General (Page 125)

മലപ്പുറം: വിവാഹ ദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.

ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലേക്ക് മാറ്റി.

കുളിമുറിയിൽ ശുചിമുറിയിൽ കയറിയ ജിബിൻ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തു കയറി നോക്കിയപ്പോൾ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സൂചനയില്ല. ഷാർജയിൽ ജോലി ചെയ്യുന്ന ജിബിൻ വിവാഹത്തിനാണ് നാട്ടിലെത്തിയത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചി: നടൻ ജയസൂര്യയ്ക്ക് എതിരെ പരാതി. നേരത്തെ പേരുപറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച യുവ നടിയാണ് പരാതി നൽകിയത്. പൊലീസ് മേധാവിയ്ക്കാണ് പരാതി നൽകിയത്. ഷൂട്ടിങ് ലൊക്കേഷനിൽ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ പ്രാഥമിക മൊഴി പൊലീസ് ശേഖരിച്ചു.

പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ പ്രാഥമികമായ മൊഴി ശേഖരിച്ചു. വിശദമായ മൊഴി പരാതിക്കാരിൽ നിന്ന് സ്വീകരിക്കും.

വിഷയത്തിൽ ഉടൻ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽവെച്ചാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയതെന്നും തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നും നടി ആരോപിക്കുന്നു.

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. 2016ൽ പരാതിക്കാരിയെ മാസ്‌കറ്റ് ഹോട്ടലിൽ വച്ച് നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ഇമെയിൽ മുഖേനെയാണ് ഡിജിപിക്ക് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. സിനിമയിൽ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം.

തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ കുറിച്ചുളള പരാതികൾ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാൻ ഇമെയിലും ഫോൺ നമ്പറുകളും സജ്ജീകരിച്ചു. സിനിമരംഗത്തെ ലൈംഗികാതിക്രമം ഉൾപ്പെടെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന് ആണ് ഈ പരാതികൾ അയക്കേണ്ടത്.

digtvmrange.pol@kerala.gov.in എന്ന വിലാസത്തിലാണ് പരാതികൾ നൽകേണ്ടത്. അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിന്റെ ഔദ്യോഗിക ഇ-മെയിൽ ആണിത്. 0471-2330747 എന്ന ഫോൺ നമ്പറിലും പരാതികൾ അറിയിക്കാം.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ടു
സ്ത്രീകൾക്കെതിരെ നടൻ ഇടവേള ബാബു സംസ്ഥാനപോലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനും പരാതി നൽകി. ഇമെയിൽ വഴി ആണ് പരാതി അയച്ചിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിന്നു മുനീർ എന്നി രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്ന് ആണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതൽ നിയമനടപടികൾ തന്റെ അഡ്വക്കേറ്റിയുമായി നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇടവേളബാബു അറിയിച്ചു.

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മീനു മുനീറിനെതിരെ പ്രതികരിച്ച് ആരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷ്. ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും മുകേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മീനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്‌സ് ആപ്പിൽ സന്ദേശം അയച്ചു. 2009ൽ മിനു കുര്യൻ എന്ന പേരുള്ള സ്ത്രീ തൻറെ വീട്ടിൽ വന്നിരുന്നു. അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകുകയായിരുന്നു. പിന്നീട് തൻറെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു. ഒരു അനിഷ്ടവും അവർ പ്രകടിപ്പിച്ചില്ല. 2022ലാണ് പിന്നിട് തന്നെ അവർ പരിചയപ്പെടുന്നത്. മിനു മുനീർ എന്ന പേരിലാണ് അന്ന് പരിചയപ്പെടുത്തിയത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുകേഷ് പറയുന്നു.

മിനുവിൻറെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്. ബ്ലാക്ക് ചെയ്‌തെന്നതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക് മെയിലിംഗിന് കീഴടങ്ങില്ല. ആരോപണത്തിൽ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ അന്വേഷണം വേണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം. തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നവരോട് പരാതിയില്ല. 2018ൽ നടന്ന അതേ രാഷ്ട്രീയ നാടകം ആവർത്തിക്കുകയാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാൻസർ മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടർ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്ക് കാരുണ്യ ഫാർമസിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലെ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴിയാണ് ഉയർന്ന വിലയുള്ള ആന്റി കാൻസർ മരുന്നുകൾ ലഭ്യമാക്കുക. 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടർ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

കാൻസർ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. ഇതിലൂടെ സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ നിർണായക ഇടപെടലാണ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്.

