തിരുവനന്തപുരം: തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മീനു മുനീറിനെതിരെ പ്രതികരിച്ച് ആരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷ്. ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും മുകേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മീനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്സ് ആപ്പിൽ സന്ദേശം അയച്ചു. 2009ൽ മിനു കുര്യൻ എന്ന പേരുള്ള സ്ത്രീ തൻറെ വീട്ടിൽ വന്നിരുന്നു. അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകുകയായിരുന്നു. പിന്നീട് തൻറെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു. ഒരു അനിഷ്ടവും അവർ പ്രകടിപ്പിച്ചില്ല. 2022ലാണ് പിന്നിട് തന്നെ അവർ പരിചയപ്പെടുന്നത്. മിനു മുനീർ എന്ന പേരിലാണ് അന്ന് പരിചയപ്പെടുത്തിയത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുകേഷ് പറയുന്നു.
മിനുവിൻറെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്. ബ്ലാക്ക് ചെയ്തെന്നതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക് മെയിലിംഗിന് കീഴടങ്ങില്ല. ആരോപണത്തിൽ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ അന്വേഷണം വേണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം. തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നവരോട് പരാതിയില്ല. 2018ൽ നടന്ന അതേ രാഷ്ട്രീയ നാടകം ആവർത്തിക്കുകയാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.

