രണ്ട് ആഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില കുറയ്ക്കാൻ കഴിയുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: പച്ചക്കറി വില കുറയ്ക്കാൻ നടപടികളുമായി സർക്കാർ. ഇടനിലക്കാർ ഇല്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ നേരിട്ട് പച്ചക്കറി സംഭരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി സംഭരിക്കുന്നത്. ആവശ്യമെങ്കിൽ ഹോർട്ടികോർപ്പിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കും. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് പച്ചക്കറി വില സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. തക്കാളി വില ചില്ലറ വിപണിയിൽ 120 ന് മുകളിലെത്തി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്നാണ് വ്യാപാരികൾ വിശദമാക്കുന്നത്.