ഡൽഹിയിലും മുംബൈയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; മുംബൈയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സാധ്യത

മുംബൈ: ഡൽഹിയിലും മുംബൈയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിയിൽ സർക്കാർ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഡൽഹിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചു. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത് .അതേസമയം ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. 4,099 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 5,481 കേസുകളും റിപ്പോർട്ട് ചെയ്തു. ഏഴ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

പ്രതിദിന കോവിഡ് കേസുകൾ 20,000 കവിഞ്ഞാൽ മുംബൈയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നഗരത്തിലെ ആൾക്കൂട്ടത്തിൽ കുറവുവന്നില്ലെങ്കിൽ മിനി ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നും മുംബൈ മേയർ അറിയിച്ചു. 8,082 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം മുംബൈയിൽ റിപ്പോർട്ട് ചെയ്തത്.