General (Page 129)

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ രഞ്ജിത്ത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മോശം അനുഭവം നേരിട്ടെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിലാണ് രഞ്ജിത്ത് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന് രഞ്ജിത്ത് അറിയിച്ചു.

നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് വിശദമാക്കി. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി ആരോപിക്കുന്നു.

പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര വ്യക്തമാക്കിയിരുന്നു.

തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയത്. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റ് ഭാഷകളിലും വേണമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ രാത്രികാല പരിശോധനകൾ നടത്തി. 53 വാഹനങ്ങൾ പരിശോധന നടത്തി. 18 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശ്യമായ 7 സ്റ്റാറ്റിയൂട്ടറി സാമ്പിളകൾ ശേഖരിച്ച് എറണാകുളം അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് സ്‌ക്വാഡുകളായി വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. പാൽ, പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധിച്ചു. ലാബിൽ നിന്ന് പരിശോധന റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും.

പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർ അജി, അസിസ്റ്റന്റ് കമ്മീഷണർമാരായ സക്കീർ ഹുസൈൻ, ഷണ്മുഖൻ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ നയനലക്ഷ്മി, ഹാസില, ഹേമ, ജോബിൻ തമ്പി എന്നിവരും പങ്കെടുത്തു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചലച്ചിത്ര താരസംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന ജനറൽ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് അമ്മ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയർന്നതായി മനസ്സിലാക്കുന്നു, അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഓഹരി വിപണിയിൽ നിന്ന് അനിൽ അംബാനിയെ വിലക്കി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. അഞ്ച് വർഷത്തേക്കാണ് സെബിയുടെ വിലക്ക്. ഓഹരി വിപണിയിൽ ഇടപെടുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 25 കോടി രൂപ പിഴയും അടയ്ക്കണമെന്നാണ് നിർദ്ദേശം.

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിയ്ക്ക് കഴിയില്ല. റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്.

റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാൻ അനിൽ അംബാനി ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തൽ. കമ്പനി ഡയറക്ടർ ബോർഡ് ഇത്തരം വായ്പാ പദ്ധതികൾ നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ അവഗണിച്ചായിരുന്നു നടപടി. ഇതിനായി അനിൽ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ചെയർപേഴ്സൺ സ്ഥാനവും റിലയൻസ് ഹോം ഫിനാൻസിലെ ഓഹരി ഉടമസ്ഥതയും ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ആസ്തികളും വരുമാനവും ഇല്ലാത്ത കമ്പനികൾക്ക് കോടികളുടെ വായ്പകൾ അനുവദിക്കുന്നതിൽ കമ്പനി അധികാരികൾ അമിത താൽപര്യം കാണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്‌കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്‌കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിന്റെയും കൈറ്റ് തയ്യാറാക്കിയ
കൈറ്റ് ഗ്‌നൂ ലിനക്‌സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും ഇടപ്പള്ളിയിലെ കൈറ്റ് റീജിയണൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

നിലവിൽ സ്‌കൂളുകളിൽ നൽകിയിട്ടുള്ള 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമെയാണിത്. ഒക്ടോബർ മാസത്തോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങളെ കുട്ടികളാണ് ആദ്യം ഉൾക്കൊള്ളുന്നത്. അറിവ് സ്‌കൂളിനും പൊതുസമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്താൻ ലിറ്റിൽ കൈറ്റ്‌സ് കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഒരു വർഷം 1.80 ലക്ഷം കുട്ടികളാണ് ലിറ്റിൽകൈറ്റ്‌സിലുള്ളത്. ക്യാമ്പ് ആക്ടിവിറ്റിയിലൂടെ ലഭിച്ച അറിവുകൾ മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും ഈ കുട്ടികൾക്ക് കഴിയുന്നു. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും എല്ലാ കുട്ടികളിലേക്കും എത്തുകയാണ്. രാജ്യത്താദ്യമായി ഈ വർഷം ഏഴാം ക്ലാസിൽ എ.ഐ പരിചയപ്പെടുത്തി. അടുത്ത വർഷം 8, 9, 10 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളിലേക്കും ഐ.സി.ടി പാഠപുസ്തക പരിഷ്‌കാരത്തിലൂടെ നിർമിത ബുദ്ധിയും, റോബോട്ടിക്‌സും എല്ലാം എത്തുകയാണ്.

