General (Page 106)

ന്യൂഡൽഹി: ലെബനോനിലുണ്ടായ പേജർ സ്‌ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനോൻ അറിയിച്ചു. ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി.

ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാന കമ്പനികൾ നിർത്തിവെച്ചു. 2800ലധികം പേർക്കാണ് സ്‌ഫോടനങ്ങളിൽ പരിക്കേറ്റത്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്നലെ ഒരേസമയം പൊട്ടിത്തെറിച്ചത്.

ആസൂത്രിത ഇലക്ട്രോണിക്‌സ് ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം. ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജാർ യന്ത്രങ്ങൾ ആണ് ഒരേ സമയം ഇന്ന് ഉച്ചയ്ക്ക് ശേഷം ലെബനോനിൽ ഉടനീളം പൊട്ടിത്തെറിച്ചത്. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാക്കനാട്: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽപ്പന നടത്തി വന്ന രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പൂക്കാട്ടുപ്പടി സ്വദേശിയായ സന്തോഷ് (54 വയസ്സ്), കൊല്ലംകുടി മുകൾ സ്വദേശി കിരൺ കുമാർ (35 വയസ്സ്) എന്നിവരാണ് പിടിയിലായത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ്, എറണാകുളം എക്‌സൈസ് റേഞ്ച് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ വാഹനങ്ങളിൽ നിന്നും വാടക വീട്ടിൽ നിന്നുമായി ആകെ 20 ലിറ്റർ ചാരായം എക്‌സൈസ് കണ്ടെത്തി. കൂടാതെ ചാരായം നിർമ്മിക്കാൻ പാകമാക്കി വച്ചിരുന്ന 950 ലിറ്റർ കോട, ചാരായ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ എന്നിവയും കണ്ടെടുത്തു.

കാക്കനാടിന് സമീപം തേവയ്ക്കൽ എന്ന സ്ഥലത്ത് രണ്ട് നില വീട് വാടകയ്ക്ക് എടുത്ത് നാടൻ കുലുക്കി സർബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേന ആണ് വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്. പ്രതികൾക്ക് ചാരായം വാറ്റി നൽകിയിരുന്ന പുല്ലുപാലം സ്വദേശി ലൈബിൻ എന്നയാളെയും കേസിൽ പ്രതി ചേർത്തു.

എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.സജി, ഇൻസ്‌പെക്ടർ അജയകുമാർ.ടി.എൻ, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.ആർ.സുനിൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ റസീന, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ, ഉനൈസ്, കാർത്തിക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കുന്ന പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നവിധം ചില മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരവേലകൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുണ്ടക്കൈ-ചൂരൽമല-പുഞ്ചിരിമറ്റം മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തമായിരുന്നു. നൂറ് കണക്കിന് മനുഷ്യ ജീവനുൾപ്പെടെ കനത്ത നഷ്ടമാണ് ദുരന്തം സൃഷ്ടിച്ചത്. ദുരന്ത മേഖലയിൽ സർക്കാർ നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മാതൃകാപരവും, എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയതുമായിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച് നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. വയനാടിന്റെ പുനരധിവാസത്തിന് വിശദമായ നിവേദനം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു നിവേദനം തയ്യാറാക്കിയതെന്ന് സിപിഎം അറിയിച്ചു.

വിവിധ ഇനങ്ങളിലായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദ്ദേശമാണ് കേരളം കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിലുൾപ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവച്ചുകൊണ്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ സമൂഹത്തിൽ പ്രചരിപ്പിച്ചത്. കോടതിയിൽ സർക്കാർ സമർപ്പിച്ച കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഉള്ളടക്കം സർക്കാർ ചെലവഴിച്ച പണമെന്ന നിലയിൽ പ്രചരിപ്പിക്കുകയാണുണ്ടായത്. പിന്നാലെ ബിജെപി, യുഡിഎഫ് നേതാക്കൾ അത് ഏറ്റുപിടിക്കുന്ന നിലയലുമുണ്ടായി. തികച്ചും നിരുത്തരവാദപരമായ നടപടിയാണ് പ്രതിപക്ഷവും സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ചില മാധ്യമങ്ങൾ മാത്രമാണ് തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തി വാർത്ത നൽകാൻ തയ്യാറായിട്ടുള്ളതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് ഇടപെടുന്ന സംവിധാനമാണ് മാധ്യമങ്ങൾ. ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് മാധ്യമങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും മറന്ന് സംസ്ഥാന സർക്കാരിന് അപകീർത്തി ഉണ്ടാക്കാനുള്ള വാർത്തകൾ പടച്ചുവിടുകയാണ് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ ഇത്തരം കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന് ജനാധിപത്യബോധമുള്ള പൊതുസമൂഹം രംഗത്തിറങ്ങണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

കൊച്ചി: ഓണാഘോഷങ്ങൾ പൊടിപൊടിച്ചപ്പോൾ ബമ്പറടിച്ചത് കൺസ്യുമർ ഫെഡിന്. 125 കോടിയുടെ റെക്കോഡ് വിൽപ്പനയാണ് ഓണവിപണിയിൽ നിന്ന് കൺസ്യൂമർ ഫെഡ് നേടിയത്. ഓണച്ചന്തയിലൂടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമായിരുന്നു ഓണക്കാല കച്ചവടം.

