General (Page 145)

തിരുവനന്തപുരം: ഉറ്റവരെയും കൂടെപ്പിറപ്പുകളെയും നഷ്ടപ്പെട്ട വേദനയുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ പണമിടപാടിന്റെ പേരിൽ ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചടയ്ക്കുവാൻ ഈ ഘട്ടത്തിൽ നിർബന്ധിക്കുന്നു എന്നത് അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയവും ചർച്ച ചെയ്തു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുമായി സർക്കാർ പ്രതിനിധികൾ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്നും ദ്രുതഗതിയിൽ ഇത്തരം നിലപാട് സ്വകാര്യ ധനകാര്യ മാനേജ്‌മെന്റുകൾ തുടർന്നാൽ സംസ്ഥാന സർക്കാർ അതിനെ നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കാർഷിക വിളകളാൽ സമൃദ്ധമായിരുന്ന ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായാണ് പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാർഡുകളിലെ 750 ലധികം കുടുംബങ്ങൾ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു എന്നാണ് മേപ്പാടി പഞ്ചായത്തിന്റെ കണക്ക്. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ , കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങൾ. 50 ഹെക്ടർ സ്ഥലത്തെ ഏലം , 100 ഹെക്ടറിൽ കാപ്പി ,70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടർ തേയില, 10 ഹെക്ടർ നാളികേരം,15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ.

കാർഷികോപകരണങ്ങളായ 80 കാട് വെട്ട് യന്ത്രങ്ങൾ, 150 സ്പ്രേയർ, 750 കാർഷിക ഉപകരണങ്ങൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ എന്നിവയുടെ നഷ്ടവും വലുതാണ്. വീട്ട് വളപ്പിലെ കൃഷിയും ദുരന്ത പ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നു. കർഷകർക്കായി വിതരണം ചെയ്ത കാർഷിക വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ് അറിയിച്ചു. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് കൃഷി നാശത്തിന്റെയും ആസ്തി നശിച്ചതിന്റെയും നഷ്ടം കണക്കാക്കി സർക്കാർ സഹായം നൽകും.

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനേഷ് ഫോഗട്ട് ഭാരതത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷെന്നും വേദനിക്കരുതെന്നും അഭിമാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിനേഷ്, നിങ്ങൾ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! ഇന്ത്യയ്ക്ക് നിങ്ങൾ അഭിമാനവും, ഓരോ ഭാരതീയനും നിങ്ങൾ പ്രചോദനവുമാണ്. നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകുന്നില്ല. വിനേഷ്, നിങ്ങൾ വേദനിക്കാതെ ശക്തമായി തിരിച്ചു വരിക. വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോവുക. ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ഒളിംപിക്‌സിൽ ഇന്ത്യക്ക് ഉറപ്പായ മെഡൽ നഷ്മമായി.

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ്ങ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്മെന്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചത്.

ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% ( ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) MIDP (Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും, ഈ തുക 5 വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകുന്നതുമാണ്.

ഇതിനു പുറമെ റോയൽറ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സർക്കാർ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തിൽ ലഭിക്കുന്ന 210.63 കോടി രൂപയും, റോയൽറ്റി ഇനത്തിൽ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.

ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.

ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യേണ്ടതാണ്.

ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നൽകും. ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിർദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നൽകുന്നതിന് നികുതി-ധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

തിരുവനന്തപുരം: സ്‌കൂൾ പരീക്ഷകളിൽ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തീരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിന്റെ ആദ്യ പടിയായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മേയ് 26 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എകദിന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൻറെ ആദ്യപടിയായാണിത്.

