനക്കാർക്ക് ചെക്ക് ലിസ്റ്റുകൾ ഏർപ്പെടുത്തും. ജീവനക്കാർ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ഉറപ്പാക്കണം. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് പരിശീലനങ്ങൾ നിർബന്ധമാക്കും. ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം. അവർക്ക് കൃത്യമായ വിവരങ്ങൾ നൽകണം. പ്രൊമോഷനിലും കോൺട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മെഡിക്കൽ കോളേജുകളിലേയും സുരക്ഷിതത്വം വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘സുരക്ഷിത ആശുപത്രി സുരക്ഷിത ക്യാമ്പസ്’ എന്ന പേരിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കും. എല്ലാ മെഡിക്കൽ കോളേജുകളിലും സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള പ്രവർത്തന പുരോഗതി വിലയിരുത്തി. കഴിഞ്ഞ വർഷം നടത്തിയ സേഫ്റ്റി ഓഡിറ്റ് പ്രകാരം ഓരോ മെഡിക്കൽ കോളേജിലും നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കും. മെഡിക്കൽ കോളേജിലെ പ്രത്യേക ടീമായിരിക്കും ഇത് പരിശോധിക്കുക. അലാമുകൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയർ ആന്റ് സേഫ്റ്റി എന്നിവയുടെ കാര്യക്ഷമത പരിശോധിക്കും. വിവിധ തട്ടുകളിലെ അപകട സാധ്യത കണക്കിലെടുത്ത് മോക്ഡ്രിൽ ഉറപ്പാക്കണം.

പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ആശുപത്രികളിലും കാമ്പസുകളിലും നിരന്തരം സന്ദർശനം നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കണം. ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കണം. ശുചിത്വം ഉറപ്പാക്കുന്ന സാനിറ്ററി റൗണ്ട്സ് പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. പ്രിൻസിപ്പൽ തലത്തിൽ അഡ്മിനിസ്ട്രേറ്റീവ് യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ലിഫ്റ്റുകളിൽ ഓട്ടോമെറ്റിക് റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് പരമാവധി എല്ലാ ലിഫ്റ്റുകളിലും ആ സംവിധാനം നടപ്പിലാക്കും. ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് കൃത്യമായ സാങ്കേതിക പരിശീലനം നൽകണം. ലിഫ്റ്റ് പ്രവർത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോൾ ലിഫ്റ്റ് ഓപ്പറേറ്റർമാർ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് ലിഫ്റ്റിന്റെ ഡോർ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണം എന്ന മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: വിദ്യാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിർബന്ധമായും ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശിച്ചു. കൈകഴുകുന്ന ശീലം ഉൾപ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായും കളക്ടർ പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാംപയിന്റെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

ആഘോഷച്ചടങ്ങുകളിൽ നിന്ന് വെൽകം ഡ്രിങ്ക് പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങൾ പടരുന്നതിന് വെൽകം ഡ്രിങ്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. തിളപ്പിക്കാത്ത വെള്ളവും ഭക്ഷ്യയോഗ്യമല്ലാത്ത ഐസും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. പകർച്ച വ്യാധികൾ പടരുന്നതിന് ആഘോഷവേളകൾ കാരണമാകരുതെന്ന് കളക്ടർ പറഞ്ഞു.

പകർച്ചപ്പനി സാധ്യത നിലനിൽക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾ മാസ്‌ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം. സ്‌കൂൾ അധികൃതർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകാൻ ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് തീരുമാനിച്ചു. പകർച്ചപ്പനി പടരുന്നത് തടയാൻ ഫലപ്രദമായ മാർഗം എന്ന നിലയ്ക്കാണ് മാസ്‌ക് ഉപയോഗിക്കാൻ നിർദേശം നൽകുന്നത്. ജില്ലയിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ ഊർജിതമാക്കുന്നതിന് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യാനും ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗം തീരുമാനിച്ചു. സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന വിധത്തിൽ അപേക്ഷാഫോറത്തിൽ കോളം ഉൾപ്പെടുത്തും. വാക്സിനേഷൻ എടുക്കാത്ത കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായകമാവുമെന്നും അപേക്ഷാഫോറം അതനുസരിച്ച് പരിഷ്‌കരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അസി. കളക്ടർ വി.എം ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. ഹന്ന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിൻ, ആർ.സി.എച്ച് ഓഫീസർ ഡോ.എൻ.എൻ പമീലി, ലോകാരോഗ്യസംഘടനയുടെ ജില്ലയിലെ പ്രതിനിധികളായ ഡോ.ആർ സന്തോഷ്, ഡോ. ആശ രാഘവൻ, മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ (ഇൻ ചാർജ്) ഡോ.കെ.കെ ഉഷ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ജയകൃഷ്ണൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, എം.ഇ.എസ് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ.മുബാറക് സാനി, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

എം എൽ എ ഹോസ്റ്റൽ ജീവനക്കാരൻ രവീന്ദ്രൻ നായരാണ് 2 രാത്രിയും ഒരു പകലും ലിഫ്റ്റിൽ കുടുങ്ങിയത്. ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് സൂപ്രണ്ട് വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 2021 ജൂണിൽ അമ്മയെ പരിചരിക്കാൻ ആർ സി സി യിലെത്തിയ പത്തനാപുരം സ്വദേശിനി നാജിറ അറ്റകുറ്റപണികൾക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ കമ്മീഷൻ ഇടപെട്ടിരുന്നു. പത്രവാർത്തയുെടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വി ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.

