General (Page 146)

തിരുവനന്തപുരം: വിവിധ പോലീസ് സ്റ്റേഷനുകൾക്കും ബറ്റാലിയനുകൾക്കുമായി വാങ്ങിയ 117 വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പോലീസ് സ്റ്റേഷനുകൾക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ, മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകൾക്കായി ഫോർവീൽ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്‌നി വാഹനങ്ങൾ, ജില്ലകൾക്കായി രണ്ടു മീഡിയം ബസ്സുകൾ, ബറ്റാലിയനുകൾക്കായി മൂന്നു ഹെവി ബസുകൾ എന്നിവയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഹോണ്ട യൂണികോൺ വിഭാഗത്തിൽപ്പെട്ട 30 ഇരുചക്രവാഹനങ്ങളും ബജാജ് പൾസർ 125 വിഭാഗത്തിൽപ്പെട്ട 25 ഇരുചക്ര വാഹനങ്ങളും പുറത്തിറക്കി.

2023-24 സാമ്പത്തികവർഷത്തിൽ 151 വാഹനങ്ങൾ വാങ്ങുന്നതിനായി 1203.63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇവയിൽ 117 വാഹനങ്ങളാണ് പുറത്തിറക്കിയത്. തിരുവനന്തപുരത്ത് പേരൂർക്കട എസ് എ പി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമെല്ലെന്ന രീതിയിൽ വലിയ കുപ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ യാഥാർത്ഥ്യം ജനം തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരൻ. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകൾ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്‌ട്രേഷൻ നിർവഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നർത്ഥം. ഈ അക്കൗണ്ടുകൾ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ. കളക്ടർക്ക് അനുവദിക്കാവുന്ന തുക,റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക,റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക,മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം,വിനിയോഗിച്ച തുക,ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വർഷാവർഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറൽ ഓഫീസിന്റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രിൽ ഒന്ന്2016മുതൽ31ആഗസ്ത്2019വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി. ഒരു ക്രമക്കേടുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോർട്ട് നൽകിയതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭക്ക് അധികാരവുമുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കാർഷിക വിളകളാൽ സമൃദ്ധമായിരുന്ന ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാർഡുകളിലെ 750 ലധികം കുടുംബങ്ങൾ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു എന്നാണ് മേപ്പാടി പഞ്ചായത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങൾ.

50 ഹെക്ടർ സ്ഥലത്തെ ഏലം , 100 ഹെക്ടറിൽ കാപ്പി ,70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടർ തേയില, 10 ഹെക്ടർ നാളികേരം,15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ.

കാർഷികോപകരണങ്ങളായ 80 കാട് വെട്ട് യന്ത്രങ്ങൾ, 150 സ്‌പ്രേയർ, 750 കാർഷിക ഉപകരണങ്ങൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ എന്നിവയുടെ നഷ്ടവും വലുതാണ്. വീട്ട് വളപ്പിലെ കൃഷിയും ദുരന്ത പ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നു. കർഷകർക്കായി വിതരണം ചെയ്ത കാർഷിക വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ് വ്യക്തമാക്കി. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് കൃഷി നാശത്തിൻ്റെയും ആസ്തി നശിച്ചതിൻ്റെയും നഷ്ടം കണക്കാക്കി സർക്കാർ സഹായം നൽകും.

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎൻഎ പരിശോധന ത്വരിതപ്പെടുത്തുമെന്നും ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ഉരുൾപൊട്ടൽ ബാധിതരായി ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായി പുഞ്ചിരിമട്ടം മുതൽ അതിന്റെ വഴികളിലൂടെയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരമല ഭാഗത്തും സൂചിപ്പാറ, പോത്തുകല്ല് ചാലിയാർ കേന്ദ്രീകരിച്ചുമാണ് തിരച്ചിൽ. സൈന്യം, അഗ്‌നിരക്ഷാസേന, വനംവകുപ്പ് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 333 പോലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ സംസ്ഥാനം ജനകീയ പൊലീസിങ് നയമാണ് നടപ്പാക്കിവരുന്നത്. ഇതിൽ പൊലീസിന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ നല്ലതോതിൽ മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുന്നതിനൊപ്പം കുറ്റവാളികൾക്ക് ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയാത്തവരാണ് പൊലീസ് എന്ന സന്ദേശം കൃത്യമായി നൽകാനും നിങ്ങൾക്ക് കഴിയണം- മുഖ്യമന്ത്രി പറഞ്ഞു.