തിരുവനന്തപുരം: ഗിഗ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഒക്ടോബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് പ്ലാറ്റ്ഫോം ബെയിസിഡ് ഗിഗ് വർക്കേഴ്സ് (രജിസ്ട്രേഷൻ ആന്റ് വെൽഫെയർ) ബിൽ 2024 കൊണ്ടു വരാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഗിഗ് തൊഴിലാളികളുടെ ക്ഷേമവും സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട അന്തിമ ബിൽ തയ്യാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആധുനിക സേവന മേഖലയിൽ ഒഴിച്ചു കൂടാനാവാത്ത തൊഴിൽ ശക്തിയാണ് ഗിഗ് വർക്കേഴ്സ്. ഡിജിറ്റൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളായ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതരണ ആപ്പുകളും ഊബർ, ഓല തുടങ്ങിയ ഗതാഗത ആപ്പുകളും ഫ്ളിപ്പ് കാർട്ട്, ആമസോൺ തുടങ്ങിയ ആപ്പുകളുമെല്ലാം പ്രവർത്തിക്കുന്നത് ഗിഗ് തൊഴിലാളികളെ ഉപയോഗിച്ചാണ്. ഒരു സ്മാർട്ട് ഫോണും ഇരുചക്രവാഹനവുമുള്ള ആർക്കും ഗിഗ് തൊഴിലാളിയാവാം. നിശ്ചിത സമയത്ത് നിശ്ചിത പ്രതിഫലത്തിനായി ജോലി ചെയ്യുക എന്നതാണ് ഗിഗ് എന്ന വാക്കിന്റെ അർത്ഥം. ജോലി ചെയ്യിപ്പിക്കുന്ന ആളും ജോലി ചെയ്യുന്ന ആളും തമ്മിൽ മുതലാളി തൊഴിലാളി ബന്ധം ഇല്ലെന്ന് മന്ത്രി പറഞ്ഞു.

നിതി ആയോഗിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏകദേശം 77 ലക്ഷം ഗിഗ് തൊഴിലാളികളുണ്ട്. അടുത്ത അഞ്ച് വർഷംകൊണ്ട് ഇവരുടെ എണ്ണം രണ്ടരക്കോടിയായി ഉയരും. കേരളത്തിൽ മാത്രം രണ്ട് ലക്ഷത്തോളം തൊഴിലാളികളുണ്ട് എന്നാണ് കണക്ക്. തൊഴിലാളിയ്ക്ക് സ്വന്തം സൗകര്യം അനുസരിച്ച് തൊഴിൽ സമയം സ്വീകരിക്കാം എന്നതാണ് ഗിഗ് മേഖലയുടെ ആകർഷണം. നിലവിൽ തൊഴിലാളി, തൊഴിലുടമ ബന്ധമോ കരാറോ ഇല്ലാത്തതിനാൽ ഗിഗ് തൊഴിലാളിയ്ക്ക് തൊഴിലുടമയോടോ തൊഴിലുടമയ്ക്ക് തൊഴിലാളികളോടോ വിധേയത്വം ഇല്ല. ഉടമയെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് ആവശ്യമായ ജോലി ആവശ്യമായ സമയത്ത് നടന്നു കിട്ടും. പ്രതിഫലം ഡിജിറ്റലായി കൈമാറ്റം ചെയ്യപ്പെടും എന്നല്ലാതെ തൊഴിലാളിയുമായി നേരിട്ട് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ടു തന്നെ നിലവിലെ തൊഴിൽവ്യവസ്ഥ പ്രകാരം തൊഴിലാളികൾ കൂടുതൽ ചൂഷണം ചെയ്യപ്പെടാനും മുതലാളിമാർക്ക് പരമാവധി ലാഭം കൊയ്യാനുമുള്ള സാഹചര്യം ഗിഗ് സമ്പദ് വ്യവസ്ഥയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഡൽഹി ആസ്ഥാനമായുള്ള എൻ.ജി.ഒ. ‘ജൻ പഹൻ’ രാജ്യത്തെ 32 നഗരങ്ങളിലായി 5000ത്തിൽ അധികം ഗിഗ് തൊഴിലാളികളിൽ നടത്തിയ സർവെയിൽ 85 ശതമാനം തൊഴിലാളികളും ദിവസം എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട് എന്നാണ് കണ്ടെത്തിയത്. അതിൽ തന്നെ 21 ശതമാനം ജീവനക്കാർ ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. സർവെയിൽ പ്രതികരിച്ച 65 ശതമാനം സ്ത്രീകളും ജോലിയിൽ സുരക്ഷിതത്വം ഇല്ല എന്നാണ് അഭിപ്രായപ്പെട്ടത്. മുഖ്യ ജീവനോപധിയായി ഗിഗ് മേഖലയെ തെരഞ്ഞെടുത്തവർക്ക് മുമ്പിലുള്ള അരക്ഷിതാവസ്ഥയാണ് ഇത് ബോധ്യപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇവർക്ക് നിയമസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി 2020 ൽ കേന്ദ്ര സർക്കാർ സോഷ്യൽ സെക്യൂരിറ്റി കോഡ് കൊണ്ടു വന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ മേഖലയിലെ തൊഴിലാളികൾക്ക് ശക്തമായ സംഘടനാസംവിധാനം ഇല്ലാത്തതും പോരായ്മയാണ്. മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ, സാമ്പത്തിക സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പു വരുത്തുന്നതിന് സമഗ്രമായ നിയമനിർമ്മാണം കൊണ്ടു വരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ശില്പശാലയിൽ എല്ലാവരും ക്രിയാത്മകമായി പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ വിശ്രമിക്കാനോ ശുചിമുറികൾ ഉപയോഗിക്കാനോ സൗകര്യമില്ലാത്ത, റോഡുവക്കിൽ വിശ്രമിക്കുന്ന ഗിഗ് തൊഴിലാളികൾക്കായി കോർപ്പറേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം നഗരത്തിൽ മാതൃകാ വിശ്രമകേന്ദ്രം നിർമിക്കുമെന്നും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.