ശനി പകൽ 11നാണ്‌ മാരായമുട്ടം വടകര മലഞ്ചേരി വീട്ടിൽ ജോയി (47) യെ ഓട ശുചിയാക്കുന്നതിനിടെ കാണാതായത്‌. റെയിൽവേയുടെ പരിധിയിലുള്ള ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ ജോയി ഒഴുക്കിൽപ്പെടുകയായിരുന്നു. മാലിന്യം നീക്കാൻ റെയിൽവേയാണ്‌ സുരക്ഷാ സംവിധാനമൊന്നുമില്ലാതെ ജോയി അടക്കം നാലുപേരെ ഏർപ്പാടാക്കിയത്‌.

തൊഴിലാളി അപകടത്തിൽപ്പെട്ടതുമുതൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു. മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ ജെറോമിക്‌ ജോർജ്‌ എന്നിവരാണ്‌ രക്ഷാദൗത്യം ഏകോപിപ്പിച്ചത്. അഗ്നിരക്ഷാസേനയിലെ സ്കൂബാ ഡൈവിങ്‌ സംഘവും നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സംഘവും തിരച്ചിലിനെത്തിയിരുന്നു. മാലിന്യം നീക്കാൻ റോബോട്ടിന്റെ സഹായവും ഉപയോഗിച്ചിരുന്നു. തെരച്ചിൽ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തകരപ്പറമ്പിലെ കനാലിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അനാസ്ഥയാണ്. തുടർന്നാണ് വി ശിവൻകുട്ടി കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.

തിരുവനന്തപുരം: ഇടുക്കി, തിരുവനന്തപുരം, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ക്ക് മാറ്റം. നിലവിലെ കോട്ടയം ജില്ലാ കളക്ടറായ വി. വിഗ് നേശ്വരി ഇടുക്കി കളക്ടറാവും.ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോര്‍ജിനെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു.

സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി പകരം നിയമനം നല്‍കാതിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിച്ചു. ഷീബാ ജോര്‍ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധികചുമതലകള്‍ തുടരും.

ഐ.ടി. മിഷന്‍ ഡയറക്ടറായ അനു കുമാരി തിരുവനന്തപുരം ജില്ലാ കളക്ടറാവും. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായ ജോണ്‍ വി. സാമുവല്‍ കോട്ടയം കളക്ടറാവും.

തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു.

തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദർശനത്തിനായി പമ്പയിൽ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കർക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോൾ നിരവധി തീർഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് സുഗമമായി എത്തി ദർശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.

മകരവിളക്കുമായി ബന്ധപ്പെട്ട് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഇന്ന് (16) രാവിലെ 11 ന് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം ജി. സുന്ദരേശൻ, ജില്ലാ പോലീസ് മേധാവി വി. അജിത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം: ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

ഒക്ടോബർ 22 വരെ സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കർമ്മ പരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാനാണു ഉദ്ദേശിക്കുന്നത്. ആകെ 1,070 പദ്ധതികൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം/ പ്രഖ്യാപനം 100 ദിന കാലയളവിൽ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

761.93 കോടി ചെലവിൽ നിർമ്മിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടും. 437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും ഈ നൂറു ദിവസങ്ങൾക്കുള്ളിൽ നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30000 പട്ടയങ്ങൾ കൂടി 100 ദിവസങ്ങൾക്കുള്ളിൽ വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനവും ഈ ഘട്ടത്തിൽ നടക്കും. പുതുതായി 456 റേഷൻ കടകൾ കൂടി കെ-സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്തു 1000 കെ – സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തീകരിക്കും. ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ മുതലായ വിലകൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി വഴി രോഗികൾക്ക് നൽകുന്ന പദ്ധതി ആരംഭിക്കും.

ലൈഫ് മിഷനിലൂടെ പുതിയ 10000 വ്യക്തിഗത ഭവനങ്ങൾ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ട്യൂറിസം ഹബ്ബായിമാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളാർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്ക് മാത്രമായി പുതിയ പോളിടെക്‌നിക് കോളേജ്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് – ധർമ്മടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എം.പി.ഐ ഫ്രാഞ്ചൈസി ഔട്‌ലെറ്റുകൾ തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. പ്രവർത്തനങ്ങളുടെ വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും 100 ദിന പരിപാടിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിൽ (https://100days.kerala.gov.in) തത്സമയം അറിയിക്കുന്നതാണ്.

തിരുവനന്തപുരം: കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ് സംവിധാനം നിലവിൽ വന്നു. മഴക്കാലത്ത് പ്രത്യേകിച്ചും, വൈദ്യുതി ലൈനിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കേറ്റ് പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 94 96 01 01 01 ലേക്കാണ് വാട്‌സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺനമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം. കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശമുൾപ്പെടെ കൈമാറും. ബുധനാഴ്ച നടന്ന വൈദ്യുതി സുരക്ഷാ അവാർഡ് ദാനച്ചടങ്ങിൽ വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.

2023 ൽ കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളിൽ നിന്നായി 54 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. 2022ൽ 164 അപകടങ്ങൾ ഉണ്ടായി. 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യതകൾ ജനപങ്കാളിത്തത്തോടെ മുൻകൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പുതിയ സംവിധാനം സഹായകമാകും. 9496010101 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളളതാണ്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.