General (Page 144)

തിരുവനന്തപുരം: ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനി വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുകയോ കളക്ടറേറ്റുകളിൽ ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ ആവുകയോ നൽകാൻ കൂടുതൽ ആളുകൾ സന്നദ്ധരാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി സാധനങ്ങൾ ശേഖരിച്ച് അയക്കേണ്ടതില്ല. ആവശ്യത്തിൽ കൂടുതലാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. പച്ചക്കറി, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ പെട്ടെന്ന് നശിച്ചു പോകുന്നതുകൊണ്ട് ഇവയുടെ സൂക്ഷിപ്പും വിതരണവും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസത്തിൻറെ ഭാഗമായി വയനാട്ടിലെ കളക്ഷൻ സെൻററിൽ എത്തിയ ഏഴു ടൺ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. അതു മുഴുവനും സംസ്‌കരിക്കാനായി അയക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഉപകരിക്കാൻ ചെയ്തതാകാമെങ്കിലും ഈ പ്രവൃത്തി ഫലത്തിൽ ഉപദ്രവകരമാവുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിൻറെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 ആയി കുറഞ്ഞിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് പെർമിറ്റുള്ള 144 ക്വാറികളും മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2012-ലെ സുപ്രീം കോടതിയുടെ Deepak kumar Vs State of Hariyana എന്ന കേസിലെ വിധി വന്നതിനുശേഷം ആയതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ കേരള മൈനർ മിനറൽ കൺസഷൻ ചട്ടം കൊണ്ടുവരികയും 2016 മുതൽ സംസ്ഥാനത്ത് ഖനനാനുമതികൾ അനുവദിച്ചുവരുന്നത് മൈൻസ് & മിനറൽസ് (ഡെവലപ്‌മെന്റ് & റഗുലേഷൻ)ആക്ട് 1956, കേരള മൈനർ മിനറൽ കൺസഷൻ ചട്ടം-2015, MoEF നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, സുപ്രീം കോടതി വിധികൾ, ഹൈക്കോടതി വിധികൾ, NGT-യുടെ വിധികൾ ഇവയിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാക്കുകയും ചെയ്തു. ഇതിലൂടെ 2543 ക്വാറികളാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഏതെങ്കിലുമൊരു സ്ഥലത്ത് ഖനനാനുമതി നൽകുന്നതിന് അപേക്ഷ നൽകിയതിന് ശേഷം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി RQP തയ്യാറാക്കി നൽകുന്ന Approved mining plan, എൻവയോൺമെന്റൽ ക്ലിയറൻസ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ നൽകുന്ന ലൈസൻസ്, ഈ സ്ഥലത്ത് ഉപയോഗിക്കുന്നതിനായുള്ള Explosive licence, പൊലൂഷൻ കൺട്രോൾ ബോർഡ് ലൈസൻസ് എന്നീ സ്റ്റാറ്റിയൂട്ടറി ലൈസൻസുകൾ നേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമാണ് ജിയോളജി വകുപ്പ് ഖനനാനുമതി നൽകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്വാറികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി എല്ലാ ജില്ലയിലും സ്‌ക്വാഡുകൾ സൃഷ്ടിക്കുകയും 3395 പരാതികളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന പരാതികളിലും വളരെ പെട്ടെന്ന് തീർപ്പ് കൽപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

pinarayi

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിശദമായ കത്ത് കേരളം നൽകിയിട്ടുണ്ട്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ 225 മരണങ്ങളാണ് വയനാട് ദുരന്തത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 195 ശരീരഭാഗങ്ങളും കണ്ടെത്തി. ശരീരഭാഗങ്ങളിൽ 90 ശതമാനമുണ്ടെങ്കിൽ മൃതദേഹമായി കണക്കാക്കും. 420 പോസ്റ്റു മോർട്ടങ്ങളാണ് ഇതുവരെ നടത്തിയത്. ഇത് ശരീരഭാഗങ്ങൾ ഉൾപ്പടെ ചേർത്തിട്ടുള്ള കണക്കാണ്. തിരച്ചിൽ ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല. നാളെ ജനകീയ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി വിശദമാക്കി.

ആരെയെങ്കിലും കണ്ടാത്താനാകുമോയെന്ന് അറിയാനുള്ള അവസാന ശ്രമമാണിത്. ക്യാമ്പിൽ കഴിയുന്നവരെയും ഒപ്പം ചേർക്കും. കാണാതായവരുടെ ബന്ധുക്കൾക്കും തിരച്ചിലിൽ പങ്കെടുക്കാം. രക്ഷാപ്രവർത്തനത്തിന് എത്തിയ കര, നാവിക സേനാംഗങ്ങളിൽ ഒരു വിഭാഗം മടങ്ങി. മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇവർക്ക് യാത്രയയപ്പ് നൽകിയത്. കാര്യക്ഷമമായ തിരച്ചിലിന് ശേഷമാണ് സൈന്യം മടങ്ങുന്നത്. ക്യാമ്പിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം പുരോഗമിക്കുകയാണ്. 91 സർക്കാർ കോട്ടേഴ്‌സുകൾ പുനരധിവാസത്തിന് മാറ്റിവച്ചതായും സമഗ്രമായ പുനരധിവാസ പാക്കേജ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അങ്കമാലി-ശബരി റെയിൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറിഹമാൻ. സംസ്ഥാനത്തെ എല്ലാ റെയിൽ വികസന പദ്ധതികൾക്കും സംസ്ഥാന സർക്കാർ വളരെ സജീവമായ പിന്തുണയാണ് നൽകിവരുന്നത്. അങ്കമാലി -ശബരി പാതയുടെ കാര്യത്തിലും ഈ പിന്തുണ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

1997-98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത.അലൈൻമെന്റ് അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങുകയും ചെയ്തതതാണ്. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നൽകിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു. പദ്ധതി നീണ്ടുപോയതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കണം. കാലതാമസം കാരണം എസ്റ്റിമേറ്റിൽ വൻ വർദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വർദ്ധന. ഇതിന്റെ ഭാരവും സംസ്ഥാനം സഹിക്കാനാണ് ആവശ്യപ്പെടുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ ദേശീയപാതാ വികസനത്തിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതി പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ തുക ബജറ്റിൽ വകയിരുത്താനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 18.09.2021 ന് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. 2021 ഒക്ടോബറിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചു. അങ്കമാലി- ശബരിപാത ഉൾപ്പെടെയുള്ള വിവിധ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായി 30.06.2023 ന് കത്തെഴുതിയിട്ടുണ്ട്. 2021 മുതൽ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. 17.08.2022 ന് റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ഉന്നയിച്ചു. പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റ ശേഷം 21.06.2024 ന് കേന്ദ്ര മന്ത്രിയ്ക്ക് വിശദമായ കത്തയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവുമാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ, ഒരനക്കവും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കടമെടുക്കാനുള്ള സംസ്ഥാനത്തിന്റ നിയമപരമായ അവകാശം തടയുകയും കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ ഫണ്ട് എന്നിവയുടെ ബാധ്യത കൂടി കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്ത കേന്ദ്ര സർക്കാർ കേരളത്തിന്റെ വികസനത്തിന് തുരങ്കംവെക്കുകയാണ്. ചെങ്ങന്നൂർ-പമ്പ റെയിൽപാത ഉൾപ്പെടെ ഒരു പുതിയ പദ്ധതിയ്ക്കും സംസ്ഥാനം എതിരല്ല. എന്നാൽ, നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ചെങ്ങന്നൂർ-പമ്പ പാത നിർമ്മാണത്തിന് സംസ്ഥാന വിഹിതം നൽകാമെന്ന് എന്തെങ്കിലും ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ ആ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് മന്ത്രി വി അബ്ദുറഹിമാൻ ചോദിച്ചു.

കിഫ്ബിയുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കിയാൽ ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ചിലവിന്റെ 50% സംസ്ഥാനം വഹിക്കാൻ സന്നദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം പരീക്ഷാർത്ഥികൾ ആവശ്യപ്പെട്ടാൽ പരീക്ഷയുടെ മാർക്കുവിവരം വെളിപ്പെടുത്തുന്നതിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസിയ്ക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും, വിവിധ സ്‌കോളർഷിപ്പുകൾക്കും ഇന്ത്യൻ ആർമിയുടെ അഗ്‌നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിന് എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വരുന്ന സാഹചര്യമാണ് നിലവിലുളളത്. ഈ സാഹചര്യത്തിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർത്ഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തി.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിയ്ക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി പരീക്ഷാ കമ്മീഷണർക്ക് നൽകി.

ജക്കാർത്ത: ജപ്പാനിൽ ഭൂചലനം. തെക്കൻ ജപ്പാനിലെ ക്യൂഷി മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക്-കിഴക്ക് 25 കിലോമീറ്റർ ആഴത്തിലാണെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് ഷോപ്പിംഗ് മാളിലെ സാധനങ്ങളും കസേരകളും ഫാനുകളും മേശകളും താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലെ ജനങ്ങൾ ആശങ്കയിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 2 വലിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇനിയും ഭൂചലനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറണമെന്നും അധികൃതർ വ്യക്തമാക്കി. ജപ്പാനിലെ മിയാസാക്കിക്ക് സമീപമുള്ള തെക്കൻ ദ്വീപായ ക്യൂഷുവിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: ഉരുൾപൊട്ടലിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇൻഷൂറൻസ് ക്ലെയിമുകൾ നേടിയെടുക്കുന്നതിൽ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ കെ ഗോപിനാഥ് ചെയർമാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി.

അർഹമായ ക്ലെയിമുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളാണ് പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേർന്ന് വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവർ എടുത്തിട്ടുള്ള ഇൻഷൂറൻസ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിനായി തയ്യാറാക്കും. ദുരന്തത്തിനിരയായവരുടെ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന ബന്ധുക്കൾ, ഇൻഷൂറൻസ് പദ്ധതികൾ നടപ്പിലാക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, ഇൻഷൂറൻസ് ഏജന്റുമാർ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ ശേഖരിക്കുക.

ഗ്രാമപഞ്ചായത്തുകൾ, വില്ലേജ് ഓഫീസുകൾ എന്നിവയുടെ സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും. ലൈഫ് പോളിസികൾ, വാഹനങ്ങൾ, വീട്, കൃഷി, മൃഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇൻഷൂറൻസുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടെത്തും. തുടർന്ന് ഇൻഷൂറൻസ് ക്ലെയിമുകൾക്ക് അർഹതയുള്ളവരുടെ പട്ടിക തയ്യാറാക്കും. ശേഖരിച്ച വിവരങ്ങൾ സംസ്ഥാനതല നോഡൽ ഓഫീസർ മുഖേന നടപടികൾക്കായി കൈമാറും.

ലീഡ് ബാങ്ക് ജില്ലാ മാനേജർ, വ്യവസായ കേന്ദ്രം ജില്ലാ മാനേജർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ, എന്നിവർ ടാസ്‌ക് ഫോഴ്‌സിൽ അംഗങ്ങളാണ്. സിവിൽ സ്റ്റേഷൻ ആസൂത്രണ ഭവൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വിഭാഗം ഓഫീസ് കേന്ദ്രീകരിച്ചാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം. ഫോൺ 7012022929, 6238694256.

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായവർക്ക് താത്കാലിക പുനരധിവാസമെന്ന നിലയിൽ വാടക വീടെടുത്ത് മാറുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ. സർക്കാർ ഈ വീടുകളുടെ വാടക നൽകും. വാടക വീടെടുത്താൽ പുനരധിവാസം വൈകുമെന്ന തരത്തിലുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. യോഗ്യത കണക്കാക്കി കൃത്യമായി പുനരധിവാസം സാധ്യമാക്കുമെന്നും സർക്കാർ ലക്ഷ്യമാക്കുന്നത് സമഗ്രമായ പുനരധിവാസമാണെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പെട്ടെന്ന് എത്ര വീടുകൾ ലഭ്യമാകുമെന്ന് പരിശോധിക്കുന്നുണ്ട്. വാടക വീട് കണ്ടെത്താനുള്ള ചുമതല പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയിട്ടുണ്ട്. ബാങ്കുകളുടെ തിരിച്ചടവിൽ ഈ ഘട്ടത്തിൽ ഇളവ് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മൂന്ന് മന്ത്രിതല യോഗങ്ങൾ നടന്നിരുന്നു. ബെയ്ലി പാലത്തിനടുത്ത് കളഞ്ഞു കിട്ടിയ 50 പവൻ സ്വർണം സന്നദ്ധപ്രവർത്തകർ തിരിച്ചേൽപ്പിച്ചുവെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാർധക്യ സഹചമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ 8.20 ഓടെ കൊൽക്കത്തയിലെ വസതിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐയിലൂടെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തി.

1977ൽ ആണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ജ്യോതി ബസു സർക്കാരിൽ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പിന്നീട് മുഖ്യമന്ത്രി പദത്തിൽ എത്തി. 2011വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങൾ ഒഴിഞ്ഞത്.

ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളിൽ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്. 2007 ൽ നന്ദിഗ്രാമിൽ ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാൽ സമരങ്ങളും വെടിവെപ്പും തൃണമൂലിന്റെയും മമതയുടെയും ഉയർച്ചക്ക് വഴിവെച്ചു. 1966 ണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്.

തിരുവനന്തപുരം: കേരള അഗ്നിരക്ഷാ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധസേനയായ സിവിൽ ഡിഫൻസിൽ അംഗമാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ സിവിൽ ഡിഫൻസ് പരിശീലനം, ദുരന്തമുഖങ്ങളിലെ സന്നദ്ധ പ്രവർത്തനം എന്നിവയിൽ ഏർപ്പെടുന്ന കാലയളവിൽ ജില്ലാ ഫയർ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആകസ്മിക അവധി അനുവദിച്ച് സർക്കാർ ഉത്തരവിട്ടു.

സിവിൽ ഡിഫൻസിൽ അംഗമാകാൻ ആഗ്രഹിക്കുന്ന സേവന തൽപരരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അഗ്നിരക്ഷാ വകുപ്പിന്റെ സിവിൽ ഡിഫൻസ് വെബ്സൈറ്റായ cds.fire.kerala.gov.in ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സിവിൽ ഡിഫൻസ് കൺട്രോൾ റൂം സ്റ്റേഷൻ ഓഫീസറുടെ 9497943427 എന്ന നമ്പരിൽ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപകട മേഖലകളിലെ രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ എന്നിവയെ അടിസ്ഥാനമാക്കി 15 ദിവസത്തെ പരിശീലനം സർക്കാർ ഉദ്യോഗസ്ഥന്റെ താമസസ്ഥലത്തിനു സമീപമുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലും ജില്ലാ ആസ്ഥാന പരിശീലന കേന്ദ്രത്തിലും നൽകും. പരിശീലനം നേടിയ ഉദ്യോഗസ്ഥർക്ക് തദ്ദേശീയമായി ഉണ്ടാകുന്ന അപകടസാഹചര്യങ്ങളിൽ അപകടത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കാര്യക്ഷമമായി ഇടപെട്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കും.

സിവിൽ ഡിഫൻസിൽ അംഗമാകുന്ന സന്നദ്ധപ്രർത്തകർക്ക് യൂണിഫോം, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ എന്നിവ വകുപ്പ് നൽകും. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ സിവിൽ ഡിഫൻസ് അംഗങ്ങൾ ഇന്ത്യൻ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് ഉൾപ്പെടെ അർഹരാകുന്നതാണ്. സേവന സന്നദ്ധതയുള്ള പരമാവധി സർക്കാർ ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസിൽ അംഗമാകണമെന്ന് അഗ്നിരക്ഷാ വകുപ്പ് മേധാവി കെ. പദ്മകുമാർ അറിയിച്ചു.