ഗിഗ് വർക്കർമാരുടെ തൊഴിൽ നിലവാരം, ക്ഷേമപ്രവർത്തനങ്ങൾ, സേവന വേതന വ്യവസ്ഥകൾ എന്നിവ ക്രമീകരിക്കുന്നതിനും പ്രാഥമിക തൊഴിലുടമകളുടെയും അഗ്രഗ്രേറ്റർമാരുടെയും ചുമതലകൾ ക്രമീകരിക്കുന്നതിനുമായി നിയമനിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കരട് ബിൽ അന്തിമഘട്ടത്തിലാണ്. ബിൽ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയിൽ ഐഎൽഒ പ്രതിനിധികൾ, തൊഴിലുടമകൾ, തൊഴിലാളി പ്രതിനിധികൾ, ഗിഗ് വർക്കേഴ്‌സ് എക്‌സ്പർട്ട് കമ്മിറ്റി മെമ്പർമാർ, നിയമവിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. ഐഎൽഒ പ്രതിനിധികളായ മിചികോ മിയാമോട്ടേ, മാരികോ ഔച്ചി, കരുൺ ഗോപിനാഥ്, ഐടി ഫോർ ചേഞ്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിത ഗുരുമൂർത്തി, ഡോ. ധന്യ, വിനയ് സാരഥി, ബൊർണാലി ബന്ധാരി, ഉമാ റാണി അമാര, രാഹത് ഖന്ന, ആയുഷ് ഝാ, പ്രിയങ്ക നൗൾ, മീനു ജോസഫ്, ദീപു കൃഷ്ണ, ആതിര മേനോൻ, മധു ദാമോദരൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ലേബർ കമ്മീഷണർ വീണ എൻ മാധവൻ, അഡീഷണൽ ലേബർ കമ്മീഷണർ കെ എം സുനിൽ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാന റവന്യൂ വകുപ്പ് വർഷംതോറും നടത്തുന്ന സർവ്വേ പരീക്ഷാ പേപ്പറുകൾ ഇനി മുതൽ പുനർ മൂല്യ നിർണ്ണയം നടത്താൻ അനുമതി. 2023 ജൂലൈ 14, 15 തീയതികളിൽ നടത്തിയ ഹയർ സർവ്വേ പരീക്ഷയുടെ ഉത്തരപേപ്പറുകൾ ആദ്യം മൂല്യ നിർണ്ണയം നടത്താൻ സർക്കാർ നിർദ്ദേശം നല്കി.

റവന്യൂ വകുപ്പ് ജീവനക്കാർക്ക് ഡപ്യൂട്ടി തഹസീൽദാർ തസ്തികയിലെ പ്രൊബേഷൻ പൂർത്തിയാക്കാനും സ്ഥാനക്കയറ്റങ്ങൾക്കും സർവ്വീസ് ആനുകൂല്യങ്ങൾക്കും പി.എസ്.സി യുടെ ക്രിമിനൽ ജുഡീഷ്യറി പരീക്ഷയും സർവ്വേ ഡയറക്ടറേറ്റിന്റെ രണ്ടു മാസ പരിശീലനത്തിനു ശേഷമുള്ള ഹയർ സർവ്വേ പരീക്ഷയും പാസാകേണ്ടതുണ്ട്. എന്നാൽ പി എസ് സി പരീക്ഷ ജയിക്കുന്ന പലരും സർവ്വേ പരീക്ഷ തോക്കുന്നത് പതിവാണ്. 2023 ജൂലൈയിൽ പരീക്ഷ എഴുതിയ ചില ഉദ്യോഗസ്ഥരെ ബോധപൂർവ്വം തോല്പിച്ചു എന്ന് ആരോപമണമുയർന്നിരുന്നു.