സ്‌കൂളുകളിൽ നൽകിയിരിക്കുന്ന റോബോട്ടിക് കിറ്റുകൾ ഇത്തരത്തിലുള്ള നല്ല ചുവടുവെയ്പ്പാണ്. നിർമ്മിതബുദ്ധി ടൂളുകൾ എങ്ങനെ ഉപയോഗിക്കും എന്നല്ല നമ്മുടെ കുട്ടികൾ പഠിക്കുന്നത്. എ.ഐയുടെ അടിസ്ഥാന കോഡിംഗ് ആണ് പഠിക്കുന്നത്. റോബോട്ടിക്‌സിന്റെ പ്രോഗ്രാമിംഗ് അവർ ചെയ്യുന്നു. ഗെയിമുകൾ വികസിപ്പിക്കുന്നു, അനിമേഷൻ തയ്യാറാക്കുന്നു, ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ പ്രവർത്തനങ്ങളിൽ ചിലതുമാത്രമാണിത്. അവരാകട്ടെ സ്‌കൂളിലെ താല്പര്യമുള്ള കുട്ടികൾ ഈ വിജ്ഞാനം പകർന്നു നൽകുന്നു. ഇത്തരം ശ്രമങ്ങളെ സഹായിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായാണ് അധിക റോബോട്ടിക് കിറ്റുകൾ കൂടി ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾ എപ്പോഴും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അപ്‌ഡേറ്റഡും ആയിരിക്കുകയും ചെയ്യും. ഇന്നത്തെ കുട്ടികൾക്ക് സ്വയം പഠനത്തിനും രസകരമായ കണ്ടെത്തലുകൾക്കും ധാരാളം അവസരം നൽകേണ്ടതാണ്. ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ ഇത്തരം പ്രർത്തനങ്ങളിൽ ഒരുപടി മുന്നിലാണ്. കാരണം ഐടി ക്ലബ് അംഗങ്ങൾക്ക് കൈറ്റ് നൽകുന്ന റൊബോട്ടിക് കിറ്റ് ഉപയോഗിച്ച് സ്വയം പഠിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും ആ വിദ്യ മറ്റ് സഹപാഠികൾക്ക് പകർന്ന് നൽകുന്നതിലും അവക്ക് പ്രത്യേകം പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ലിറ്റിൽകൈറ്റ്‌സ് അംഗങ്ങളുടെ പ്രവർത്തനപദ്ധതിയുടെ ഭാഗമായി സഹപ്രവർത്തകർക്ക്, സഹപാഠികൾക്ക് അറിവ് പകർന്ന് നൽകാൻ ലഭിക്കുന്ന അവസരം കൃത്യമായി അവർ ഉപയോഗപ്പെടുത്തുന്നു. രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇത്തരം പ്രവർത്തനങ്ങൾ എല്ലാം നടത്തണമെങ്കിൽ നമുക്ക് സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ്. അതിനു വേണ്ട അന്വേഷണം അന്താരാഷ്ട്ര തലത്തിൽ നമ്മുടെ അധ്യാപകർ നടത്തി. ആ ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോൾ പ്രകാശനം ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചതുകൊണ്ട് 3000 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. നമ്മുടെ സ്‌കൂളുകളിലെ അധ്യാപകർതന്നെ പരിശീലനത്തിലൂടെ ആർജിച്ച അറിവുകൾ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റവും പാഠ്യപദ്ധതികൾക്ക് പിന്തുണ നൽകുന്ന സോഫ്റ്റ്‌വെയറുകളുമാണ് ഇതിലൂടെ ക്ലാസുകളിൽ ഉപയോഗിക്കുന്നത്. ഓരോ വിഷയത്തിനും സഹായകമായ ആപ്ലിക്കേഷനുകൾ ക്ലാസ് തലങ്ങൾക്ക് അനുയോജ്യമായവ കണ്ടെത്തിയതും നമ്മുടെ അധ്യാപകരാണ്.

രാജ്യത്താദ്യമായി മുഴുവൻ കുട്ടികൾക്കും ലഭിക്കുന്ന രൂപത്തിൽ പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ കളിപ്പെട്ടി, ഇ@വിദ്യ എന്നീ പേരുകളിൽ പ്രത്യേക ഐ.സി.ടി പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും ഇവയുടെ ക്ലാസ്‌റൂം വിനിമയം കാര്യക്ഷമമായി നടക്കുന്നില്ല എന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിൽ പ്രൈമറി ഐ.സി.ടി പഠനം കാര്യക്ഷമമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കുന്നതാണ്. ഇനിയും ആവശ്യമുള്ള അധ്യാപകർക്ക് ഇതിനായി പരിശീലനം നൽകാൻ വകുപ്പ് സജ്ജവുമാണ്. കർശനമായ മോണിറ്ററിംഗ് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് നടത്തും എന്നും മന്ത്രി അറിയിച്ചു.

