General (Page 147)

ന്യൂഡൽഹി: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ വയനാട് ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വയനാടിന് കൂടുതൽ സഹായം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഗവർണർമാരുടെ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. എല്ലാവരും വയനാടിനെ സഹായിക്കുന്നതിന് വേണ്ടി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായങ്ങളും വയനാടിന് ഉണ്ടാകുമെന്നും സമ്മേളനത്തിന് പിന്നാലെ ഗവർണർ വ്യക്തമാക്കി.

ചണ്ഡിഗഡ്: പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും ഇന്ത്യൻ പാർലമെന്റിൽ നിർമിച്ച ഇന്ത്യൻ നിയമങ്ങളാണെന്ന് അദ്ദേഹം കേന്ദ്രമന്ത്രി അമിത് ഷാ. ഇതിൽ ശിക്ഷിക്കാനുള്ള വ്യവസ്ഥകളില്ലെന്നും പകരം നീതി ഉറപ്പുവരുത്തുകയാണെന്നും അതിനാൽ ഇത് ശിക്ഷാ നിയമമല്ല നീതി നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി പ്രാബല്യത്തിൽ വന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ നീതി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ചണ്ഡിഗഡിൽ ന്യായ് സേതു, ന്യായ് ശ്രുതി തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ശിക്ഷിക്കാനുള്ള നിയമങ്ങളല്ല, മറിച്ച് ജനങ്ങൾക്ക് നീതി ഉറപ്പാക്കാനുള്ള നിയമങ്ങളാണിതെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി വികസന പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളുമാണ് മോദി സർക്കാർ രാജ്യത്തിനായി ചെയ്തത്. അതിൽ ഏറ്റവും വലിയ പരിഷ്‌കാരമേതെന്ന് ചോദിച്ചാൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കിയതാണെന്ന് നിസംശയം പറയാം. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷ ( ബിഎൻഎസ്എസ്) ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവയാണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ. ഈ മൂന്ന് നിയമങ്ങളും രൂപീകരിച്ചത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണെന്ന് താൻ അഭിമാനത്തോടെ പറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ടാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഇന്ത്യൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇതിലൂടെ ജനനീതി ഉറപ്പുവരുത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

വയനാട്: ബെയ്ലി പാലം കടന്ന് ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കളക്ടറേറ്റിൽ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് (ജൂലൈ 5) മുതൽ ഒരു ദിവസം രാവിലെ ആറ് മുതൽ ഒമ്പത് വരെ ബെയ്ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതൽ ആളുകൾ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവർത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവർത്തകർക്കോ, പുറത്തുള്ളവർക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാൻ അനുവാദമില്ല. കളക്ഷൻ പോയിന്റിൽ ഏൽപ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേൻമയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ നടന്ന പ്രദേശത്തിന്റെ പഴയ കോണ്ടൂർ മാപ്പും ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ മാപ്പും താരതമ്യം ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും വന്നു കൂടിയതിന് ശേഷമുള്ള ഉയര വ്യത്യാസവും കൂടി കണക്കാക്കി കൂടുതൽ പരിശോധന നടത്തും. രണ്ടു മൃതദേഹങ്ങളാണ് ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തിയത്. ഒന്ന് പരപ്പൻപാറയിൽ നിന്നും മറ്റൊന്ന് നിലമ്പൂരിൽ നിന്നും. നിലമ്പൂരിൽ നിന്നും ഏഴ് ശരീരഭാഗങ്ങളും സൂചിപ്പാറ ഭാഗത്തുനിന്നും ഒരു ശരീരഭാഗവും ലഭിച്ചു.

കുട്ടികൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്ന വിധത്തിൽ വാർത്തകൾ നൽകരുത്. ലൈവ് ആയി വരുന്ന പല ദൃശ്യങ്ങളും ക്യാമ്പിലെ കുട്ടികൾക്ക് ബന്ധുക്കൾക്കും വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ നമ്പറുകൾ ലൈവ് ആക്കി നൽകുന്നതോടെ കൂടുതൽ ആളുകളെ തിരിച്ചറിയാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ദുരിത ബാധിത മേഖലയിൽ പരിശോധനയ്ക്ക് മീററ്റിൽ നിന്ന് ആർമിയും പ്രത്യേക പരിശീലനം നേടിയ നാല് ‘നായകളെ കൂടി വ്യോമ മാർഗം എത്തിക്കു മെന്ന് മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടിക ജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.

