മലപ്പുറം: നിപ ബാധിച്ച് 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ മരണത്തെ തുടർന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു. റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുള്ളവർ എത്രയും വേഗം കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
അതേസമയം,നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താൻ ഒരു മൊബൈൽ ബയോസേഫ്റ്റി ലെവൽ-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേർന്നിട്ടുണ്ട്.
14 കാരനുമായി സമ്പർക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവിൽ 330 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ട്. ഇതിൽ തന്നെ 101 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പാണ്ടിക്കാട്, ആനക്കയത്തും നിയന്ത്രണങ്ങൾ തുടരും.