വിവിധ വിഷയങ്ങൾ പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയറുകൾ ആണ് നമ്മുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ശക്തി. 125ലധികം സോഫ്റ്റ്വെയറുകൾ ഇതിൽ ഉണ്ട്. ഇവ ഉപയോഗിക്കേണ്ടത് അധ്യാപകരാണ്. കുട്ടികളും അധ്യാപകരും ചേർന്നാണ് അവയുടെ പ്രയോഗം ക്ലാസ് മുറികളിൽ ഉണ്ടാക്കേണ്ടത്. ആ ശ്രമങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും പിന്തുണയുണ്ടാകും. നമ്മുടെ നിരവധി പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നുണ്ട് യുണിസെഫ്. ലിറ്റിൽ കൈറ്റ്‌സിനെക്കുറിച്ച് ഈയിടെ നടത്തിയ പഠനം നമുക്ക് വലിയ സന്തോഷവും ആത്മവിശ്വസവും പകരുന്നതാണ്. ഇനിയും യുണിസെഫുമായി സംയുക്തമായി പരിപാടികൾ ആവിഷ്‌കരിക്കാനും സഹകരിക്കാനും വിദ്യാഭ്യാസവകുപ്പിന് സന്തോഷമേ ഉള്ളൂ എന്നും മന്ത്രി പറഞ്ഞു.

60,000 കുട്ടികളിൽ നിന്ന് പ്രവർത്തന മികവുകൊണ്ട് സംസ്ഥാന ക്യാമ്പിലേക്ക് എത്തിയ വിദ്യാർഥികളെ മന്ത്രി അഭിനന്ദിച്ചു.സ്വയം അറിവ് കണ്ടെത്തുന്നതിനും പുതിയ അറിവുകൾ ഉണ്ടാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സ്‌കൂളുകളിൽ നടക്കുന്നത്. ഒറ്റയ്ക്കും കൂട്ടായ്മയിലൂടെയും ആവും പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെയും അധ്യാപകരെയും സഹായിക്കുന്നതിനാണ് ഐ.സി.ടി ഉപകരണങ്ങൾ സ്‌കൂളുകളിൽ നൽകിയിരിക്കുന്നത്. അവയുടെ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ചുള്ള ആലോചനയിൽ നിന്നാണ് ലിറ്റിൽകൈറ്റ്‌സ് എന്ന ആശയം ഉണ്ടായത്. വിദ്യാർത്ഥികളുടെ പങ്കാളിത്തം പുതിയ സാങ്കേതിക വിദ്യയുടെ ക്ലാസ് റൂം പ്രയോഗത്തിനും അത്യാവശ്യമായി വരുന്നുവെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, യൂണിസെഫ് സോഷ്യൽ പോളിസി ചീഫ് ഡോ.കെ.എൽ റാവു, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, ഐസിഫോസ് ഡയറക്ടർ ഡോ.ടി.ടി. സുനിൽ, യൂണിസെഫ് സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കണ്ണൂർ: മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും കമ്മീഷനിൽ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.

ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

തിരുവനന്തപുരം: കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. എബിസി മലയാളം ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.

”കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താൽക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ രാജൻ. കളക്ട്രേറ്റിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അഞ്ച് ക്യാമ്പുകളിലായി 35 കുടുംബങ്ങളാണുളളത്. ഇന്ന് 19 കുടുംബങ്ങളെക്കൂടി താൽക്കാലികമായി പുനരധിവസിപ്പിക്കും. പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ വീടുകൾ സർക്കാർ കെട്ടിടങ്ങൾ, ക്വാർട്ടേഴ്സുകൾ എന്നിവയുടെ ലിസ്റ്റ് ക്യാമ്പിൽ പ്രദർശിപ്പിച്ചിരുന്നു. ഇവ ക്യാമ്പിലുള്ളവർ നേരിട്ട് പോയി പരിശോധിച്ച് താമസിക്കാൻ സന്നദ്ധത അറിയിക്കുന്നവരെയാണ് താൽക്കാലിമായി ഇവിടങ്ങളിലേക്ക് മാറ്റുന്നത്. ആരെയും നിർബന്ധമായും ക്യാമ്പിൽ നിന്നും പറഞ്ഞുവിടുന്നില്ല. മുണ്ടേരിയിലെ നാല് സർക്കാർ ക്വാർട്ടേഴ്സുകളും ,ഒരു ഷെൽട്ടർ ഹോമും രണ്ട് ദിവസത്തിനകം താൽക്കാലിക പുനരധിവാസത്തിനായി സജ്ജമാകും. ഉരുൾപൊട്ടൽ ദുരന്തത്തിൽ 119 പേരെയാണ് കാണാതായിട്ടുള്ളതായി ആദ്യ പട്ടികയിലുള്ളത്. ഇതിൽ 17 കുടുംബങ്ങളിൽ നിന്നുമാത്രം 62 പേരെ കാണാതായിട്ടുണ്ട്.