വയനാട്: വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉൾപ്പെടെ കുട്ടികളെ നൽകുന്നുണ്ട് എന്ന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ വി നായർ ഐഎഎസിനോട് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ നിർദ്ദേശം നൽകി. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവർത്തനം, മറ്റു ബന്ധങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിൽ ചെക്ക്ലിസ്റ്റ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കണം. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവരുടെ കൂടി കണക്ക് എടുക്കാൻ മന്ത്രി നിർദേശം നൽകി. കുട്ടികൾക്ക് വാക്സിനേഷനും ഉറപ്പാക്കിയിട്ടുണ്ട്. ഗർഭിണികൾക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കി. ആവശ്യമായവർക്ക് സ്‌കാനിംഗ് ഉൾപ്പെടെയുള്ള സൗകര്യമൊരുക്കി. ക്യാമ്പികളിൽ പനിയുള്ളവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നു. രക്ഷാപ്രവർത്തകർക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. 640 പേർക്ക് സൈക്കോസോഷ്യൽ പിന്തുണ നൽകി. കുട്ടികൾക്കുള്ള മാനസിക പിന്തുണാ പരിപാടിയും ആരംഭിച്ചു. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ശാസ്ത്രീയമായി തിരിച്ചറിയാനായി ഡിഎൻഎ സാമ്പിൾ കളക്ഷൻ ആരംഭിച്ചു. 49 സാമ്പിളുകൾ ശേഖരിച്ചു. മാനസികാരോഗ്യ പ്രോട്ടോകോൾ പാലിച്ചാണ് സാമ്പിൾ ശേഖരിക്കുന്നത്.

മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആബുലൻസുകൾ സജ്ജമാണ്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി 129 ഫ്രീസറുകൾ അധികമായുണ്ട്. 221 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 380 പോസ്റ്റുമോർട്ടങ്ങൾ നടത്തി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ. ഓരോ ദിവസവും ഇവർക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവർത്തകർക്കോ, പുറത്തുള്ളവർക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാൻ അനുവാദമില്ലെന്ന് കളക്ടർ വ്യക്തമാക്കി.

കളക്ഷൻ പോയിന്റിൽ ഏൽപ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേൻമയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ന് (ആഗസ്റ്റ് 4) പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂൾ പരിസരം- 723, ചൂരൽമല ടൗൺ- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ് വാരം- 42 എന്നിങ്ങനെ ആറു സോണുകളിൽ വിവിധ സേനകളിൽ നിന്നായി 1300 പേരും 188 ടീമുകളായി 1705 വളണ്ടിയർമാരും ആണ് രക്ഷാ ദൗത്യത്തിൽ ഉള്ളതെന്നും കളക്ടർ പറഞ്ഞു.

3600 പേർക്കുള്ള പ്രഭാത ഭക്ഷണവും 5500 പേർക്കുള്ള ഉച്ചഭക്ഷണവും ഇവർക്കായി എത്തിച്ചു. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിട്ടുണ്ട്. ഓരോ സോണുകളിലേക്കും പ്രത്യേകം വാഹനങ്ങളിലാണ് ഭക്ഷണം എത്തിച്ചത്. മേപ്പാടി പോളിടെക്നിക് കോളേജിൽ സജ്ജീകരിച്ച പൊതു അടുക്കളയിൽ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകളും മറ്റും കളക്ഷൻ പോയിൻറുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തതെന്നും കളക്ടർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മേപ്പാടി – മുണ്ടക്കൈ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചിട്ടയായി പ്രവർത്തിക്കുകയാണ് ജില്ലയിലെ സർക്കാർ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകൾ നിർവഹിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ കൽപ്പറ്റയിലെ സിവിൽ സ്റ്റേഷനും ചൂരൽമലയിലെ താൽക്കാലിക കൺട്രോൾ റൂമും കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.

രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം, ടെക്നിക്കൽ ടീം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, വിവരശേഖരണം, ആരോഗ്യ പ്രശ്നബാധിതരുടെ പരിപാലനം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്-കൈമാറ്റം-സംസ്‌കരണം, കാണാതായവരുടെ വിവരശേഖരണം, അതിഥി തൊഴിലാളികളുടെ പരിചരണം, വളണ്ടിയർ മാനേജ്മെന്റ്-രജിസ്ട്രേഷൻ, ഡാറ്റാ മാനേജ്മെന്റ്, കോൾ സെന്റർ മാനേജ്മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണം-വിതരണം, കൗൺസിലിങ് സേവനം, വെഹിക്കിൾ മാനേജ്മെന്റ്, മാലിന്യ സംസ്‌കരണം എന്നിങ്ങനെ 15ലധികം സംഘങ്ങളിലായി ആയിരത്തിലധികം ജീവനക്കാരാണ് കളക്ടറേറ്റിലും മുണ്ടക്കൈ- ചൂരൽമലയിലുമായി പ്രവർത്തിക്കുന്നത്.

