General (Page 163)

തിരുവനന്തപുരം: പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള റോപ്‌വേ സംവിധാനത്തിന് ഉടൻ അനുമതി ലഭിക്കും. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടൻ ഉണ്ടാകും. പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനത്തേക്ക് 2.7 കി.മീറ്റർ വരുന്നതാണ് റോപ്‌വേ. പരാതിരഹിതമായ തീർഥാടന കാലമാണ് സർക്കാരും ദേവസ്വം ബോർഡും ലക്ഷ്യമിടുന്നത്. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്.

മുൻകൂട്ടി തന്നെ അവലോകനയോഗങ്ങൾ തുടങ്ങി മുന്നൊരുക്കങ്ങൾ നടത്തും. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വകുപ്പ് മേധാവികളുടെയും യോഗം ചേരും. തുടർന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗവും നടക്കും. വാഹന പാർക്കിങ്ങിന് നിലയ്ക്കലിൽ കൂടുതൽ സൗകര്യം ഒരുക്കും. നിലവിൽ എണ്ണായിരം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങൾ കൂടി പാർക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കും. വെർച്ച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്ന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ പ്രത്യേകിച്ച് സ്‌കൂബ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സാംക്രമിക രോഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കാനും അതിൽകൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തിന്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നേതൃപദവിയിൽ ഇരുന്ന് ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ഉത്തരോത്തരം വളർത്തിയ വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്‌പോസിബിൾ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവിൽ ഹൃദയവാൾവ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു. ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ വിശിഷ്ടങ്ങളായ മൂന്നു കൃതികൾ ആയുർവേദ ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായുണ്ട്. ആയുർവേദത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ കൃതികൾ. പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയവ മുതൽ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നുമടക്കമുള്ള അംഗീകാരങ്ങൾ വരെ അദ്ദേഹത്തെ തേടിയെത്തി. മണിപ്പാലിലടക്കം അദ്ദേഹം നടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണം തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കല്ലൂർ മാറോട് രാജുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി.

പ്രദേശത്തെ വന്യജീവി ശല്യം പ്രദേശവാസികളും കുടുംബാംഗങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വനാതിർത്തിയിൽ പ്രതിരോധ സംവിധാനം ശക്തമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ദൗർഭാഗ്യകരമായ സംഭവത്തിൽ അങ്ങേയറ്റം ദുഖമുളളതായും വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ വനംവകുപ്പ് ഏറ്റെടുത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് കിടക്കുന്ന രാജുവിന്റെ സഹോദര പുത്രൻ ബിജുവിന്റെ കാര്യവും പരിഗണിക്കും.

ബിജുവിന് തുടർ ചികിത്സയടക്കം വേണമെന്ന് ബന്ധുക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടണമെന്നുമായിരുന്നു മറ്റാവശ്യം. വനം വകുപ്പ് പട്രോളിങ്ങ് പ്രദേശത്ത് ശക്തമാക്കാനും ആവശ്യമുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

ഡിവിഷണൽ റെയിൽവേ മാനേജർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു. റെയിൽവേ കരാർ നൽകിയ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയ്.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബോട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബോട്ടിനെ വാങ്ങുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിക്കുവേണ്ടിയുള്ള തിരച്ചിലിലിനായി റോബോട്ടിനെ ഇറക്കിയ ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ജൻറോബോട്ടിക്‌സിനാണ് നിർമാണ ചുമതല.

ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പും ജൻറോബട്ടിക്‌സും തമ്മിൽ ധാരണയായി. പർച്ചേസ് ഓർഡർ ലഭിച്ചതായി ജൻറോബട്ടിക്‌സ് സിഇഒ വിമൽ ഗോവിന്ദ് ‘സ്ഥിരീകരിച്ചു. 60 ദിവസത്തിനകം റോബോട്ടിനെ കൈമാറണം.

വെൽബോർ എന്ന റോബോട്ടിനെയാണ് ജൻറോബട്ടിക്‌സ് വിമാനത്താവളത്തിനു വേണ്ടി നിർമിക്കുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ ബാൻഡികൂട്ട്, ഡ്രാക്കോ എന്നീ റോബട്ടുകളെ ഇറക്കി മാലിന്യം നീക്കം ചെയ്യാനും ജോയിയെ കണ്ടെത്താനും ജൻറോബട്ടിക്‌സ് നടത്തിയ പ്രവർത്തനങ്ങളാണ് അദാനി ഗ്രൂപ്പിനെ ആകർഷിച്ചത്. ഇതിനു പിന്നാലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാർ തൊഴിലാളി ജോയിയുടെ കുടുംബത്തിന് തിരുവനന്തപുരം നഗരസഭ വീട് നിർമ്മിച്ച് നൽകും. ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ച ദാരുണസംഭവത്തിൽ കേന്ദ്ര റെയിൽവേമന്ത്രി ഇടപെടണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ട് റെയിൽവേയുടെ ഭാഗത്തു നിന്ന് ഒരുസഹകരണവും ഉണ്ടായില്ല. അവർ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഹൈക്കോടതി ചോദിച്ച കാര്യങ്ങൾക്ക് റെയിൽവേ സമാധാനം പറയേണ്ടിവരും. ഇത്രയും വലിയ ദുരന്തം നടന്നിട്ടും കണ്ണുതുറക്കാത്ത റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിലെ മാലിന്യനിർമാർജനത്തിൽ ഒന്നും നടക്കുന്നില്ലെന്ന വാദം തെറ്റാണ്. സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടുന്നുണ്ട്. ബ്രഹ്മപുരത്തടക്കം ഈ മാറ്റം പ്രകടമാണ്. വന്ദേഭാരതിൽ അടക്കം യാത്രക്കാർക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ നൽകുന്നത് റെയിൽവേമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസർക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് (NH 544), കൊല്ലം – ചെങ്കോട്ട (NH 744) എന്നീ പാത നിർമാണത്തിനാണ് സംസ്ഥാന പങ്കാളിത്തത്തിൽ തീരുമാനമായത്. രണ്ടു പാതകളുടെ നിർമ്മാണത്തിനും ജി എസ് റ്റി വിഹിതവും , റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. രണ്ടു പാത നിർമ്മാണങ്ങൾക്കുമായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക.