മരുന്നുകൾ ലഭിക്കുന്ന കാരുണ്യ ഫാർമസികൾ

  1. തിരുവനന്തപുരം മെഡിക്കൽ കോളേജ്
  2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
  3. പത്തനംതിട്ട ജനറൽ ആശുപത്രി
  4. ആലപ്പുഴ മെഡിക്കൽ കോളേജ്
  5. കോട്ടയം മെഡിക്കൽ കോളേജ്
  6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
  7. എറണാകുളം മെഡിക്കൽ കോളേജ്
  8. തൃശൂർ മെഡിക്കൽ കോളേജ്
  9. പാലക്കാട് ജില്ലാ ആശുപത്രി
  10. മലപ്പുറം തിരൂർ ജില്ലാ ആശുപത്രി
  11. കോഴിക്കോട് മെഡിക്കൽ കോളേജ്
  12. മാനന്തവാടി ജില്ലാ ആശുപത്രി
  13. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
  14. കാസർഗോഡ് ജനറൽ ആശുപത്രി

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയോട് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നൽകിയ നടിയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും.

നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ രഞ്ജിത്ത് തുടർ നിയമനടപടിയ്ക്കുളള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് രഞ്ജിത്തിന്റെ നീക്കം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ വനിതാ എസ് പി മാരുടെ നേതൃത്വത്തിൽ കൂടുതൽ വനിത ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്താൻ ഡിജിപി വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയർ സെന്ററിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ശിൽപശാല അഭിസംബോധന ചെയ്ത് സംസാരിച്ചു.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആഗോള തലത്തിൽ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുക. തിരുവനന്തപുരത്ത് ക്ലസ്റ്റർ ഉണ്ടായപ്പോൾ ആദ്യ കേസ് കണ്ടുപിടിക്കാനും തുടർന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി കൊണ്ടിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ വർധനവ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലെയുള്ള വിദഗ്ധ സംഘടനകളുമായി ചേർന്നുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശിൽപശാലയിൽ പങ്കെടുത്തവർ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് പോലുള്ള വളരെ അപൂർവമായ രോഗങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തിൽ നിന്നും കുറേപ്പേരെ രക്ഷിക്കാൻ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികൾ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠന റിപ്പോർട്ട് കേരള യൂണിവേഴ്‌സിറ്റിയുടെ എൻവെയർമെന്റ് എഞ്ചിനീറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങൾ വിലയിരുത്താൻ തീരുമാനമെടുത്തു. അതിലൂടെ അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷൻപ്ലാൻ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് പ്രതിരോധത്തിന് കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സംഘം എല്ലാ പിന്തുണയും നൽകി. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. സംസ്ഥാനത്ത് 2024ൽ 19 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. 5 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ രോഗമുക്തി നിരക്ക് കൂട്ടാൻ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് രോഗമുക്തി നേടിയത്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച എല്ലാവർക്കും അമീബ കാണാൻ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരിൽ ചിലർക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കൺട്രോൾ പഠനം നടത്താനും തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, ചണ്ഡിഗഡ് പിജിഐഎംഇആർ പാരസൈറ്റോളജി വിഭാഗം മുൻ മേധാവി ഡോ. രാകേഷ് സെഗാൾ, ഐഐഎസ്.സി. ബാഗ്ലൂർ പ്രൊഫസർ ഡോ. ഉത്പൽ എസ് ടാറ്റു, കേരള യൂണിവേഴ്‌സിറ്റി എൻവെയർമെന്റ് എഞ്ചിനീറിംഗ് വിഭാഗത്തിലെ ഡോ. ശലോം ഞ്ജാന തങ്ക, സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല മോസിസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, അടെൽക് പ്രിൻസിപ്പൽ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ, അസി. ഡയറക്ടർമാർ, മെഡിക്കൽ കോളേജിലെ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഐസിഎംആർ സയന്റിസ്റ്റ് ഡോ. അനൂപ് വേലായുധൻ, ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാർ, സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി എൻവെയർമെന്റൽ സയൻസ് പ്രൊഫസർ, സ്റ്റേറ്റ് ആർആർടി അംഗങ്ങൾ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ എന്നിവർ റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം: സിനിമാ മേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.

പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി.

പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐ പി എസ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. 2000 കോടിയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.

ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു സന്ദർശനം. വയനാടിന്റെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിന്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു.