തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ച് സംവിധായകൻ രഞ്ജിത്ത്. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത്.
രഞ്ജിത്ത് രാജി വയ്‌ക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത്ത് രാജി വെക്കാൻ നിർബന്ധിതനായത്. ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി ആരോപിക്കുന്നു.

