ന്യൂഡൽഹി: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ വയനാട് ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വയനാടിന് കൂടുതൽ സഹായം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഗവർണർമാരുടെ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. എല്ലാവരും വയനാടിനെ സഹായിക്കുന്നതിന് വേണ്ടി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായങ്ങളും വയനാടിന് ഉണ്ടാകുമെന്നും സമ്മേളനത്തിന് പിന്നാലെ ഗവർണർ വ്യക്തമാക്കി.