വയനാട് നമ്മുടെ എല്ലാം മനസ്സിൽ വല്ലാത്ത വേദനയായി നിൽക്കുകയാണ്. ഉള്ളുപൊള്ളിക്കുന്ന വേദന കേരളമാകെ അനുഭവിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രവലിയ ദുരന്തമുണ്ടായിട്ടില്ല. കേരളത്തെ മാത്രമല്ല രാജ്യത്തെയാകെയും ലോകത്തെമ്പാടുമുള്ള മനുഷ്യരെയും ഇത് വേദനിപ്പിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകാപരമാണ്. നമ്മുടെ നാടിന്റെ ഉന്നതമായ സംസ്‌കാരം വെളിവാക്കുമാറ് എല്ലാതരം വ്യത്യാസങ്ങൾക്കും അതീതമായ രക്ഷാദൗത്യമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സേനയാണ് കേരള പൊലീസ്. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല, ആപത് ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുന്നത് കൂടിയാണ് തങ്ങളുടെ കർത്തവ്യം എന്ന് കേരള പൊലീസ് കാട്ടിത്തരുകയാണ്. മുൻപും നാടിത് അനുഭവിച്ചിട്ടുണ്ട്. കോവിഡ് കാലത്തും പ്രളയകാലത്തും പൊലീസ് സേനയുടെ കരുതൽ നാട് അനുഭവിച്ചതാണ്.

മഹാമാരിക്കാലത്ത് മാത്രമല്ല മഹാദുരന്തത്തിന്റെ വേളകളിലും ജനങ്ങളോടൊപ്പം തങ്ങളുണ്ടാകും എന്ന് ഇപ്പോൾ ഒരിക്കൽ കൂടി കേരള പൊലീസ് തെളിയിച്ചിരിക്കുന്നു. മനുഷ്യ സ്‌നേഹത്തിന്റെ ഈ ഉദാത്തമായ സത്ത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കേവർക്കും കഴിയണം. രാജ്യത്തെ പൊലീസ് സേനക്ക് പലനിലകളിൽ മാതൃകയാകാൻ കേരള പൊലീസിന് ഇന്ന് കഴിയുന്നുണ്ട്. ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരള പൊലീസ് രാജ്യത്ത് ഒന്നാംസ്ഥാനത്താണ്. പൊലീസ് സേനയെ ആധുനികവത്കരിക്കുന്നതിനും നവീകരിക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങളാണ് ഇതിനെല്ലാം ഇടയാക്കിയിട്ടുള്ളത്. പൊലീസ് സേനയുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ശാസ്ത്രീയമായ കുറ്റാന്വേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൈബർ ഫോറൻസിക് മേഖലയിൽ ആധുനിക പരിശീലനം ഏർപ്പെടുത്തുന്നതിനും, വനിത പ്രാതിനിധ്യം ഉറപ്പാക്കി സേനയുടെ അംഗബലം വർധിപ്പിക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞു. സർക്കാർ മാതൃകാപരമായി ഇടപെടുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതിന്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സേനയിലെ ഓരോ അംഗത്തിനും ഉത്തരവാദിത്തമുണ്ട്.

പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റും വിധം പൊലീസിനെ നവീകരിക്കാനായി ആരംഭിച്ച ഇക്കണോമിക് ഒഫൻസ് പ്രിവൻഷൻ വിങ്, സൈബർ പട്രോളിങ്, സൈബർ ഡോം തുടങ്ങിവയിലൂടെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ വളരെ പെട്ടെന്ന് കണ്ടെത്തി തടയാൻ നമുക്കിന്ന് സാധിക്കുന്നു. വിദേശരാജ്യങ്ങളിൽപ്പോലും പോയി പ്രതികളെ പിടികൂടാൻ കഴിയുന്നു. ഇതൊക്കെ മുൻനിർത്തിയാണ് സൈബർ പൊലീസിങ് രംഗത്തെ മാതൃകാ സംസ്ഥാനമായി കേരളം ഇന്ന് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനാകെ മാതൃകാപരമായി പ്രവർത്തിക്കുന്ന അത്തരമൊരു സേനയിലേക്കാണ് നിങ്ങൾ കടന്നുവരുന്നത് എന്ന് ഓർമിപ്പിക്കാനാണ് ഇത് പറഞ്ഞത്. പൊലീസിന്റെ ആപ്തവാക്യമായ ‘മൃദുഭാവേ, ദൃഢ കൃത്യേ’ എന്ന സന്ദേശം അന്വർതഥമാക്കുന്ന വിധമുള്ള പ്രവർത്തനമാണ് നിങ്ങളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പാസിങ് ഔട്ട് പരേഡിലും കാണുന്ന പ്രത്യേകത ഇവിടെയും ആവർത്തിക്കുന്നുണ്ട്. ധാരാളം ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ആളുകളാണ് ഈ രണ്ട് ബാച്ചിലും ഉള്ളതെന്നതാണത്. ഇത് നമ്മുടെ പൊലീസിന്റെ നിലവാരത്തെ വലിയ തോതിൽ ഉയർത്തുന്നതിന് സഹായിക്കുന്ന ഘടകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പേരൂർക്കട എസ് എ പി ക്യാമ്പ് മൈതാനത്ത് നടന്ന പാസിങ്ഔട്ട് പരേഡിൽ സ്‌പെഷ്യൽ ആംഡ് പൊലീസിൽ പരിശീലനം പൂർത്തിയാക്കിയ 179 പേരും കേരള ആംഡ് പൊലീസിന്റെ കുട്ടിക്കാനത്തെ അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 154 പേരും പങ്കെടുത്തു. തിരുവനന്തപുരം പനവൂർ സ്വദേശിയും റിക്രൂട്ട് ട്രെയിനിങ് കോൺസ്റ്റബിളുമായ പരേഡ് കമാൻഡർ അക്ഷയ് എസ് പരേഡ് നയിച്ചു. എസ് എ പിയിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്‌ഡോർ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്. സാജിർ ആണ് മികച്ച ഷൂട്ടർ. വി കെ വിജേഷാണ് ഓൾ റൗണ്ടർ. കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ ഏറ്റവും മികച്ച ഇൻഡോർ കേഡറ്റ് എം എം വിഷ്ണുവാണ്. എൽ ആർ രാഹുൽ കൃഷ്ണൻ മികച്ച ഔട്ട്‌ഡോർ കേഡറ്റും ഡോൺ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദാണ് ഓൾ റൗണ്ടർ.

എസ്.എ.പി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ബി.ടെക്ക് ബിരുദധാരികളായ 29 പേരും എം.ടെക്കുള്ള ഒരാളും ഉണ്ട്. 105 പേർക്ക് ബിരുദവും 13പേർക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്. കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ 11 പേർ എൻജിനീയറിംഗ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യതയുള്ള 85 പേരും എം.എസ്.ഡബ്ല്യു, എം.ബി.എ എന്നിവ അടക്കമുള്ള പി.ജി ബിരുദങ്ങൾ നേടിയ 24 പേരും ഈ ബാച്ചിൽ ഉണ്ട്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പാസിംഗ് ഔട്ട് ചടങ്ങിൽ പങ്കെടുത്തു.

ന്യൂഡൽഹി: ബംഗ്ലാദേശ് കലാപത്തെത്തുടർന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസീന ഇന്ത്യയിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. സർവകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയോ എന്ന് സർക്കാർ വ്യക്തമാക്കിയില്ല.

ബംഗ്ലാദേശിലെ സ്ഥിതി കേന്ദ്ര സർക്കാർ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിൻറെ നടപടികൾക്ക് യോഗത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും പിന്തുണ അറിയിച്ചു. ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചർച്ച നടന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേർ നിലവിൽ ബംഗ്ലാദേശിലുണ്ട്. തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണെന്ന് സർക്കാർ യോഗത്തിൽ അറിയിച്ചു.

