General (Page 148)

തിരുവനന്തപുരം: ദുരന്തബാധിത ചൂരൽമലയിൽ നഷ്ടമായ വീടുകൾക്ക് പകരമായി പുതിയ വീടുകൾ നിർമിച്ചു നൽകാൻ ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. വി. ഡി സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതിൽ ഉൾപ്പെടും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകാമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ലൈബ്രറി കൗൺസിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗൺസിൽ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയൻമാരുടെ അലവൻസിൽ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റിൽ നിന്നുള്ള വിഹിതവും ചേർത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം (എൻഎസ്എസ്) ദുരിത ബാധിത കുടുംബങ്ങൾക്കായി 150 ഭവനങ്ങൾ നിർമ്മിച്ചു നൽകുകയോ അല്ലെങ്കിൽ അതിന്റെ തുക സർക്കാർ നൽകുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ 14 വീടുകൾ നിർമിച്ചു നൽകും. ഫ്രൂട്ട്‌സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് നൽകാൻ സന്നദ്ധത അറിയിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ദുരിത ബാധിതർക്ക് വീടുകൾ വെച്ചുനൽകാൻ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവർത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചു – മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

ലിൻഡെ സൗത്ത് ഏഷ്യ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയിൽ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനായി വിട്ടുനല്കാമെന്ന് അറിയിച്ചു.

ചലചിത്ര താരം നയൻതാര 20 ലക്ഷം രൂപ നൽകി.

സിനിമാ നടൻ അലൻസിയർ 50,000 രൂപയും നൽകി.

കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപ നൽകി.

പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് – 50 ലക്ഷം രൂപ

നടൻ മോഹൻലാൽ സൈനിക വേഷത്തിൽ ദുരന്തമേഖലയിൽ എത്തി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. മാധ്യമങ്ങൾ ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാർഹമാണ്. വയനാടിൻറെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ചൂരൽമല ദുരന്ത പശ്ചാതലത്തിൽ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 22, 72 പ്രകാരം പ്രത്യേക മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു സർക്കാർ ഉത്തരവായി. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി സർക്കാർ ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇൻക്വസ്റ്റ് പോസ്റ്റുമോർട്ടം നടപടികൾ ഉണ്ടാവും. പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുൾപ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും.

ഡി.എൻ.എ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ എടുത്ത് വെക്കും. പൊലീസ് ഇത്തരം മുതദേഹങ്ങൾ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. അടക്കം ചെയ്യുന്ന രീതിയിൽ മാത്രമേ മൃതദേഹങ്ങൾ സംസ്‌കരിക്കാവൂ. അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ 72 മണിക്കൂറിനകം സംസ്‌കരിക്കണം.

സംസ്‌കരിക്കുന്ന സമയത്ത് പ്രദേശത്തെ പഞ്ചായത്ത്/നഗരസഭാ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കണം. തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങൾ, അവകാശത്തർക്കങ്ങളുള്ള മൃതദേഹങ്ങൾ, ശരീര ഭാഗങ്ങൾ എന്നിവ സംസ്‌കരിക്കുന്നതിനും ഇതേ മാർഗ്ഗ നിർദേശങ്ങൾ ബാധകമാണ്.

കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലുമാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതം നേരിടുന്ന മുണ്ടക്കൈയിലും ചൂരൽമലയിലും നടൻ മോഹൻലാൽ എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 122 ഇൻഫൻട്രി ബറ്റാലിയന്റെ ലഫ്റ്റനന്റ് കേണൽ കൂടിയാണ് മോഹൻലാൽ. സൈനിക വേഷത്തിൽ മേപ്പാടി മൗണ്ട് താബോർ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആദ്യ സന്ദർശനം. തുടർന്ന് ചൂരൽമലയിയും ബെയ് ലി പാലം വഴി മുണ്ടക്കൈയിലുമെത്തി.

മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീടുകൾക്കരിയിലൂടെ ദുഷ്‌കരമായ വഴികൾ താണ്ടി പുഞ്ചിരിമറ്റത്തും മോഹൻലാൽ സന്ദർശനം നടത്തി. തിരികെ ചൂരൽമലയിലെത്തിയ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു. മേജർ ജനറൽ എൻ.ടി. മാത്യു, സംവിധായകൻ മേജർ രവി, ലെഫ്റ്റനൻറ് രാഹുൽ, ഡിഫൻസ് സെക്യൂരിറ്റി കോർ കമാൻഡൻറ് പി.എസ്. നാഗര, കേണൽ ബെൻജിത്ത് തുടങ്ങിയവരും നടനൊപ്പമുണ്ടായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി. വിദ്യാലയം പുതുക്കി പണിയുന്നതിന് മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിൽ സ്ഥാപിതമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് മോഹൻലാൽ പറഞ്ഞു. ഈ നാടുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും രക്ഷാപ്രവർത്തകർ നൽകുന്ന സേവനം മഹത്തരമാണെന്നും മോഹൻലാൽ പറഞ്ഞു.

