General (Page 118)

തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. സെപ്റ്റംബർ 5 മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ നടക്കും.

13 ഇനം സബ്‌സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉൽപ്പന്നങ്ങൾ, മറ്റ് എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, പഴം ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലക്കുറവുണ്ട്. 255 രൂപയുടെ 6 ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്‌നേച്ചർ കിറ്റ് ഈ ഓണത്തിന് വിപണിയിൽ ലഭിക്കും. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വിവിധ ബ്രാന്റുൽപ്പന്നങ്ങൾക്ക് നിലവിൽ നൽകിവരുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്‌കൗണ്ട് അവേഴ്‌സ്, പ്രമുഖ ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവയും ലഭിക്കും.

കണ്ണൂർ: സിനിമ, സീരിയൽ, നാടക നടനും സംവിധായകനുമായ വി പി രാമചന്ദ്രൻ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. റിട്ടയേർഡ് എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു രാമചന്ദ്രൻ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും.

1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ രാമചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം ശബ്ദവും നൽകിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, ദയ, കണ്ടെത്തൽ, അതിജീവനം, വർണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗ്രോത്രി തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകൾ.

കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാരോപണ കേസിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. തനിക്കെതിരായ ലൈംഗികാരോപണക്കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. അങ്ങനെയൊരു പെൺകുട്ടിയെ തനിക്ക് അറിയില്ല. ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് താനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽ നിന്ന് സി ഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമല്ലെന്ന് പറഞ്ഞിരുന്നു. തനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്‌മെയിൽ ആണോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഡിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്. പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് തനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ലെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷൻറെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനത്താകെ 37 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറൽ, കാസർകോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇരുപത് പോലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനിൽ 173 ഉപകരണങ്ങൾ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകൾ രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ സെക്ഷൻ 106 പ്രകാരം 107 റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു.

പി-ഹണ്ട് അന്വേഷണത്തിൻറെ ഭാഗമായി ഏറ്റവും കൂടുതൽ പരിശോധന നടത്തിയത് മലപ്പുറത്താണ്. മലപ്പുറം ജില്ലയിൽ 60 സ്ഥലങ്ങളിൽ പരിശോധന നടത്തി 23 ഉപകരണങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലയിൽ 39 സ്ഥലങ്ങളിൽ പരിശോധന നടത്തി 29 ഉപകരണങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം സിറ്റിയിൽ 22 പരിശോധനകളിലായി അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കുറവ് പരിശോധന നടന്ന പത്തനംതിട്ടയിൽ എട്ട് സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. ആലപ്പുഴ എട്ട് കൊല്ലം ഏഴ്, കാസർഗോഡ് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂർ റൂറൽ, തൃശ്ശൂർ സിറ്റി, വയനാട് എന്നിവിടങ്ങളിൽ മൂന്ന് തിരുവനന്തപുരം റൂറൽ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറൽ എന്നീ ജില്ലകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്.

കേസിന്റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നേര്യമംഗലം ഊന്നുകൽ സ്വദേശിയാണ് യുവതി.

സംഭവം നടന്നത് വിദേശത്ത് വെച്ചാണെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. നിവിൻ പോളിക്കൊപ്പം മറ്റ് ചിലർ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേർന്നാണ് പീഡനമെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

നേര്യമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ ആറു പ്രതികളാണുള്ളത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി.

തിരുവനന്തപുരം: അതിഥി തൊഴിലാളി രജിസ്‌ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ അധിഷ്ഠിതമായ യുണീക്ക് നമ്പർ നൽകി വിവിധ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കും. രജിസ്‌ട്രേഷന്റെ ഉത്തരവാദിത്വം തൊഴിൽദാതാവിൽ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴിൽദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴിൽ തേടുന്നവരുടെ രജിസ്‌ട്രേഷൻ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനിൽ നിക്ഷിപ്തമാക്കും.

