തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. സംഭവത്തിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ പറഞ്ഞ വിവരമേ ഉള്ളൂവെന്നും സുനിൽ കുമാർ അറിയിച്ചു.
പകൽ സമയത്ത് പ്രശ്‌നമില്ലായിരുന്നു. രാത്രിപൂരമാണ് നിർത്തിയത്. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.
പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താൻ. ബിജെപി സ്ഥാനാർഥിയെ രാത്രി ആംബുലൻസിൽ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. എഡിജിപിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ല. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ ആവശ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

