തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ശാന്തയെ അറസ്റ്റ് ചെയ്തത്. മരുമകൾ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് ശാന്തയ്‌ക്കെതിരെയുള്ള കേസ്. രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഗാർഹിക പീഡനവും ശാന്തക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം നെടുമങ്ങാട് എസ്.പി ഓഫീസിൽ ഹാജരായ ശാന്തയെ ജാമ്യത്തിൽ വിട്ടയക്കും.
2021 ഏപ്രിൽ 13 നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നുമാണ് കേസ്.
2021 മെയ് 25 ന് കേസിൽ ഉണ്ണി പി ദേവ് അറസ്റ്റിലായിരുന്നു. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന്റ പേരിൽ ഉണ്ണി നിരന്തരം ഫോണിൽ വിളിച്ച് പ്രിയങ്കയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്.

