തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്‌ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത്. ഓട്ടോകൾക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിച്ചിരുന്നത്. സിഐടിയു പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു. ദീർഘദൂര പെർമിറ്റുകൾ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉൾപ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകൾ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.