ദുരന്തനിവാരണ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിദിന റിപ്പോർട്ടുകൾ സർക്കാറിലേക്ക് ലഭ്യമാക്കുകയും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ വാഹനങ്ങൾ, ഉപകരണങ്ങൾ, ഇന്ധനം തുടങ്ങിയവ ഉറപ്പാക്കുകയുമാണ് രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ടീമിന്റെ ചുമതല. ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ ഉറപ്പാക്കൽ, അധികമായി വരുന്ന ക്യാമ്പുകളുടെ സ്ഥലം കണ്ടെത്തൽ, ഭക്ഷണം, ശുചിത്വം, കൗൺസിലിങ്, സന്ദർശകർക്കുള്ള റിസപ്ഷൻ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ളവർ ഏകോപിപ്പിക്കുന്നു.

ക്യാമ്പിലെ ‘ആരോഗ്യ പ്രശ്നമുള്ള അന്തേവാസികളെ കണ്ടെത്തി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത് ആരോഗ്യ വകുപ്പിൻറെ സംഘമാണ്. ക്യാമ്പുകളിലെ രോഗബാധിതരുടെ പരിചരണവും ഇവർ ഉറപ്പാക്കുന്നു.

ദുരന്തമേഖലയിൽ നിന്ന് ലഭിക്കുന്ന മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടം കേന്ദ്രങ്ങളിൽ എത്തിച്ചെന്ന് ഉറപ്പാക്കൽ, പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം മൃതദേഹങ്ങൾ സൂക്ഷിപ്പു കേന്ദ്രങ്ങളിലെത്തിയെന്ന് ഉറപ്പാക്കൽ, മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തൽ, ബന്ധുക്കൾക്ക് വിട്ടു നൽകൽ, തിരിച്ചറിയാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് മൃതശരീരങ്ങളുടെ സൂക്ഷിപ്പ്- കൈമാറ്റം- സംസ്‌കരണം നിർവഹിക്കുന്ന ടീമംഗങ്ങൾ ചെയ്യുന്നത്.

ദുരിതാശ്വാസ പ്രവർത്തകർക്ക് ആവശ്യമായ സാങ്കേതിക സഹായമൊരുക്കുകയാണ് ടെക്നിക്കൽ ടീം. ദുരന്തത്തിൽ കാണാതായവരുടെ എണ്ണം ശാസ്ത്രീയമായി അപഗ്രഥിച്ച നിർണയിക്കുകയാണ് കാണാതായവരുടെ വിവരശേഖരണ വിഭാഗം. ദുരന്തമേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളുടെ വിവര കൈമാറ്റം, അതിഥി തൊഴിലാളികളുടെ സുരക്ഷ-ക്ഷേമം,തൊഴിലാളി വിവരങ്ങൾ ബന്ധുക്കൾക്ക് യഥാസമയം ലഭ്യമാക്കുകയാണ് അതിഥി തൊഴിലാളി പരിപാലനത്തിലൂടെ.

മരിച്ചവരുടെ എണ്ണം, പോസ്റ്റുമോർട്ടം നടത്തിയവരുടെ വിവരങ്ങൾ, ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്, തിരിച്ചറിയാത്തവരുടെ എണ്ണം, ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ എന്നിവ ക്രോഡീകരിക്കുന്നത് ഡാറ്റ മാനേജ്മെന്റ് വിഭാഗമാണ്. ടെലിഫോൺ കോളുകൾ രേഖപ്പെടുത്തി മറുപടി നൽകുകയാണ് കോൾ സെന്റർ മാനേജ്മെന്റ് വിഭാഗം.

ദുരിതാശ്വാസ ക്യാമ്പുകൾ, രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ, ക്യാമ്പുകളുടെ ചാർജ് ഓഫീസർമാർ, ആരോഗ്യവകുപ്പ്, മറ്റ് ടീമുകൾ എന്നിവയ്ക്ക് ആവശ്യാനുസരണം ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും സംഭരണവും ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ- വിതരണ വിഭാഗം ഉറപ്പാക്കുന്നു.. ദുരിതബാധിതർക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകി പോസ്റ്റ് ട്രോമാറ്റിക് ഡിസാസ്റ്റർ സിൻഡ്രാമില്ലെന്നും ഉറപ്പാക്കുന്നതിന് കൗൺസിലിങ് ടീമുകൾ കർമ നിരതമാണ്.

രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം എന്നിവക്ക് ആവശ്യമായ വാഹനങ്ങൾ ഉറപ്പാക്കുകയാണ് വെഹിക്കിൾ മാനേജ്മെന്റ്. ദുരന്തമേഖലയിലും ക്യാമ്പുകളിലും കണ്ടെത്തുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് മാലിന്യസംസ്‌കരണ വിഭാഗം നടപടി സ്വീകരിക്കുന്നുണ്ട്.

വയനാട്: വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു.

ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പൊലീസിന് കൈമാറി രസീത് കൈപറ്റണം ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് കൈമാറണമെന്നാണ് നിർദ്ദേശം.

വയനാട്: വയനാട് ദുരന്തഭൂമി സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കണം സുഖമില്ലാതിരുന്നതിനാൽ പ്രധാനമന്ത്രി ജോർജ് കുര്യനെ ചുമതലപ്പെടുത്തിയിരുന്നു. അത് ചെയ്തിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. കേന്ദ്രം എല്ലാ കാര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തഭൂമി സന്ദർശനത്തിന് പിന്നാലെ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലും സേവഭാരതിയുടെ പൊതുസ്മശാനത്തിലും സന്ദർശനം നടത്തും. മേപ്പാടിയിലുള്ള മിലിട്ടറി ക്യാമ്പിൽ സുരേഷ് ഗോപിയെത്തും. തുടർന്ന് വിംസ് ആശുപത്രിയും സന്ദർശിക്കും.

തിരുവനന്തപുരം: പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റുകൾ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവർത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകൾ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയിൽ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാൽ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷൻ, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകൾ നൽകുന്നത്. ഈ മുന്നറിയിപ്പ് രീതിയിൽ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ വരുത്തതുവാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാക്കുന്ന ദുരന്താഘാതങ്ങൾ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളിൽ ഗവേഷണം നടത്തി സർക്കാരിന് നയപരമായ ഉപദേശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണിത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ട്.

തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡൽ പരാമീറ്റേഴ്‌സ് വികസിപ്പിക്കുന്നതിന് പഠനങ്ങൾ നടത്താൻ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടും. ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്കുള്ള വിപുലമായ പ്രവചന ഉപാധികൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങൾ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും. ഇങ്ങനെ ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങൾ ലഘൂകരിക്കുന്നതിനായി മുൻകരുതലുകൾ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങൾക്കെതിരായ പ്രതിരോധവും വർദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങൾ നൽകി ഓൺലൈൻ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നൽകാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ റെസീപ്റ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യൽ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആർ കോഡ് നൽകിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്യുആർ കോഡ് സംവിധാനം പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പകരം പോർട്ടലിൽ നൽകിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിൾ പേയിലൂടെ സംഭാവന നൽകാം. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. അതു വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങൾ ചെവിക്കൊള്ളുന്നത്. ലോക രാഷ്ട്രങ്ങൾ അനുശോചനമറിയിച്ച് നമ്മോട് ഐക്യപ്പെട്ടിരുന്നു. ലോകത്താകെയുള്ള സുമസുകളും സഹായ സന്നദ്ധരാവുകയാണ്. ഓക്‌സ്‌ഫോർഡ് വിദ്യാർത്ഥികളിൽ ചിലർ, കേരളത്തെ സഹായിക്കണമെന്നഭ്യർഥിച്ചു വിഡിയോ തയാറാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിഎംഡിആർഎഫിലേക്കുള്ള പണം അല്ലാതെ വിവിധ ഓഫറുകൾ പല മേഖലകളിൽ നിന്നും വരുന്നുണ്ട്. വീട് നിർമ്മിക്കാമെന്നും സ്ഥലം നൽകാമെന്നും മറ്റുമുള്ള ഈ ഓഫറുകൾ ലോകം എത്രമാത്രം സ്‌നേഹാനുകമ്പകളോടെയാണ് നമ്മുടെ സഹോദരങ്ങളുടെ ദുരന്തത്തെ കാണുന്നത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഇതു കോ-ഓർഡിനേറ്റ് ചെയ്യാൻ മുൻ വയനാട് കളക്ടർ കൂടിയായ ജോയിൻറ് ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീതയുടെ ചുമതലയിൽ ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിക്കും. ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങൾ നൽകാൻ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad @ gmail .com എന്ന ഇ-മെയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോളുകൾ സ്വീകരിക്കുന്നതിനും മറുപടി നൽകുന്നതിനുമായി ഒരു കോൾ സെന്ററും സ്ഥാപിക്കും. 9188940013, 9188940014, 9188940015 എന്നീ നമ്പറുകളിൽ കോൾ സെന്ററുകളിൽ ബന്ധപ്പെടാം. ലാൻഡ് റവന്യു കമീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ കോൾ സെൻറർ കൈകാര്യം ചെയ്യും.