പരാതികൾ ശ്രദ്ധയിൽപ്പെടുത്താം

താൽക്കാലിക പുനരധിവാസം സാധ്യമാക്കുന്നത് പരാതികൾക്കിടയില്ലാത്ത വിധമാണ്. പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടോയെന്ന് നേരിട്ടും ഫോൺ മുഖേനയും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും പരാതിയുള്ളവർക്ക് 04936 203450 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പുകളായി പ്രവർത്തിക്കുന്ന lസ്‌കൂളുകളിൽ ഉടൻ തന്നെ പഠനം തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലൂം സർക്കാറും ജില്ലാ ഭരണകൂടവും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്.

സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല

ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കായുള്ള സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായവാഗ്ദാനം നൽകുന്നവരുമായും കൂടിയാലോചിച്ചാണ് പുനരധിവാസം നടപ്പിലാക്കുക. കേന്ദ്രസർക്കാരിന് സമർപ്പിക്കാനുള്ള വിശദമായ റിപ്പോർട്ട് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടൻ സമർപ്പിക്കും.

വായ്പകൾ എഴുതിതള്ളണം

ദുരന്തബാധിതർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾ കേരള ബാങ്ക് മാതൃകയിൽ എഴുതിതള്ളാൻ മറ്റു ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങളിൽ മറ്റ് അംഗങ്ങൾ തുണയില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് പ്രത്യേക പദ്ധതി സർക്കാർ ആലേചിക്കുന്നുണ്ട്.

6 കോടി ധനസഹായം നൽകി

സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും 81 പേർക്ക് 3.24 കോടി രൂപയുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 81 പേർക്ക് 1.54 കോടി രൂപയും ഇതിനകം നൽകിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. അടിയന്തരധനസഹായമായി 725 പേർക്ക് പതിനായിരം രൂപ വീതം 72.5 ലക്ഷം രൂപയും അനുവദിച്ചു. 439 പേർക്ക് പ്രതിദിനം 300 രൂപ വീതം ഒരു മാസത്തേക്ക് 39.51 ലക്ഷം രൂപയും ഇതിനകം നൽകി. ഗുരുതരമായി പരിക്കേറ്റ 28 പേർക്ക് 17 ലക്ഷം രൂപയും വിതരണം ചെയ്തു.

മൈക്രോ പ്ലാൻ തയ്യാറാക്കും

കുടുംബശ്രീയുടെ നേതൃത്വത്തിൽ ദുരന്തബാധിതർക്കായി മൈക്രോ പ്ലാൻ തയ്യാറാക്കും. ഇതിനായുള്ള സർവ്വെ 400 കുടുംബങ്ങളിൽ പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. 250 ലധികം കുടംബശ്രീ പ്രവർത്തകരെ ഇതിനായി നിയോഗിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് പോലീസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

തുടർന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്‌ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുന്നത്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വാഷിംഗ്ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2047-ഓടെ 55 ട്രില്യൺ ഡോളറായി വളരുമെന്ന് വ്യക്തമാക്കി ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യൻ. ശരാശരി പണപ്പെരുപ്പം അഞ്ച് ശതമാനത്തിലും വരും വർഷങ്ങളിൽ വളർച്ചാ നിരക്ക് എട്ട് ശതമാനമായി തുടരുകയും ചെയ്യുകയാണെങ്കിൽ 55 ട്രില്യൺ ഡോളറെന്ന ലക്ഷ്യത്തിൽ എളുപ്പത്തിലെത്താൻ രാജ്യത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷമായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, നവീകരണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ സ്വീകരിച്ച നയങ്ങൾ കണക്കിലെടുത്താൽ തുടർച്ചയായി എട്ട് ശതമാനം വളർച്ചയെന്നത് അസാധ്യമായ കാര്യമല്ല. അത് കൈവരിക്കാൻ ഭാരതത്തിന് കെൽപ്പുണ്ട്. സംരംഭകത്വ മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

2004 മുതൽ 2014 വരെയുള്ള ലോകബാങ്ക് കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 3.2 ശതമാനത്തോളമാണ് പുതിയ സംരംഭങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. 2014 മുതൽ ഇത് തുടർച്ചയായ കുതിപ്പ് സൃഷ്ടിക്കുന്നു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സംരംഭക ആവാസവ്യവസ്ഥയാണ് ഇന്ത്യക്കുള്ളതെന്നും വിവിധ മേഖലകളിലെ ഉത്പാദനക്ഷമത വളർച്ചയെ മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.