General (Page 162)

ഗാന്ധിനഗർ: ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് ഗുജറാത്തിൽ മരണം 20 ആയി. ഇതിൽ 5 പേർ ഇന്നലെ മാത്രമാണ് മരിച്ചത്. നിലവിൽ 37 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വൈറസ് പടർത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരും, പനിയുള്ളവരും എത്രയും പെട്ടന്ന് ചികിത്സ നേടണമെന്നാണ് നിർദേശം. കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചത്.

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നല്കാൻ ശുപാർശ ചെയ്ത കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്. പോലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോർന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പോലീസിൽ നിന്നാണോ കത്ത് ചോർന്നതെന്ന് കണ്ണൂർ ഡിഐജിയും അന്വേഷിക്കും.

തിരുവനന്തപുരം: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മാണം ഏറ്റെടുക്കും. ഈവർഷത്തെ ബജറ്റിലാണ് പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 343 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിർമ്മിക്കുന്നത്.

തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001-2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. നിർമ്മാണ പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുള്ള അംഗീകാരമാണിത്.

സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും ഈ സംയുക്ത സംരഭം തിരുവനന്തപുരം സെൻട്രൽ, വർക്കല- റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് -വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ പങ്കാളിയാണ്. 27 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണചുമതലയുമുണ്ട്. കെ റെയിലിന്റെ സിൽവർലൈൻ വിശദ പദ്ധതി റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.

തിരുവനന്തപുരം: മേൽപാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകൽപ്പനാ നയ (ഡിസൈൻ പോളിസി) ത്തിന്റെ ഭാഗമായുള്ള പദ്ധതികൾ ടൂറിസം വകുപ്പ് ആരംഭിക്കുന്നു. ആദ്യ പദ്ധതിക്ക് നാളെ കൊല്ലത്ത് തുടക്കമാകും. കൊല്ലം എസ്എൻ കോളേജിനു സമീപമുള്ള റെയിൽവേ മേൽപാലത്തിന്റെ അടിവശമാണ് സൗന്ദര്യവൽക്കരിക്കുന്നത്.

പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30 ന് കൊല്ലം നെഹ്‌റു പാർക്കിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ സംബന്ധിക്കും.

മേൽപാലത്തിനു കീഴിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 70 സെൻറ് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഈ സ്ഥലം കുട്ടികൾക്കും ചെറുപ്പക്കാർക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വാക്കിംഗ് ട്രാക്കുകൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, ലഘുഭക്ഷണ കിയോസ്‌കുകൾ, ബാഡ്മിൻറൺ-ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്‌കേറ്റിംഗ് ഏരിയ, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ മുതലായവ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പൂർത്തിയായ ശേഷം നടത്തിപ്പിൽ നിന്നും ലഭിക്കുന്ന വരുമാനം ഭാവി പരിപാലനത്തിന് പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെടിഐഎൽ) ആണ് പദ്ധതിയുടെ രൂപകൽപ്പന നിർവ്വഹിച്ചിട്ടുള്ളത്. ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ മേൽനോട്ടം കെടിഐഎല്ലിനാണ്. പദ്ധതി നടപ്പാക്കുന്നതിനായി 2 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെൻറ് കൺസൾട്ടൻറ് ആയി ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനെയാണ് ടൂറിസം വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പും പരിപാലനവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ, മറ്റ് അനുബന്ധ വകുപ്പുകൾ മുതലായവ ചേർന്നായിരിക്കും.

നിർമ്മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷ്, കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് എൻ, കൗൺസിലർ എ.കെ സവാദ്, കെടിഐഎൽ ഡയറക്ടർ ഡോ. മനോജ് കുമാർ കെ തുടങ്ങിയവരും പങ്കെടുക്കും.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് കോളറ സ്ഥിരീകരിച്ചത്. ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

അതേസമയം, നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ ടാങ്കെന്ന് കണ്ടെത്തി. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. നിലവിൽ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.

പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.

തിരുവനന്തപുരം: കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗവ. ആർട്സ് കോളജ് ശതാബ്ദി ആഘോഷ പരിപാടികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായാണ് നാല് വർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം ജോലിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞടുക്കാനും വിദ്യാർത്ഥിക്ക് സാധിക്കുന്നു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സർവകലാശാലകളിൽ ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം വ്യവസായ, തൊഴിൽ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ട സംസ്ഥാനമായും കേരളം മാറി. ആദ്യ ജൻ എ ഐ കോൺക്ലേവ് സംസ്ഥാന സർക്കാർ ഐ ബി എമ്മുമായി സഹകരിച്ച് സംഘടിപ്പിച്ചു. ടോറസ്, മഹീന്ദ്ര, എയർ ബസ് തുടങ്ങിയ വിവിധ കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് സന്നദ്ധരായത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. നൂതന സംരംഭങ്ങൾ പ്രാവർത്തികമാക്കുന്നതിനായി സമഗ്ര സ്റ്റാർട്ടപ്പ് നയത്തിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം നേടും.