റവന്യൂ ഇൻസ്‌പെക്ടർ തിരുവനന്തപുരം മച്ചേൽ,പുല്ലൂർക്കോണം സങ്കീർത്തനത്തിൽ വി.രാജേഷ് തൻറെ ഉത്തരക്കടലാസുകൾ കാണണമെന്ന് ആവശ്യപ്പെട്ടത് അധികൃതർ നിരസിച്ചതോടെ വിവരാവകാശ കമ്മിഷൻ ഇടപെടുകയായിരുന്നു.

ഉത്തരക്കടലാസുകൾ കാണാൻ അപേക്ഷകന് അവകാശമുണ്ടെന്നും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാൻ അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവായി. ഉത്തരക്കടലാസുകൾ പുറത്തു വന്നപ്പോൾ പരാതികൾ അടിസ്ഥാനമുള്ളവയാണെന്ന് ബോധ്യമായി. ഒരേ ഉത്തരം എഴുതിയ പലർക്കും പലമാർക്കുകൾ നല്കിയിട്ടുള്ളതായി തെളിഞ്ഞു. തുടർന്നാണ് 2023 ജൂലൈയിലെ ഹയർസർവ്വേ പരീക്ഷ പുനർ മൂല്യ നിർണ്ണയം നടത്താൻ നിർദ്ദേശിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.

ഇതിനായി സർവേ അഡീഷണൽ ഡയറക്ടർ,ജോയിൻറ് ഡയറക്ടർ,കൊല്ലം ഡപ്യൂട്ടി ഡയറക്ടർ,നെയ്യാറ്റിൻകര അസിസ്റ്റൻറ് ഡയറക്ടർ,റവന്യൂ (സി) വകുപ്പ് അണ്ടർ സെക്രട്ടറി എന്നിവരെ ചേർത്ത് പാനലും രൂപീകരിച്ചു. വർഷംതോറും ഈ പാനൽ പുന:ക്രമീകരിക്കാനും തീരുമാനമായി. 2023 ജൂലൈ 14നും15 നും നടന്ന ഹയർ സർവ്വേ ഉത്തരകടലാസുകൾ നശിപ്പിക്കരുതെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. റവന്യൂ വകുപ്പിലെ നൂറുകണക്കിൽ ഉദ്യോഗസ്ഥർക്ക് ആശ്വാസമാകുന്നതാണീ തീരുമാനം.

തിരുവനന്തപുരം: വയനാട് തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രിസഭ യോഗം. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും.

രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്. ടൗൺഷിപ്പ് തന്നെ നിർമിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരനാണ് ശ്രമം. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ പ്രധാന അജണ്ട. ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടു കണ്ടെത്തും.

സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. ഓൺലൈനായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേർന്നത്.

തിരുവനന്തപുരം: വഞ്ചനാപരമായ തൊഴിൽ ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും മുതലെടുക്കാൻ സ്‌കാമർമാരെ അനുവദിക്കരുതെന്നാണ് പോലീസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഏതെങ്കിലും തൊഴിൽ അവസരങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് ആ തൊഴിൽ സ്ഥാപനത്തെ കുറിച്ച് വിശദപരിശോധന നടത്തുകയും ചെയ്യുക.

ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.

പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാർട്ടേഴ്‌സുകൾ ഇതിനുവേണ്ടി ഉപയോഗിക്കും. കൽപ്പറ്റയിൽ 15, പടിഞ്ഞാറത്തറയിൽ 6, ബത്തേരിയിൽ 2, കാരാപ്പുഴയിൽ 4 എന്നിങ്ങനെയാണ് ക്വാർട്ടേഴ്‌സുകൾ അനുവദിക്കാൻ സാധിക്കുക. ഇതിനുപുറമെ അറ്റകുറ്റപ്പണികൾ നടത്തിലും ചില ക്വാർട്ടേഴ്‌സുകൾ ഉപയോഗയോഗ്യമാക്കും. ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ ക്വാർട്ടേഴ്‌സുകളുടെ എണ്ണമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങൾ ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സ് ഉൾപ്പെടെ സർക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങളിൽ 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച ചേരുന്ന മന്ത്രിതല ഉപസമിതി യോഗം കാര്യങ്ങൾ അവലോകനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ജൂലൈ 30 മുതൽ ആഗസ്റ്റ് 5 വൈകുന്നേരം 5 മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അൻപത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അൻപത്തിരണ്ടായിരത്തി തൊള്ളായിരത്തി നാൽപത്തി രണ്ട് രൂപയാണ് (53,98,52,942 ). പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആർഎഫ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യും.

സമാനതകളില്ലാത്ത ഈ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് പൊതുവിൽ ധാരണ. അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽ നൽകാൻ കഴിയുന്നവർക്ക് അങ്ങനെയാകാം. തവണകളായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകി പങ്കാളികളാകാം.

സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്പാർക്ക് മുഖേന തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആഗസ്റ്റ് 6ന് ലഭിച്ച ചില സഹായം;

കെ എസ് എഫ് ഇ മാനേജുമെൻറും ജീവനക്കാരും ചേർന്ന് അഞ്ചു കോടി രൂപ.

സിപിഐ സംസ്ഥാന കൗൺസിലിന്റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന

സെക്രട്ടറി ബിനോയ് വിശ്വം എൽപിച്ചു.

കാനറ ബാങ്ക് ഒരു കോടി രൂപ.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ രണ്ട് കോടി രൂപ.

കെ എഫ് സി മാനേജുമെൻറും ജീവനക്കാരും ചേർന്ന് 1.25 കോടി രൂപ.

എ ഐ എ ഡി എം കെ ഒരു കോടി രൂപ.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 25 ലക്ഷം രൂപ.

കേരള ഹൈഡൽ ടൂറിസം സെൻറർ 25 ലക്ഷം രൂപ.

കെ ജി ഒ എ സംസ്ഥാന കമ്മിറ്റി 10 വീടുകൾ നിർമ്മിച്ച് നൽകും.

ചലച്ചിത്ര താരം സൗബിൻ ഷാഹിർ 20 ലക്ഷം രൂപ.

കേരള എക്‌സ് സർവീസ് മെൻ ഡെവലപ്പ്‌മെൻറ് ആൻറ് റീ ഹാബിലിറ്റേഷൻ കോർപ്പറേഷൻ 15 ലക്ഷം രൂപ.

ചേർത്തല ആൻറണീസ് അക്കാദമി 10 ലക്ഷം രൂപ.

ഫ്‌ളോർ മിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപ.

ശ്രീ ദക്ഷ പ്രോപർട്ടി ഡവലപ്പേഴ്‌സ് ലിമിറ്റഡ് 10 ലക്ഷം രൂപ.

കേളി സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

നവോദയ സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

കേരള സംസ്ഥാന പവർ ആൻറ് ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് 15 ലക്ഷം രൂപ.

കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ.

മൂവാറ്റുപുഴ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ.

അനർട്ട് 10 ലക്ഷം രൂപ.

പി എം എസ് ഡെൻറൽ കോളേജ് 11 ലക്ഷം രൂപ.

നെടുമങ്ങാട് മുൻസിപ്പാലിറ്റി 10 ലക്ഷം രൂപ.

ലക്ഷദ്വീപിലെ അധ്യാപകർ 8 ലക്ഷം രൂപ.

ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു 14.5 ലക്ഷം രൂപ.

മുൻ മന്ത്രി ടി കെ ഹംസ രണ്ട് ലക്ഷം രൂപ.

അന്തരിച്ച നടൻ ഇന്നസെൻറിന്റെ ഭാര്യ ആലീസ് ഒരു ലക്ഷം രൂപ.

മുൻ എം എൽ എ പ്രകാശ് ബാബു ഒരു മാസത്തെ പെൻഷൻ 25,000 രൂപ.

മുൻ കെ പി സി സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള 36,500 രൂപ.

മുൻ എംപി, എൻ.എൻ കൃഷ്ണദാസ് ഒരു മാസത്തെ പെൻഷൻ 40000 രൂപ.

രഞ്ജി ക്രിക്കറ്റ് താരം ഷോൺ റോജർ 62,000 രൂപ.

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.

കെഎസ്ആർടിഇഎ (സിഐടിയു) 25 ലക്ഷം.

കണ്ണൂർ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കൽ ഗ്രാമപഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതം

മാർത്തോമ ചർച്ച് എജുക്കേഷൻ സൊസൈറ്റി – 10 ലക്ഷം രൂപ