ബംഗ്ലാദേശ് സേനയുമായി ബന്ധപ്പെടുന്നുണ്ട്. കലാപത്തിൽ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനാണ് ജയശങ്കർ ഉത്തരം നൽകിയത്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സർക്കാർ.

സർക്കാർ ജീവനക്കാരുടെ പത്ത് ദിവസത്തെ ശമ്പളം നൽകാമോ എന്ന് സർക്കാർ അഭ്യർഥിച്ചു. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നിൽ വച്ചിട്ടുണ്ട്.

അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സംഘടനകൾക്കിടയിൽ ധാരണയായി. ഇക്കാര്യത്തിൽ സംഘടനകളുമായി സമവായത്തിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും.

ന്യൂഡൽഹി: കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ. രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ഇലക്ട്രോണിക്‌സ് മേഖല മൂന്നാം സ്ഥാനത്തെത്തി. രത്‌ന-ആഭരണ കയറ്റുമതിയെ പിന്തള്ളിയാണ് ഇലക്ട്രോണിക് മേഖല മൂന്നാം സ്ഥാനത്ത് എത്തിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ കയറ്റുമതിയിൽ മുന്നിലുള്ള പത്ത് മേഖലകളിലാണ് ഇലക്ട്രോണിക്‌സ് മേഖല മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ളത് എഞ്ചിനീയറിംഗ് ഉത്പന്നങ്ങളാണ്.

പെട്രോളിയം ഉത്പന്നങ്ങളാണ് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2023-24 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഇലക്ട്രോണിക്‌സ് നാലാം സ്ഥാനമായിരുന്നു. വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ 22 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആദ്യപാദത്തിൽ മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ മൂല്യം 844 കോടി (71,000 കോടി രൂപ) ഡോളറായി. മുൻവർഷം ആദ്യപാദത്തിലിത് 694 കോടി ഡോളറായിരുന്നു.

മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ 57 ശതമാനം മൊബൈൽ ഫോണിന്റേതാണ്. 480 കോടി ഡോളർ. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് വളർച്ച. ആപ്പിൾ ഐഫോൺ കയറ്റുമതി ഉയർന്നതാണ് വർദ്ധനയ്ക്ക് പിന്നിൽ. ആദ്യപാദത്തിൽ ഐഫോൺ കയറ്റുമതി മാത്രം 350 കോടി ഡോളറിന്റേതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വയനാട്: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതിപരിഹാര സെൽ രൂപീകരിച്ച് സർക്കാർ ഉത്തരവിട്ടു. ജോയിന്റ് ഡയറക്ടറും ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പർവൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ ബി സെൽ ഇൻചാർജായും ധനവകുപ്പ് അണ്ടർ സെക്രട്ടറി അനിൽ രാജ് കെ എസ് നോഡൽ ഓഫീസറായും ധനവകുപ്പ് സെക്ഷൻ ഓഫീസർ ബൈജു ടി അസി. നോഡൽ ഓഫീസറായുമാണ് സെൽ രൂപീകരിച്ചത്.

പരാതികൾക്കും സംശയങ്ങൾക്കും 8330091573 എന്ന മൊബൈൽ നമ്പറിലും cmdrf.cell@gmail.com എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.

പട്‌ന : ബിഹാറിലെ കൻവാർ തിർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടം. 9 തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. 6 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. ജെതുയി നിസാമത്ത് ഗ്രാമത്തിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സോൻപുർ പഹ്ലേജ ഘട്ടിൽ നിന്ന് മടങ്ങുന്നവഴി തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാവടി യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഹിന്ദു തീർഥാടകർ ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി ഗംഗാജലം ശേഖരിച്ച് തിരിച്ചെത്തി ക്ഷേത്രങ്ങളിലെ ശിവ വിഗ്രഹങ്ങൾ അഭിഷേകം നടത്തുന്നതാണ് ആചാരം.