ഇത്തവണ 60 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 65 കോടി രൂപയുടെ സബ്സിഡി ഇതര സാധനങ്ങളുമായി ഒരാഴ്ചയ്ക്കകം കൺസ്യൂമർ ഫെഡിലൂടെ വിറ്റത്. 10 മുതൽ 40 ശതമാനം വരെ വിക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ സാധരണക്കാർക്കായി ലഭ്യമാക്കിയത്. ഓണച്ചന്തകളിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. അരി ഉൾപ്പെടെയുള്ള 13 സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാക്കിയത്.

കുറുവ, മട്ട, ജയ എന്നീ അരികൾ പൊതുവിപണയിൽ കിലോയ്ക്ക് 45 മുതൽ 55 രൂപ വരെയാണ് വില. കണൺസ്യൂമർ ഫെഡ് ജയ അരി 29 രൂപയ്ക്കും കുറുവ അരി 30 രൂപയ്ക്കും 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് 60,500 ക്വിന്‍റൽ അരിയാണ് വിപണിയിലെത്തിച്ചത്. 8100 ക്വിന്‍റൽ പഞ്ചസാര, 6500 ക്വിന്‍റൽ ചെറുപയർ, 6500 ക്വിന്‍റൽ ഉഴുന്ന്, 6500 ക്വിന്‍റൽ കടല, 6500 ക്വിന്‍റൽ വൻപയർ, 6500 ക്വിന്‍റൽ തുവര, 3500 ക്വിന്‍റൽ മുളക്, 3500 ക്വിന്‍റൽ മല്ലി എന്നിവയ്ക്ക് പുറമെ 8,00,000 പാക്കറ്റ് വെളിച്ചെണ്ണയും കൺസ്യൂമർ ഫെഡിലൂടെ വിൽപ്പന ചെയ്തു.

മലപ്പുറം: മഞ്ചേരിയിൽ എംപോക്സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് യുവാവിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഇയാൾ നിരീക്ഷണത്തിൽ തുടരുകയാണ്.

ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ഇയാൾ ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടു.

ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിൽ കഴിയുകയാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പൾസർ സുനി ജയിലിൽ കഴിയുന്നത്.

പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നാണ് പൾസർ സുനിയുടെ ആരോപണം.

ന്യൂഡൽഹി: വന്ദേ മെട്രോ ട്രെയിൻ ഇനി മുതൽ ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്ന പേരിൽ അറിയപ്പെടും. ഉദ്ഘാടനത്തിന് തൊട്ടുമുൻപാണ് വന്ദേ മെട്രോ ട്രെയിന്റെ പേരുമാറ്റം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിലെ ഭുജിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവ്വീസ്.

ആറ് വന്ദേഭാരത് സർവീസുകൾ കൂടി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. 5.45 മണിക്കൂറകൾ കൊണ്ടാണ് ഭുജ് മുതൽ അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റർ ദൂരം നമോ ഭാരത് റാപിഡ് റെയിൽ താണ്ടുന്നത്.. ഒമ്പത് സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്. ബുധനാഴ്ചയോടെയാകും ട്രെയിൻ സ്ഥിര സർവീസ് ആരംഭിക്കുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂർണ്ണമായും ശീതീകരിച്ച ട്രെയിനാണിതെന്നതാണ് മറ്റൊരു സവിശേഷത.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ ഉൾക്കൊള്ളുന്ന നമോ ഭാരത് റാപിഡിൽ റിസർവേഷന്റെ ആവശ്യമില്ല. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശ്ശാല, റീജ്യണൽ വർക്ക്‌ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്‌ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.

കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആർടിസി പ്രയോജനപ്പെടുത്തുന്നത്. കെഎസ്ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.

സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും കെഎസ്ആർടിസിയുടെ ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് KSRTC യുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2471011 (Ext-232), +91 94959 03813, +91 9995707131.

തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിന്റെ ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് നുണയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് അസത്യ പ്രചരണം നടത്തുന്നവർ അതു പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാനെന്ന് അദ്ദേഹം വ്യക്തമാക്കി.

എസ് ഡി ആർ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ്
ചൂരൽമല ദുരന്തത്തിൽ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസർക്കാർ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ. എസ് ഡി ആർ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ് ചൂരൽമല ദുരന്തത്തിൽ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസർക്കാർ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.