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് ഇന്നലെയും ഇന്നുമായി 39 എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.

ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശ്ശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി,കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകൾ ഇന്നു രജിസ്റ്റർ ചെയ്തു.

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം എംപിമാർ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യും. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം 8 ലക്ഷം രൂപയാണ് സിപിഐഎം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.

കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നീ അംഗങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു. ദുരന്തമേഖല സന്ദർശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ എത്തുന്നവർ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. ഇത്തരം വാഹനങ്ങൾ തടയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനവും വേണ്ട. ഇത്തരം സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുകയാണ്. സന്ദർശനം ഒഴിവാക്കി രക്ഷാപ്രവർത്തകരോടൊപ്പം മനസ്സു ചേർന്നു നിൽക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ഓരോരുത്തരും ചെയ്യേണ്ടത്. രക്ഷാപ്രവർത്തകർക്കും ദുരിത ബാധിതർക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങൾ എത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്യാമ്പുകൾ വീടാണെന്ന് കണ്ടായിരിക്കണം ഇടപെടേണ്ടത്. ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്വകാര്യതയ്ക്ക് വിലകൽപ്പിക്കണം. ക്യാമ്പുകളിൽ കഴിയുന്നവർ വലിയ മാനസിക വിഷമത്തിലാണുള്ളത്. ക്യാമ്പുകളിൽ പോയി അഭിമുഖം എടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലപ്പുറ ജില്ലയിൽ നിന്ന് മൂന്നെണ്ണവും വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് 11 എണ്ണവും കണ്ടെത്തി. സ്‌കൂൾ നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് മാത്രം എട്ട് മൃതദേഹം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

നാലുപേരെ ഇന്ന് ജീവനോടെ പടവെട്ടിക്കുന്നിൽ നിന്ന് രക്ഷിക്കാനായി. നിലവിൽ 597 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. 17 ക്യാമ്പുകളാണ് ചൂരൽമല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ആകെ 2303 പേരാണ് ക്യാമ്പുകളിൽ കഴിയുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാടിന്റെ കണ്ണീരൊപ്പാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കർമ്മരംഗത്തുള്ള നാഷണൽ സർവീസ് സ്‌കീം ദുരന്തബാധിതരുടെ പുനരധിവാസത്തിലും കൈത്താങ്ങേകുകയാണ്. പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയവരിൽ 150 കുടുംബങ്ങൾക്ക് നാഷണൽ സർവീസ് സ്‌കീം നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു നൽകും.

കേരളത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്ന ഏറ്റവും വലിയ വേദനകളിൽ ഒന്നായിത്തീർന്നിരിക്കുന്ന ദുരന്തത്തിലെ ഇരകൾക്ക് കേരളീയ കലാലയങ്ങൾ നൽകുന്ന സാന്ത്വനമായാണ് ഇത്രയും വീടുകൾ പണിതു നൽകുക. സ്വന്തമായി വീടില്ലാത്ത നിർദ്ധനസഹപാഠികൾക്ക് ‘സ്നേഹവീടുകൾ’ ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുപോരുന്ന നാഷണൽ സർവീസ് സ്‌കീം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സന്നദ്ധപ്രവർത്തനങ്ങളിൽ ഒന്നാകും ഇത്.

സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമ്മാണം ഏറ്റെടുക്കുക. കാലിക്കറ്റ് സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലെയും, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ ടി ഐ തുടങ്ങിയവയിലെയും എൻ എസ് എസ് സെല്ലുകളുടെ കീഴിലുള്ള എൻ എസ് എസ് യൂണിറ്റുകളും എൻ എസ് എസ് മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും സംസ്ഥാന ഓഫീസർമാരും ഈ സ്നേഹദൗത്യത്തിൽ പങ്കാളികളാകും.

മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദുരന്തദിനത്തിൽത്തന്നെ എൻ എസ് എസ് / എൻസിസി കർമ്മഭടന്മാർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ആ പ്രവർത്തനങ്ങൾ തുടരുകയാണ്. അതോടൊപ്പം, ദീർഘകാലാടിസ്ഥാനത്തിലുള്ള കൂടുതൽ സമാശ്വാസ പ്രവർത്തനങ്ങളും ദുരന്തമേഖലയിൽ എൻ എസ് എസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി, ദുരന്തബാധിതർക്ക് അവരനുഭവിച്ച മെന്റൽ ട്രോമ മറികടക്കാൻ വേണ്ട വിദഗ്ദ്ധ കൗൺസലിംഗ് എൻ എസ് എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാർഥികളിൽ പ്രത്യേകശ്രദ്ധ കൊടുക്കാനായി തിരിച്ചെത്തിക്കാനായി ‘ബാക്ക് ടു സ്‌കൂൾ ബാക്ക് ടു കോളേജ്’ ക്യാമ്പയിനും എൻ എസ് എസ് രൂപകല്പന ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു സ്‌കൂളി’ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ എൻ എസ് എസ് നൽകും.