44.7 കിലോ മീറ്റർ ദൈർഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. NH 744 ൽ 61.62 കിലോ മീറ്ററിൽ കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമ്മാണമാണ് നടക്കുന്നത്. ഇതിന് ജി എസ് റ്റി വിഹിതവും, റോയൽറ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. സംസ്ഥാന സർക്കാരിന്റെ ഉത്തരവോടെ രണ്ടു ദേശീയ പാതാ നിർമ്മാണത്തിനുള്ള തുടർപ്രവർത്തനങ്ങൾക്ക് വേഗം കൂടും.

ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നേരത്തെ ദേശീയപാത – 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ഈ രണ്ട് ദേശീയപാതാ പ്രവൃത്തികളും മുന്നോട്ടു കൊണ്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.

sivan

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണ്. ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേയുടെ അധീനതയിൽ ഉള്ള സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം നീക്കം ചെയ്യാൻ കരാർ നൽകിയതും റെയിൽവേയാണ്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. റെയിൽവേ ഉദ്യോഗസ്ഥർ പൂർണ്ണമായും സഹകരിക്കുന്ന മനോഭാവമല്ല എല്ലാ സമയത്തും കൈക്കൊണ്ടത്. സംഭവത്തെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. നഗരസഭയെ കൂടി സംഭവത്തിൽ പ്രതിചേർക്കാനുള്ള വ്യഗ്രതയാണ് ഗവർണർ കാണിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിന് പകരം കേന്ദ്രസർക്കാരിൽ ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ജോയിയുടെ കുടുംബത്തിന് വാങ്ങി നൽകുകയാണ് ഗവർണർ ചെയ്യേണ്ടിയിരുന്നതെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് കൂടുതൽ വിപുലമായക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങൾ വിളിച്ചു.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കർക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ആദ്യ ഘട്ട യോഗം ജൂലൈ ഒന്നിന് മന്ത്രിയുടെ ചേംബറിൽ ചേർന്നു. രണ്ടാമത്തെ യോഗം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തിൽ നടത്തി. പ്രധാന ആറുകേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്ത വിപുലമായ യോഗമാണ് തിരുവല്ലത്ത് നടന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ ഐ.പി.എസ്, തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം, കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് ഐ.എ.എസ്, എറണാകുളം ജില്ലാ ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി കളക്ടർ എന്നിവരും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ആ യോഗത്തിൽ പങ്കെടുത്തു.

തിരുവിതാംകൂർ ദേവസ്വം ബോർസിന്റെ 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതർപ്പണം നടക്കുന്നത്. ഈ പ്രധാന കേന്ദ്രങ്ങളുൾപ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും പുരോഹിതന്മാരെ നിയോഗിക്കുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്തുകഴിഞ്ഞു.

ശംഖുമുഖത്ത് ബലിതർപ്പണം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ബലിതർപ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചിയിച്ചിരിക്കുന്ന ഫീസ്. ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താത്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോർഡ് തലത്തിൽ ഒരോ സ്ഥലത്തും സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നതാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സർക്കാർ വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ യോഗങ്ങൾ ചേരുന്നതിനും തീരുമാനിച്ചു.

കർക്കിടകവാവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് കൂടുതൽ ലൈഫ് ഗാർഡിനെ നിയോഗിക്കുവാനും തീരുമാനം എടുത്തതായും തിരുവനന്തപുരം നഗരസഭ പരിധിയിൽ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് നഗരസഭ തിരുവല്ലത്ത് നടന്ന യോഗത്തിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നഗരസഭ പരിധിയിൽ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റിടങ്ങളിൽ ബലിതർപ്പണം നടത്തുന്നതിനാവശ്യമായ അനുമതികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാലേകൂട്ടി അപേക്ഷകൾ സമർപ്പിക്കുന്നതും മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തുന്നതാണ്.

തിരുവല്ലം, വർക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തിൽ അവിടങ്ങളിലെ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുള്ള അവലോകന യോഗങ്ങളും ചേർന്നിട്ടുണ്ട്.

ബലിതർപ്പണ ചടങ്ങുകൾ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോർഡ് നിയമിക്കും. ബലിക്ക് ആവശ്യമായ സാധനങ്ങൾ അതാത് ദേവസ്വങ്ങളിൽ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിംഗിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.