ജോലിയിൽ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുന്ന പക്ഷം തൊഴിൽദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥൻ തൻറെ രജിസ്‌ട്രേഷൻ അക്കൗണ്ടിൽ നിന്നും ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴിൽ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.

തൊഴിൽദാതാവ്, ലേബർ കോൺട്രാക്ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫീസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്വേർഡും കരസ്ഥമാക്കണം. ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന/താമസിപ്പി ക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പിക്കണം. തൊഴിൽ, വ്യവസായ, തദ്ദേശ സ്വയംഭരണ, പോലീസ് വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാർഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തും.

വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ കോർഡിനേഷൻ സമിതികൾ രൂപികരിക്കും. ഓരോ വകുപ്പിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. ലേബർ കോൺട്രാക്ടർമാർ, സ്ഥാപന ഉടമകൾ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുന്നതിന് ബോധവർക്കരണ പരിപാടികളും ക്ലാസുകളും നടത്തും. 1979ൽ രൂപീകരിച്ച നിയമമാണ് നിലവിലുള്ളത്. പുതിയ തൊഴിൽ സാഹചര്യത്തിന് അനുസരിച്ച് രജിസ്‌ട്രേഷൻ നടപ്പാക്കുന്നതിൻറെ ഭാഗമായാണ് തീരുമാനം. ആവശ്യമെങ്കിൽ നിയമത്തിൽ കാലികമായ മാറ്റങ്ങൾ വരുത്തി ഭേദഗതി ചെയ്യും. യോഗത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മോധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹി: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ലാണിത്. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയ്താൽ അഞ്ച് വർഷം വരെ തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബംഗാൾ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയിൽ അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്‌മെൻറ് ബിൽ 2024 അവതരിപ്പിച്ചത്.

അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയതാലും 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിർദ്ദേശിക്കുന്നു. ബിൽ സഭ പാസാക്കി ഉടൻ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: താൻ ആരോപിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് പി വി അൻവർ എംഎൽഎ. ഇതോടെ തന്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്. എഴുതിക്കൊടുക്കേണ്ട കാര്യങ്ങളെല്ലാം എഴുതിക്കൊടുക്കുകയും ചെയ്തു. ഇതോടെ തന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും ഇനിയുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്ന കാര്യം സർക്കാർ തീരുമാനിക്കും. വിഷയത്തിൽ പാർട്ടി സെക്രട്ടറിക്കും പരാതി നൽകും. ഇനി അന്വേഷണ സംഘത്തോട് സഹകരിക്കുക എന്നത് മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നും അൻവർ കൂട്ടിച്ചേർത്തു. തങ്ങളുടെ പിന്നിൽ ആരാണെന്ന ചോദ്യത്തിന് സർവശക്തനായ ദൈവമാണെന്ന് പി വി അൻവർ മാദ്ധ്യമങ്ങൾക്ക് മറുപടി നൽകി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇടത് എംഎൽഎ പി വി അൻവർ. താൻ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

രേഖകൾ സഹിതമാണ് അൻവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ.അജിത് കുമാർ. പത്തനംതിട്ട എസ്പി സുജിത് ദാസ് തുടങ്ങിയവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാർ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയിരുന്നു.

തിരുവനന്തപുരം: പാപ്പനംകോട് വൻ തീപിടുത്തം. ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. ജീവനക്കാരിയായ വൈഷ്ണയാണ് മരണപ്പെട്ടതിൽ ഒരാൾ. മൃതദേഹങ്ങൾ രണ്ടും കത്തിക്കരിഞ്ഞ നിലയിലാണ്.

എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തമെന്നാണ് പ്രാഥമിക നിഗമനം. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിൻറെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. ഓഫീസ് മുഴുവൻ കത്തി നശിച്ച നിലയിലാണ്. ഓഫീസിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. എട്ട് പേർക്ക് തീപിടുത്തത്തിൽ പൊള്ളലേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു,