തിരുവനന്തപുരം: കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 ആയി കുറഞ്ഞിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് പെർമിറ്റുള്ള 144 ക്വാറികളും മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2012-ലെ സുപ്രീം കോടതിയുടെ Deepak kumar Vs State of Hariyana എന്ന കേസിലെ വിധി വന്നതിനുശേഷം ആയതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ കേരള മൈനർ മിനറൽ കൺസഷൻ ചട്ടം കൊണ്ടുവരികയും 2016 മുതൽ സംസ്ഥാനത്ത് ഖനനാനുമതികൾ അനുവദിച്ചുവരുന്നത് മൈൻസ് & മിനറൽസ് (ഡെവലപ്‌മെന്റ് & റഗുലേഷൻ)ആക്ട് 1956, കേരള മൈനർ മിനറൽ കൺസഷൻ ചട്ടം-2015, MoEF നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, സുപ്രീം കോടതി വിധികൾ, ഹൈക്കോടതി വിധികൾ, NGT-യുടെ വിധികൾ ഇവയിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാക്കുകയും ചെയ്തു. ഇതിലൂടെ 2543 ക്വാറികളാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഏതെങ്കിലുമൊരു സ്ഥലത്ത് ഖനനാനുമതി നൽകുന്നതിന് അപേക്ഷ നൽകിയതിന് ശേഷം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി RQP തയ്യാറാക്കി നൽകുന്ന Approved mining plan, എൻവയോൺമെന്റൽ ക്ലിയറൻസ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ നൽകുന്ന ലൈസൻസ്, ഈ സ്ഥലത്ത് ഉപയോഗിക്കുന്നതിനായുള്ള Explosive licence, പൊലൂഷൻ കൺട്രോൾ ബോർഡ് ലൈസൻസ് എന്നീ സ്റ്റാറ്റിയൂട്ടറി ലൈസൻസുകൾ നേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമാണ് ജിയോളജി വകുപ്പ് ഖനനാനുമതി നൽകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്വാറികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി എല്ലാ ജില്ലയിലും സ്‌ക്വാഡുകൾ സൃഷ്ടിക്കുകയും 3395 പരാതികളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന പരാതികളിലും വളരെ പെട്ടെന്ന് തീർപ്പ് കൽപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