ആരോഗ്യ സർവകലാശാല എൻ എസ് എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കും. ഇപ്പോൾ എൻ എസ് എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തുടർച്ചയായി ദുരിത മേഖലയിൽ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവിൽ എൻ എസ് എസ് വളണ്ടിയർമാരും ഓഫീസർമാരും യൂണിറ്റുകളും പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ സാങ്കേതികപരിജ്ഞാനംകൂടി പുനരധിവാസപ്രവർത്തങ്ങളിൽ ഉപയോഗപ്പെടുത്തും. പോളി ടെക്‌നിക്ക് കോളേജുകൾ, എൻജിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവയിലെ എൻ എസ് എസ് ടീമുകളുടെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക്കൽ-പ്ലംബിങ് പ്രവൃത്തികൾ തുടങ്ങിയ സാങ്കേതികസേവനം ഒരുക്കിനല്കും. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും സേവനോന്മുഖരായി എൻ എസ് എസ് വളണ്ടിയർമാരും എൻസിസി കേഡറ്റുകളും നാടിന്റെ കണ്ണീരൊപ്പാൻ കലാലയങ്ങളുടെയാകെ പ്രതിനിധികളായി മൊത്തം സന്നദ്ധപ്രവർത്തനങ്ങളോട് തോളോടുതോൾ ചേർന്നു പ്രവർത്തിക്കുകയാണ്.

വയനാട് ചൂരമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്തത്തിൽ ഇരകളായവർക്ക് സഹായഹസ്തം എത്തിയ്ക്കാൻ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയൻ എൻ.സി.സി. വയനാടിന്റെ കേഡറ്റുകളും, എൻ.സി.സിയിലെ മിലിറ്ററി ഓഫീസർമാരും കർമ്മനിരതരായി രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാമ്പുകളിലും ഫുഡ് പാക്കിംഗ് കേന്ദ്രങ്ങളിലും എല്ലാമായി ഇവരെ വിഭജിച്ച് ചുമതലയേൽപ്പിച്ചിട്ടുണ്ട്.

മീനങ്ങാടിയിൽ കുടുംബത്തോടെ കാണാതായ കേഡറ്റ് വൈഷ്ണവിനെ (EMBC മീനങ്ങാടി) പോലെ വലിയ പ്രയാസങ്ങൾ എൻസിസി കുടുംബത്തിന് ഈ പ്രദേശത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബാംഗങ്ങളെയും വീടും ആകെ നഷ്ടപ്പെട്ട ലാവണ്യ (ജെഎൻവി ലക്കിടി), പി എസ് അഭിനന്ദ് (ഗവ. കോളേജ് മാനന്തവാടി), വീടു നഷ്ടപ്പെട്ട എം അഭിനവ് (NMSM), പി ആദിത്യ (SMC സുൽത്താൻ ബത്തേരി) എന്നിങ്ങനെ സഹപ്രവർത്തകരായ കേഡറ്റുമാരുടെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിനിടയിലാണ് ഇവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.

സഹജീവികളോടുള്ള കരുണയാൽ ഇത്ര പ്രയാസകരമായ ദൗത്യത്തിൽ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന എൻ എസ് എസ് / എൻസിസി കർമ്മഭടന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നു. നാടൊന്നാകെ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അതിൽ ക്യാമ്പസുകളുടെ കൂടി കൈത്താങ്ങ് അർപ്പിക്കാൻ എൻ സി സി / എൻ എസ് എസ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ഈ പ്രവർത്തനങ്ങൾ തുടർദിവസങ്ങളിലും ഇരുപത്തിനാലു മണിക്കൂറും ഉണ്ടാകും. അതിനായുള്ള നിർദ്ദേശവും ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: മേപ്പാടി പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്ത ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.

കേരളത്തിൽ ആദ്യമായി കരസേന ബെയിലി പാലം നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാത്തിൽ. 2017 ഏപ്രിലിൽ കല്ലടയാറിന് കുറുകെയുള്ള എം.സി റോഡിൽ പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് താൽകാലിക പാലം സൈന്യം നിർമിച്ചത്.

ഇന്ത്യയിൽ സൈനികേതര ആവശ്യങ്ങൾക്കായി നിർമിച്ച ആദ്യ ബെയിലി പാലം കേരളത്തിൽ. 1996 നവംബർ എട്ടിന് പത്തനംതിട്ട റാന്നിയിൽ പമ്പാനദിക്കു കുറുകേയുള്ള പാലം തകർന്നപ്പോൾ പണിത പാലം രണ്ടു വർഷത്തോളം ഉപയോഗിച്ചു.

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.

ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിന്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിന്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.