കേരളത്തിന്റെ മികച്ച കലാലയങ്ങളിലൊന്നായ എൻ ഐ ആർ എഫ് റാങ്കിങ്ങിലുള്ള തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് ഇത്തരം അക്കാദമിക നവീകരണത്തിനായ് ശ്രമിക്കുകയാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയണം. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, മുൻ എം പി ആനി മസ്‌ക്രീൻ, സാഹിത്യകാരന്മാരായ ചങ്ങമ്പുഴ കൃഷ്ണപിള്ള, എൻ കൃഷ്ണപിള്ള, അതുല്യ നടൻ മധു, ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ ഉൾപ്പെടെ നിരവധി പ്രതിഭകളെ സൃഷ്ടിച്ച കലാലയമാണ് തിരുവനന്തപുരം ആർട്സ് കോളേജ്.

1924 ജൂലൈ 4 നാണ് കലാലയം ആരംഭിക്കുന്നത്. തിരുവിതാംകൂറിലെ ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജിൽ നിന്നും ആർട്‌സ് വിഭാഗം വിഷയങ്ങൾ വേർപെട്ടു, ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജ് ഓഫ് ആർട്‌സ് എന്ന പേരിൽ ഒരു പുതിയ കലാലയമായാണ് ഈ കോളേജ് ആരംഭിക്കുന്നത്. 1937ൽ തിരുവിതാംകൂർ സർവകലാശാല ആരംഭിച്ചപ്പോൾ ഈ കോളേജ് സർവകലാശാലയുടെ അക്കാദമിക് ഡിപ്പാർട്മെന്റായി മാറുകയും ഭരണ ചുമതല സർവ്വകലാശാലക്കാവുകയും ചെയ്തു. 1942ൽ ഈ കോളേജിലുണ്ടായിരുന്ന ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ യൂണിവേഴ്‌സിറ്റി കോളേജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജ് ഓഫ് സയൻസിലേക്കു മാറ്റി. 1948ൽ ഈ കോളേജ് ഇന്റർമീഡിയറ്റ് കോളേജ് എന്ന് പുനർമകരണം ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം കലാലയം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി. തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ് പ്രീഡിഗ്രി കോഴ്സുകൾ പഠിപ്പിക്കുന്ന സെക്കൻഡ് ഗ്രേഡ് കോളേജ് ആയും 1971ൽ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയും ഉയർത്തപ്പെട്ടു. പ്രീഡിഗ്രിക്കു പുറമെ ഇക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളിൽ ബിരുദവും നൽകുന്ന കോളേജായി മാറി. തുടർന്ന് വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകൾ ഉൾപ്പെടെ ലഭ്യമായ കലാലയമായി മാറി. ഇന്ന് അതിനൂതനമായ വിവിധ കോഴ്സുകളും പ്രഗൽഭരായ അധ്യാപകരുമുൾപ്പെടുന്ന ആർട്സ് കോളേജ് അക്കാദമിക കലാ, കായികനേട്ടങ്ങളിലും മികച്ച മാതൃക സൃഷ്ടിക്കുന്നു. കേരളത്തെ വിജ്ഞാനാധിഷ്ഠിത നൂതനത്വ സമൂഹമായി മാറ്റുന്നതിന് ഒന്നിച്ചണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. എ. സമ്പത്ത് സ്വാഗതം ആശംസിച്ചു. ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.സുബ്രമണ്യൻ എസ് ശതാബ്ദി ആഘോഷങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. അഡ്വ. ആന്റണിരാജു എം. എൽ. എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സുധീർ കെ, നഗരസഭാ വാർഡ് കൗൺസിലർ ജി. മാധവദാസ്, കോളേജ് യൂണിയൻ ചെയർമാൻ കൃഷ്ണ വിനോദ് സി., പി. ടി. എ. വൈസ് പ്രസിഡന്റ് വിജയകുമാർ ജി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി. സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ ഡോ.അജിത്കുമാർ പി കൃതജ്ഞത അറിയിച്ചു. വിദ്യാർത്ഥികർ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

തിരുവനന്തപുരം: കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത കെ എസ് ഇ ബി വിതരണവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് നിർദ്ദേശിച്ചതുപ്രകാരമാണ് ഈ നീക്കം.

അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും. പരാതി അറിയിക്കാൻ ഇലക്ട്രിക്കൽ ഡിവിഷൻ അടിസ്ഥാനത്തിൽ വാട്‌സാപ് നമ്പരും വൈകാതെ നിലവിൽ വരും. ജീവനക്കാർ കുറവുള്ള മേഖലയിൽ കൂടുതൽ ജീവനക്കാരെ മറ്റു മേഖലകളിൽ നിന്നും പുനർവിന്യസിക്കാനും ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വേണ്ടയിടങ്ങളിൽ ആവശ്യമായ ഉപകരണങ്ങളും നിർമ്മാണ സാമഗ്രികളും സമയബന്ധിതമായി എത്തിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതിയിൽ വൈദ്യുത വിതരണ സംവിധാനത്തിന് കേരളത്തിലാകെ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ 15 മുതൽ 17 വരെ 37. 64 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിട്ടുള്ളത്. വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. പരാതികളറിയിക്കാൻ 1912, 9496001912 എന്നീ നമ്പരുകളിൽ വിളിക്കാം. 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശവും അയക്കാവുന്നതാണ്. പരാതി പരിഹാരം വൈകുന്ന സാഹചര്യമുണ്ടായാൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ 9633088900 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശമയക്കാനും കഴിയും.

കൺട്രോൾ റൂം നമ്പരുകൾ:

തിരുവനന്തപുരം – 9496018377
കാട്ടാക്കട – 9446008042
കൊല്ലം – 9447237936
കൊട്ടാരക്കര – 7902465197
പത്തനംതിട്ട – 9446009451
കോട്ടയം – 9496008063
പാല – 9496008230
ഹരിപ്പാട് – 9496008509
ആലപ്പുഴ – 9496008413
എറണകുളം – 9496008720
പെരുമ്പാവൂർ – 9496008865
തൊടുപുഴ – 9496009266
തൃശ്ശൂർ – 9496009601
ഇരിങ്ങാലക്കുട – 9496009439
പാലക്കാട് – 9496009936
ഷൊർണ്ണൂർ – 9496010094
നിലമ്പൂർ – 9496012466
തിരൂർ – 9496010418
മഞ്ചേരി – 9496010273
കോഴിക്കോട് – 9496010692
വടകര – 9496010849
കൽപ്പറ്റ – 9496010625
കണ്ണൂർ – 9496011176
കാസർകോട് – 9496011431
ശ്രീകണ്ഠാപുരം – 9496018618

ന്യൂഡൽഹി: വലിയ തോതിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാൽ മാത്രമേ മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയിൽ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹർജികളാണ് കോടതി പരിഗണിച്ചത്.

ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള 40 ഹർജികളാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ചോർച്ച മുഴുവൻ പരീക്ഷയെയും റദ്ദാക്കുന്ന തരത്തിൽ ബാധിച്ചെന്ന് വ്യക്തമാവണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദ്ര ഹൂഡയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച സംഘടിതമായി നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചുവെന്ന് വ്യക്തമായാൽ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ. പ്രാദേശികമായി ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ പുനഃപരീക്ഷ നടത്തണമെന്ന് ഉത്തരവിടാനാകില്ല. നീറ്റ് പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളെയും ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പും ബാധിച്ചുവെന്ന് സ്ഥാപിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പുനഃപരീക്ഷ നടത്തണമെന്ന തീരുമാനത്തിൽ എത്താൻ സാധിക്കൂവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

രാജ്യത്താകമാനമുള്ള സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകളെക്കുറിച്ചും നരേന്ദ്ര ഹൂഡയോട് ചന്ദ്രചൂഢ് ആരാഞ്ഞു. 1,08,000 വിദ്യാർത്ഥികളാണ് ഉള്ളതെന്നും പുനഃപരീക്ഷ നടത്തുകയാണെങ്കിൽ നേരത്തെ പരീക്ഷയെഴുതിയ 23 ലക്ഷം പേരുണ്ടാകില്ല, മറിച്ച് 1.8 ലക്ഷം വിദ്യാർത്ഥികൾ മാത്രമായിരിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ മറുപടിയായി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടു, അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യതയുണ്ട്.

വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തിപ്രാപിക്കുകയെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 18, 19 അതിശക്തമായ മഴയ്ക്കും അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.